ബെന്യാമിന്റെ 'അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍', 'മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍' എന്നീ നോവലുകള്‍ പന്തളത്തിനടുത്ത് കുളനടയിലെ മാന്തളിര്‍ ?ദേശത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയവയാണ്. ഈ ക്രിസ്മസ് കാലത്ത്് ബെന്യാമിന്‍ തന്റെ ദേശത്തുകൂടി അതേ നാട്ടുകാരനായ അഭിമുഖകാരനൊപ്പം സഞ്ചരിക്കുന്നു. ഈ യാത്രയില്‍ ദേശവും അവിടത്തെ പഴയകാല ക്രിസ്മസ് രാത്രികളും സാഹിത്യവും എല്ലാം ഓര്‍ക്കപ്പെടുന്നു. കാലം ഗൃഹാതുരമാവുന്നു, അതില്‍ നക്ഷത്രങ്ങള്‍ തിളങ്ങുന്നു

നമ്മുടെ ദേശത്തെ വലിയ ആഘോഷങ്ങളിലൊന്നാണ് ക്രിസ്മസ്. മത-ജാതി വ്യത്യാസമില്ലാത്ത എല്ലാവരും ഇതില്‍ പങ്കെടുത്തിരുന്നു. പള്ളികളില്‍ മാത്രമല്ല, ക്ലബ്ബുകളിലും കാരളുകള്‍ ഉണ്ടാവും. പൊതുജനങ്ങള്‍ പങ്കെടുക്കുന്ന റാസകളും നടത്തും. അന്ന് അതില്‍ പങ്കെടുത്ത കൗമാരക്കാരനായ ബെന്നിയെ ഇന്നത്തെ ബെന്യാമിന്‍ ഓര്‍ക്കുന്നുണ്ടോ

എന്റെ സാഹിത്യജീവിതം തുടങ്ങുന്നതുതന്നെ ക്രിസ്മസിനോട് ചേര്‍ന്നാണ്. പള്ളിയിലെ ക്രിസ്മസ് കാരളിനുവേണ്ടി നമ്മള്‍ തന്നെ പാട്ട് എഴുതണം. അവിടെ പുറത്തുനിന്നുള്ള പാട്ടുകള്‍ അനുവദിക്കില്ല. പ്രീഡിഗ്രി കഴിഞ്ഞതുമുതല്‍ ഞാനാണ് കാരള്‍ പാട്ടുകള്‍ എഴുതുന്നത്. അന്നത്തെ ഹിറ്റ് സിനിമകളുടെ താളത്തിനൊത്ത പാട്ടുകള്‍ വേണം.

മാത്രമല്ല അത് ഡ്രം അടിക്കാന്‍ പറ്റുന്നതുമാവണം. ഞാന്‍ കുറെ പാട്ടുകള്‍ എഴുതും, അത് പള്ളിയില്‍ കൊണ്ടുപോയി പാടിനോക്കും. പിന്നെ ഡ്രം അടിച്ചുനോക്കും. എന്നിട്ട് പള്ളിവികാരി ഉള്‍പ്പെടെ മുതിര്‍ന്ന ആളുകള്‍ കേള്‍ക്കും. അങ്ങനെയാണ് പാട്ടുകള്‍ തിരഞ്ഞെടുക്കുന്നത്. അങ്ങനെ കുറെ ഗാനങ്ങള്‍ ഞാന്‍ എഴുതി. ചില പാട്ടുകള്‍ ഹിറ്റ് ആവും. അത് പിന്നീടുള്ള വര്‍ഷങ്ങളിലും പാടും. ഞാന്‍ വിദേശജീവിതം കഴിഞ്ഞ് തിരിച്ചുവന്നശേഷം ഒരു ക്രിസ്മസിന് പള്ളിയില്‍നിന്ന് കാരള്‍ വന്നപ്പോള്‍ പാടിയ പാട്ട് ഞാന്‍ പണ്ട് എഴുതിയതായിരുന്നു. പക്ഷേ, അത് അവര്‍ക്ക് അറിയില്ലായിരുന്നു. ഞാന്‍ ആ കാര്യം അവരോട് പറഞ്ഞു. ക്രിസ്മസ് കാലത്താണ് വീട്ടില്‍നിന്ന് രാത്രിയില്‍ സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങി കറങ്ങുന്നത്. ഞങ്ങളുടെ പള്ളിക്കുകീഴില്‍ ധാരാളം വീടുകള്‍ ഉള്ളതുകൊണ്ട് എട്ട്-ഒമ്പത് ദിവസമെങ്കിലും കാരള്‍ ഉണ്ടാവും. ഈ ദിവസങ്ങളില്‍ കൂട്ടുകാരോടൊപ്പം രാത്രിയില്‍ കറങ്ങാം. കാരളിന് പോകാന്‍ വലിയസംഘം ആള്‍ക്കാരുണ്ടാവും. തിരിച്ചു വീട്ടില്‍ വരുമ്പോള്‍ വെളുപ്പിന് രണ്ടുമണിയൊക്കെയാവും. വലിയ അനുഭവമായിരുന്നു അതെല്ലാം. 25-ാം തീയതി പന്തളത്ത് നടത്തുന്ന റാലിയോടെയാണ് ഈ ആഘോഷം പൂര്‍ത്തിയാവുന്നത്. അതിന്റെ ബഹളങ്ങളൊക്കെ പ്രദീപിനും അറിയാമല്ലോ? സൗഹൃദങ്ങള്‍ വളര്‍ത്തുന്നതിലൊക്കെ ഈ കാലത്തിനു വലിയപങ്കുണ്ട്. ഇഷ്ടമുള്ളവരുടെ കൂടാരങ്ങള്‍ കണ്ടുപിടിക്കുന്നത് ഈ സമയത്താണ്. അന്നത്തെ കൂട്ടുകാരൊക്കെ ഇന്നും അടുത്ത സുഹൃത്തുക്കളാണ്. അവരുടെ വര്‍ത്തമാനങ്ങളും ഇടപെടലുകളുമൊക്കെയാണ് പില്‍ക്കാലത്ത് എന്നെ സാഹിത്യത്തിലേക്ക് അടുപ്പിച്ചുകൊണ്ടുവന്നത്.

'മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍' എന്ന നോവലില്‍ പറയുന്ന സംഗീത ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്സ് ക്ലബ്ബ് ഇവിടെത്തന്നെയല്ലേ? അവരും കാരള്‍ നടത്തിയിരുന്നല്ലോ

കേരളത്തിലെ ഗ്രാമങ്ങളില്‍ ക്ലബ്ബ് സംസ്‌കാരം പടര്‍ന്ന കാലത്താണ് സംഗീത ക്ലബ്ബ് ഉണ്ടാവുന്നത്. മതത്തിനും ജാതിക്കും അതീതമായ കൂട്ടായ്മകള്‍ ആയിരുന്നു അതൊക്കെ. പള്ളിയിലെ കാരളിന് മുതിര്‍ന്നകുട്ടികളെ മാത്രമേ കൊണ്ടുപോകൂ. അതുകൊണ്ട് ആദ്യമായി കാരളിന് പോയിരുന്നത് ഈ ക്ലബ്ബുകാരുടെ കൂടെയാണ്. നമ്മുടെ ഈ ഗ്രാമത്തില്‍മാത്രമേ കാരള്‍ പോകൂ. അതുകൊണ്ട് ചെറിയ കുട്ടിയായിരുന്ന ഞാനും അവരുടെ കൂടെ പോകും. അന്ന് കാരള്‍ പാട്ട് എഴുതിയത് ക്ലബ്ബ് ഭാരവാഹിയായിരുന്ന കൊച്ചുകുട്ടന്‍ എന്ന ഒരു ഹിന്ദുസഹോദരനാണ്. 'രാക്കിളികള്‍ തന്‍ നാവിലുദിക്കും നിന്നുടെ തിരുവചനം, പാരിതിനെന്നും ഉള്‍ക്കുളിരേകും നിന്നുടെ തിരുനാമം' എന്ന് തുടങ്ങുന്ന വരികളാണ് എഴുതിയത്.

ക്രൈസ്തവ പശ്ചാത്തലമുള്ള ഒട്ടേറെ രചനകള്‍ നടത്തിയിട്ടുണ്ട്. താങ്കള്‍ ഒരു തികഞ്ഞ വിശ്വാസിയാണോ

ക്രിസ്തു എനിക്ക് എല്ലാകാലത്തും പ്രിയപ്പെട്ട ബിംബമാണ്. ബൈബിളിനു പുറത്തുനിന്ന് ക്രിസ്തുവിനെ വായിക്കാനാണ് ഞാന്‍ ആദ്യകാലംമുതല്‍ ശ്രമിച്ചത്. ക്രിസ്തുവിനെ പലതരത്തില്‍ വ്യാഖ്യാനിക്കുന്ന 'ജീസസ് ദി മാന്‍' പോലെയുള്ള പുസ്തകങ്ങളാണ് വായിച്ചുതുടങ്ങിയത്. അത്തരം ഒരുനിര പുസ്തകങ്ങളിലൂടെ കടന്നുപോയി. ഇതിലൂടെ മറ്റൊരുതരം ക്രിസ്തുവിനെ കണ്ടെത്തി. കസന്‍ദ് സാക്കിസിനെയും ജിബ്രാനെയും വായിച്ചു. സ്‌നേഹം, കാരുണ്യം, നന്മ എന്നിവയൊക്കെ സഭയ്ക്കു പുറത്തുള്ള ക്രിസ്തുവില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് എന്റെ പിതാവോ പൂര്‍വികന്മാരോ പുലര്‍ത്തിയതുപോലുള്ള മത-സഭാ വിശ്വാസം എനിക്കുണ്ടായില്ല. അത്തരം കാര്യങ്ങളിലേക്ക് ഞാന്‍ പോയിട്ടുമില്ല.

നമ്മുടെ ദേശത്തിന് മറ്റിടങ്ങളില്‍നിന്ന് വ്യത്യസ്തമായ ക്രൈസ്തവസംസ്‌കാരം ഉണ്ടായിരുന്നു. ഭക്ഷണരീതികള്‍, വസ്ത്രധാരണം, ആചാരം എന്നിവയിലെല്ലാം. ഇന്നത് മാറിയില്ലേ

സത്യത്തില്‍ സുറിയാനി ക്രിസ്ത്യാനികളുടെ 64 ആചാരങ്ങളും ഹൈന്ദവമായിരുന്നു. താലികെട്ട്, കൊടിമരം സ്ഥാപിക്കല്‍, പള്ളിയിലെ മണിയടി, തീവെട്ടിപിടിത്തം ഇതെല്ലാം ഹിന്ദുസംസ്‌കാരത്തിന്റെ ഭാഗമാണ്. പണ്ടുമുതല്‍ത്തന്നെ ഇവിടത്തെ ക്രിസ്ത്യാനികള്‍ വ്യത്യസ്തസംസ്‌കാരം പുലര്‍ത്തിയിരുന്നു. ഇതര മതസ്ഥരുമായി വ്യത്യാസം സൂക്ഷിച്ചില്ല. ആഹാരരീതികളില്‍പ്പോലും മറ്റ് ക്രിസ്ത്യന്‍ സമൂഹങ്ങളില്‍നിന്ന് വേറിട്ടുനിന്നു. എന്റെ വീട്ടില്‍ മാംസാഹാരം അത്ര നിര്‍ബന്ധമായിരുന്നില്ല. മറ്റ് മതസംസ്‌കാരങ്ങളില്‍നിന്നു മാറി നില്‍ക്കുന്നു എന്ന തോന്നല്‍ എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. ക്രിസ്മസ് കാരളുമായി പോകുന്ന സമയത്താണ് പലവീടുകളിലും ശബരിമലയ്ക്ക് പോകാനുള്ള ഭജന നടക്കുന്നത്. ആ ഭജന നിര്‍ത്തിവെച്ചിട്ട് ഞങ്ങളെക്കൊണ്ട് ക്രിസ്മസ് കാരള്‍ പാടിപ്പിച്ചിട്ടുണ്ട്. ചില പ്രധാനപ്പെട്ട ഹിന്ദുവീടുകളില്‍ നേരത്തേ തന്നെ ഞങ്ങളെ ക്ഷണിക്കും, ഇവിടെയും വന്ന് കാരള്‍ പാടിയിട്ടേ പോകാവൂ എന്നുപറയും. അവിടത്തെ അമ്മൂമ്മമാര്‍ക്കാണ് കൂടുതല്‍ താത്പര്യം. സാംസ്‌കാരികമായ, മതപരമായ ഒരു ഇഴചേരല്‍ നമ്മുടെ ദേശത്തിന് ഉണ്ടായിരുന്നു. തൊണ്ണൂറുകളുടെ പകുതി കഴിഞ്ഞപ്പോഴേക്കും ഈ രീതികള്‍ പെട്ടെന്ന് മാറി. ഓരോ മതസ്ഥരും അകലാന്‍തുടങ്ങി.

സഭയ്ക്കുപുറത്തു കണ്ടെത്തിയ ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞല്ലോ? ആ ക്രിസ്തുവിന്റെ സ്വഭാവം എന്തായിരുന്നു

സ്‌നേഹം തന്നെയാണ്. വിമോചന ദൈവശാസ്ത്രം മുന്നോട്ടുവെച്ച ചിന്തകളില്‍ സ്‌നേഹത്തിന്റെ ക്രിസ്തുവിനെ കണ്ടെത്തുന്നുണ്ട്. സഭ മുന്നോട്ടുവെക്കുന്നത് കാര്യസാധ്യത്തിനു വേണ്ടിയുള്ള ക്രിസ്തുവി നെയാണ്. നിങ്ങള്‍ എന്തെങ്കിലും കാര്യം ആഗ്രഹിക്കുന്നെങ്കില്‍ ക്രിസ്തുവിനോട് പ്രാര്‍ഥിക്കുക, അവന്‍ ആവശ്യമുള്ളതെല്ലാം തരും. അതില്‍നിന്നു വ്യത്യസ്തമായി അഗാധസ്‌നേഹത്തിന്റെ, കാരുണ്യത്തി?െന്റ ക്രിസ്തുവാണ് ജിബ്രാനിലൂടെ, കസന്‍ദ് സാക്കിസിലൂടെ തെളിഞ്ഞുവരുന്നത്. മതം പറയുന്ന ക്രിസ്തുവിനെ യല്ല ഞാന്‍ പിന്തുടരുന്നത്. അതിനുപുറത്ത് കാരുണ്യത്തിന്റെ ക്രിസ്തു ഉണ്ട്. അതാണ് എന്റെ വഴി.

സഭയില്‍ നവോത്ഥാനം കൊണ്ടുവരാന്‍ ശ്രമിച്ച വിമോചന ദൈവശാസ്ത്രത്തിനു ഫലപ്രദമായി ഇടപെടാന്‍ കഴിയാതെപോയത് എന്തുകൊണ്ടാണ്...

'മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വര്‍ഷങ്ങ'ളില്‍ ഈ കാര്യം വിശദമായി ചര്‍ച്ചചെയ്യുന്നുണ്ട്. സഭയിലുള്ളവര്‍ വിശ്വസിച്ചത്, കമ്യൂണിസ്റ്റ് ആശയങ്ങള്‍ സഭയ്ക്കുള്ളില്‍ കടത്തിവിട്ട് സഭയെ തകര്‍ക്കാനുള്ള ശ്രമമാണ് ഇതെന്നാണ്. കാരുണ്യത്തിന്റെ ക്രിസ്തുവിനെ സഭയ്ക്ക് മനസ്സിലായതേ ഇല്ല. പുരോഹിതന്മാര്‍ പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തി ക്കുന്നു, കന്യാസ്ത്രീകള്‍ മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു. അത്തരത്തിലുള്ള വേറിട്ടകാഴ്ചകള്‍ സഭ ഒരിക്കലും അനുഭവിച്ചിട്ടില്ല. ഇത് സഭയെ തകര്‍ക്കുമെന്ന് അവര്‍ പേടിച്ചു. അപ്പോള്‍ അതിനെതിരേ സഭ പ്രവര്‍ത്തനം തുടങ്ങി. ഇതിന് സമാന്തരമായി കമ്യൂണിസ്റ്റ് പാര്‍ട്ടിയും പേടിച്ചു. ഇതില്‍ പങ്കെടുത്തവരില്‍ പലരും ഇടത് ആശയങ്ങള്‍ ഉള്ളവരാണ്. പാര്‍ട്ടിയെ തകര്‍ക്കാനുള്ള എന്തോ പദ്ധതിയാണിതെന്ന് അവരും വിശ്വസിച്ചു. സഭയും പാര്‍ട്ടിയും ചേര്‍ന്നു പാവപ്പെട്ടവര്‍ക്കുവേണ്ടി നിലകൊണ്ട വിമോചന ദൈവശാസ്ത്രം എന്ന മനോഹര ആശയത്തെ തകര്‍ത്തുകളഞ്ഞു. സഭ വ്യാപകമായ ആക്രമണത്തിലൂടെയാണ് അതിനെ അടിച്ചമര്‍ത്തിയത്.

പിന്നീടും ജോസഫ് പുലിക്കുന്നേലിനെ പോലുള്ളവര്‍ കത്തോലിക്കസഭയിലും മറ്റും നവീകരണശ്രമങ്ങള്‍ നടത്തി. എന്നിട്ടും മതത്തിന്റെ ജനാലകളും വാതിലുകളും അടഞ്ഞുകിടക്കുകയാണല്ലോ

വിശ്വാസികളില്‍ ഭൂരിപക്ഷവും അടഞ്ഞ കൂടുകളാണ് ആഗ്രഹിക്കുന്നത്. ആ ചട്ടക്കൂടില്‍ നിന്നെങ്കിലേ സഭ നിലനില്‍ക്കൂ, വാതിലുകള്‍ തുറന്നിട്ടാല്‍ അപകടമാവുമെന്നും സഭ ശിഥിലമാകുമെന്നും അവര്‍ പേടിക്കുന്നു. തുറന്നചിന്തകള്‍ അവതരിപ്പിക്കുന്ന പുസ്തകങ്ങള്‍ക്കെതിരേ സമരം ചെയ്യുക, പുതിയ ചിന്തകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുക തുടങ്ങി, ഇത്തരം കാര്യങ്ങള്‍ സഭയ്ക്കുള്ളില്‍ എല്ലാകാലത്തും നടന്നുകൊണ്ടിരിക്കുന്നു. സഭകള്‍ക്ക് തുറസ്സുകള്‍ ഇല്ല. അതുകൊണ്ട് പുതിയ ചിന്തകള്‍ ഉള്ളവര്‍ സഭയില്‍നിന്ന് വിഘടിച്ചുപോയി പുതിയ സഭകള്‍ ഉണ്ടാക്കുന്നു. പ്രാര്‍ഥിക്കാനുള്ള പുതിയ വഴികള്‍ കണ്ടെത്തുന്നു. സഭയുടെ ഈ യാഥാസ്ഥിതിക നിലപാടിനെ തകര്‍ക്കാന്‍ കഴിയുന്നില്ലെന്നതാണ് വലിയ ദുരന്തം. പുതിയ ചിന്തകള്‍ക്ക് ഒരു സാധ്യതയും സഭ നല്‍കുന്നില്ല. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ചട്ടക്കൂടുകളെ തകര്‍ക്കാന്‍ അവര്‍ക്ക് ഭയമാണ്.

ദീര്‍ഘകാലത്തെ പ്രവാസജീവിതം താങ്കള്‍ക്ക് ഉണ്ടായിരുന്നല്ലോ, അക്കാലത്ത് ക്രിസ്മസ് ആഘോഷിച്ചത് എങ്ങനെയാണ്...

ബഹ്റൈന്‍ പോലെയുള്ള ഒരു രാജ്യത്ത് ക്രിസ്മസ് ആഘോഷം പ്രശ്‌നമുള്ള കാര്യമല്ല. ഇവിടത്തെക്കാള്‍ മനോഹരമായി ക്രിസ്മസ് കാരള്‍ ഇറങ്ങുന്ന രാജ്യമാണത്. ബഹ്റൈന്‍ മലയാളിസമാജം വലിയ ആഘോഷങ്ങളാണ് നടത്തുന്നത്. അവിടത്തെ പള്ളികള്‍ കേന്ദ്രീകരിച്ച് കാരളുകളുണ്ട്. സ്ത്രീകള്‍ ഈ ആഘോഷങ്ങളില്‍ സജീവമായി പങ്കെടുക്കാറുണ്ട്. നാട്ടില്‍ പുരുഷന്മാര്‍ക്കു മാത്രമുണ്ടായിരുന്ന ആഹ്ലാദം സ്ത്രീകളും അനുഭവിക്കുന്നതു കണ്ടത് ബഹ്റൈനിലാണ്. ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ച് എല്ലാം ആഘോഷിക്കുന്നു. ഒരു ആഘോഷവും പ്രവാസജീവിതത്തിനിടയില്‍ എനിക്ക് നഷ്ടമായിട്ടില്ല. നാടിനെക്കുറിച്ചുള്ള നൊസ്റ്റാള്‍ജിയ എനിക്കു അവിടെവെച്ച് അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഒരുപാട് ചരിത്രവും മിത്തുകളും ഉള്ള നമ്മുടെ നാടിനും ഒരു നോവലിന്റെ സാധ്യത ഉണ്ടെന്നു കണ്ടെത്തുന്ന സന്ദര്‍ഭം ഏതാണ്...

അങ്ങനെ ഒരു സാധ്യത മനസ്സിലായത് വിദേശത്തു പോയതിനുശേഷമാണ്. നമ്മുടെ ദേശത്തിന് കഥകളില്ല, കഥയൊക്കെ മറ്റുദേശങ്ങള്‍ക്കാണെന്ന് ഞാനും ധരിച്ചിരുന്നു. വിദേശത്തിരുന്ന് നമ്മുടെ ദേശത്തേക്ക് നോക്കുമ്പോഴാണ്, ഓര്‍മകളിലേക്ക് പോകുമ്പോഴാണ് ഇതിനുള്ളില്‍ ചെറിയ ചെറിയ കഥകള്‍ ഉണ്ടെന്ന് മനസ്സിലാവുന്നത്. എന്റെ ജീവിതത്തിലെ ആദ്യ ഓര്‍മതന്നെ പള്ളിയില്‍ നടന്ന അടിയാണ്. ഈ അടി ഒരു കഥയാണല്ലോ എന്നുതോന്നി. പള്ളി കേന്ദ്രീകരിച്ചാല്‍ മാത്രം ഒരു നോവലിനുള്ള വിഭവം ഉണ്ടെന്നു മനസ്സിലായി. മലയാളി ഇതുവരെ ?േകട്ടിട്ടില്ലാത്ത ഒരു ചരിത്രം നമ്മുടെ ദേശത്തുനിന്ന് ഉണ്ടാക്കാന്‍ കഴിയുമെന്ന് ബോധ്യമായി. എഴുത്തുകാരനായിത്തീര്‍ന്നശേഷം പുറംലോകത്തുനിന്ന് നമുക്ക് നല്‍കിയ കാഴ്ചയാണിത്. കുട്ടനാട്ടിലും കോഴിക്കോട്ടും മാത്രമല്ല, നമ്മുടെ ദേശത്തിനും കഥയുണ്ടെന്നു തിരിച്ചറിഞ്ഞു.

വിദേശത്തിരിക്കുമ്പോള്‍ നമ്മുടെ നാടിന്റെ ചലനങ്ങളെയും സംസ്‌കാരത്തെയും പിന്തുടര്‍ന്നിരുന്നോ...

അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, ഈ നോവല്‍ എഴുതാന്‍ തുടങ്ങിയപ്പോഴാണ് നാടിനെപ്പറ്റിയുള്ള ഒരുപാട് കഥകള്‍ മനസ്സിലേക്ക് വരാന്‍ തുടങ്ങിയത്. പിന്നീട് നാട്ടില്‍ വന്നശേഷം ഒട്ടേറെ സംഭവങ്ങളും കഥകളും ശേഖരിച്ചു. പഴയ ആളുകളോട് സംസാരിച്ചു. അനുഭവങ്ങള്‍ കണ്ടെത്തി. അതുപോലെ ഒരിക്കലും നമ്മുടെ ദേശത്തിന്റെ ഭാഷ വീണ്ടെടുക്കാന്‍ കഴിയില്ലെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. കാരണം, ഞാന്‍ പല ദേശക്കാരോടൊപ്പമാണ് ഒരുപാടുകാലമായി കഴിയുന്നത്. നമ്മുടെ ദേശത്തിന്റെ ഭാഷ എനിക്കു നഷ്ടപ്പെട്ടു എന്നാണ് വിചാരിച്ചത്. എഴുതാനിരുന്നപ്പോഴാണ് നമ്മുടെ ഭാഷ മനസ്സിലേക്ക് കടന്നുവരുന്നതറിയുന്നത്. അതൊരു വലിയ കണ്ടെത്തലായിരുന്നു.

പതിറ്റാണ്ടുകള്‍കഴിഞ്ഞ് വീണ്ടും ദേശത്തിന്റെ കഥ എഴുതി, 'മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍'. തിരിച്ചുവരാന്‍ പ്രചോദിപ്പിച്ച ഘടകം എന്താണ്...

ഈ നാടിന്റെ സവിശേഷതയും ഭാഷയുമാണ് എന്നെ വീണ്ടും മറ്റൊരു നോവല്‍ എഴുതാന്‍ പ്രേരിപ്പിച്ചത്. വേറൊരു ദേശത്തുമില്ലാത്ത തരത്തിലുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയാണല്ലോ ഇവിടെ ഉണ്ടായിരുന്നതെന്ന് ആലോചിച്ചു. വടക്കന്‍ ഭാഗങ്ങളിലുള്ള പോലെയുള്ള തീവ്രത ഇവിടത്തെ പാര്‍ട്ടിക്ക് ഉണ്ടായിരുന്നില്ല. അത് വേറൊരു ജൈവഘടന ഉള്ളതാണെന്ന് മനസ്സിലായി. ഇവിടത്തെ ക്രിസ്ത്യാനികള്‍ പാര്‍ട്ടിയിലേക്ക് പോകുമ്പോള്‍ നേരിട്ട തിക്താനുഭവങ്ങള്‍ മറ്റൊരു സ്ഥലത്തും ഉണ്ടായിട്ടില്ല. അതുപോലെ വിമോചന ദൈവശാസ്ത്രം മധ്യതിരുവിതാംകൂറിലേക്ക് വന്നപ്പോഴുള്ള അനുഭവങ്ങള്‍. ഇതെല്ലാം അടയാളപ്പെടുത്താനുണ്ടല്ലോ എന്നുതോന്നി. വേറെ എവിടെയും ഇല്ലാത്ത കഥകള്‍ ഇവിടെ ഉണ്ടല്ലോ എന്നു മനസ്സിലായി.

ഈ നോവലുകളിലെ പല കഥാപാത്രങ്ങളെയും നമുക്ക് നേരിട്ട് അറിയാവുന്നതാണ്. ജീവിച്ചിരിക്കുന്നവരുമുണ്ട്. ആ കഥാപാത്രങ്ങള്‍ നോവലിസ്റ്റിനെ തേടി എത്തിയിട്ടുണ്ടോ...

പല കഥാപാത്രങ്ങളും നമ്മുടെ ചുറ്റിലും ഉള്ളവരാണല്ലോ. അല്ലാത്തവരും ഉണ്ട്. അവരില്‍ ചിലര്‍ നോവല്‍ വായിച്ച് എന്നെ വിളിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലെ പലര്‍ക്കും അവര്‍ കഥാപാത്രങ്ങള്‍ ആണെന്നറിയാം. കൗതുകത്തോടെയാണ് അവര്‍ ഇത് കാണുന്നത്. മാത്രമല്ല, പലരോടും നേരിട്ട് ചോദിച്ചിട്ടാണല്ലോ അവരുടെ ജീവിതം മനസ്സിലാക്കിയതും കഥാപാത്രത്തെ രൂപപ്പെടുത്തിയതും. അതുകൊണ്ട് നോവല്‍ വന്നപ്പോള്‍ അവര്‍ക്ക് അതൊന്നും പ്രശ്‌നമായില്ല.

താങ്കള്‍ വളരെ കുറച്ചുകാലംമാത്രമേ നാട്ടില്‍ ഉണ്ടായിരുന്നുള്ളൂ. വിദ്യാഭ്യാസം കഴിഞ്ഞതോടെ നാടുവിട്ടു. എന്നിട്ടും ഈ കഥകളും ചരിത്രവും അനുഭവങ്ങളും എങ്ങനെ കണ്ടെത്തി...

അത് എനിക്കുതന്നെ അദ്ഭുതമാണ്. പതിനേഴു വയസ്സുവരെയേ ഞാന്‍ നാട്ടില്‍ ഉണ്ടായിരുന്നുള്ളൂ. എന്റെ ഉള്ളില്‍ അടിസ്ഥാനപരമായി ഒരു ദേശക്കാരന്‍ ഉണ്ടെന്ന് മനസ്സിലാവുന്നത് ഈ കഥകളിലേക്ക് തിരിച്ചുപോയപ്പോഴാണ്. അതെന്നെ കൊത്തിവലിക്കുന്നുണ്ടെന്നും അറിഞ്ഞു. ഓരോ എഴുത്തുകാരന്റെയും ഉള്ളില്‍ അവന്റെ ബാല്യകാലത്തെ ദേശം ഉറഞ്ഞുകിടക്കുന്നുണ്ടാവും. അച്ചന്‍കോവിലാറും സഭാതര്‍ക്കവും പാര്‍ട്ടിയുമൊക്കെ മനസ്സില്‍ കടന്നുകൂടിയിരുന്നു. സ്‌കൂളില്‍ പോകുമ്പോഴൊക്കെ കണ്ടിരുന്ന ദൃശ്യങ്ങള്‍ മായാതെ കിടന്നു. എത്രകാലം ജീവിച്ചു എന്നത് പ്രധാന കാര്യമല്ല. സാഹിത്യവുമായി ബന്ധമില്ലാത്ത കാലത്താണ് അവിടെ ജീവിച്ചത് എന്നതും പ്രധാനമല്ല. അക്കാലത്തൊന്നും ബോധപൂര്‍വമല്ലല്ലോ ഇവിടെ ജീവിച്ചത്. പക്ഷേ, ഇന്ന് ബോധപൂര്‍വമാണ് ഈ നാട്ടില്‍ ജീവിക്കുന്നത്, ഓരോ നിമിഷവും ഇവിടെനിന്ന് കഥ തേടുകയാണ്.

പണ്ട് ഇവിടെ നടന്നിരുന്ന സാഹിത്യപ്രവര്‍ത്തനങ്ങളിലൊന്നും താങ്കളെ കണ്ടിട്ടില്ലല്ലോ? നാട്ടിലെ വായനശാലയില്‍ വന്നതായി ഓര്‍മിക്കുന്നുമില്ല.

നാട്ടിലെ സാംസ്‌കാരികപ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഓര്‍മകളില്‍ ഒന്ന് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തനമാണ്. അഞ്ചോ ആറോ ക്ലാസില്‍ പഠിക്കുമ്പോഴാണ് ശാസ്ത്രകലാജാഥ കണ്ടത്. അതിലെ പാട്ടുകള്‍ എന്നില്‍ വിസ്മയമുണ്ടാക്കി. താങ്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പനങ്ങാട് വായനശാലയില്‍ നടത്തുന്ന സാഹിത്യപ്രവര്‍ത്തനങ്ങളെ അദ്ഭുതത്തോടെയാണ് ഞാന്‍ നോക്കിക്കണ്ടിട്ടുള്ളത്. നിങ്ങളൊക്കെയായിരുന്നു അന്നത്തെ സാഹിത്യവായനക്കാര്‍. വളരെ ദൂരെനിന്നാണ് ഞാന്‍ ഇതൊക്കെ മനസ്സിലാക്കിയത്. എങ്ങനെയാണ് ഇങ്ങനെ ഒരു കൗതുകം ഉണ്ടായതെന്ന് അറിയില്ല. ഞാന്‍ അന്ന് ക്രിക്കറ്റ് കളിക്കാനൊക്കെയാണ് പോയിരുന്നത്. നിങ്ങളുടെ സാഹിത്യപ്രവര്‍ത്തങ്ങളോടുള്ള ആദരം വളര്‍ന്നാണ് പിന്നീട് സാഹിത്യത്തോടുള്ള അഭിനിവേശം ഉണ്ടായതെന്നു തോന്നുന്നു.

ബെന്നി എന്ന കുളനടക്കാരനില്‍നിന്നു ബെന്യാമിന്‍ എന്ന ലോകപ്രശസ്ത എഴുത്തുകാരനിലേക്ക് ഉയര്‍ന്നു. ദേശം എങ്ങനെയാണു താങ്കളെ പരിഗണിക്കുന്നത്

ദേശം ഇത് തിരിച്ചറിഞ്ഞു എന്നു ഞാന്‍ മനസ്സിലാക്കുന്നു. പുറത്തിറങ്ങുമ്പോള്‍ ലോകം അറിയപ്പെടുന്ന ഒരാളാണിതെന്നു മിക്കവരും മനസ്സിലാക്കുന്നു. അവര്‍ ആദരം നല്‍കുന്നുമുണ്ട് പക്ഷേ, ഞാന്‍ ഇവിടെ ഒരു സാധാരണക്കാരനായിത്തന്നെയാണ് ജീവിക്കുന്നത്. നാട്ടിലെ എല്ലാകാര്യങ്ങളിലും പങ്കെടുത്താണ് കഴിയുന്നത്. ഉത്സവപ്പറമ്പിലും പള്ളിപ്പെരുന്നാളിനും ഞാന്‍ പോകും. കപ്പലണ്ടി കൊറിച്ചുകൊണ്ട് ഗാനമേള കേള്‍ക്കും. എന്നാല്‍, പ്രസിദ്ധനായ ഒരാളാണെന്ന അടയാളപ്പെടുത്തല്‍ നാട്ടുകാരില്‍നിന്ന് എപ്പോഴും ഉണ്ടാവുന്നുണ്ട്.

Content Highlights: writer Benyamin shares his christmas memories