മ്മയുടെ വീട്ടില്‍ നിന്നായിരുന്നു  നാലാം ക്ലാസ് വരെയുള്ള പഠനം. അന്ന് ഞങ്ങളുടെ ക്രിസ്മസ് ദിനങ്ങള്‍ക്ക് നിറംനല്‍കിയിരുന്നത് ജോയിക്കുട്ടിയങ്കിളായിരുന്നു. അമ്മയുടെ ഇളയ അനുജന്‍. അന്ന് ബിരുദം കഴിഞ്ഞ് ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഡിസംബര്‍  ആദ്യമാകുമ്പോഴേക്കും തന്നെ പുല്‍ക്കൂടൊരുക്കാനുള്ള തയ്യാറെടുപ്പുകള്‍ അങ്കിള്‍ ചെയ്തു തുടങ്ങും. അയല്‍പക്കങ്ങളിലേക്കാള്‍ ഏറ്റവും വലിയതും സുന്ദരവുമായ പുല്‍ക്കൂടൊരുക്കുകയെന്ന ലക്ഷ്യത്തോടെ.
പുല്‍ക്കൂട്ടില്‍ വയ്ക്കാനുള്ള ഉണ്ണീശോയുടെയും മാതാവിന്റെയും ഔസേഫ് പിതാവിന്റെയും പൂജരാജാക്കന്‍മാരുടെയും ആട്ടിടയന്‍മാരുടെയും  ആട്, പശു, ഒട്ടകം ,കഴുത തുടങ്ങിയവയുടെയും രൂപങ്ങള്‍ നേരത്തെ തന്നെ എടുത്തു പരിശോധിക്കും. കഴിഞ്ഞ  ക്രിസ്മസിനു ശേഷം ഇവയൊക്കെ വീഞ്ഞപ്പെട്ടി (പഴയകാലത്തെ ഒരു തടിപ്പെട്ടി) യില്‍ കച്ചിയിലും  തുണിയിലുമായി ഭദ്രമായി പൊതിഞ്ഞു സൂക്ഷിച്ചിരിക്കും. ഏതെങ്കിലും രൂപങ്ങള്‍ക്ക്  തട്ടലിനും മുട്ടലിനുമിടയില്‍ അംഗഭംഗം വന്നിരിക്കും. അവയെ ഒക്കെ പാറേല്‍ പള്ളിയിലെ പെരുന്നാളിന്  (ഡിസംബര്‍ ഒന്നിനു തുടങ്ങുന്ന  ചങ്ങനാശ്ശേരി പാറേല്‍ പള്ളിയിലെ പെരുന്നാളാണ് അന്ന് ഞങ്ങളുടെ വലിയ ആഘോഷം. ഇന്നും അങ്ങനെ തന്നെ. ) വരുന്ന കടകളില്‍ നിന്ന് മാറ്റി വാങ്ങും.

ഇന്ന് പ്രചാരത്തിലുള്ള ഇന്‍സറ്റന്റ് പുല്‍ക്കൂടില്‍ നിന്ന് വ്യത്യസ്തമായി  നല്ല വലുപ്പത്തില്‍ തന്നെയാണ് അന്ന് പുല്‍ക്കൂട് കെട്ടിയിരുന്നത്. ബദ്ലഹേമിലെ കാലിത്തൊഴുത്തിന്റെ ഒരു ചെറുരൂപം. പുല്‍ക്കൂടിന്റെ വശങ്ങളും മുകള്‍ ഭാഗവും  ചെത്തുപനയോലകൊണ്ടാണ് മേയുക. ഇതിനുള്ള പനയോലകളും നേരത്തെ തന്നെ കണ്ടു വയ്ക്കും. ചെത്തു പനയോലകളെക്കാള്‍ കാണാന്‍ ഏറെ രസമുള്ള ഈന്തപ്പന ചിലവീടുകളില്‍ അന്നുമുണ്ട്. അങ്കിളും ഞങ്ങളും   പക്ഷേ ചെത്തുപനയോലകൊണ്ട് തൃപ്തിപ്പെട്ടുപോരുന്നു.

അന്ന് വീടുകളില്‍ വൈദ്യുതിയെത്തിയിട്ടില്ലെങ്കിലും അലങ്കാരങ്ങള്‍ക്കൊന്നും ഒരു കുറവുമില്ല. പുല്‍ക്കൂടിന്റെ ഉള്‍വശം എങ്ങനെ മനോഹരമാക്കാമെന്നതിന് ഓരോ വീട്ടുകാരും തമ്മില്‍ മത്സരമാണ്. അവിടെയാണ്  ജോയിക്കുട്ടിയങ്കിള്‍ ഒരു മുഴം നീട്ടിയെറിയുന്നത്. ഓരോ ക്രിസ്മസിനും പുതിയ പുതിയ പരീക്ഷണങ്ങളുമായി പുല്‍ക്കൂടുകളെ അദ്ദേഹം മനോഹരമാക്കി.

പുല്‍ക്കൂട്ടിനുള്ളില്‍ കല്ലുംമണ്ണുംകൊണ്ട് ഒരു മലയും താഴ് വാരവും. ആടുകള്‍ക്ക് മേയാനായി താഴ് വാരത്ത്  ചെറിയ പുല്‍നാമ്പുകള്‍ . ഇതിനുള്ള പുല്ലൊക്കെ നേരത്തെ തന്നെ മുളപ്പിച്ച് നിര്‍ത്തിയിരിക്കും. അടുത്ത വര്‍ഷം രംഗപടം പാടേ മാറും. ഇക്കുറി ചെറിയ ഒരു നെല്‍പ്പാടം തന്നെ പുല്‍ക്കൂടിന്റെ ഒരു വശത്ത് കാണും. (ഇതിനുള്ള നെല്ല് രണ്ടാഴ്ച മുമ്പേ ചെറിയ ചട്ടികളില്‍ വിതച്ചിരിക്കും). പാടത്തിന്റെ വശത്തുള്ള തോട്ടിലൂടെ വെള്ളം ചെറുതായി ഒഴുകിപ്പോകുന്നു. അടുത്ത വര്‍ഷം നെല്ലിന് പകരം കടുക് പാടമായിരിക്കും പുല്‍ക്കൂട്ടിന് ചന്തം പകരുക.

 ക്രിസ്മസിന്റെ പാതിരാ കുര്‍ബാനയും കഴിഞ്ഞ് രാവിലെ വെള്ളേപ്പവും പോത്തിറച്ചിയും കഴിച്ച ശേഷം കുട്ടികളും ചെറുപ്പക്കാരുമൊക്കെ ആരുടെ പുല്‍ക്കൂടാണ് കേമമെന്നറിയാന്‍ ഓരോ വീടും കയറിയിറങ്ങും. അയല്‍പക്കത്ത് മാത്തുക്കുട്ടിയങ്കിളും മക്കളും വടക്കേ മറ്റത്തില്‍ രാജുച്ചായനും റോയിമോനുമൊക്ക തകര്‍പ്പന്‍ പുല്‍ക്കൂടുകള്‍ തന്നെയായിരിക്കും ഒരുക്കുക. പക്ഷേ പതിവു പോലെ എന്തെങ്കിലും വ്യത്യസ്തയുമായി ജോയിക്കുട്ടിങ്കിളിന്റെ പുല്‍ക്കൂട് എന്നും ഒന്നാമതു തന്നെ നിന്നു.
ഉണ്ണീശോയെ കിടത്താനുള്ള ചെറിയ പുല്ല്  (ഉണ്ണീശോപ്പുല്ലെന്നാണ് ഞങ്ങള്‍ കുട്ടികള്‍ പറയുക) തേടി ഡിസംബറിലെ തണുത്ത പ്രഭാതങ്ങളില്‍ പറമ്പ് തോറും അലയുന്നത് ഒരു സുഖമുള്ള ഓര്‍മയാണ്. അറ്റത്ത് സൂചി പോലയുള്ള ഒരു പുല്ലുണ്ട്. ഉണ്ണീശോ പുല്ല് തിരയുന്നതിനിടയില്‍ ഇത് പൊട്ടിച്ചെടുത്ത് കസിന്‍മാരുടെ ദേഹത്തേക്ക് എറിയുകയാണ് അന്നത്തെ ഒരു കുസൃതി.  ഏറിന് ശക്തി കൂടിയാല്‍ ചിലപ്പോള്‍ ഇതിന്റെ കൂര്‍ത്ത അഗ്രം ദേഹത്തേക്കും തറച്ചു കയറും. തുടര്‍ന്ന് വഴക്കും ഇടിയും വരെ കാര്യങ്ങളെത്തും.
ഞങ്ങളുടെ ക്രിസ്മസ് ദിനങ്ങള്‍ ഇങ്ങനെ നിറപ്പകിട്ടോടെ കടന്നു പോകുന്ന കാലം. ഞാന്‍ പുളിയാങ്കുന്ന ഹോളി ഫാമിലി സ്‌കൂളില്‍ നാലാം ക്ലാസിലെത്തിയപ്പോള്‍ ജോയിക്കുട്ടിയങ്കിള്‍ ഉപരിപഠനത്തിനായി ഇന്‍ഡോറിലേക്ക് പോയി. അക്കൊല്ലം ഡിസംബറെത്തിയപ്പോഴാണ് പുല്‍ക്കൂട് ഉണ്ടാക്കുന്നത് ഒരു പ്രശ്നമായി വന്നത്. ചേട്ടന്‍ മാടപ്പള്ളിയില്‍ ഞങ്ങളുടെ വീട്ടില്‍ നിന്നാണ് കുറുമ്പനാടം സെന്റ് .പീറ്റേഴ്സില്‍  പഠിക്കുന്നത്. സ്‌കൂളടയ്ക്കുമ്പോള്‍ ചേട്ടന്‍ വരും. ചേട്ടനെയും കൂടെ കൂട്ടി പുല്‍ക്കൂട് ഉണ്ടാക്കാന്‍ ശ്രമിക്കാം. കസിന്‍ ഷിബു രണ്ടാം ക്ലാസിലാണ്. അവന്റെ അനുജന്‍ സന്തോഷ് ചെറിയ കുട്ടിയും. ചേട്ടന്‍ വന്നാലെ കാര്യങ്ങള്‍ ഉഷാറാവൂ.

സ്‌കൂള്‍ അടച്ച്  നാലുമണിക്കു തന്നെ ചേട്ടനെത്തി. വന്ന പാടെ നിക്കറും ഷര്‍ട്ടും വലിച്ചറിഞ്ഞ് പുല്‍ക്കൂടിന് ഓലയും മറ്റും വെട്ടാനുള്ള തയ്യാറെടുപ്പായി. മൂലയില്‍ വീട്ടില്‍ ചെറിയ പനയുണ്ട്.  എന്നാലും ചേട്ടന് ഒരു  അഭിപ്രായം. നമ്മള്‍ക്ക് ഇക്കുറി ഈന്തപ്പനയുടെ ഓലകൊണ്ട് പുല്‍ക്കൂടുണ്ടാക്കാം. മാടത്താനിയിലെ (പൈലിക്കവലയ്ക്ക് അടുത്ത സ്ഥലം) ചില വീടുകളില്‍ ചെറിയ ഈന്തപ്പനകളുണ്ട്. നമ്മള്‍ക്ക് അവിടെ ചെന്ന് വീട്ടുകാരോട് ചോദിച്ചിട്ട് വെട്ടാം.

ചേട്ടനും ഞാനുംകൂടി വെട്ടുകത്തിയുമായി മാടത്താനിയിലേക്ക് വിട്ടു. അവിടെ പറമ്പുകളില്‍  സുന്ദരമായ ഇലകളുമായി ഈന്തപ്പനകള്‍ തലയെടുപ്പോടെ നില്‍ക്കുന്നു. അതിനടുത്ത്  പ്രായമായ ഒരു അച്ചായന്‍  നിന്ന് പശുവിനെ തീറ്റുന്നുണ്ട്. പുള്ളിയോട് ചോദിക്കാം. അപ്പച്ചാ ..പുല്‍ക്കൂടുണ്ടാക്കാന്‍ ഞങ്ങള്‍ കുറച്ച് ഈന്തോല വെട്ടിക്കോട്ടെ... അതിനെന്നാ മക്കളേ വെട്ടിക്കോ ... കുറച്ചേ വെട്ടാവുള്ളു കേട്ടോ ... ഈന്തോലകൊണ്ടുള്ള പുല്‍ക്കൂടിന്റെ സൗന്ദര്യമോര്‍ത്ത് ഞങ്ങള്‍ രണ്ടാളും നില്‍ക്കെ അച്ചായന്‍ പശുവിനെയും കൊണ്ട് നടന്നകന്നു.

ഈന്തപ്പനയ്ക്ക് വലിയ പൊക്കമില്ല. കൂട്ടത്തില്‍ ധൈര്യശാലി ചേട്ടനാണ്. 'എടാ ഞാന്‍ കയറിക്കോളാം. നീ താഴെ നിന്ന് ഓല പെറുക്കിയാല്‍ മതി.' എന്നോട് ഉത്തരവിട്ടശേഷം ചേട്ടന്‍ വെട്ടരിവാളുമായി ഈന്തയില്‍ കയറിത്തുടങ്ങി. നെഞ്ചും  ഉരച്ച് ഒരു തരത്തില്‍ ഈന്തയുടെ മുകളിലെത്തിയ ചേട്ടന്‍ മൂന്നു നാല് ഇലകള്‍ വെട്ടിയിട്ടു. ഞാന്‍ ഓല പെറുക്കിക്കൊണ്ട് നില്‍ക്കുമ്പോഴാണ് ഒരു അലര്‍ച്ച ' ആരാടാ ഓല വെട്ടുന്നതെന്ന്ത് . ഇറങ്ങടാ താഴെ'ആക്രോശത്തോടെ നാല്‍പ്പത് നാല്‍പ്പത്തഞ്ച് വയസ്സുള്ള ഒരു അച്ചായന്‍ ഓടി വരുന്നു.
പുള്ളി ഓടി വന്ന എന്റെ കയ്യില്‍ പിടുത്തമിട്ടു. ചേട്ടനാണെങ്കില്‍ വെട്ടരിവാളും താഴെയിട്ട് ചാടിയിറങ്ങി. അച്ചായന്‍ ഭയങ്കര ദേഷ്യത്തിലാണ്. 'ഇവിടെ നിന്ന അച്ചായന്‍ സമ്മതിച്ചിട്ടാണ് ഞങ്ങള്‍ ഓല വെട്ടിയത്' പേടി കൊണ്ട് വിറയ്ക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞൊപ്പിച്ചു. 'ഏത് അച്ചായന്‍ ...എടാ ഇതെന്റെ പറമ്പാണ്. ഇത്രയും ചെറിയ ഈന്തപ്പനയില്‍ നിന്ന ഇലവെട്ടാന്‍ ആരെങ്കിലും സമ്മതിക്കുമോ.' ഞങ്ങളുടെ വീടും വീട്ടുപേരുമൊക്കെ ചോദിച്ചറിഞ്ഞപ്പോള്‍ അച്ചായന്‍ അടങ്ങി. ഞങ്ങള്‍ നോക്കുമ്പോള്‍ മറ്റേ അച്ചായന്റെ പൊടി പോലും കാണാനില്ല.

'ഏതായാലും നീയൊക്കെ വെട്ടിയിട്ട ഇല കൊണ്ടു പൊക്കോ.അതു കൊണ്ട് എനിക്കെന്താ പ്രയോജനം'.അച്ചായന്‍ ഒടുവില്‍ അയഞ്ഞു. തലകുനിച്ച് വീട്ടിലേക്ക്  നടക്കുമ്പോള്‍  കണ്ണീര്‍ കണങ്ങള്‍ എന്റെ കയ്യിലിരുന്ന ഈന്തോലകളെ നനയിച്ചിരുന്നു.

Content Highlights: Christmas 2021, Childhood Memories