കോട്ടയം:‘‘യഹൂദിയായിലെ ഒരു ഗ്രാമത്തിൽ ഒരു ധനുമാസത്തിൻ കുളിരും രാവിൽ രാപ്പാർത്തിരുന്നോരജപാലകർ ദേവനാദം കേട്ട് ആമോദരായി’’-എന്നും ഈ വരികളാണ് എന്നിൽ ക്രിസ്‌മസ് ആനന്ദം ആദ്യം മനസ്സിൽ നിറയ്കുന്നത്. അത് ആദ്യമായി പാടിയത് ഞാനാണ്. കോട്ടയം ലൂർദ്ദ് പള്ളിയിലെ കൊയറിൽ. സംഗീതസംവിധായകൻ എ.ജെ. ജോസഫ് എഴുതി സംഗീതം കൊടുത്ത വരികൾ. അദ്ദേഹത്തിന്റെ ‘രാത്രി രാത്രി രജത രാത്രി രാജാധിരാജൻ പിറന്ന രാത്രി’യടക്കം പല പാട്ടുകളും ആദ്യം ഞാൻ പള്ളിയിൽ പാടി. ജോസഫ് വിടപറഞ്ഞെങ്കിലും ആ പാട്ടുകളില്ലാതെ ക്രിസ്‌മസ് ഞാൻ ഓർക്കാറില്ല. അദ്ദേഹത്തെ സിനിമയിൽ എത്തിച്ചതും ഞാനാണ്. ‘എന്റെ കാണാക്കുയിലി’ൽ സിനിമയിൽ അദ്ദേഹം സംഗീതം നൽകി ചിത്ര പാടിയ ‘ഒരേ സ്വരം ഒരേ നിറം ‘എന്ന പാട്ടിനാണ് ചിത്രയ്ക്ക് ആദ്യമായി സംസ്ഥാന അവാർഡ് കിട്ടുന്നത്.

ക്രിസ്മസ് ദിനം അന്നുമിന്നും എനിക്ക് സന്തോഷം തരുന്നത് പ്രഭാതഭക്ഷണമാണ്. നല്ല മൊരിഞ്ഞ പൂപോലെയുള്ള പാലപ്പവും തേങ്ങാപ്പാലിന്റേയും കറിവേപ്പിലയുടേയും രുചിയിൽ തിളച്ച് മറിഞ്ഞ മട്ടൺ സ്റ്റൂവും. അത് കഴിക്കുമ്പോൾ ഇന്നും ഞാനെന്റെ അമ്മച്ചിയെ ഓർക്കും. അതൊരു സ്നേഹം വിളന്പലാണ്. ഞങ്ങൾ എട്ട് മക്കളടങ്ങിയ കുട്ടിക്കാലത്തിന്റെ ഓർമ്മപ്പെടുത്തൽ.

ഒരു കാരോൾ രാത്രിയിൽ

എന്റെ ഡിഗ്രി അവസാനപഠനകാലം. 1967 കാലം. സി.എം.എസ്. കോളേജിൽ പഠിക്കുന്ന ഞാനടക്കമുള്ള സുഹൃത്തുക്കൾ തീരുമാനിക്കുന്നു. ക്രിസ്മസ് കാരോളിന് പോകാം. രാത്രിയിൽ എന്റെ വീട്ടിലുള്ള വാനിലാണ് പോകുന്നത്. മുൻകൂട്ടി അറിയിച്ചിട്ടാണ് വീടുകളിൽ പോകുന്നത്. പി.കെ. കുര്യൻ, ജോസഫ് കുര്യാക്കോസ്, കുതിരവട്ടം പപ്പുവെന്ന് വിളിപ്പേരുള്ള ജോസഫ്, ജോണി അടക്കമുള്ളവർ സംഘത്തിലുണ്ട്. കോട്ടയം ദേവലോകം ഭാഗത്തുള്ള ഞങ്ങളുടെ സുഹൃത്തും പിൽക്കാലത്ത് ബസേലിയസ് കോളേജിലെ കായികവിഭാഗം അധ്യാപകനുമായ ടി.എം. മാത്യൂവിന്റെ വീട്ടിലേക്കാണ് ആദ്യം പോയത്. അവിടെ പോയി മടങ്ങിയത് ഒരു റബ്ബർതോട്ടത്തിൽ കൂടിയാണ്. നല്ല ഇരുട്ട്. വഴിയത്ര പരിചയമില്ല. പോകുന്ന വഴിക്ക് പിന്നിൽനിന്ന് ഒരു വലിയശബ്ദം. വെള്ളത്തിലേക്ക് എന്തോ വീഴുന്ന ശബ്ദം. നോക്കുമ്പോൾ കൂട്ടത്തിൽ ഒരാളില്ല. ഷാജി. ഞങ്ങളുടെ ക്ളാസ്സിലെ കുട്ടിയില്ല. കൂടെ വന്നോട്ടെ എന്ന് ചോദിച്ച് വന്നയാളാണ്. ‘‘അയാം സേഫ് ഹിയർ. ഡോന്റ് വറി.’’ കിണറ്റിൽനിന്നാണ് ശബ്ദം. ഇരുട്ടിൽവളരെ ബുദ്ധിമുട്ടി ആളെ മുകളിലേക്ക് കയറ്റി. അത്ര ഭയന്നുപോയ നിമിഷം. കഴിഞ്ഞ ദിവസവും ഞാൻ മറ്റ് സുഹൃത്തുക്കളെ വിളിച്ച് ചോദിച്ചു. ഈ ഷാജി എവിടെയാണ്. ആർക്കും അത്ര കൃത്യമായി അറിയില്ല. വടക്കൻ കേരളത്തിൽ എവിടെയോ കോളേജ് അധ്യാപകനാണെന്ന് മാത്രമറിയാം.

Content Highlights: Christmas 2021, Christmas memories by actor prem prakash