കൊച്ചി: 'ക്രിസ്മസ് സമ്മാനപ്പൊതി തുറന്നപ്പോള്‍ കൈയില്‍ കിട്ടിയ കാര്‍ കൗതുകത്തോടെ നോക്കിയിരുന്ന ഒരു മൂന്നു വയസ്സുകാരനുണ്ട്. കൈയിലിരിക്കുന്ന കളിപ്പാട്ടം എന്താണെന്ന് അമ്മയോട് ചോദിക്കുന്ന അവന്റെ മുഖം മിക്കപ്പോഴും ഓര്‍മയിലെത്താറുണ്ട്' - ഫാ. ജോണ്‍ പുതുവ ഓര്‍മകളിലേക്കു സഞ്ചരിച്ചു. 'ജീവിതത്തിലാദ്യമായി കാര്‍ കണ്ടതിന്റെ കൗതുകവും ആവേശവുമായിരുന്നു അവന്റെ മുഖത്ത്. ഗര്‍ഭിണിയായിരിക്കെയാണ് അവന്റെ അമ്മ ജയിലിലാകുന്നത്. ജയിലും മതില്‍ക്കെട്ടുകളും മാത്രമായിരുന്നു അവന്റെ ലോകം'- ഫാ. ജോണ്‍ പുതുവ ഓര്‍മകള്‍ പങ്കുവെച്ചു.

ഒരു നിമിഷത്തെ തെറ്റിന് ജീവിതത്തിന്റെ ഏറിയ പങ്കും ജയിലിന്റെ വലിയ മതില്‍ക്കെട്ടിനകത്തു ജീവിക്കുന്നവരില്‍ ചിലരുടെ മനസ്സിന്റെ മുറിവുണക്കുന്നവന്‍. അവര്‍ക്ക് ഒരു കേള്‍വിക്കാരനും ആശ്വാസ വാക്കുമാണ് ഫാ. ജോണ്‍ പുതുവ. ജയില്‍ മിനിസ്ട്രി ഓഫ് ഇന്ത്യ എന്ന സംഘടനയുടെ സൗത്ത് ഇന്ത്യന്‍ പ്രതിനിധിയാണ് ഇദ്ദേഹം.

സെമിനാരി പഠനവും ജയില്‍ മിനിസ്ട്രിയും

അമ്മയില്‍നിന്നും സമൂഹത്തില്‍നിന്നും പഠിച്ച പങ്കുവയ്ക്കലിന്റെയും സഹനത്തിന്റെയും പാഠങ്ങളാണ് ജോണ്‍ എന്ന യുവാവിനെ പൗരോഹിത്യത്തിലെത്തിച്ചത്. സെമിനാരി പഠനത്തിനു ശേഷം എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികനായി വിവിധ പള്ളികളില്‍ സേവനം. ജീവിതം പലര്‍ക്കും ആശ്വാസമാകണമെന്ന ചിന്തയാണ് പിന്നീട് ജയില്‍ മിനിസ്ട്രി ഓഫ് ഇന്ത്യ എന്ന സംഘടനയിലെത്തിച്ചത്. സംഘടനയുടെ സൗത്ത് ഇന്ത്യന്‍ പ്രതിനിധിയായി അച്ചന്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലിലെത്തി. ആ ജയിലിനുള്ളിലുള്ള അഞ്ച് ജയിലുകളിലെ മിനിസ്ട്രിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതും അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ്.

ഡല്‍ഹിയിലെ തെരുവുകളില്‍ അലഞ്ഞുനടന്ന കുട്ടികളുടെയും നിര്‍ധനരായ കുട്ടികളുടെയും പ്രിയങ്കരനായിരുന്നു ജോണ്‍ അച്ചന്‍. സാമ്പത്തിക ശേഷിയില്ലാത്ത കുട്ടികളുടെ പഠനവും താമസം ആവശ്യമുള്ളവര്‍ക്ക് അതും നല്‍കാന്‍ ജോണ്‍ അച്ചന്‍ നേതൃത്വം നല്കി. സഭയുടെയും മറ്റ് സന്നദ്ധ സംഘടനകളുടെ സഹായവും ഇതിന് ലഭിച്ചു. ജയിലിലെ തടവുകാരുടെ മക്കളെ സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ജോണച്ചനും സംഘാംഗങ്ങളും മുന്‍കൈയെടുത്തിരുന്നു.

തിഹാര്‍ ജയിലിലെ ക്രിസ്മസ്

വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ക്രിസ്മസ് ആഘോഷത്തിലാണ് അവനെ കണ്ടത്. എല്ലാവരിലും നിന്നും ആഘോഷങ്ങളില്‍നിന്നും മാറിയിരുന്ന് ഒരു ചെറുപ്പക്കാരന്‍ കരയുന്നു. മൊബൈല്‍ മോഷണത്തിന് പിടിയിലായ ഒഡിഷ സ്വദേശിയാണ്. 5000 രൂപയുണ്ടെങ്കില്‍ അവന് ജയില്‍ മോചിതനാകാം. പക്ഷേ, ഡല്‍ഹിയില്‍ പരിചയക്കാരില്ല. ജീവിതം ഇനി ജയിലില്‍ തന്നെ എന്ന ചിന്തയിലായിരുന്നു ആ യുവാവ്. അവനെ അവിടെ നിന്ന് ഇറക്കണമെന്നു തീരുമാനിച്ച്, അവന് വാക്കും കൊടുത്താണ് ആ ക്രിസ്മസിന് അവിടെ നിന്നിറങ്ങിയത്. പോരുമ്പോള്‍ അവന്റെ പിഴത്തുകയും അടച്ചു. ഇപ്പോള്‍ അവന്‍ ഡല്‍ഹിയിലെ കടയില്‍ ജീവനക്കാരനാണ്, അവിടെയെത്തുമ്പോള്‍ ഓടിയെത്തുന്ന മുഖങ്ങളിലൊന്നായി അവനുണ്ട്. ക്രിസ്മസ് കണ്ണീരില്‍ കുതിര്‍ന്ന ആഘോഷമാണ് മിക്ക തടവുകാര്‍ക്കും. സ്‌കൂള്‍ കുട്ടികളുടെ പരിപാടികള്‍ ജയിലില്‍ നടത്താറുണ്ട്. ചെറിയ കുട്ടികളെ കാണുമ്പോള്‍ പലര്‍ക്കും അവരുടെ മക്കളെയും കുടുംബത്തെയും ഓര്‍മ വരും. ഓരോ ആഴ്ചയും മിഷനറിമാരുടെ വരവ് പ്രതീക്ഷിച്ചിരിക്കുന്ന കുറച്ചുപേര്‍ അവിടെയുണ്ടാകും. നമ്മുടെ വരവ് അവരില്‍ ചിലര്‍ക്ക് ആശ്വാസമാണ്.

തിരികെയെത്തണം അവര്‍ക്കടുത്തേക്ക്...

കാലടി സെയ്ന്റ് ജോര്‍ജ് പള്ളി വികാരിയാണ് ഫാ. ജോണ്‍ പുതുവ ഇപ്പോള്‍. തിഹാര്‍ ജയിലും ഡല്‍ഹിയിലെ തന്റെ കുഞ്ഞുമക്കളുമാണ് ഇപ്പോഴും അദ്ദേഹത്തിന്റെ മനസ്സില്‍. അവിടേക്ക് തിരികെ പോകാനുള്ള ആഗ്രഹത്തിലാണ് ജോണ്‍ അച്ചന്‍. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതോടെ കഴിഞ്ഞ വര്‍ഷം ജയിലിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണ ക്രിസ്മസിന് ആലുവ ജയിലില്‍ പോകണമെന്നാണ് ആഗ്രഹം.

Content Highlights: Christmas 2021, Christmas memories by a priest