വൈനില്ലാതെ എങ്ങനെ ക്രിസ്മസ് ആഘോഷം പൂര്‍ണമാകാനാണ്. കേക്കിനൊപ്പം ക്രിസ്മസിനെ മധുരതരമാക്കുന്നത് വൈനാണ്. പ്ലം കേക്കിന്റെ കഷണം കടിച്ച് പിന്നാലെ കുറച്ച് വൈനുംകൂടി രുചിക്കുമ്പോഴനുഭവിക്കുന്ന ആ രസം അനുഭവിച്ചു തന്നെ അറിയണം. ഇന്ന് പല തരത്തിലുള്ള വിദേശിയും സ്വദേശിയുമായ വൈനുകള്‍  മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റിലുമെല്ലാം  സുലഭമാണല്ലോ?

ഞങ്ങളുടെ കുട്ടിക്കാലത്തും ടീനേജിലേക്കു കടന്നപ്പോഴുമൊന്നും ഇതായിരുന്നില്ല സ്ഥിതി. പ്ലം കേക്ക് എങ്ങനെയെങ്കിലും കിട്ടും. പക്ഷേ വൈന്‍ . അതിന് ഒരു രക്ഷയുമില്ല. ടീനേജിലേക്ക് കടന്നപ്പോള്‍ ഞങ്ങളുടെ വില്ലത്തരം കുറച്ച് കൂടി. അതോടെ അക്കൊല്ലം ക്രിസ്മസിന്  വൈന്‍ എങ്ങനെയും ഉണ്ടാക്കണമെന്ന വാശിയായി. പതിവുപോലെ ചേട്ടനും ഞാനും തന്നെയായിരുന്നു ഇതിന്റെ മാസ്റ്റര്‍ മൈന്‍ഡ്.

അച്ചാച്ചന്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന സമയമാണ്. അതിനാല്‍ റിസ്‌കില്ലാതെ വൈനിടാം. അമ്മയുടെയും വല്ല്യമ്മച്ചിയുടെയും കണ്ണുവെട്ടിച്ചാല്‍ മതി. ചേട്ടനും ഞാനും വീടിന്റെ തെക്കുവശത്തുള്ള മുറിയിലാണ് കിടക്കുന്നത്. പറഞ്ഞു വന്നാല്‍ ഇത് ഒരു ക്ലബ്ബ് ഓഫീസുപോലെയാണ്. ഞങ്ങളുടെ പറമ്പിന്റെ അതിരില്‍ അന്ന് രണ്ടേക്കര്‍ വിശാലമായി ഒരു കളിസ്ഥലമുണ്ട്. ' മണിക്കുട്ടന്‍ സ്റ്റേഡിയം'  എന്ന് ഓമനപ്പേരിട്ടു ഞങ്ങള്‍ വിളിച്ചിരുന്ന പറമ്പ് . അവിടെ കുറെവര്‍ഷം ഞങ്ങള്‍ ക്രിക്കറ്റും ഫുട്ബോളും കളിച്ചു. രണ്ടിലും ക്ലബ് തലത്തില്‍ നല്ല പേരുകേട്ട ടീമും ഞങ്ങള്‍ക്കുണ്ടായിരുന്നു. ഇയ്യാലി 'ചര്‍ച്ച് സെവന്‍സ് ' ഫുട്ബോള്‍ ക്ലബ്ബ് പിന്നീട് വെങ്കോട്ട 'മാഫിയ 'ക്ലബ്ബായി (ഞങ്ങളുടെ താരങ്ങള്‍ മാഫിയക്കാരൊന്നുമല്ലായിരുന്നു . പേരില്‍  ഒരു വ്യത്യസ്തത പരീക്ഷിച്ചതാണ്). ക്രിക്കറ്റ് ക്ലബ്ബിന്റെ പേര്  ' ഡക്സ് ഇലവന്‍' ഇയ്യാലിയെന്നും (ഏതു മത്സരം കളിച്ചാലും  ടീമിലൊരാള്‍ ഡക്കൗട്ടായിരിക്കും . അതുവഴി വന്ന പേരാണ്) രണ്ടു ടീമുകളും  പല ട്രോഫികളും നേടിയിട്ടുണ്ട്.

ടീമിന്റെ ക്രിക്കറ്റ് ബാറ്റും പാഡും സ്റ്റമ്പും ഗ്ലൗസുമടക്കമുള്ള അനുസാരികകളും ഫുട്ബോളുമെല്ലാം ഞങ്ങളുടെ മുറിയിലാണ് സൂക്ഷിച്ചിരുന്നത്. അങ്ങനെ ക്ലബ്ബിന്റെ ഓഫീസിന്റെ പരിവേഷമായിരുന്നു ഞങ്ങളുടെ മുറിക്ക്. കളിക്കുമുമ്പും കളികഴിഞ്ഞും ഇടയ്ക്ക് മഴ പെയ്ത് കളിമുടങ്ങുമ്പോഴുമൊക്കെ എല്ലാവരും ഈ മുറിയില്‍ കൂടും.

മുറിയില്‍ ഒരു തടിഅലമാരയുണ്ട്.  അമ്മ വളര്‍ത്തുന്ന കോഴികളില്‍ ചിലത് മു്ട്ടയിടാന്‍  കോഴിക്കൂട്ടില്‍ കയറില്ല. ഞങ്ങളുടെ അലമാരിയുടെ മുകള്‍ സ്ഥലമാണ് മുട്ടയിടാനുള്ള അവരുടെ ഇഷ്ട സ്ഥലം. എത്ര ഓടിച്ചു വിട്ടാലും അവ കൊക്കിയും പനട്ടിയും (കോട്ടയംകാരുടെ നാടന്‍ ഭാഷയാണ്) ഞങ്ങളുടെ കണ്ണുവെട്ടിച്ച് അലമാരിയുടെ മുകളില്‍ സ്ഥാനം പിടിക്കും. അവിടെ മുട്ടയിടുകയും ചെയ്യും.ഞങ്ങളുടെ വിരുതന്‍മാരായ ചില കൂട്ടുകാര്‍ക്ക് ഈ സംഭവമറിയാം. കോഴി ഞങ്ങളുടെ കണ്ണുവെട്ടിക്കുന്നതുപോലെ അമ്മയുടെ കണ്ണു വെട്ടിച്ച് അലമാരിക്കു മുകളില്‍ നിന്ന് മുട്ടയെടുത്ത് അവന്‍മാര്‍ പച്ചയ്ക്കു തന്നെ കുടിക്കും. അമ്മ മുട്ടയന്വേഷിച്ചു വരുമ്പോള്‍ കോഴിയും കാണില്ല മുട്ടയും കാണില്ല. ഇങ്ങനെ രസകരമായ പല സംഭവങ്ങള്‍ക്കും  'ക്ലബ്ബ് ഓഫീസ് ' സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ചേട്ടനും ഞാനും  കൂടി ആലോചിച്ചപ്പോള്‍ വൈന്‍ ഇട്ടുവയ്ക്കാന്‍ ഏറ്റവും പറ്റിയ സ്ഥലം ഞങ്ങളുടെ മുറി തന്നെ. വീട്ടില്‍ ഇടത്തരം വലുപ്പമുള്ള  ഒരു കളിമണ്‍ ഭരണിയുണ്ട്. അതില്‍ തന്നെ വൈന്‍ ഇടാം. കട്ടിലിനടിയില്‍ ഭരണി ഒതുക്കി വച്ചാല്‍ അമ്മ അറിയുകയുമില്ല.

ചങ്ങനാശ്ശേരിയില്‍ നിന്നും മുന്തിരിങ്ങയും പഞ്ചസാരയും വൈനുവേണ്ട മറ്റു സാധനങ്ങളെല്ലാം വാങ്ങി. ഉച്ച കഴിഞ്ഞുള്ള സമയം അമ്മയും അമ്മച്ചിയും ഉറങ്ങാനും വിശ്രമിക്കാനുമായി പോകും. ഇതു തന്നെയാണ് അവസരം . മുന്തിരിയും പഞ്ചസാരയുമെല്ലാമിട്ട് ഇളക്കിയിതിനുശേഷം ഭരണിയുടെ വായ തുണികൊണ്ട്  കെട്ടി അടച്ചു വച്ചു.

വൈകിട്ട് ക്രിക്കറ്റ് കളിക്കാന്‍ ബാറ്റെടുക്കാനായി വന്ന കൂട്ടുകാരെ സംഭവം കാണിച്ചുകൊടുക്കുകയും ചെയ്തു.  ഒരുമാസം കഴിഞ്ഞ് കിട്ടുന്ന വൈനിന്റെ രുചിയോര്‍ത്ത്  വെള്ളമിറക്കിക്കൊണ്ടാണ് എല്ലാവരും അന്ന് ക്രിക്കറ്റ് കളിക്കാനായി പോയത്.

വൈന്‍ കെട്ടിവെച്ചിട്ട് രണ്ടാഴ്ചയോളമായി . ഇടയ്ക്ക്  കുറച്ചു പ്രാവശ്യം ചേട്ടന്‍ വൈന്‍ ഭരണിയില്‍ ഇളക്കിക്കൊടുത്തതുമാണ് (എല്ലാം കൂടി യോജിച്ചുചേരാനാണ് ഇളക്കല്‍).പതിവുപോലെ ഞങ്ങള്‍ നാലുമണിക്ക് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുകയാണ് . പെട്ടെന്നാണ് നല്ല  ഒരു മണം എല്ലാവരുടെയും മൂക്കിലെത്തുന്നത്. നല്ല മുന്തിരിയുടെ മണം. ഇതെന്താ സംഭവം . എല്ലാവര്‍ക്കും ആകാംക്ഷയായി. ബൗള്‍ ചെയ്യാന്‍ റണ്ണപ്പെടുത്തുനിന്ന രാജുവും കഴിഞ്ഞ പന്ത് സിക്സറടിച്ചതിന്റെ ആവേശത്തില്‍ ക്രീസില്‍ നിന്നിരുന്ന ഇമ്മാനുവലുമൊക്കെ കളി നിറുത്തി. ഞങ്ങളുടെ വീടിനോട് ചേര്‍ന്നാണ് ബൗണ്ടറി . അവിടെ ഫീല്‍ഡ് ചെയ്യാന്‍ നിന്നിരുന്ന തങ്കച്ചന്‍  ഇതിനിടെ വിളിച്ചു  പറഞ്ഞിരുന്നു.' ദേ ...പട്ടാളത്തിലെ വീട്ടിന്നാ മണം വരുന്നത്. (വല്ല്യപ്പച്ചനും അച്ചാച്ചനും പട്ടാളക്കാരായിരുന്നതിനാല്‍ പാറയ്ക്കലെന്ന വീട്ടുപേരിനേക്കാള്‍ 'പട്ടാളത്തിലെ വീട് 'എന്ന വിളിപ്പേരിലാണ്  ഞങ്ങളുടെ വീട് അറിയപ്പെട്ടിരുന്നത്).

ഇതോടെ കാര്യം പിടികിട്ടിയ ചേട്ടന്‍ വീട്ടിലേക്ക് ഒറ്റ ഓട്ടം. എന്താണു  സംഭവമെന്നറിയാന്‍ പിന്നാലെ ഞാനും ഓടി. ഞങ്ങളുടെ മുറിയില്‍ നിന്നുമാണ് മണംവരുന്നത്.  കതകു തള്ളിത്തുറന്നു മുറിക്കകത്തു കയറിയപ്പോള്‍ കണ്ട കാഴ്ച ... മുറി നിറയൈ വെള്ളവും മുന്തിരിയും . ഇതെന്തു പറ്റി. കട്ടില്‍ മാറ്റി നോക്കിയപ്പോള്‍ ഭരണി വിണ്ടു കീറി രണ്ടായി പൊട്ടിക്കിടപ്പുണ്ട്.

വൈന്‍ പതഞ്ഞു പൊങ്ങിയപ്പോള്‍ മര്‍ദ്ദം താങ്ങാനാവാതെ ഭരണി പൊട്ടിപ്പോയതാണ്. ഞങ്ങള്‍ രണ്ടു പേരും സങ്കടം സഹിക്കാതെ നില്‍ക്കുമ്പോള്‍ ഓടിയെത്തിയ കൂട്ടുകാരന്റെ കമന്റ് . ഒരു ഗ്ലാസ് എടുത്തുകൊണ്ടുവാടാ ... ഉള്ളത് നമ്മള്‍ക്ക് കോരിക്കുടിക്കാം. ഞാന്‍ നോക്കിയപ്പോള്‍ പണ്ട് അലമാരിയുടെ മുകളില്‍ നിന്നും കോഴിമുട്ടയെടുത്തു കുടിച്ച അതേ കക്ഷി തന്നെ. സങ്കടത്തിനിടയിലും അവിടെ എല്ലാവര്‍ക്കും  ചിരിപൊട്ടി.

Content Highlights: Christmas 2021, Childhood Christmas memories