കൊച്ചി: ''അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി, ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്കു സമാധാനം...'' പുല്‍ക്കൂടിനു മേലെ തിളങ്ങുന്ന നക്ഷത്രത്തെ തൊടുമ്പോള്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ മുഖത്ത് ഓര്‍മകളുടെ സംഗീതംപോലെ പുഞ്ചിരി തുളുമ്പി. മഞ്ഞുപെയ്യുന്ന രാവില്‍ പുഴയോരത്തെ പള്ളിയില്‍ നടത്തിയ പാതിരാ കുര്‍ബാന മുതല്‍ വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്സ് ബസിലിക്ക ചത്വരത്തിലെ ഓസ്ട്രിയന്‍ ക്രിസ്മസ് ട്രീ വരെയായി എത്രയോ ഓര്‍മകള്‍. സിറോ മലബാര്‍ സഭാ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന് ക്രിസ്മസ് ഒരിക്കലും ഒഴുകിത്തീരാത്ത ഓര്‍മകളുടെ പുഴയാണ്. സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട്ടെ 'മൗണ്ട് സെയ്ന്റ് തോമസി'ലിരുന്ന് ബിഷപ്പ് ആര്‍ദ്രമായ ആ ക്രിസ്മസ് ഓര്‍മകള്‍ 'മാതൃഭൂമി'യോട് പങ്കുവെച്ചു.

അമ്മച്ചിയുടെ സല്‍ക്കാരം

അമ്മച്ചിയുടെ സത്കാരത്തിന്റെ ഓര്‍മകളാണ് കുട്ടിക്കാലത്തെ ക്രിസ്മസ്. ''മുണ്ടക്കയം പെരുവന്താനത്തെ നിര്‍മലഗിരി ഇടവകയിലായിരുന്നു ഞങ്ങളുടെ കുടുംബം. അപ്പച്ചന്‍ തോമസ്, അമ്മച്ചി ഏലിയാമ്മ. അവരുടെ ഒമ്പതു മക്കളില്‍ എട്ടാമനായിരുന്നു ഞാന്‍. കുട്ടിക്കാലത്ത് ക്രിസ്മസ് കരോള്‍ സംഘം വീട്ടില്‍ വരുന്നത് കാത്തിരിക്കും. കരോളുമായി വരുന്നവര്‍ക്കെല്ലാം ഭക്ഷണം നല്‍കണമെന്നത് അപ്പച്ചന്റെ നിര്‍ബന്ധമായിരുന്നു. സത്കാരപ്രിയയായ അമ്മച്ചിയാകട്ടെ കപ്പയും ഇറച്ചിയും അപ്പവുമൊക്കെ ഒരുക്കി കാത്തിരിക്കും. കരോള്‍ സംഘത്തിനൊപ്പം ഭക്ഷണം കഴിക്കുന്നത് എനിക്കും ഇഷ്ടമായിരുന്നു. അന്ന് ക്രിസ്മസ്‌കാലത്ത് അമ്മച്ചി വിളമ്പിത്തന്ന നാടന്‍ ഭക്ഷണത്തിന്റെ രുചി ജീവിതത്തിലൊരിക്കലും മറക്കാനാകില്ല'' - ബിഷപ്പ് കുട്ടിക്കാലത്തെ ക്രിസ്മസ് ഓര്‍ത്തെടുത്തു.

സെമിനാരിയിലെ ക്രിസ്മസ്

പതിനാലാം വയസ്സില്‍ പുരോഹിതനാകാന്‍ സെമിനാരിയില്‍ ചേര്‍ന്നതോടെ സെബാസ്റ്റ്യന്‍ എന്ന കൗമാരക്കാരന്റെ ക്രിസ്മസ് സ്വപ്നങ്ങളുടെ നിറം മാറി. ''പുരോഹിതനാകാന്‍ നിശ്ചയിച്ച് സെമിനാരിയില്‍ ചേരുന്നതോടെ നമ്മുടെ ചിന്തകളിലും സങ്കല്പങ്ങളിലുമൊക്കെ മാറ്റങ്ങള്‍ വരും. കാഞ്ഞിരപ്പള്ളിയിലെ പൊടിമറ്റം സെമിനാരിയിലാണ് ഞാന്‍ പഠിച്ചത്. സെമിനാരിയില്‍ ക്രിസ്മസിന് രണ്ടുദിവസം മുമ്പേ ഞങ്ങളെയെല്ലാം വീടുകളിലേക്ക് വിടും. ആ സമയത്ത് നാട്ടിലെത്തുമ്പോള്‍ ക്രിസ്മസ് ആഘോഷങ്ങളുടെ അമരക്കാരാവുക എന്നതായിരുന്നു വൈദിക വിദ്യാര്‍ഥികളുടെ നിയോഗം. എന്റെ ഇടവകയിലെ അച്ചനും ക്രിസ്മസ് ആഘോഷങ്ങളുടെ ചുമതല എനിക്ക് നല്‍കുമായിരുന്നു. കര്‍ത്താവിനു വേണ്ടി ചെയ്യുന്ന വിശുദ്ധമായ ഉത്തരവാദിത്വമായിരുന്നു അത്'' - ബിഷപ്പ് പറഞ്ഞു.

പുഴയോരവും വത്തിക്കാനും

ഒരിക്കലും മറക്കാനാകാത്ത ക്രിസ്മസ് ഏതാണെന്നു ചോദിച്ചാല്‍ രണ്ട് ഉത്തരങ്ങളാകും ബിഷപ്പ് പറയുന്നത്. ''ഇടവക വികാരിയായതോടെ ക്രിസ്മസിന് വന്നുചേരുന്ന ഉത്തരവാദിത്വങ്ങളും ഏറെ. 1999-ല്‍ എരുമേലിയിലെ കൊരട്ടി എന്ന സ്ഥലത്തെ പള്ളിയില്‍ ഞാന്‍ വികാരിയായിരിക്കുന്ന സമയത്ത് ക്രിസ്മസിന് ഞങ്ങള്‍ ഒരു പദ്ധതിയിട്ടു. ഇടവകയിലെ എല്ലാ കുടുംബങ്ങളും രാത്രി മെഴുകുതിരി കത്തിച്ച് പല സംഘങ്ങളായി പ്രദക്ഷിണം പോലെ പാതിരാ കുര്‍ബാനയ്ക്കായി പള്ളിയിലേക്ക് ഒഴുകിയെത്തണം.

മഞ്ഞുപെയ്യുന്ന രാവില്‍ പുഴയോരത്തെ പള്ളിയില്‍ നടത്തിയ ആ ക്രിസ്മസിലെ പാതിരാ കുര്‍ബാന മറക്കാനാകില്ല. റോമില്‍ പഠിക്കാന്‍ പോയ സമയത്ത് ഒരിക്കല്‍ വത്തിക്കാനില്‍ ക്രിസ്മസ് ആഘോഷിക്കാനും ഭാഗ്യം ലഭിച്ചു. അവിടെ സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ചത്വരത്തില്‍ ക്രിസ്മസിന് ഓരോ വര്‍ഷവും ഓരോ രാജ്യത്തുനിന്നാണ് ക്രിസ്മസ് ട്രീ കൊണ്ടുവരുന്നത്. ഞാന്‍ പോയ സമയത്ത് ഓസ്ട്രിയയില്‍നിന്നുള്ള ട്രീയാണ് അവിടെ വെച്ചത്. വത്തിക്കാനിലെ ക്രിസ്മസും ജീവിതത്തിലെ മധുരമായ ഓര്‍മകളിലൊന്നാണ്'' - ബിഷപ്പ് പറഞ്ഞു.

രക്ഷകനെ കാത്തിരിക്കാം

ഇത്തവണ സങ്കടങ്ങളുടെയും ദുരിതങ്ങളുടെയും ലോകത്തുനിന്ന് അതിജീവനത്തിന് ശ്രമിക്കുന്നവര്‍ക്കൊപ്പമാണ് ബിഷപ്പിന്റെ ക്രിസ്മസ് ആഘോഷം. ''ബിഷപ്പായ ശേഷം ഏതെങ്കിലും ഇടവകകളില്‍ അവിടത്തെ ആളുകള്‍ക്കൊപ്പമാണ് ഞാന്‍ ക്രിസ്മസ് ആഘോഷിക്കാറുള്ളത്. ഇത്തവണ ഉരുള്‍പൊട്ടലില്‍ തകര്‍ന്നുപോയ മുണ്ടക്കയത്തെ മേലോരം, അഴങ്ങാട് എന്നിവിടങ്ങളിലാണ് എന്റെ ക്രിസ്മസ്. പാതിരാ കുര്‍ബാന ഒരിടത്തും പുലര്‍കാലത്തെ കുര്‍ബാന മറ്റൊരിടത്തും നടത്തണം. അതിജീവനത്തിന് ശ്രമിക്കുന്ന അവിടത്തെ സഹോദരങ്ങളെ ആശ്വസിപ്പിച്ച്, അവര്‍ക്കൊപ്പം അല്പനേരം ചെലവഴിക്കണം'' - സംസാരം നിര്‍ത്തി അല്പനേരം മൗനമായിരുന്ന ശേഷം ബിഷപ്പ് ഒരു കാര്യം കൂടി പറഞ്ഞു: ''രക്ഷകനെ കാത്തിരുന്ന ലോകത്തേക്കാണ് ഉണ്ണിയേശു പിറന്നുവീണത്. ദുരിതങ്ങളുടെയും പ്രതിസന്ധികളുടെയും ഈ കാലത്ത് പ്രതീക്ഷകളിലേക്ക് അതിജീവിക്കാന്‍ മനസ്സുകൊണ്ട് നമുക്ക് ഓരോരുത്തര്‍ക്കും രക്ഷകരാകാം.

Content highlighs: christmas 2021, christmas memories, bishop sebastian vaniyapurakkal