നാലു പതിറ്റാണ്ട് മുമ്പ് തൃശ്ശൂര്‍ റെയില്‍ വേസ്റ്റേഷനില്‍ നിന്ന് വയലിനും കൈയിലേന്തി മദ്രാസിലേക്ക് വണ്ടി കയറുമ്പോള്‍ ഔസേപ്പച്ചനുള്ള ഉറപ്പ് ദേവരാജന്‍ മാഷുടെ വാക്കായിരുന്നു. ആ വാക്ക് പൊന്നായപ്പോള്‍ മദ്രാസിലെ റെക്കോഡിങ് സ്റ്റുഡിയോകളില്‍ കോള്‍ഷീറ്റുകളില്‍ നിന്ന് കോള്‍ഷീറ്റുകളിലേക്ക് വയലിന്റെ ഈണം നീണ്ടു. ലോകമറിയുന്ന വയലിസ്റ്റാകണം എന്ന് ആഗ്രഹിച്ച് നടന്ന എം.എല്‍. ഔസേപ്പച്ചനെന്ന തൃശ്ശൂര്‍കാരന്റെ ജീവിതത്തിലേക്ക് സിനിമയുടെ 'ആരവം' മുഴക്കിയത് മറ്റൊരു തൃശ്ശൂര്‍കാരനാണ്, സംവിധായകന്‍ ഭരതന്‍. മലയാളിയുടെ 'കാതോട് കാതോരം' തേനൂറുന്ന ഈണങ്ങള്‍ നിറച്ച സംഗീത യാത്ര ഇരുനൂറാം സിനിമ തൊടുമ്പോഴും കൂട്ടായി മറ്റൊരു തൃശ്ശൂരുകാരനുണ്ടായിരുന്നു, ഗാനരചയിതാവ് ബി.കെ.ഹരിനാരായണന്‍.

ഇരുനൂറാം സിനിമയുടെ മധുരത്തില്‍ നില്‍ക്കുന്ന ഔസേപ്പച്ചന്റെ വീട്ടിലേക്കുള്ള യാത്രയ്ക്ക് ഹരിനാരായണനൊപ്പം കൂട്ട്പോയപ്പോള്‍ നിറഞ്ഞതെല്ലാം പാട്ടുവര്‍ത്താനങ്ങളായിരുന്നു. തൃശ്ശൂര്‍ റൗണ്ടും കിഴക്കേകോട്ടയും പിന്നിട്ട് വണ്ടി കിഴക്കുമ്പാട്ടുകരയിലെ ഔസേപ്പച്ചന്റെ  വീടുമുറ്റത്ത് ചെന്നിറങ്ങുമ്പോള്‍ കാറ്റിനുപോലും പാട്ടിന്റെ ഈണമായിരുന്നു. വാതില്‍ക്കലെ വാക്കുകൊണ്ടുള്ള മുട്ടുകേട്ടാണ് വീടിന്റെ വാതില്‍തുറന്നത്, 'ഇനിയുള്ള പാട്ടും വര്‍ത്താനങ്ങളുമെല്ലാം സ്റ്റുഡിയോയിലാക്കാം..' നിറഞ്ഞ ചിരിയോടെ പാട്ട് പിറക്കുന്ന വീട്ടിലേക്ക് സ്വാഗതമോതി ഔസേപ്പച്ചന്‍.  ഓരോ പാട്ടുകളും ജനിച്ചു വീഴുന്ന സ്റ്റുഡിയോയുടെ തണുപ്പില്‍ ഔസേപ്പനും ഹരിനാരായണനും സംസാരിച്ച് തുടങ്ങി.

ഹരിനാരായണന്‍:
ഔസേപ്പച്ചന്‍ മാഷുടെ സംഗീത ജീവിതവും തൃശ്ശൂര്‍ എന്ന ജന്മനഗരവും എപ്പോഴും ഇഴചേര്‍ന്നുകിടക്കുന്നത് പോലെയാണ്, ആദ്യ സിനിമയില്‍ ജോണ്‍സണും ഭരതേട്ടനുമാണെങ്കില്‍ ഇരുനൂറാം സിനിമയില്‍ തൃശ്ശൂരുകാരനായ ഞാന്‍ കൂടെയുണ്ട്. നമ്മള്‍ ആദ്യമായി വര്‍ക്ക് ചെയ്ത പടം നടന്നില്ലെന്നതാണ് സത്യം. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത് മഞ്ജുവാര്യര്‍ കേന്ദ്രകഥാപാത്രമാകുന്ന സിനിമയായിരുന്നു അത്. അന്ന് മാഷും ഞാനും നേരിട്ട് കണ്ടിട്ടില്ല, ഫോണ്‍ വഴിയായിരുന്നു സംസാരിച്ചത്. ഒരു ടെലിഫിലിമിനും മറ്റൊരു സിനിമയ്ക്കും പിന്നീട് ഒരുമിച്ചു. 'എന്നാലും ശരത് ' എന്ന ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത സിനിമയാണ് ഞങ്ങള്‍ ഒരുമിച്ചിരുന്ന് ചെയ്ത് ആദ്യം പുറത്തിറങ്ങിയ സിനിമയെന്ന് പറയാം. അത് കഴിഞ്ഞ് 'എവിടെ' എന്ന സിനിമ ചെയ്തു. ഇപ്പോള്‍ 'എല്ലാം ശരിയാകും' പൂര്‍ത്തിയാക്കി.

ഔസേപ്പച്ചന്‍:
ഹരിയെ പരിചയപ്പെടുന്നവരുടെ ഹൃദയത്തിനോട് ഏറ്റവും അടുത്ത നില്‍ക്കുന്നൊരാളായി അദ്ദേഹം പെട്ടെന്ന് തന്നെ മാറും. അതുകൊണ്ടാണ് ഞങ്ങളെപ്പോളെ സീനീയര്‍ സംഗീത സംവിധായര്‍ക്കും എളുപ്പത്തില്‍ ഹരിയുമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത്. പിന്നെ ഹരി പറഞ്ഞപ്പോലെ തൃശ്ശൂര്‍ നഗരം വയലിന്‍ വായിച്ചു തുടങ്ങിയ കാലം മുതല്‍ എന്റെ യാത്രയ്ക്ക് വഴികാട്ടിയായിട്ടുണ്ട്. എല്ലാം ചില നിമിത്തങ്ങളാണെന്ന് പറയില്ലേ, ഇരുനൂറാം സിനിമയ്ക്ക് പാട്ടെഴുതാന്‍ തൃശ്ശൂരുകാരനായ ഹരി വന്നതും അങ്ങനെയൊരു നിമിത്തമാകാം. ഞാന്‍ സംഗീതം ചെയ്ത ആദ്യ ചിത്രമായ കാതോട് കാതോരത്തിന് വരികള്‍ എഴുതിയത് ഒ.എന്‍.വി. സാറാണ്. ഇരുനൂറാമത്തെ സിനിമയിലെത്തുമ്പോള്‍  ഒ.എന്‍.വി. സാര്‍ നമ്മളോട് കൂടിയില്ല. പക്ഷേ, പകരം അത്രമാത്രം കഴിവുള്ള ഹരിയെ 'എല്ലാം ശരിയാകും' എന്ന സിനിമയക്ക് വരികള്‍ എഴുതാന്‍ കൂടെകിട്ടി. സിനിമയിലെ നാലുപാട്ടുകള്‍ക്കും സുന്ദരമായ വരികള്‍ എഴുതി തന്നെ എന്റെ സംഗീതത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കാന്‍ ഹരിയ്ക്ക് സാധിച്ചു. ഹരി എന്റെ തൃശ്ശൂരുകാരന്‍ കൂടിയാണെന്നത് സന്തോഷം ഇരട്ടിയാക്കുന്നു. പിന്നെ, ഈ 200 അടിച്ച് നേട്ടൗട്ട് എന്ന് പറയുമ്പോള്‍ നമ്മുടെ ഓര്‍മയില്‍ ആദ്യം വരിക ഡബിള്‍ സെഞ്ച്വറി അടിച്ച് ബാറ്റുയര്‍ത്തുന്ന സച്ചിന്റെ മുഖമാണ്. ഒരു ആരാധകന്‍ സച്ചിന്റെ ഫോട്ടായില്‍ തല മാറ്റി എന്റെ ഫോട്ടോ വച്ച്, കൈയിലെ ബാറ്റിന് പകരം വയലിന്‍ വരച്ച, 200 നോട്ട് ഔട്ട് എന്നെഴുതി ഒരുകാരിക്കേച്ചര്‍ തന്നിരുന്നു. അത ഞാന്‍ ആദ്യം അയച്ചുകൊടുത്തത് ഹരിയ്ക്കാണ്

ബി.കെ.ഹരിനാരായണനും ഔസേപ്പച്ചനും
ബി.കെ.ഹരിനാരായണനും ഔസേപ്പച്ചനും| ഫോട്ടോ: മധുരാജ്

ഹരിനാരായണന്‍:
സംഗീതത്തില്‍ മാഷ് ഓപ്പണിങ് ബാറ്റ്സ്മാനായി ഇറങ്ങിയ ആളാണ്. സെഞ്ച്വറി കഴിഞ്ഞ് ഡബിള്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കി ബാറ്റുയര്‍ത്തി നില്‍ക്കുമ്പോള്‍ കൂട്ടായി മറുഭാഗത്ത് വാലറ്റക്കാരനായി ഇറങ്ങിയ ഞാന്‍ ഒരു റണ്‍സുമെടുത്ത് കൂട്ടിനുണ്ട് എന്നതില്‍ സന്തോഷം. ഈയൊരു സമാഗമം വലിയൊരു ഭാഗ്യമായാണ് ഞാന്‍ കാണുന്നത്. മാഷോട് എപ്പോഴും ഞാന്‍ ചോദിക്കണമെന്ന് കരുതിയ ഒരു സംശയം ഇപ്പോള്‍ ചോദിക്കുന്നു. 1978 ഭരതേട്ടന്റെ 'ആരവം' എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം നല്‍കികൊണ്ടാണ് മാഷ് സംഗീതമേഖലയിലെ യാത്ര തുടങ്ങുന്നത്. അത് കഴിഞ്ഞ് 'ഈണം' എന്ന സിനിമയ്്ക്കും പശ്ചാത്തലസംഗീതം നല്‍കി. മൂന്നാമത്തെ സിനിമയായിരുന്നു ആദ്യമായി പാട്ടുകള്‍ക്ക് സംഗീതം ചെയ്ത 'കാതോട് കാതോരം'. ഒ.എന്‍.വി സാറാണ് ആ സിനിമയിലെ 'നീ എന്‍ സര്‍ഗ്ഗ സംഗീതമേ..' എന്ന പാട്ടെഴുതിയത്. ശരിയ്ക്കും ഒ.എന്‍.വി. സാര്‍ ആ വരികള്‍ എഴുതിയത് ആ സിനിമയ്ക്ക് വേണ്ടിയാണോ, അതോ ഭരതന്‍ എന്ന സംവിധായകന് വേണ്ടിയാണോ, അല്ലെങ്കില്‍ ഔസേപ്പച്ചന്‍ എന്ന് പറയുന്ന വയലിനിസ്റ്റിന് വേണ്ടിയാണോ...?

ഔസേപ്പച്ചന്‍:
അതിരുകളില്ലാത്ത സങ്കല്‍പ്പമുള്ള മഹാനായ കവിയാണ് ഒ.എന്‍.വി. സാര്‍. സംഗീതത്തിന് വേണ്ടി ഞാന്‍ നടത്തുന്ന അധ്വാനത്തെ കുറിച്ചും എന്റെ ജീവിതത്തെ കുറിച്ചുമെല്ലാം ഭരതേട്ടന്‍ പറഞ്ഞ് അദ്ദേഹത്തിനറിയാമായിരുന്നു.  ആരവത്തിന്റെ സെറ്റില്‍ വച്ച് വയലിനോടുള്ള എന്റെ ഭ്രമം അദ്ദേഹം നേരില്‍ കണ്ടതുമാണ്. അതുകൊണ്ടായിരിക്കാം 'നീ എന്‍ സര്‍ഗ്ഗ സംഗീതമേ..' എന്ന പാട്ടിലെ വരികള്‍ എന്റെ ജീവിതത്തോട് വളരെ അടുത്തുനില്‍ക്കുന്നതായി തോന്നുന്നത്. ഹരി പറയും പോലെ ആ വരികളിലേക്ക് പിന്തിരിച്ച് നോക്കുമ്പോള്‍ എന്റെ ജീവിതം തന്നെയാണ് അദ്ദേഹം ആ വരികളില്‍നിറച്ചിരിക്കുന്നതെന്ന് തോന്നാറുണ്ട്. ഈ വരികള്‍ നോക്കൂ,  ''നിന്റെ സങ്കീര്‍ത്തനം, സങ്കീര്‍ത്തനം, ഓരോ ഈണങ്ങളില്‍, പാടുവാന്‍ നീ തീര്‍ത്ത മണ്‍വീണ ഞാന്‍..' ശരിക്കും ആ മണ്‍വീണ ഞാന്‍ തന്നെയല്ലേ..?  വയലിനിസ്റ്റാകാന്‍ കൊതിച്ച ഞാനിന്ന്  വിവിധ ഈണങ്ങളില്‍ ഇരുനൂറ് സിനിമകള്‍ക്ക് സംഗീതം നല്‍കികഴിഞ്ഞു. ഇപ്പോഴും ആ വരികള്‍ കേള്‍ക്കുമ്പോള്‍ മനസ്സിലൊരു കുളിര്‍മ അനുഭവപ്പെടും.

ഹരിനാരായണന്‍:
കവി ഋഷിയാണ്. അതുകൊണ്ടാണ് ഒ.എന്‍.വി സാര്‍ ഔസേപ്പച്ചന്‍ മാഷിന്റെ നാളെയെ ആ വരികളില്‍ കാണിച്ചുതന്നത്. എപ്പോഴെങ്കിലും മാഷ് ഈ കാര്യം ഒ.എന്‍.വി സാറോട് ചോദിച്ചിട്ടുണ്ടോ...?

ഔസേപ്പച്ചന്‍:
ഇല്ല, അതിനുള്ള സാഹചര്യം കിട്ടിയിട്ടില്ല. കാരണം ഞാന്‍ ഇത്തരമൊരു വായന നടത്തുന്ന കാലമെത്തിയപ്പോഴേക്കും അദ്ദേഹം സിനിമയില്‍ നിന്നൊക്കെ മാറിനില്‍ക്കുകയായിരുന്നു. അവസാനം അദ്ദേഹം 'കാരണവര്‍' എന്ന സിനിമയ്ക്കാണ് ആശുപത്രി കിടക്കയില്‍ നിന്ന് വരികള്‍ എഴുതിയത്.

'കാറ്റേ, ചാരിയ വാതില്‍ തുറന്നുവരാന്‍ നിന്റെ ചാമര കൈകള്‍ മടിച്ചതെന്തേ..' എന്ന ആ വരികള്‍ക്ക് ഞാന്‍ സംഗീതം ന കുമ്പോള്‍ അദ്ദേഹമെന്നെ ഫോണി  വിളിച്ചു. 'ഔസേപ്പച്ചാ, ഞാന്‍ തന്ന വരികളില്‍ എന്ത് മാറ്റം വേണമെങ്കിലും ചെയ്യാം.' എന്നില്‍ അദ്ദേഹത്തിനുണ്ടായ വിശ്വാസമാണ് അന്ന് ആ വാക്കുകളില്‍  നിറഞ്ഞത്. വരികളിലെ ചെറിയ മാറ്റങ്ങള്‍ക്ക് പോലും ദേവരാജന്‍ മാഷുമായി വഴക്കിടുന്ന ഒ.എന്‍.വി സാറിനെ ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹം എന്നിലെ സംഗീതസംവിധായകനെ വിശ്വസിക്കുന്നു എന്ന തിരിച്ചറിവ് നല്‍കിയ സന്തോഷം ചെറുതല്ല. അധികം വൈകാതെ അദ്ദേഹം നമ്മെ വിട്ടുപോയി.

ഹരിനാരായണന്‍:
മാഷേ, വലിയ പ്രതിഭകള്‍ സ്ഥിരമായി പറയുന്നൊരു കാര്യം ഓരോ വര്‍ക്കിലും തന്റേതായ ഒരു മുദ്ര വേണമെന്നതാണ്. ശ്യാമ ശാസ്ത്രികള്‍ തൊട്ടുള്ള സംഗീതഞ്ജര്‍ പാട്ടിന്റെ അറ്റത്ത് ഗുരു ഗുഹ എന്ന് വയ്ക്കുന്നത് ഈ സിഗ്‌നേച്ചറിന്റെ ഭാഗമായാണ്. പക്ഷേ, എം.എല്‍. ഔസേപ്പച്ചന്‍ എന്ന സംഗീതഞ്ജന്‍ 43 വര്‍ഷമായി ചെയ്യുന്ന ഓരോ പാട്ടിലും തന്റെ സിഗ്‌നേച്ചര്‍ ഇല്ലാതിരിക്കണം എന്ന്് ആഗ്രഹിക്കുന്നുണ്ടോ.?

ഔസേപ്പച്ചന്‍:
ഞാന്‍ ഒരുപാട്ടിലും എന്നെ കൊണ്ടുവരാന്‍ ഇഷ്ടപ്പെടാത്തൊരു വ്യക്തിയാണ്. ആ പാട്ടിന്റെ ആത്മാവ് എന്താണോ അതുപോലെ നില്‍ക്കുന്നതാണ് ഇഷ്ടം. ഉണ്ടാക്കിയത് ആരോ ആയിക്കോട്ടെ, ഒരുപാട്ടില്‍ നിന്നും വ്യത്യസ്തമായിരിക്കണം അടുത്തത്. ഒന്നും ആവര്‍ത്തിക്കരുത് എന്ന് നിര്‍ബന്ധം എനിക്കുണ്ട്. ഭൂരിഭാഗം പാട്ടുകളിലും എനിക്കത് സാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. അതിനുവേണ്ടി ഒരുപാട് കഷ്ടപ്പെടാറുമുണ്ട്. പലപ്പോഴും ഈ വ്യത്യസ്തത ജനത്തിന് ഇഷ്ടമാണെങ്കില്‍ തന്നെ പെരുത്തപ്പെട്ട് പോകാന്‍ ചെറിയൊരു സമയമെടുക്കാറുണ്ട്. ആയൊരു ഇടവേള പലപ്പോഴും എന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. നമ്മള്‍ വ്യത്യസ്തമായി ചെയ്ത പലപാട്ടുകളും അങ്ങനെ മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്. കാരണം പരീക്ഷണത്തിന് പലരും തയ്യാറായിരുന്നില്ല. അത്തരം ദിവസങ്ങളെല്ലാം എന്റെ ഹൃദയം ഒരുപാട് വേദനിച്ചിട്ടുണ്ട്. അത്തരത്തില്‍ മാറ്റിവയ്ക്കപ്പെട്ട നല്ല പാട്ടുകള്‍ക്ക് ചിലപ്പോള്‍ പിന്നീട് 'റീ ബര്‍ത്ത് ' സംഭവിക്കാറുണ്ട്. അത് കാണുമ്പോള്‍ സന്തോഷിക്കാറുമുണ്ട്.  

ഹരിനാരായണന്‍:
എപ്പോഴാണ് മാഷിനടുത്തേക്ക് ആദ്യമായി വയലിന്‍ വരുന്നത്...?

ഔസേപ്പച്ചന്‍:
അതിന് ഉത്തരം ഈ സ്റ്റുഡിയോ റൂമിലിരുന്ന് പറയേണ്ടതല്ല നമുക്ക് ഒരു ചെറുയാത്ര പോകാം, ഒല്ലൂരിലേക്ക്.

കിഴക്കുമ്പാട്ടുകരയിലെ വീട്ട് മുറ്റത്ത് നിന്ന് കാര്‍ തൃശ്ശൂര്‍ നഗരഹൃദയത്തിലൂടെ ഒല്ലൂരിലേക്ക്. വയലിനും കൈയിലെന്തി കൗമാരകാലത്ത് നടന്നുതീര്‍ത്ത പാതകളിലൂടെ വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു യാത്ര, ഓര്‍മകളുടെ പിന്‍നടത്തം. ഒല്ലൂര്‍, സെന്റ് ആന്റണീസ് ഫൊറോന പള്ളിയുടെ അങ്കണത്തിലാണ് യാത്ര അവസാനിച്ചത്. പള്ളിയുടെ പടിക്കെട്ടിലിരുന്ന് ഇരുവരും സംസാരം തുടര്‍ന്നു.

ബി.കെ.ഹരിനാരായണനും ഔസേപ്പച്ചനും| ഫോട്ടോ: മധുരാജ്
ബി.കെ.ഹരിനാരായണനും ഔസേപ്പച്ചനും ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍| ഫോട്ടോ: മധുരാജ്‌

ഔസേപ്പച്ചന്‍:
ഇതാണ് എന്റെ ഇടവക പള്ളി. ഈ പള്ളിക്ക് മുന്നിലായിരുന്നു ഞങ്ങളുടെ തറവാട് വീട്. ഓര്‍മ്മവെച്ച നാള്‍ മുതല്‍ വീട്ടില്‍  മൂത്ത സഹോദരന്‍ പോള്‍ വയലിന്‍ വായിക്കുമായിരുന്നു. അതുകൊണ്ട് ചെറുപ്പം തൊട്ടേ എന്റെ കാതില്‍ വയലിന്റെ നാദമുണ്ട്. പോളേട്ടന്‍ പഴയ ഹിന്ദി പാട്ടുകളൊക്കെ വായിക്കുമ്പോള്‍ സന്തോഷത്തോടെ ഞാനത് കേട്ടിരിക്കും. വയലിന്റെ നാദം എന്റെ ഹൃദയത്തിലൊരു ആവേശമുണ്ടാകുന്നുണ്ടെന്ന് അന്ന് തന്നെ തിരിച്ചറിഞ്ഞിരുന്നു. കിട്ടുന്ന അവസരങ്ങളിലെല്ലാം ഞാന്‍ രഹസ്യമായി ചേട്ടന്റെ വയലിനെടുത്ത് വായിക്കാന്‍ ശ്രമിക്കും.

നാട്ടില്‍ അന്ന് സേവ്യര്‍ എന്ന് പേരുള്ള പ്രസിദ്ധനായ വയലിനിസ്റ്റ് ഉണ്ടായിരുന്നു. ഗാനമേളടക്കം സേവ്യറിന്റെ സോളോ പെര്‍ഫോമന്‍സ് ഉണ്ടാക്കും. അദ്ദേഹത്തിന് വലിയ ആരാധകവൃന്ദമുണ്ടായിരുന്നു. ഒരുനാള്‍ ഒല്ലൂര്‍ പള്ളിയില്‍ ഗാനമേളയ്ക്കിടെ ഇടവേളയില്‍ അദ്ദേഹം ഗ്രീന്‍ റൂമില്‍ വന്നിരുന്നു. അദ്ദേഹത്തിന്റെ വയലിന്‍ അവിടെ തുറന്നുവച്ചത് കണ്ടപ്പോള്‍ അറിയാതെ ഞാന്‍ ചെന്ന് ആ വയലിന്‍ എടുത്ത് വായിച്ചു. ചെക്കോസ്ലോവാക്യന്‍ വയലിനാണ്. ''ആരെടാ അത്..' പെട്ടെന്ന് ഒരലര്‍ച്ച. ശബ്ദം കേട്ടതും ഞാന്‍ ഞെട്ടലോടെ തിരിഞ്ഞുനോക്കി. കാക്കി പാന്റ്സും ബിസ്‌ക്കറ്റ് കളര്‍ ഷര്‍ട്ടുമിട്ട് സേവ്യര്‍ ദാ തൊട്ടുമുന്നില്‍. പേടിച്ചരണ്ട എന്നോട് അനുകമ്പ തോന്നി അദ്ദേഹം പറഞ്ഞു,   ''ടാ, പേടിക്കേണ്ട. നിനക്ക് അത്രയും ഇഷ്ടമാണോ വയലിന്‍..?' . ''അതേ, ഭയങ്കര ഇഷ്ടമാണ് ' മറുപടി കേട്ടതും തൊട്ടടുത്ത മുറിയില്‍ നില്‍ക്കുന്ന എന്റെ ചേട്ടനെ അദ്ദേഹം വിളിച്ചു. ''ടാ, പോളി. ഇവനൊരു വയലിന്‍ വാങ്ങി കൊടുത്ത് പഠിപ്പിക്ക്. അവന് അത്രയ്ക്ക് ഇഷ്ടമാണത്. ചേട്ടന്‍ ഒന്നുചിരിച്ചു.

എന്നാല്‍ ആരും എനിക്ക് വയലിന്‍ വാങ്ങിച്ചുത്തരികയോ പഠിപ്പിക്കുകയോ ചെയ്തില്ല. ഈ സംഭവമൊക്കെ കഴിഞ്ഞ് മാസങ്ങള്‍ കടന്നുപോയി. ഞാന്‍ പത്താം ക്ലാസിലെത്തി. അങ്ങനെ വീട്ടില്‍ ചേട്ടനില്ലാത്ത ഒരുദിവസം വീണ്ടും ഞാന്‍ വയലിന്‍ കൈയിലെടുത്തു, ആദ്യമായി ബോ എടുത്ത് വായിക്കാന്‍ ശ്രമിക്കുകയാണ്. സ,രി,ഗ,മ... സപ്തസ്വരങ്ങള്‍ ആരോഹണത്തിലും അവരോഹണത്തിലും മെല്ലെ വായിച്ചു. ചെറിയ തെറ്റുകളൊക്കെയുണ്ട്, എന്നാലും എനിക്ക് വല്ലാത്തൊരു ആത്മവിശ്വാസം തോന്നി. പിന്നാലെ ആദ്യ പാട്ട് വയലിനില്‍ നിന്നുയര്‍ന്നു, ദേശീയ ഗാനമായ 'ജനഗണമന..'  വായിച്ചു കഴിഞ്ഞതും നിറഞ്ഞ കൈയടി കേട്ടാണ് ഞാന്‍ തിരിഞ്ഞുനോക്കിയത്. എന്റെ മൂന്നുസഹോദരിമാരാണ്.  തൊട്ടടുത്ത മുറിയില്‍ നിന്ന് ഞാന്‍ വായിക്കുന്നത് കേട്ട് കൊണ്ടിരിക്കുകയായിരുന്നു അവര്‍. അതാണ് ജീവിതത്തില്‍ ആദ്യമായി കിട്ടിയ അഭിനന്ദനം.

ഹരിനാരായണന്‍:
അത് കഴിഞ്ഞിട്ടാണോ മാഷ് സെമിനാരിയിലേക്ക് പോകുന്നതും, തിരിച്ചുവരുന്നതുമെല്ലാം..?

ഔസേപ്പച്ചന്‍:
പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് അച്ചനാകാന്‍ ഞാന്‍ സെമിനാരിയില്‍ ചേര്‍ന്നത്. വിശ്വാസി എന്ന നിലയിലുണ്ടായ ദൈവവിളിയാണ് എന്നെ സെമിനാരിയില്‍ എത്തിച്ചത്. രണ്ടരവര്‍ഷം ഞാന്‍ സെമിനാരിയി  പഠിച്ചു. ഇപ്പോള്‍ തൃശ്ശൂര്‍ മിഷന്‍ ആശുപത്രി ഇരിക്കുന്ന സ്ഥലത്തായിരുന്നു അന്ന് സെമിനാരി. പക്ഷേ അവിടെയെത്തിയപ്പോഴാണ് ദൈവത്തിലേക്കുള്ള എന്റെ മാര്‍ഗം സംഗീതമാണെന്ന് തിരിച്ചറിയുന്നത്. അത് അവിടത്തെ അച്ചന്‍മാര്‍ കൃത്യമായി മനസ്സിലാക്കി. സംഗീതത്തിലൂടെ ഭക്തിയിലേക്കല്ല, മറിച്ച് ഭക്തിയിലൂടെ സംഗീതത്തിലേക്കാണ് ഞാന്‍ സഞ്ചരിക്കുന്നതെന്ന്. അങ്ങനെ ഒരിക്കലൊരു അവധി കഴിഞ്ഞ് ഞാന്‍ സെമിനാരിയിലെത്തിയപ്പോള്‍ അച്ചന്‍ എന്നോട് പറഞ്ഞു 'മോനേ, സംഗീതം ദൈവം തന്ന ഒരുവരദാനമാണ്. അതുകൊണ്ട് നീ പോയി നല്ല സംഗീതജ്ഞനായിട്ട് വാ...'

ബി.കെ.ഹരിനാരായണനും ഔസേപ്പച്ചനും
ബി.കെ.ഹരിനാരായണനും ഔസേപ്പച്ചനും ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍| ഫോട്ടോ: മധുരാജ്‌

ഹരിനാരായണന്‍:
അപ്പോള്‍ ഒരു ഗുരുവില്‍ നിന്നുള്ള മാഷിന്റെ വയലിന്‍ പഠിത്തം എപ്പോഴായിരുന്നു..?

ഔസേപ്പച്ചന്‍:
വളരെ യാഥാസ്ഥിതികനായ ഓര്‍ത്തഡോക്സ് ചിന്താഗതിയുള്ള ഒരു വ്യക്തിയായിരുന്നു എന്റെ പിതാവ്. അദ്ദേഹത്തിന് ജീവിതമെന്ന് പറയുന്നത് പഠിപ്പ്, നല്ല ജോലി, വിവാഹം, കുട്ടികള്‍ അങ്ങനെയങ്ങ് സുഖമായി പോകുക എന്ന കാഴ്ചപ്പാടായിരുന്നു. അതില്‍ നിന്ന് വിട്ട് മറ്റൊരു സിസ്റ്റത്തെ അംഗീകരിച്ചിരുന്നില്ല. വയലിനും സംഗീതവുമൊക്കെ പള്ളിയുമായി ബന്ധപ്പെട്ട് ചെയ്യാം എന്നതല്ലാതെ ഒരുകരിയറായി തെരഞ്ഞെടുക്കുന്നതിനെ ഒന്നും അദ്ദേഹം അനുകൂലിച്ചിരുന്നില്ല. അതുകൊണ്ട് വീട്ടില്‍ നിന്ന് വയലിന്‍ പഠിക്കാന്‍ യാതൊരുവിധ പ്രോത്സഹാനവും ഉണ്ടായിട്ടില്ല. കാശുകൊടുത്ത് വയലിന്‍ പഠിക്കുകയോ മേടിക്കുകയോ ചെയ്യുക എന്നത് അന്നെനിക്ക് അപ്രാപ്യമായിരുന്നു.

ബി.കെ.ഹരിനാരായണനും ഔസേപ്പച്ചനും
ബി.കെ.ഹരിനാരായണനും ഔസേപ്പച്ചനും ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍| ഫോട്ടോ: മധുരാജ്‌

സെമിനാരിയില്‍ പഠിക്കുന്ന കാലത്ത് അഗസ്റ്റിന്‍ അക്കര എന്ന ഫാദറുണ്ടായിരുന്നു. ഗായകന്‍ കൂടിയായ അദ്ദേഹം എന്റെ വയലിന്‍ താത്പര്യം കണ്ട് ഒരു ഇറ്റാലിയന്‍ വയലിന്‍ സമ്മാനമായി തന്നു. അന്ന് 1971, അതിന്റെ വില 400 രൂപയാണ്. ഈ വയലിന്‍ കൈയില്‍ കിട്ടിയപ്പോള്‍ സെമിനാരിയില്‍ നിന്ന് തന്നെ കുറച്ച് പുസ്തകങ്ങളും സംഘടിപ്പിച്ച് എന്റേതായ രീതിയില്‍പഠനം ആരംഭിച്ചു. പിന്നീട് ക്ലബിലെത്തിയതോടെയാണ് വെസ്റ്റേണ്‍ പഠിക്കുന്നതും ഗാനമേളയ്ക്ക് വായിച്ച് തുടങ്ങുന്നതുമെല്ലാം. പിന്നീട്

ഹരിനാരായണന്‍:
അപ്പോ, മാഷുടെ പഠനം മുഴുവന്‍ ഈ ഒല്ലൂര്‍ യൂണിവേഴ്സിറ്റിയില്‍  നിന്നായിരുന്നല്ലേ ( ചിരിക്കുന്നു)..?

ഔസേപ്പച്ചന്‍:
ശരിക്കും വയലിന്‍ പഠിച്ചത് മുഴുവന്‍ വിപരീതദിശയിലാണ്. ദേവരാജന്‍ മാഷിനൊപ്പം മദ്രാസില്‍ പോയപ്പോഴും ഞാന്‍ ഔദ്യോഗികമായി വയലിന്‍ പഠിച്ചിട്ടില്ല. പക്ഷേ നന്നായി വായിക്കും. അതിനാല്‍ എല്ലാവരുടെയും ധാരണ ഞാന്‍ അഗാധമായി വയലിന്‍ പഠിച്ചൊരാളാണെന്നാണ്. നമ്മള്‍ സെല്‍ഫ് യൂണിവേഴ്സിറ്റിയാണെന്ന് നമുക്കല്ലേ അറിയൂ. അന്ന് മദ്രാസില്‍ എനിക്കൊപ്പം റെക്കോര്‍ഡിങിന് വായിക്കുന്ന ചിലര്‍ ഇളയരാജയുടെ ഗുരുവായ ധന്‍രാജ് മാസ്റ്ററുടെ അടുത്ത് നിന്ന് വയലിന്‍ പഠിച്ചവരാണ്.  ഒരുദിവസം ദേവരാജന്‍ മാഷ് എന്നെ വിളിച്ചു. 'അതേ, താന്‍ ധന്‍രാജിന്റെ അടുത്ത് പോയി വയലിന്‍ പഠിക്കാന്‍ ചേരണം. നിന്റെ കൂടെ വായിക്കുന്നവരെല്ലാം അവിടെ പഠിച്ചവരാണ് '. ഞാന്‍ തലയാട്ടി സമ്മതിച്ചെങ്കിലും ധന്‍രാജ് മാസ്റ്ററുടെ അടുത്ത് പഠിക്കാന്‍ പോയില്ല. കാരണം അവിടെ നിന്ന് പഠിച്ചിട്ടും മോശമായി വയലിന്‍ വായിക്കുന്നവരെ കണ്ടത് കൊണ്ടായിരുന്നത്. ജോണ്‍സണോടും ദേവരാജന്‍ മാസ്റ്റര്‍ ഇതേ പോലെ ധന്‍രാജ് മാസ്റ്ററുടെ അടുത്ത് ചെല്ലാന്‍ പറഞ്ഞിരുന്നു. അവനും ഒരാഴ്ച പോയതോടെ മടുത്ത് മതിയാക്കുകയായിരുന്നു. പക്ഷേ പിന്നീട് ഞാന്‍ മദ്രാസ് ചേംബര്‍ ഓര്‍ക്കസ്ട്രയുടെ ഭാഗമായാണ് വയലിന്‍ ഔദ്യോഗികമായി പഠിക്കുന്നത്. എന്റെ മാനസിക ഗുരു എന്ന് പറയുന്നത് വി.എസ്. നരസിംഹന്‍ ആണ്. ജീവിതത്തില്‍ സംഗീതത്തെ കുറിച്ച് മാത്രം ശ്വസിക്കുകയും ചിന്തിക്കുകയും ചെയ്യുന്നൊരാളാണ് അദ്ദേഹം.

'മദ്രാസ് ചേംബര്‍ ഓര്‍ക്കസ്ട്ര'- എന്ന് പറഞ്ഞാല്‍ അക്കാലത്തെ ലോകപ്രസിദ്ധ വയലിനിസ്റ്റുകളുടെ ഇടമാണ്. സിംഗപ്പൂര്‍ സിംഫണി ഓര്‍ക്കസ്ട്രിയില്‍ പിന്നീടുണ്ടായിരുന്ന മാല്‍ക്കം അടക്കമുള്ളവര്‍ അന്ന് ചേംബര്‍ ഓര്‍ക്കസ്ട്രയിലായിരുന്നു. അവിടെ പ്രവേശനം നേടുക എന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. ജര്‍മന്‍ കോണ്‍സുലേറ്റിന് കീഴിലാണ് കെട്ടിടത്തിലാണ് ഓര്‍ക്കസ്ട്ര പ്രവര്‍ത്തിക്കുന്നത്. അങ്ങനെ അവിടെ ആദ്യമായി ചെന്നപ്പോള്‍ അവര്‍ എന്തെങ്കിലുമൊന്ന് വായിക്കാന്‍ ആവശ്യപ്പെട്ടു. വായിച്ച് കഴിഞ്ഞപ്പോള്‍ മാല്‍ക്കം ചോദിച്ചു 'വൗ, വാട്ട് എ വെബ്രറ്റോ മാന്‍. വേര്‍ യു ലേണ്‍ഡ്?'. 'ഫ്രം കേരള ' ഞാന്‍ പറഞ്ഞു. 'ഹു ഈസ് ദി ടീച്ചര്‍' അടുത്ത ചോദ്യമെത്തിയപ്പോള്‍ ഞാനൊന്ന് പകച്ചു. 'ലെസ്ലി പീറ്റര്‍' വായില്‍  കിട്ടിയ പേര് പറഞ്ഞു. ആരുടെ കീഴിലും പഠിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍അഡ്മിഷന്‍ കിട്ടില്ല, അതിനാലാണ് കളവ് പറഞ്ഞത്. വെസ്റ്റേണിലും കര്‍ണാടിക്കുമെല്ലാം കൃത്യമായ പഠനവും പരിശീലനവും ലഭിച്ചത് ചേംബര്‍ ഓര്‍ക്കസ്ട്രയില്‍  നിന്നാണ്. ലോകത്തെ പ്രമുഖ ഓര്‍ക്കസ്ട്രയിലെ വയലിനിസ്റ്റുകള്‍ അവിടെയെത്തുകയും പരിശീലനം നല്‍കുകയും ചെയ്യുമായിരുന്നു.

ഹരിനാരായണന്‍:
മലയാള സിനിമ സംഗീതത്തിലെ രണ്ടു രത്നങ്ങളായ ഔസേപ്പച്ചനെയും ജോണ്‍സനെയും കൊടുത്ത സര്‍വകലാശാല എന്നു പറയുന്നത് തൃശ്ശൂര്‍ ഹൈറോഡിലുള്ള വോയ്സ് ഓഫ് ട്രിച്ചൂര്‍ ആണ്. ആ കാലമാണ് മാഷിന്റെ ജീവിതം തന്നെ മാറ്റിയതല്ലേ...?

തീര്‍ച്ചയായും, വളരെ അപ്രതീക്ഷിതമായാണ് ഞാന്‍ വോയ്സ് ഓഫ് ട്രിച്ചൂരിലേക്ക് എത്തുന്നത്. സെമിനാരിയില്‍ നിന്ന് അവധിക്ക് വീട്ടിലേക്ക് പോകാന്‍ വയലിനും കൈയില്‍ പിടിച്ച് തൃശ്ശൂര്‍ വടക്കേ സ്റ്റാന്‍ഡിലേക്ക് ബസ് കയറാന്‍ പോവുകയാണ്. അപ്പോള്‍ സൈക്കിളില്‍ ആറ്റ്ലി എന്ന് പറഞ്ഞ ഗിറ്റാറിസ്റ്റ് എന്റെ അരികിലൂടെ പോയി. എന്റെ കൈയില്‍ വയലിന്‍ കണ്ടപ്പോള്‍ ആറ്റ്ലി ബ്രേക്ക് പിടിച്ചു, എന്നിട്ട് ചോദിച്ചു 'ടാ, നീ എവിടെയാണ് പഠിക്കുന്നത്..?'. 'സെമിനാരിയിലാ..' ഞാന്‍ മറുപടി നല്‍കി. 'ആ, വയലിന്‍ വായിക്കോ നീയ്. എങ്കില്‍ ക്ലബിലേക്ക് വായോ..? സൈക്കിളിലോട്ട് കയറ്..' . ഇത് കേട്ടപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഞാന്‍ സൈക്കിളിന് പുറകില്‍ കയറി. ഇപ്പോഴത്തെ അരിയങ്ങാടിയിലെ ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ചെറിയൊരു മുറിയിലാണ് 'വോയ്സ് ഓഫ് ട്രിച്ചൂര്‍ ' എന്ന ക്ലബ് അന്ന് പ്രവര്‍ത്തിച്ചിരുന്നത്.

സൈക്കിള്‍ ഗോവണിയുടെ താഴെ നിര്‍ത്തി. കൈവരികളൊന്നുമില്ലാത്ത ഗോവണി പടികള്‍ കയറിതുടങ്ങിയപ്പോള്‍ സ്പീക്കറില്‍ നിന്ന് കാതിലേക്കൊരു പാട്ട് ഒഴുകിവന്നു. 'സന്ധ്യ മയങ്ങും നേരം...' എന്ന പാട്ടാണ്. മുറിയിലേക്ക് കയറിചെല്ലുമ്പോള്‍ തൃശ്ശൂര്‍ മണിയാണ് മധുരകരമായ ശബ്ദത്തില്‍ പാടുന്നത്. ഒപ്പം മൂന്ന് വയലിനിസ്റ്റുകളും ഇരിക്കുന്നു. പോള്‍സന്‍ ചാലിശ്ശേരി, മാണി ഡൊമിനിക്, അതിന്റെ അപ്പുറത്തെ സീറ്റില്‍ മീശയൊന്നുമില്ലാത്ത ട്രൗസറിട്ടിരിക്കുന്ന വളരെ ചെറിയ പയ്യനായി ജോണ്‍സണും. ഉള്ളില്‍ സ്ഥലമില്ലാത്തതിനാല്‍ ഗിറ്റാറിസ്റ്റ് സ്റ്റാന്‍ലി പുറത്തിരുന്നാണ് വായിക്കുന്നത്. അന്നാണ് ഞാന്‍ ആദ്യമായി ഗിറ്റാര്‍ കാണുന്നത്. ഒരു ചുവന്ന അക്വസ്റ്റിക് ഗിത്താര്‍ വായിക്കുന്ന സ്റ്റാന്‍ലി ഇന്നും എന്റെ കണ്‍മുന്നിലിരിക്കുന്നുണ്ട്. ആദ്യ പാട്ട് കഴിഞ്ഞപ്പോള്‍ മണി അടുത്ത പാട്ട് ഒഴുക്കി വിട്ടു 'നീ വരൂ, കാവ്യദേവതേ...' ഒരു സ്വപ്നലോകത്തെന്ന പോലെ ഞാനവിടെ ഇരുന്നു. അന്ന് മനസ്സിലുറപ്പിച്ചു, ഇവിടമാണ് എന്നിടം, അധികം വൈകാതെ ഇവിടേക്ക് വരും.

അവധി കഴിഞ്ഞ് വീണ്ടും സെമിനാരിയിലേക്ക്, അവിടെ ചെന്നപ്പോഴാണ് എത്രയും പെട്ടെന്ന് വിട്ടോളാനും പോയി സംഗീതം പഠിക്കാനും പറഞ്ഞ് വീട്ടിലേക്ക് തിരിച്ചയച്ചത്. വീട്ടിലെത്തി രണ്ടാമതൊന്ന് ചിന്തിക്കാതെ നേരെ വയലിനുമെടുത്ത് വോയ്സ് ഓഫ് ട്രിച്ചൂരിലേക്ക് വണ്ടി കയറി. സന്തോഷപൂര്‍വം ക്ലബിലേക്ക് എന്നെ സ്വീകരിച്ചു. അതേ സമയത്ത് തന്നെ സെന്റ് തോമസ് കോളജില്‍  വിദ്യാഭ്യാസവും തുടര്‍ന്നു. അവിടെ നിന്നാണ് ജോണ്‍സണുമായുള്ള സൗഹൃദം തുടങ്ങുന്നത്. വര്‍ഷങ്ങളോളം ഞങ്ങളൊന്നിച്ച് വയലിന്‍ വായിച്ചു. വൈകാതെ ജോണ്‍സണ്‍ വോയ്സ് ഓഫ് ട്രിച്ചൂരിന്റെ മ്യൂസിക് ഡയറക്ടറായി.

ouseppachan and harinarayanan
ബി.കെ.ഹരിനാരായണനും ഔസേപ്പച്ചനും| ഫോട്ടോ: മധുരാജ്

ഹരിനാരായണന്‍:
'എല്ലാം ശരിയാകും' എന്ന സിനിമയുടെ പാട്ടുണ്ടാക്കുമ്പോഴും ഓഡിയോ ലോഞ്ചിനും നിര്‍മാതാവും സംവിധായകനും അടക്കം സിനിമയുടെ പ്രധാന അണിയറപ്രവര്‍ത്തകരെല്ലാം മാഷിന്റെ സ്റ്റുഡിയോയിലുണ്ടായിരുന്നു. പുറത്ത് നിന്ന് അതിഥിയായി ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അയാളെ മാഷ് ക്ഷണിച്ചതുമാണ്. ഗായകന്‍ പി.ജയചന്ദ്രന്‍. ജയേട്ടന്‍ മാഷിന്റെ സംഗീതയാത്രയില്‍ അത്രമാത്രം പ്രാധാന്യമുണ്ടല്ലേ...?

ഔസേപ്പച്ചന്‍:
ദേവരാജന്‍ മാഷിന്റെ അടുത്തേക്ക് എന്നെയും ജോണ്‍സണെയുമെല്ലാം എത്തിക്കുന്നത് ജയേട്ടനാണ്. ഞങ്ങള്‍ ക്ലബില്‍ വായിക്കുന്ന കാലത്ത് തന്നെ ജയേട്ടന്‍ മലയാളത്തിലെ പ്രധാന ഗായകനാണ്. അദ്ദേഹത്തിന്റെ ഗാനമേളയ്ക്കെല്ലാം ഞങ്ങള്‍ ഓര്‍ക്കസ്ട്ര നല്‍കാറുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് ദേവരാജന്‍ മാഷ് കേരളത്തില്‍ ഗാനമേളകള്‍ തുടങ്ങാന്‍ തീരുമാനിക്കുന്നത്. അതിനുവേണ്ടി ഒരു ഓര്‍ക്കസ്ട്ര അന്വേഷിക്കുന്നതിനിടെയാണ് ജയേട്ടന്‍ 'വോയ്സ് ഓഫ് ട്രിച്ചൂരി'നെ കുറിച്ച് ദേവരാജന്‍ മാഷോട് പറയുന്നത്. അങ്ങനെ ദേവരാജന്‍ മാഷ് ഞങ്ങളുടെ സംഗീതം കേള്‍ക്കാന്‍ ക്ലബിലേക്ക് വരാന്‍ തീരുമാനിച്ചു. ഞങ്ങള്‍ പെട്ടെന്ന് കുറച്ച് കാശ് പിരിച്ച് പുതിയ എക്കോഡിയനൊക്കെ വാങ്ങിച്ചു. മാഷ് വന്ന് കേട്ട് ഇഷ്ടപ്പെട്ടതോടെ പുതിയൊരു യാത്രയ്ക്ക് തുടക്കമായി. മാഷുമൊത്തുള്ള ആദ്യ ഷോ കൊല്ലത്തായിരുന്നു. ഒരു വലിയ സ്റ്റാര്‍ നൈറ്റ് ആയിരുന്നു അത്. ഗാനമേളയി  മാഷ് ഉണ്ടാകുമെങ്കിലും ഞങ്ങളുടെ ഓര്‍ക്കസ്ട്രയെ നയിച്ചിരുന്നത് ജോണ്‍സണാണ്. ജോണ്‍സണ്‍ ഗാനമേളയ്ക്ക് ഹാര്‍മോണിയം, അല്ലെങ്കില്‍ ഓടക്കുഴലാണ് വായിക്കുക. അന്ന് വണ്ടിക്കൂലി മാത്രമാണ് കിട്ടുക. എന്തെങ്കിലും അധികവരുമാനം കിട്ടിയാല്‍ അത് ക്ലബിന്റെ പൊതുഫണ്ടിലേക്കാണ്. ആദ്യ പരിപാടി കഴിഞ്ഞതോടെ മാഷിന്റെ കേരളത്തിലെ സ്ഥിരം ഓര്‍ക്കസ്ട്രയായി ഞങ്ങള്‍ മാറി. ജയേട്ടന്റെ വാക്കിലാണ് ഞങ്ങള്‍ക്ക് ആ ഭാഗ്യം ലഭിച്ചത്. അതുകൊണ്ട്. ഇരുനൂറാമത്തെ സിനിമയെന്ന നാഴികക്കല്ലിന് ജയേട്ടന്റെ അനുഗ്രഹം കൂടി വേണം എന്ന തീരുമാനത്തില്‍  തന്നെയാണ് അദ്ദേഹത്തെ മാത്രം അതിഥിയായി ക്ഷണിച്ചത്.

ഹരിനാരായണന്‍:
ഓര്‍ക്കസ്ട്രയില്‍ നിന്ന് നിങ്ങളെ രണ്ടുപേരെയും മാത്രമാണ് ദേവരാജന്‍ മാഷ് മദ്രാസിലേക്ക് ക്ഷണിച്ചത്..?

ഔസേപ്പച്ചന്‍:
അതെ, കാരണം ക്ലബിലെ ബാക്കിയുള്ളവരില്‍  ഭൂരിഭാഗത്തിനും മറ്റ് ജോലികള്‍ ലഭിച്ചിരുന്നു. ആ സമയത്താണ് മദ്രാസില്‍ ദേവരാജന്‍ മാഷും ആര്‍.കെ. ശേഖറും തമ്മി  അസ്വാരസ്യങ്ങള്‍ രൂപപ്പെടുന്നത്. പകരം പലരെ നോക്കിയെങ്കിലും ഒന്നും ശരിയായില്ല. അതോടെ മാഷിന് അത്യാവശ്യമായി ഒരു അസിസ്റ്റന്റിന്റെ ആവശ്യം വന്നു. മാഷെ അനുസരിക്കുന്ന, മനസ്സിലാക്കുന്ന ഒരാളെ ആയിരുന്നു ആവശ്യം. അങ്ങനെ ജോണ്‍സണെ മാഷ് മദ്രാസിലേക്ക് വിളിച്ചു. ഞങ്ങള്‍ ക്ലബില്‍ വെസ്റ്റേണ്‍ നേട്ടേഷന്‍ പഠിച്ചതിനാല്‍ മലയാളം നേട്ടേഷനെ കുറിച്ച് കൃത്യമായ അറിവില്ലായിരുന്നു. മദ്രാസിലേക്ക് ചെന്നപ്പോള്‍ മലയാളം നേട്ടേഷനടക്കമുള്ള കാര്യങ്ങള്‍ മാഷ്  ജോണ്‍സണ് കൃത്യമായി പഠിപ്പിച്ചു. പിന്നാലെ മാഷ് എന്നോട് പറഞ്ഞു ' നിങ്ങളേ, ഇവിടെയിരുന്ന് വയലിനൊക്കെ വായിച്ച് വീട്ടില്‍ പോകും. ഡിഗ്രിയൊക്കെ കഴിഞ്ഞാല്‍ പിന്നെ വയലിനൊക്കെ വിട്ട് വല്ല ഗുമസ്ത പണിയുമൊക്കെയായി ബാങ്കിലോ മറ്റോ കേറും. അതോടെ സംഗീതം അവസാനിക്കും. മറിച്ച് മദ്രാസില്‍ വരികയാണെങ്കില്‍  ഇതിനേക്കാള്‍ നല്ല കാശ് സമ്പാദിക്കാനും വായിക്കാനും പറ്റും.'' മാഷിന്റെ ക്ഷണം സ്വീകരിച്ച് അങ്ങനെ ഞാനും മദ്രാസിലേക്ക് വണ്ടി കയറി. മാഷിന്റെ ആളായത് കാരണമാണ് എനിക്കും ജോണ്‍സണുമെല്ലാം മദ്രാസില്‍ പോയി വിജയിക്കാനായത്. അല്ലെങ്കില്‍ അതേ വണ്ടിക്ക് തിരിച്ചുകയറേണ്ടി വരുമായിരുന്നു.

ഹരിനാരായണന്‍:
ജോണ്‍സണ്‍ മാഷിന് പിന്നാലെ ഔസേപ്പച്ചന്‍ മാഷും മദ്രാസിലെത്തി. അവിടെ നിങ്ങള്‍ രണ്ടുപേരും ഒരുമിച്ചായിരുന്നോ, താമസമൊക്കെ...?

ഔസേപ്പച്ചന്‍:
ആദ്യത്തെ ഒരുമാസം ജോണ്‍സന്റെ റൂമിലെ ഏക ഇരുമ്പ് കട്ടിലില്‍ തലങ്ങും വിലങ്ങുമായി ഞങ്ങള്‍ കിടന്നുറങ്ങിയത്. ആ സമയത്ത് ഞാന്‍ വയലിനിസ്റ്റും അവന്‍ അസിസ്റ്റന്റുമായിരുന്നു. ഒരാളുടെ മുറിയില്‍ രണ്ടുപേര്‍താമസിക്കുന്നതറിഞ്ഞ മുറി ഉടമ പ്രശ്നമുണ്ടാക്കിയപ്പോള്‍ തൊട്ടടുത്ത 'ഉമ' ലോഡ്ജില്‍ ഞാനൊരു മുറി സംഘടിപ്പിച്ചു. അന്ന് ഉമ ലോഡ്ജില്‍ താമസിക്കുന്നത് പിന്നീട് പ്രമുഖക്കാരായ സിനിമക്കാരാണ്. മണിയന്‍ പിള്ള രാജു, തമ്പി കണ്ണന്താനം, കൊച്ചിന്‍ ഹനീഫ, മണവാളന്‍ ജോസഫ് തുടങ്ങിവരെക്കെയുണ്ടായിരുന്നു. താഴത്തെ നിലയില്‍ 200 രൂപ വാടക,  ഒന്നാം നിലയില്‍ 100 രൂപ വാടക, രണ്ടാം നിലയില്‍ 30 രൂപ എന്നിങ്ങനെയായിരുന്നു നിരക്ക്. 100 രൂപയുടെ മുറിയിലാണ് ഞാന്‍ താമസിച്ചത്. മദ്രാസിലെത്തിയോടെ കാശ് കിട്ടിതുടങ്ങി. ദേവരാജന്‍ മാഷുടെ അടുത്ത് എത്തുന്ന ജൂനിയര്‍മാര്‍ ഒരുവര്‍ഷം അപ്രന്റീസായിരിക്കും. 10 രൂപയാണ് ഒരു റെക്കോര്‍ഡിങിന് നല്‍കുക. എന്നാല്‍ മാഷുടെ ആള്‍ക്കാര്‍ എന്ന നിലയില്‍ എത്തിയതിനാല്‍ എനിക്ക് ആദ്യ റെക്കോര്‍ഡിങിന് 60 രൂപയായിരുന്നു പ്രതിഫലം. ദിവസം കുറഞ്ഞത് രണ്ട് കോള്‍ ഷീറ്റ് ഉണ്ടാകും, മിനിമം 100 രൂപ ദിവസപ്രതിഫലം ലഭിക്കും. ആ കാലത്ത് ബാങ്ക് മാനേജര്‍ക്ക് ഒരുമാസം 300 രൂപയാണ് ശമ്പളം, എനിക്ക് മാസം കിട്ടുന്നത് 6000 രൂപയും. എന്റെ പിതാവ് മദ്രാസില്‍ വന്ന് ഇത് കണ്ട് ഞെട്ടിപ്പോയിട്ടുണ്ട്. അദ്ദേഹം ഏറെ സന്തോഷത്തോടെ അന്നെന്നെ അഭിനന്ദിച്ചു.

ഹരിനാരായണന്‍:
ആ കാലത്താണ് മറ്റൊരു തൃശ്ശൂരുക്കാരന്‍ ഔസേപ്പച്ചന്‍ മാഷിന്റെ ജീവിതത്തിലേക്ക് വരുന്നത്, ഭരതന്‍ സാര്‍. ശരിക്കും അഭിനയിക്കാനാണോ റീ റെക്കോര്‍ഡിങ് ചെയ്യാനാണോ ആദ്യമായി ഭരതേട്ടന്‍ വിളിക്കുന്നത്..?

ഔസേപ്പച്ചന്‍:
ഭരതേട്ടന്‍ അന്ന് ഗുരുവായൂര്‍ കേശവന്‍, രതിനിര്‍വേദം തുടങ്ങിയ സിനിമകളൊക്കെ ചെയ്ത് കൊണ്ടിരിക്കുകയാണ്. സിനിമകളുടെ റെക്കോര്‍ഡിങിന് വരുമ്പോള്‍ കണ്ടാണ് അദ്ദേഹവുമായി പരിചയമാകുന്നത്. ആരവത്തില്‍ അഭിനയിക്കാനാണ് അദ്ദേഹം ആദ്യമായി എന്നെ വിളിക്കുന്നത്. അന്ന് റീ റെക്കോര്‍ഡിങിനെ കുറിച്ച് അദ്ദേഹം ചിന്തിച്ചിട്ട് പോലുമില്ല. ഭരതേട്ടന്റെ ആരവത്തില്‍ നടനായിട്ടാണ് ഞാന്‍ സിനിമയിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. അഭിനയിക്കാന്‍ ക്ഷണിച്ചപ്പോള്‍ വയലിന്‍ വായിക്കാനാണെങ്കില്‍ വരാമെന്നുംഅഭിനയിക്കാനാവില്ലെന്നും ഞാന്‍ പറഞ്ഞു. 'നീ അവിടെ വന്ന് കാലത്ത് തൊട്ട് വൈകീട്ട് വരെ വയലിന്‍ വായിച്ചാ മതി, അത് തന്നെയാ നിന്റെ പണി.' അദ്ദേഹം പറഞ്ഞു. അങ്ങനെ വയലിനിസ്റ്റിന്റെ റോളില്‍ ആരവത്തില്‍ ഞാന്‍ അഭിനയിച്ചു. ചുമ്മാ വായിക്കാന്‍ പറഞ്ഞതാണെങ്കിലും ഓരോ രംഗത്തിന്റെയും മൂഡ് മനസ്സിലാക്കിയാണ് ഞാന്‍ സെറ്റില്‍ നിന്ന് വയലിന്‍ വായിച്ചത്. അങ്ങനെ റെക്കോര്‍ഡ് ടാപ്പ് ചെയ്യുമ്പോള്‍ ഡയലോഗിനൊപ്പം എന്റെ വയലിന്റെ ശബ്ദവും കുറേ സീനുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. അത് ഒഴിവാക്കാന്‍ പറ്റാത്ത അവസ്ഥ. അങ്ങനെ ഭരതേട്ടന്‍ എന്നെ വിളിച്ച് റീ റെക്കോര്‍ഡിങ് ചെയ്യാന്‍ പറഞ്ഞു. എന്നെ കൊണ്ട് പറ്റില്ലെന്നും ജോണ്‍സണ്‍ കൂടി ഉണ്ടെങ്കില്‍  ചെയ്യാമെന്നായി ഞാന്‍.' എന്നാല്‍ അവനെയും വിളിക്ക്, നിങ്ങള് രണ്ട് തൃശ്ശൂരുകാര് കൂടിയങ്ങ് ചെയ്യ്' ഭരതേട്ടന്‍ പറഞ്ഞു. ഒരുസിനിമ സ്വതന്ത്രമായി വര്‍ക്ക് ചെയ്യാന്‍ കാത്തിരുന്ന ജോണ്‍സണ്‍ ഭരതേട്ടന്‍ വിളിച്ചപ്പോള്‍ ഓടിയെത്തി.  അങ്ങനെയാണ് 'ആരവം' പൂര്‍ത്തിയാക്കുന്നത്.

ഹരിനാരായണന്‍:
ആരവം കഴിഞ്ഞ് പിന്നീട് വീണ്ടും വയലിന്‍ വായിക്കാന്‍ പോയി. ഭരതേട്ടന്‍ പിന്നാലെ ഈണം എന്ന സിനിമയ്ക്ക് പശ്ചാത്തലം ചെയ്യാന്‍ വിളിച്ചു. എന്തായിരുന്നു വീണ്ടും വിളിക്കാനുള്ള കാരണം..?

ഔസേപ്പച്ചന്‍:
ആരവം കഴിഞ്ഞതോടെ എന്നെ ഭരതേട്ടന് വിശ്വാസമായി. ഈണത്തില്‍ ഞാന്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യും എന്നുറപ്പിച്ചാണ് അദ്ദേഹം എന്നെ വിളിക്കുന്നത്. പശ്ചാത്തലവും ചെയ്ത് രണ്ടുപാട്ടുകളും ഗംഭീരമായി റെക്കോര്‍ഡ് ചെയ്തു. ഭരതേട്ടന്‍ തന്നെയായിരുന്നു ഈണത്തിന്റെ സംഗീത സംവിധാനം. അപ്പോഴും എന്റെ മനസ്സ് മദ്രാസ് ചേംബര്‍ ഓര്‍ക്കസ്ട്രയിലാണ്. സായിപ്പന്മാര്‍ എന്നാണ് എന്നെ വിദേശത്തേക്ക് ക്ഷണിച്ച് കൊണ്ടുപോകുക എന്ന ചിന്തയില്‍ നടക്കുകയാണ് ഞാന്‍. ലോക പ്രശസ്തനായ വയലിനിസ്റ്റാകണം എന്നായിരുന്നു എന്റെ സ്വപ്നം.

ouseppachan
ഫോട്ടോ: എന്‍.എം. പ്രദീപ്‌

ഹരിനാരായണന്‍:
വയലിനിസ്റ്റാകണം എന്ന മാത്രം ആഗ്രഹിച്ച ഔസേപ്പച്ചനെ എങ്ങനെയാണ് ഭരതേട്ടന്‍ പാട്ടുണ്ടാക്കുന്ന സംഗീത സംവിധായകനായി ജ്ജാനസ്നാനം ചെയ്തത്...?

ഔസേപ്പച്ചന്‍:
അത് ജ്ജാനസ്നാനമായിരുന്നില്ല പരീക്ഷണമായിരുന്നു. ആദ്യം ഈണമുണ്ടാക്കലായിരുന്നു. 'നീയെന്‍ സര്‍ഗ്ഗ സൗന്ദര്യമേ..' എന്ന പാട്ടിന്റെ ഈണമാണ് ആദ്യമുണ്ടാക്കിയത്. ആ കാസറ്റ് ഭരതേട്ടനെ ഏല്‍പ്പിച്ച് ആറുമാസത്തേക്ക് ഒരുവിവരവും ഉണ്ടായിരുന്നില്ല. പടം ഉപേക്ഷിച്ചെന്ന് കരുതി ഞാനും അത് വിട്ടു. സെവന്‍ ആര്‍ട്സ് മോഹന്റെ ആദ്യ സിനിമയായിരുന്നു അത്. നാളുകള്‍ക്ക് ശേഷം ഒരുദിവസം സെവന്‍ ആര്‍ട്സ് മോഹന്‍ വിളിച്ചു 'ഔസേപ്പച്ചാ, ഭരതേട്ടന്‍ വിളിക്കുന്നുണ്ട്. ഒരുപടത്തിന്റെ കാര്യം പറഞ്ഞിരുന്നില്ലേ. അത് തടസ്സങ്ങള്‍ മാറി തുടങ്ങാന്‍ പോകുകയാണ്. 'അങ്ങനെ ഞാന്‍ ഭരതേട്ടനെ കാണാന്‍ ചെന്നു. അദ്ദേഹം ആദ്യം തന്നെ ചോദിച്ചത് ഇങ്ങനെയായിരുന്നു 'നമുക്ക് ബാക്കി പാട്ടുകളൊക്കെ ചെയ്യേണ്ടേ..?'. 'ബാക്കി പാട്ടോ..? അപ്പോ ആദ്യത്തെ പാട്ടോ...?' എനിക്ക് സംശയമായി. 'അതൊക്കെ കഴിഞ്ഞു. താന്‍ തന്നതില്‍ ഒരുമാറ്റവുമില്ല. അത് അങ്ങനെതന്നെയാണ്..'. അങ്ങനെ കാതോട് കാതോരത്തിന്റെ തുടക്കം. കൊടുത്ത ഈണത്തിന് സുന്ദരമായി ഒ.എന്‍.വി സാര്‍ വരികളെഴുതി തന്നു.

അത് കഴിഞ്ഞ് ചെയ്ത ചിലമ്പിന് വരികളെഴുതിയത് ഭരതേട്ടന്‍ തന്നെയായിരുന്നു. വരിയും ഈണവും ഒന്നിച്ചുണ്ടാക്കുക എന്നതായിരുന്നു ചിലമ്പിന്റെ വെല്ലുവിളി. ആരഭി രാഗം മൂളനാണ് എന്നോട് ആദ്യം ആവശ്യപ്പെട്ടത്. ഞാനത് മൂളിയപ്പോള്‍ ആദ്യവരി അദ്ദേഹം പറഞ്ഞു 'പുടമുറി കല്യാണം..'. അത് ആവശ്യമായ ഈണത്തില്‍ അദ്ദേഹം എന്നെകൊണ്ട് പാടിച്ചെടുത്തു. ആ സിനിമയിലൂടെയാണ് ശരിക്കും പാട്ടിന്റെ കംപോസിങ് ടെക്നിക് ഭരതേട്ടന്‍ പറഞ്ഞുതന്നത്. വരിക്ക് ഈണമുണ്ടാക്കാനുള്ള ആദ്യപാഠം ഭരതേട്ടനാണ് പകര്‍ന്നുതന്നത്. പിന്നെ എനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കമലിന്റെ ഉണ്ണികളേ ഒരു കഥ പറയാം, ജോഷിയുടെ വീണ്ടും, കെ.ജി.ജോര്‍ജിന്റെ കഥയ്ക്ക് പിന്നില്‍ , പ്രിയദര്‍ശന്റെ മുത്തശ്ശി കഥ തുടങ്ങി ഒരുപിടി നല്ല പ്രോജക്ടുകള്‍ പിന്നാലെ എന്നെ തേടിയെത്തി. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, ഉള്ളടക്കം, വന്ദനം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, അനിയത്തി പ്രാവ് തുടങ്ങി കമലിന്റെ കൂടെയും പ്രിയന്റെ കൂടെയും ഫാസിലുമടക്കം പ്രമുഖ സംവിധായകര്‍ക്കൊപ്പമെല്ലാം പിന്നീട് ഒരുപാട് നല്ല ഹിറ്റുകളുണ്ടാക്കാന്‍ സാധിച്ചു.

Content Highlights: Christmas 2021, Violinist and music composer Ouseppachan shares his lifes stories with B.K.Harinarayanan

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്‌