ആകുലതകള്‍ നിറഞ്ഞ ഒരു കാലം സാവധാനമെങ്കിലും നമ്മെ വിട്ടൊഴിയുകയാണ്. രോഗാണുവിന്റെ പുതുപതിപ്പുകള്‍ ആശങ്ക ഉളവാക്കുന്നതാണെങ്കിലും നാമൊരുമിച്ച് അവയെയും അതിജീവിക്കും എന്ന ധൈര്യം സമൂഹത്തിനുണ്ട്. പ്രതിസന്ധിയുടെ പാരമ്യതയില്‍ ലോകം മുഴുവന്‍ ഒരു കുടുംബമെന്ന പോലെ ഒരുമിച്ചു നിന്നു.

കഷ്ടതകളില്‍ കൂടെ നില്‍ക്കാനും വേദനകളെ ശമിപ്പിക്കാനും എന്നും താങ്ങും തണലുമായി നില്‍ക്കുന്നത് കുടുംബമാണ്. ദൈവപുത്രനെ ഉദരത്തില്‍ വഹിക്കാന്‍ ഭാഗ്യം ലഭിച്ച മറിയയ്ക്ക് ഈ വലിയ ഉത്തരവാദിത്വം നല്‍കിയ സാമൂഹിക സമ്മര്‍ദവും ആശങ്കകളും വളരെയായിരുന്നു. അവളുടെ ഭാരങ്ങള്‍ ഇറക്കിവെയ്ക്കാനും ധൈര്യപൂര്‍വം കയറിച്ചെല്ലാനും ഒരു വീടും വീട്ടുകാരിയുമുണ്ടായിരുന്നു, അതായിരുന്നു എലിസബേത്ത്.

ഭയപ്പാടുകളുടെ മധ്യത്തില്‍ ധൈര്യം നല്‍കുന്ന, സുരക്ഷയൊരുക്കുന്ന, ഏതു സമയവും കയറിച്ചെല്ലാന്‍ കഴിയുന്ന ഭവനങ്ങള്‍ ഉണ്ടാവുക അനുഗ്രഹമാണ്. ഇന്നു വീടുകളുടെ ചുറ്റും ഉയരുന്ന മതിലുകളും പുരയിടങ്ങള്‍ക്കു ചുറ്റുമുള്ള മുള്ളുവേലികളും കുടുംബങ്ങള്‍ക്ക് പരസ്പരം സങ്കേതമായിത്തീരാനുള്ള സാഹചര്യങ്ങളെ പരിമിതപ്പെടുത്തുന്നു.

സാമൂഹികാംഗീകാരം ഇല്ലാത്ത, കുടുംബാന്തസ്സിനു കോട്ടം തട്ടുന്ന സാഹചര്യങ്ങളില്‍ കുടുംബ ബന്ധങ്ങളില്‍നിന്ന് വ്യക്തികള്‍ ഒഴിവാക്കപ്പെടുന്നത് സാധാരണമാണ്. സാധാരണക്കാരനായ യോസെഫ് എന്ന മനുഷ്യന്‍ അസാധാരണ വ്യക്തിയായി മാറുന്നത് ഈ പൊതുബോധത്തെ വെല്ലുവിളിച്ചതിലൂടെയാണ്. പ്രതിശ്രുത വധു ഗര്‍ഭിണിയാണെന്നറിഞ്ഞിട്ടും അവളെയും കുഞ്ഞിനെയും യോസെഫ് സ്വന്തമായി ചേര്‍ത്തു നിര്‍ത്തി. ഹൃദയ വിശാലതയുള്ള യോസെഫുമാരെക്കൊണ്ടും നൊമ്പരങ്ങളില്‍ അത്താണിയാകുന്ന എലിസബേത്തുമാരെക്കൊണ്ടും ലോകം നിറയട്ടെ.

ചകിതരെ ചേര്‍ത്തു നിര്‍ത്തുന്ന കുടുംബങ്ങളില്‍ മറിയമാര്‍ സുരക്ഷിതരായി യേശുവിനു ജന്മം നല്‍കട്ടെ. എല്ലാവര്‍ക്കും ക്രിസ്മസിന്റെയും പുതുവര്‍ഷത്തിന്റെയും മംഗളങ്ങള്‍ നേരുന്നു.

Content Highlights: Christmas 2021, Christmas message