ക്രിസ്മസ് സ്‌പെഷ്യലായി ഗുലാബ് ജാമുന്‍ കേക്ക് തയ്യാറാക്കാം

ചേരുവകള്‍

ഗുലാബ് ജാമുന്‍ മിക്‌സ്-180 ഗ്രാം/ ഒരു പായ്ക്കറ്റ്
കപ്പ് മൈദ-100 ഗ്രാം
പഞ്ചസാര പൊടിച്ചത്-150 ഗ്രാം
ഏലയ്ക്കാ പൊടി-ഒരു ടീസ്പൂണ്‍
ബേക്കിങ് പൗഡര്‍-ഒരു ടീസ്പൂണ്‍
പാല്‍-ഒന്നരക്കപ്പ്/ 300 മില്ലി
നെയ്യ്- 50 മില്ലി/കാല്‍ കപ്പ്
റോസ് വൈറ്റ് എസെന്‍സ്-ആവശ്യത്തിന്

കേക്ക് അലങ്കരിക്കാന്‍

ഗുലാബ് ജാമുന്‍- 10 എണ്ണം
വിപ്പിങ് ക്രീം വിത്ത് റോസ് വാട്ടര്‍- ഒരു കപ്പ്
ഗുലാബ് ജാമുന്‍ സിറപ്പ്, റോസ് ഫ്‌ളേവേഡ് ഷുഗര്‍ സിറപ്പ് -2-3 ടേബിള്‍ സ്പൂണ്‍
നുറുക്കിയ പിസ്ത, ബദാം- ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം

ആദ്യം 180 ഡിഗ്രി ചൂടില്‍ മൈക്രോവേവ് ഓവന്‍ പ്രീഹീറ്റ് ചെയ്ത് അതിലേക്ക് ബട്ടര്‍ പേപ്പര്‍കൊണ്ട് ഗ്രീസ് ചെയ്ത രണ്ട് ബേക്കിങ് പാന്‍ വെയ്ക്കുക. ശേഷം ഒരു ബൗളില്‍ ഗുലാബ് ജാമുന്‍ മിക്‌സ്, മൈദ, ബേക്കിങ് പൗഡര്‍ എന്നീ ചേരുവകള്‍ (ഡ്രൈ ചേരുവകള്‍) നന്നായി മിക്‌സ് ചെയ്യുക. മറ്റൊരു പാത്രത്തില്‍ പാല്‍, നെയ്യ്, വാനില എസെന്‍സ്, പഞ്ചസാര പൊടിച്ചത് എന്നീ ചേരുവകള്‍ ചേര്‍ത്തതിനുശേഷം പഞ്ചസാര നന്നായി അലിയുന്നതുവരെ മിക്‌സ് ചെയ്യുക. ശേഷം ഡ്രൈ ചേരുവകളുടെ മിക്‌സിനു നടുവില്‍ ഒരു കുഴിയുണ്ടാക്കി പാല്‍, നെയ്യ്, പഞ്ചസാര മിശ്രിതം അതിലേക്ക് പകര്‍ന്ന് മെല്ലെ നന്നായി ഇളക്കിച്ചേര്‍ക്കണം. ഇതിലേക്ക് ഏലയ്ക്കാപ്പൊടി ചേര്‍ത്തിളക്കിയശേഷം ഒടുവില്‍ വൈറ്റ് റോസ് എസെന്‍സ് കൂടി ചേര്‍ക്കുക. ഇത് ബാറ്റര്‍ പാനുകളിലേക്ക് പകര്‍ന്ന് ഓവനില്‍ 180 ഡിഗ്രി ചൂടില്‍ 30 മുതല്‍ 35 മിനിറ്റ് വരെ ബേക്ക് ചെയ്‌തെടുക്കണം.

കേക്ക് പുറത്തെടുത്ത് അഞ്ച് മിനിറ്റ് ചൂടാറാന്‍ വെയ്ക്കുക. പിന്നീട് പാന്‍ തലകീഴായി മറ്റൊരു പാത്രത്തിലേക്ക് പകര്‍ന്ന് ബട്ടര്‍ പേപ്പര്‍ മാറ്റണം. കേക്ക് നന്നായി തണുത്തതിനുശേഷം മുകളില്‍ ഗുലാബ് ജാമുന്‍ സിറപ്പ് തേച്ച് റോസ് ഫ്‌ളേവറുള്ള വിപ്പിങ് ക്രീം സ്പ്രെഡ് ചെയ്യുക. മുകളിലേക്ക് കഷണങ്ങളാക്കിയ ഗുലാബ് ജാമുന്‍ വിതറുക. ഇതിനു മുകളില്‍ രണ്ടാമത്തെ കേക്ക് വെച്ചശേഷം വീണ്ടും ഒരു ലെയര്‍ ക്രീം കൂടി കേക്കിനു മുകളിലും വശങ്ങളിലുമായി നന്നായി സ്പ്രെഡ് ചെയ്യണം. ഇനി അതിനുമീതെ ഗുലാബ് ജാമുന്‍ വെച്ച് അലങ്കരിച്ചശേഷം നുറുക്കിയ പിസ്തയും ബദാമും വിതറിയാല്‍ ഗുലാബ് ജാമുന്‍ കേക്ക് റെഡി. നന്നായി തണുപ്പിച്ചശേഷം സെര്‍വ് ചെയ്യാം.

Content Highlights: Christmas 2021, How to make gulab jamun cake