പ്രത്യാശയുടെ പുതു സന്ദേശവുമായി വീണ്ടുമൊരു പിറവിപ്പെരുന്നാള്‍ സമാഗതമാകുന്നു. കോവിഡ് മഹാമാരിയുടെ ആഘാതത്തില്‍നിന്ന് കരകയറാന്‍ ലോകംമുഴുവന്‍ പരിശ്രമിക്കുകയും കാത്തിരിക്കുകയും ചെയ്യുമ്പോള്‍ ക്രിസ്മസ് നല്‍കുന്ന സന്ദേശം പ്രത്യാശാഭരിതവും ആശ്വാസപ്രദവുമാണ്.

ദൈവത്തിന്റെ അതിരുകളില്ലാത്ത സ്‌നേഹം ക്രിസ്മസ് വെളിപ്പെടുത്തുന്നു. അതില്‍നിന്നാണ് നമ്മുടെ പ്രത്യാശയും ഊര്‍ജസ്വലതയും പരസ്പരസ്‌നേഹവും ഊഷ്മളമായ വ്യക്തി-സാമൂഹിക ബന്ധങ്ങളും പൊട്ടിമുളയ്ക്കുന്നത്. അപരനില്‍ ഈശ്വരനെ ദര്‍ശിക്കുകയെന്ന യാഥാര്‍ഥ്യം നമ്മില്‍ ആഴത്തില്‍ രൂപപ്പെടേണ്ടിയിരിക്കുന്നു. ഇന്നിന്റെ അപര്യാപ്തതകള്‍ക്കു മുന്നില്‍ മനസ്സിന്റെ ആര്‍ജവത്വം നാം പണയപ്പെടുത്തരുത്. അന്ധകാരത്തിന്റെ സംഘടിതശക്തികളെ ഭയക്കാതെ, ലോകക്രമത്തില്‍ വരുന്ന വ്യതിയാനങ്ങളിലും അപ്രതീക്ഷിത സംഭവങ്ങളിലും ചഞ്ചലപ്പെടാതെ, ദൈവവുമായുള്ള നിരന്തരബന്ധംവഴി ദൈവസാന്നിധ്യവാഹകരായി നാം മുന്നോട്ടു പോകണം. സ്‌നേഹിക്കാനും ത്യാഗങ്ങള്‍ സഹിക്കാനും തയ്യാറുള്ള മനുഷ്യഹൃദയത്തില്‍ ദൈവകൃപ ഫലമണിയുമ്പോള്‍ സാഹോദര്യത്തിന്റേയും സേവനത്തിന്റേയും വികാരങ്ങള്‍, സമാധാനത്തിന്റെ അരുവികളായി രൂപാന്തരപ്പെടും. അത് സമൂഹത്തിന്റെ എല്ലാ മേഖലകളിലും സമാധാനവും സന്തോഷവും സ്ഥാപിക്കുകയും ഒരു പുതിയ ലോകനീതിയിലേക്ക് വാതില്‍ തുറക്കുകയും ചെയ്യും.

നന്മയുടേയും സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും ഫലങ്ങള്‍ അനുഭവിച്ച്, സമാധാനപൂര്‍ണമായ ജീവിതം നയിക്കാന്‍ ക്രിസ്മസ് നല്‍കുന്ന പ്രത്യാശ ഇടവരുത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഏവര്‍ക്കും ക്രിസ്മസ്-പുതുവത്സര ആശംസകള്‍.

Content Highlights: Christmas 2021, christmas message by Joseph mar gregorious