മനുഷ്യന്റെ കൂടെ ആയിരിക്കാനും കൂടെ നടക്കാനും ആഗ്രഹിക്കുന്ന ദൈവത്തെയാണ് പുല്‍ക്കൂട്ടിലെ ഉണ്ണീശോയില്‍ നാം കാണുന്നത്. തൊഴുത്തിന്റെ ദാരിദ്ര്യത്തില്‍ നാം അവനെ കാണുമ്പോള്‍ നമ്മുടെ ഇല്ലായ്മയിലും വേദനയിലും അവന്‍ ഒപ്പമുണ്ടാകുമെന്ന ബോധ്യം നമുക്ക് കൂടുതല്‍ അനുഭവപ്പെടും.

ഒരു ചെറുഗ്രാമത്തില്‍ ലാളിത്യത്തിന്റെ പുല്‍ക്കൂട്ടിലാണ് രക്ഷകന്റെ ജനനം.ഇല്ലായ്മകള്‍ക്കു നടുവില്‍ പിറന്ന ആ ശിശു എത്രയോ മനുഷ്യജീവിതങ്ങള്‍ക്കാണ് വഴിയും സത്യവും ജീവനുമായി മാറിയത്.

വര്‍ധിച്ചുവരുന്ന തിന്മയോട് തുലനം ചെയ്യുമ്പോള്‍ നമ്മുടെ നന്മ ചെറുതാണെന്നോര്‍ത്ത് നാം നഷ്ടധൈര്യരാകരുത്. ചെറിയ തുടക്കങ്ങള്‍ എങ്ങനെ 'ക്രിസ്മസ്' ആയി മാറുമെന്ന് രക്ഷാകരചരിത്രം നമ്മെ പഠിപ്പിക്കുന്നു.

മനുഷ്യകുലത്തിന്റെ ചരിത്രത്തില്‍ വലിയ ഇടം ലഭിക്കുമായിരുന്ന ഒരു ചെറുസത്രത്തിന്റെ നഷ്ടസൗഭാഗ്യത്തിന്റെ കഥ കൂടി നാം ഓര്‍ക്കണം. അല്പം ഇടം സത്രത്തില്‍ നല്‍കിയിരുന്നെങ്കില്‍ ദൈവം പിറവികൊണ്ട മഹനീയ ഗൃഹമായി അത് മാറുമായിരുന്നു.

ഓരോ ക്രിസ്മസ് രാവിലും ആരുടെയൊക്കെയോ വാതില്‍ക്കല്‍ ആരൊക്കെയോ മുട്ടിവിളിക്കുന്നുണ്ട്. ഒന്ന് മനസ്സു തുറന്നാല്‍, ഒരല്പം ഇടം കൊടുത്താല്‍ അവിടെയെല്ലാം ക്രിസ്തു പിറക്കും.

ക്രിസ്മസ് ദിനത്തില്‍ നമ്മുടെ മേശകളില്‍ വിളമ്പുന്ന വിരുന്നിനൊപ്പം നമുക്കരികിലും അകലെയുമുള്ള പാവപ്പെട്ടവരെ നമുക്കുള്ളിലേക്കും വീട്ടിലേക്കുമൊക്കെ ക്ഷണിക്കുമ്പോഴാണ് ക്രിസ്മസിന്റെ അഴക് വര്‍ധിക്കുന്നത്. തുറക്കാതെപോയ വാതിലുകള്‍ നമ്മെ പിന്നീട് സങ്കടപ്പെടുത്തിയെന്നുവരും.

ക്രിസ്മസ്‌കാലം തുറവിയുടെയും സംഭാഷണത്തിന്റെയും പങ്കുവയ്ക്കലിന്റെയും മനോഹര ദിനങ്ങളാകട്ടെ. ദൈവപുത്രന്‍ പകരുന്ന കൃപയും സമാധാനവും എല്ലാവരിലും നിറയട്ടെയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ക്രിസ്മസിന്റെയും പുതുവര്‍ഷത്തിന്റെയും മംഗളങ്ങള്‍ സ്‌നേഹപൂര്‍വം നേരുന്നു.

Content Highlights: Christmas 2021, Chirstmas message by mar antony kariyil