കോട്ടയം: എല്ലാവര്‍ഷവും നവംബറെത്തുമ്പോള്‍ത്തന്നെ മനസ്സില്‍ സന്തോഷം നിറയും. പിന്നെ, ക്രിസ്മസിനായുള്ള കാത്തിരിപ്പാണ്. കിഴക്കന്‍മലയും കാടും ഇറങ്ങിവരുന്ന വൃശ്ചികത്തണുപ്പ് തൊട്ടുണര്‍ത്തുന്ന പുലരികള്‍ ഈ കാത്തിരിപ്പിന്റേതുകൂടിയാണ്. ബലൂണിന്റെ നിറവും ഗന്ധവും വര്‍ണ്ണക്കടലാസുകളും കേക്കും വീഞ്ഞും നക്ഷത്രവുമൊക്കെയായി വരാന്‍ പോകുന്ന ക്രിസ്മസ് കാത്തിരിക്കുമ്പോള്‍ ആനന്ദം പലവിധം.

അതിലൊന്നായിരുന്നു ക്രിസ്മസ് കരോള്‍. ഇന്നത്തെപ്പോലെ രണ്ടും മൂന്നും പേരല്ല, 40 പേര്‍ വരെയുള്ള വലിയ സംഘങ്ങളാണ് അന്ന് കരോളിന് പോയിരുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍, കോട്ടയം മാര്‍ത്തോമ്മ ജറുസലേം പള്ളിയുടെ കരോള്‍ സംഘത്തിലെ അംഗമായിരുന്നു. വീടുകളില്‍ പോകുമ്പോള്‍ പാടുന്നതിനായി മലയാളം മാത്രമല്ല ഇംഗ്ലീഷ് പാട്ടുകളും നാളുകള്‍ക്കുമുമ്പേ പഠിച്ചു. അന്നൊക്കെ നല്ല മഞ്ഞ് പെയ്തിരുന്നു. കരോള്‍ സംഘാംഗങ്ങളെല്ലാം നിര്‍ബന്ധമായും തൊപ്പി ധരിച്ചു. അതൊക്കെ ഞങ്ങള്‍ എല്ലാവരുംകൂടി തയ്‌ച്ചെടുക്കുന്നതായിരുന്നു.

രണ്ട് രാത്രികളിലാണ് ക്രിസ്മസ് കരോള്‍. ഇതിനായി രാത്രി ഒമ്പത് മണിയാകുമ്പോള്‍ എല്ലാവരും പള്ളിയിലെത്തിയിരുന്നു. മുന്‍കൂട്ടി അനുവാദം മേടിക്കാതെ ഒരു വീട്ടിലും ചെല്ലില്ല. പ്രായമുള്ളവരുള്ള വീടുകളില്‍ ചെല്ലേണ്ടതില്ലെന്ന് ചിലപ്പോള്‍ പറയും.

ഒരു വീട്ടില്‍ത്തന്നെ നാല് പാട്ടുകള്‍വരെ പാടി. ചിലര്‍ ഇംഗ്ലീഷ് പാട്ടുകള്‍ വേണമെന്ന് നിര്‍ബന്ധിച്ചിരുന്നു. ''വീ ത്രീ കിങ് ഓഫ് ഓറിയന്റ് ആര്‍ ദേര്‍...'',''വേര്‍ ഈസ് ബോണ്‍ ദ കിങ് ഓഫ് ജ്യൂസ്...ലാ...ലാ...ലാ..വീ ഹാവ് സീന്‍ ദ സ്റ്റാര്‍ ഇന്‍ ദ ഈസ്റ്റ്''...അങ്ങനെ ഇംഗ്ലീഷ് പാട്ടുകള്‍ പലതരം.

പാട്ടുകള്‍ പാടി നേര്‍ച്ചക്കാഴ്ചകള്‍ സ്വീകരിച്ച് മടങ്ങുംമുമ്പ് എല്ലാ വീട്ടിലും 'സന്തോഷസൂചകം' പാടിയിരുന്നു. വര്‍ഷങ്ങളായി തുടര്‍ന്ന പതിവാണത്. ''സന്തോഷസൂചകമായി തന്നതിനെ സ്വീകരിച്ച് ബാലകരാം ഞങ്ങളിതാ പോകുന്നു. ഞങ്ങള്‍ പോകുന്നു...'' സ്‌നേഹവും സന്തോഷവും പങ്കുവെച്ച ആ പാട്ട് എന്നും ഓര്‍ക്കും.

വെളുപ്പിനെ മൂന്നും നാലും മണിവരെ നീളുന്ന സഞ്ചാരമായിരുന്നു. കരോള്‍ നടത്തത്തില്‍ സമയം പോകുന്നത് അറിഞ്ഞിരുന്നില്ല. അതിനിടയില്‍ രണ്ട് സന്തോഷങ്ങള്‍ കൂടിയുണ്ട്. ആ പാതിരാത്രിയില്‍ രണ്ടിടത്ത് ഭക്ഷണവും കിട്ടിയിരുന്നു. നടന്നും പാടിയും ആടിയുമുള്ള ക്ഷീണത്തിനിടെ കിട്ടുന്ന ആ ഭക്ഷണത്തിന്റെ രുചി മറക്കാനാകില്ല. ലഭിച്ച പണം സന്നദ്ധ സേവനങ്ങള്‍ക്കോ സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതിനോ ഉപയോഗിച്ചുപോന്നു.

പാലപ്പവും താറാവ് സ്റ്റൂവും

ക്രിസ്മസിന് അന്നുമിന്നും എനിക്കേറെ പ്രിയഭക്ഷണം പാലപ്പവും താറാവ് സ്റ്റൂവുമാണ്. അന്ന് ഉച്ചയ്ക്ക് ചോറും കറികളുമാണ് പതിവ്. അതില്‍ മട്ടണ്‍ നിര്‍ബന്ധം. ഇന്നത്തെപ്പോലെ ബിരിയാണി ഉണ്ടാക്കാറില്ല. പുതിയ ക്രിസ്മസ് കാലത്ത് പല പഴമകളും രീതികളും നഷ്ടമായി. എങ്കിലും ആ ഓര്‍മകള്‍ മനസ്സിന് തരുന്ന സന്തോഷം വലുത്.

Content Highlights: Christmas 2021, Christmas memories by Justice K.T. Thomas