ലയാളി ഒരിക്കലും മറക്കാത്തൊരു ക്രിസ്മസ് രാത്രിയുണ്ട് ആകാശദൂത് എന്ന സിനിമയില്‍. വേര്‍പിരിഞ്ഞ കുഞ്ഞുങ്ങളെല്ലാം കൂടെ അമ്മയെ കാണാന്‍ വരുന്ന, ഉള്ളില്‍ ദുഖത്തിന്റെ ആന്തല്‍ നിറയുന്നൊരു രാവ്. തന്റെ ജീവിതത്തിലെ പല ക്രിസ്മസ് രാവുകളും ചേര്‍ത്തുവെച്ചാണ് സംവിധായകന്‍ സിബി മലയില്‍ സിനിമയില്‍ ആ ദൃശ്യങ്ങള്‍ ഉണ്ടാക്കിയത്. പക്ഷേ കഥയിലെയും ജീവിതത്തിലെയും ക്രിസ്മസുകള്‍ തമ്മില്‍ ഒരു വ്യത്യാസം ഉണ്ടായിരുന്നു. കഥ ദുഖസാന്ദ്രമായിരുന്നെങ്കിലും സംവിധായകന്റെ ജീവിതത്തിലെ ക്രിസ്മസുകളെല്ലാം സന്തോഷത്തിന്റേതായിരുന്നു. സിനിമയിലെയും ജീവിതത്തിലെയും ക്രിസ്മസ് രാത്രികള്‍ ഓര്‍ത്തെടുക്കുമ്പോള്‍ സിബി മലയിലിന്റെ വാക്കുകളില്‍ ആ സന്തോഷം പൂത്തിരി പോലെ തെളിഞ്ഞുകത്തുന്നത് കാണാം.

'ഞങ്ങള്‍, ചെറുപ്പത്തിലെ ക്രിസ്മസിനാണ് ഏറ്റവും കൂടുതല്‍ ആഘോഷങ്ങള്‍ കണ്ടിട്ടുള്ളത്. എന്റെ അമ്മയുടെ വീട് കാഞ്ഞിരപ്പള്ളിയിലായിരുന്നു. ഞങ്ങള്‍ ആലപ്പുഴയില്‍ നിന്ന് ക്രിസ്മസിന് കാഞ്ഞിരപ്പള്ളിയിലേക്ക് പോവും. അമ്മയും സഹോദരങ്ങളുമായി 12 പേരുണ്ട്. അവരും മക്കളുമെല്ലാം കൂടെ വരുമ്പോള്‍ വീട്ടില്‍ ആളുകള്‍ നിറയും. അമ്മയുടെ വീട് ഒരു റബര്‍ത്തോട്ടത്തിന് നടുവിലാണ്. വെളുപ്പാന്‍കാലത്ത് ക്രിസ്മസിന്റെ പാതിരാക്കുര്‍ബാനയ്ക്ക് റബ്ബര്‍ തോട്ടത്തിന് നടുവിലൂടെ പള്ളിയിലേക്ക് നടന്നുപോവുന്നതൊക്കെ ഇന്നും ഓര്‍മയിലുണ്ട്. ഞങ്ങള്‍ ആണ്‍കുട്ടികള്‍ പള്ളിയിലേക്ക് പോവുമ്പോള്‍ കുറെ പടക്കം കൈയില്‍ കരുതിയിട്ടുണ്ടാവും. തിരികെ വരുന്ന വഴി റബര്‍ത്തോട്ടത്തില്‍ ഒട്ടുപാലെടുക്കാന്‍ വേണ്ടി വെച്ചിട്ടുള്ള ചിരട്ടകള്‍ എടുത്ത് കമിഴ്ത്തി വെച്ചിട്ട് അതില്‍ ഓലപ്പടക്കത്തിന്റെ തിരി പുറത്തേക്ക് വെച്ച് കത്തിച്ചുവിടും. അത് ഭയങ്കര ശബ്ദത്തിലാണ് പൊട്ടിത്തെറിക്കുന്നത്. ഇങ്ങനെ നാടിന്റെ ആഘോഷത്തില്‍ ഞങ്ങളും പങ്കുചേരും.' അന്നത്തെ ആഘോഷ വേളകള്‍ അതേ ചെറുപ്പത്തോടെ തന്നെ നില്‍ക്കുന്നുണ്ട് സംവിധായകന്റെ ഉള്ളിന്റെ ഉള്ളില്‍.

'അന്ന് എല്ലാവരും ഒത്തുചേര്‍ന്നാണ്  പുല്‍ക്കൂട് ഉണ്ടാക്കുന്നത്. അതുകൊണ്ട് നല്ല വലിപ്പമുണ്ടാവും. ഓരോ തവണയും പുതിയത് ഉണ്ടാക്കിയെടുക്കുകയാണ്. എല്ലാവരും മത്സരിച്ച് പല വലിപ്പത്തിലുള്ള നക്ഷത്രങ്ങളുണ്ടാക്കും. മുള വെച്ചിട്ട്  പുറത്ത് വര്‍ണക്കടലാസുകള്‍ ഒട്ടിച്ചാണ് നക്ഷത്രങ്ങള്‍ ഒരുക്കുന്നത്. ഭക്ഷണത്തില്‍ എല്ലാവിധത്തിലുള്ള നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളുമുണ്ടാവും. രാവിലെ അപ്പവും ചിക്കന്‍സ്റ്റ്യൂവും. ഉച്ചയ്ക്ക് ചിക്കന്‍, താറാവ്, പോര്‍ക്ക്. വൈകുന്നേരവും നോണ്‍വെജ് തന്നെ. ഭക്ഷണത്തിന്റെ മേളവും രുചിയും നിറയുന്നത് കൂടെയാണ് അന്നത്തെ ക്രിസ്മസുകള്‍.'

സിനിമയിലെ ക്രിസ്മസ്

ചെറുപ്പകാലം തൊട്ടേ ക്രിസ്മസ് ആഘോഷങ്ങളില്‍ സജീവമായിരുന്നെങ്കിലും സിബി മലയിലിന്റെ സിനിമകളില്‍ അധികമൊന്നും ക്രിസ്മസ് കടന്നുവന്നിട്ടില്ല. അതിനൊരു മാറ്റമുണ്ടായത് ഒരിക്കല്‍ മാത്രമാണ്. ആകാശദൂത് എന്ന സിനിമയില്‍. ' ആകാശദൂതിലാണ് കഥയുമായി ബന്ധപ്പെട്ടൊരു ക്രിസ്മസ് ആഘോഷം ഉണ്ടാവുന്നത്. ആ കഥയുടെ അവസാന ഭാഗത്ത് കുട്ടികളെയെല്ലാം കൊടുത്തു കഴിഞ്ഞ ശേഷം അവരെല്ലാവരും കൂടെ ക്രിസ്മസിന് അമ്മയെ കാണാന്‍ വരുന്നൊരു സ്വപ്നമുണ്ട്. അത് അവരുടെ സങ്കല്‍പത്തിലുള്ളൊരു ക്രിസ്മസ് കരോളാണ്. ഒരുപാട് സമ്മാനങ്ങളൊക്കെ അവരുടെ കൈയിലേക്ക് കൊടുത്തിട്ട് അവസാനം ഇതെല്ലാമൊരു സ്വപ്നമായിരുന്നു എന്ന് തോന്നുന്നതുപോലെയാണ് അത് എടുത്തിരിക്കുന്നത്. ആ രംഗങ്ങള്‍ ഒരുക്കുമ്പോള്‍ എന്റെ മനസ്സിലൂടെ ചെറുപ്പത്തിലെ ക്രിസ്മസ് കരോളും മറ്റ് കാര്യങ്ങളുമൊക്കെ കടന്നുപോവുമായിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട് ഓരോ ഗ്രൂപ്പുകളായി കരോള്‍ സംഘടിപ്പിക്കുകയും ഓരോ വീടുകളില്‍ വന്ന് പാട്ട് പാടി പോവുകയുമൊക്കെ ചെയ്യും. അന്ന് ക്യാമറയ്ക്ക് പിന്നില്‍നില്‍ക്കുമ്പോള്‍ ആ വിഷ്വല്‍സൊക്കെ എന്റെ മനസ്സില്‍ തെളിഞ്ഞു വന്നിരുന്നു.'സിബി പറയുന്നു.

ആകാശദൂത് ഷൂട്ട് ചെയ്തതും ഒരു ക്രിസ്മസ് സമയത്താണ്. '1992 ഡിസംബര്‍ ഏഴിനാണ് ഷൂട്ടിങ് തുടങ്ങാനിരുന്നത്. പക്ഷേ ആറിന് ബാബറി മസ്ജിദ് പൊളിക്കുന്നു. തുടര്‍ന്നുള്ള രണ്ട് മൂന്ന് ദിവസം ഷൂട്ട് ചെയ്യാന്‍ പറ്റിയില്ല. അതിന്റെ പ്രശ്നങ്ങളൊക്കെ ശമിച്ചപ്പോഴാണ് ഷൂട്ടിങ് തുടങ്ങുന്നത്. ക്രിസ്മസിന്റെ സമയമായപ്പോഴേക്കും ഷൂട്ടിങ്ങിന്റെ തിരക്കുകളായിരുന്നു. എങ്കിലും സെറ്റില്‍ ഞങ്ങള്‍ നന്നായി ആഘോഷിച്ചു. അതിന് മറ്റൊരു കാരണം കൂടെയുണ്ട്. കോട്ടയത്തായിരുന്നു അന്നത്തെ ഷൂട്ടിങ്. അവിടത്തെ ക്രിസ്മസ് വലിയ ആഘോഷം തന്നെയാണല്ലോ.'

ഓര്‍മയില്‍ നില്‍ക്കുന്ന മറ്റൊരു ക്രിസ്മസ് കാലം കൂടെയുണ്ട് സിബി മലയിലിന്റെ മനസ്സില്‍. ' മോന്‍ ഉണ്ടായത് ഒരു ഡിസംബര്‍ 27നാണ്. അവനെ പ്രതീക്ഷിച്ചുകൊണ്ടാണ് ആ വര്‍ഷത്തെ ക്രിസ്മസും വരുന്നത്. പക്ഷേ പ്രസവ സമയത്ത് ഞാന്‍ ഭാര്യയുടെ അടുത്തുണ്ടായിരുന്നില്ല. 'ധനം' എന്ന സിനിമയുടെ അവസാന വര്‍ക്കുകളുമായി ചെന്നൈയിലായിരുന്നു.  അവിടെ നിന്ന് മാറിനില്‍ക്കാന്‍ പറ്റാത്ത തിരക്കായിപ്പോയി. ഇത് തീര്‍ത്തിട്ട് വേണം ജനവരിയില്‍ പുതിയ സിനിമ തുടങ്ങാന്‍. അങ്ങനെ ധനത്തിന്റെ റെക്കോഡിങ് തിയേറ്ററില്‍ ഇരിക്കുമ്പോഴാണ് മകന്‍ പിറന്നത് അറിയുന്നത്. അതോടെ എങ്ങനെയെങ്കിലും നാട്ടിലെത്തുക എന്നായി ചിന്ത. പക്ഷേ പിറ്റേന്നാണ് മദ്രാസില്‍ നിന്നുള്ള ഫ്ളൈറ്റ് കിട്ടിയത്. ആസ്പത്രിയില്‍ വന്ന് കുഞ്ഞിനെ കണ്ട് പെട്ടെന്ന് തന്നെ തിരികെ പോവുകയും ചെയ്തു.'

പാതിരാത്രിയിലെ നിരാശയുടെ ക്രിസ്മസ്

മനസ്സില്‍ ഏറ്റവുമധികം വേദനയും നിരാശയും സമ്മാനിച്ച ഒരു ക്രിസ്മസ് രാത്രി കൂടെയുണ്ട് സിബി മലയിലിന് ഓര്‍ത്തെടുക്കാന്‍. 'ഞാന്‍ നവോദയയില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുന്ന സമയം. പടയോട്ടം സിനിമയുടെ ഷൂട്ടിങ്ങ് കഴിഞ്ഞിട്ടുണ്ട്. അക്കാലത്ത് എനിക്ക് കെ.ജി. ജോര്‍ജിന്റെ കൂടെ ജോലി ചെയ്യാന്‍ വലിയ ആഗ്രഹമായിരുന്നു. അദ്ദേഹം എന്റെ മാനസഗുരുവാണ്. ഞാന്‍ ഏകലവ്യനെപ്പോലെ അദ്ദേഹത്തെ മനസ്സില്‍ ധ്യാനിക്കുന്ന കാലം. ജോര്‍ജ് സാറിന്റെ സിനിമകള്‍ തുടരെത്തുടരെ കാണുകയും അദ്ദേഹം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വന്ന് ഡബ്ബ് ചെയ്യുമ്പോള്‍ അവിടെ ഓടിച്ചെന്ന് നോക്കുകയുമൊക്കെ ചെയ്യാറുണ്ട്. അപ്പോഴും അദ്ദേഹത്തിന്റെ കൂടെ ഒരു സിനിമയില്‍ വര്‍ക്ക് ചെയ്യുക എന്നത് മനസ്സില്‍ വലിയ മോഹമായി ശേഷിച്ചു. ക്യാമറാമാന്‍ രാമചന്ദ്രബാബുവുമായിട്ട് എനിക്ക് നല്ല അടുപ്പമായിരുന്നു. അദ്ദേഹമാണ് പടയോട്ടത്തിന്റെ ക്യാമറ ചെയ്തത്. അതിന്റെ ഒരു വര്‍ഷം നീണ്ട ഷൂട്ടിങ്ങിനിടയില്‍ ഞാനും അദ്ദേഹവും നന്നായി അടുത്തു. രാമചന്ദ്രബാബുവും ജോര്‍ജ് സാറുമായി നല്ല സൗഹൃദമുണ്ടെന്ന കാര്യവും എനിക്കറിയാമായിരുന്നു. ഞാന്‍ അവസരത്തിനായി കാത്തിരിക്കുമ്പോഴാണ് യവനിക സിനിമയുടെ ഷൂട്ടിങ് തിരുവനന്തപുരത്ത് തുടങ്ങുന്ന വിവരം അറിയുന്നത്. അതൊരു ക്രിസ്മസ് കാലമാണ്. ഇതാണ് അവസരമെന്ന് എനിക്ക് തോന്നി. എങ്ങനെയെങ്കിലും തിരുവനന്തപുരത്ത് എത്തണം. 

അന്നേ എന്നെ സിനിമയില്‍ വിടുന്നതിനോട് വീട്ടിലത്ര താത്പര്യം ഉണ്ടായിരുന്നില്ല. നവോദയയില്‍ തന്നെ പോവാന്‍ സമ്മതിച്ചത് എന്റെ ഫാദറും നവോദയ അപ്പച്ചനുമായുള്ള അടുപ്പം കൊണ്ടാണ്. അതുകൊണ്ടുതന്നെ എനിക്ക് സിനിമയുടെ ആവശ്യത്തിന് തിരുവനന്തപുരത്ത് പോവാനൊന്നും വീട്ടില്‍നിന്ന് പൈസ ചോദിച്ച് വാങ്ങാന്‍ പറ്റുമായിരുന്നില്ല. എന്നാലും ജോര്‍ജ് സാറിനെ കാണാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ചെന്നാല്‍ അവസരം കിട്ടുമെന്ന് ഉറപ്പൊന്നുമില്ല. രാമചന്ദ്രബാബു പറഞ്ഞാല്‍ ജോര്‍ജ് സാര്‍ കേള്‍ക്കുമെന്നും എന്നെ അസിസ്റ്റന്റായി കൂടെ നിര്‍ത്തുമെന്നുമൊരു പ്രതീക്ഷ. അങ്ങനെ 1982 ഡിസംബര്‍ 25ലെ ക്രിസ്മസ് രാത്രിയാണ് ഞാന്‍ തിരുവനന്തപുരത്തേക്ക് പോവാന്‍ ഒരുങ്ങിയത്. ഒരു കൂട്ടുകാരന്റെ കൈയില്‍നിന്ന് 500 രൂപ കടംവാങ്ങി. പിറ്റേന്ന് വെളുപ്പിന് തിരുവനന്തപുരത്ത് എത്തുന്ന രീതിയില്‍ പോവാം എന്നായിരുന്നു പ്ലാനിങ്. കാരണം രാത്രി തിരുവനന്തപുരത്ത് എത്തിയാല്‍ താമസിക്കാനുള്ള സൗകര്യമോ ഹോട്ടലില്‍ മുറിയെടുക്കാനുള്ള പണമോ ഒന്നുമില്ല. അങ്ങനെ ആലപ്പുഴയില്‍നിന്ന് രാത്രി ഒരു സെക്കന്‍ഡ് ഷോ കണ്ട് സമയം ഒപ്പിച്ചു. അതുകഴിഞ്ഞ് ബസ്സ്റ്റാന്‍ഡില്‍ ചെന്നു.

ക്രിസ്മസ് രാത്രി ആയതുകൊണ്ട് ബസ്സുകളിലൊക്കെ നല്ല തിരക്കായിരുന്നു. എന്റെ പേഴ്സില്‍ അഞ്ച് നൂറുരൂപ നോട്ടുകള്‍ ഇരിപ്പുണ്ട്. വേറൊന്നും കൈയില്‍ ഇല്ല. തിരുവനന്തപുരത്തേക്കുള്ള ബസ്സില്‍ എങ്ങനെയോ ഇടിച്ചുകേറി. മുന്നില്‍ ഒരിടത്ത് നില്‍ക്കാനുള്ള ഇടമേ കിട്ടിയുള്ളൂ. കുറെ ദൂരം കഴിഞ്ഞപ്പോള്‍ കണ്ടക്ടര്‍ ടിക്കറ്റ് ചോദിച്ചുവന്നു. ഞാന്‍ പോക്കറ്റില്‍ കൈയിട്ടു. പക്ഷേ അവിടെ പേഴ്സ് ഉണ്ടായിരുന്നില്ല. അപ്പോഴേക്കും ബസ് കുറച്ചുദൂരം ഓടിക്കഴിഞ്ഞിട്ടുണ്ട്. ഞാന്‍ പഴ്സ് കാണുന്നില്ലെന്ന് പറഞ്ഞപ്പോള്‍ കൈയില്‍ പണമില്ലെങ്കില്‍ ഇവിടെ ഇറങ്ങണമെന്നായി കണ്ടക്ടര്‍. അങ്ങനെ പാതിരാത്രിയില്‍ എന്നെ വിജനമായ സ്ഥലത്ത് ഇറക്കി വിട്ടു. തിരിച്ച് വീട്ടിലേക്ക് നടക്കുകയല്ലാതെ വഴിയില്ല.  ഭയങ്കരമായ നിരാശയിലാണ് ഞാനന്ന് വീട്ടിലേക്ക് തിരികെ നടന്നത്. എന്റെ ഏറ്റവും വലിയ സ്വപ്നവുമായിട്ടായിരുന്നു ആ യാത്ര. അത് ഇതാ നിമിഷനേരം കൊണ്ട് വീണുടഞ്ഞുപോയിരിക്കുന്നു. എല്ലായിടത്തും ക്രിസ്മസിന്റെ ആഘോഷങ്ങളും പടക്കം പൊട്ടിക്കലുമെല്ലാം നടക്കുമ്പോള്‍ ഞാന്‍ മാത്രം നിരാശനായി നടക്കുന്നു. സങ്കടം വന്ന് കണ്ണുകളെ മൂടി. ഒരുവിധം വീട്ടിലെത്തി ഞാന്‍ മുറി അടച്ചിരുന്നു. കുറെ ദിവസം പുറത്തേക്ക് ഇറങ്ങിയതേയില്ല. അത്രമാത്രം തകര്‍ന്നുപോയിരുന്നു ഞാന്‍. പണം പോയതിനായിരുന്നില്ല വിഷമം. ജോര്‍ജ് സാറിനെ കാണാനുള്ള അവസരം നഷ്ടപ്പെട്ടുപോയതായിരുന്നു ഏറ്റവും വലിയ സങ്കടം.'സിബിയുടെ സംസാരത്തില്‍ അന്നത്തെ അതേ നിരാശ കലര്‍ന്നു. പക്ഷേ വലിയൊരു മോഹം നഷ്ടപ്പെട്ട ആ ക്രിസ്മസ് രാത്രിയ്ക്ക് പകരം വെക്കാന്‍ ആവണം പിന്നീടുള്ള എത്രയോ ക്രിസ്മസ് രാവുകളില്‍ മലയാളി ആഘോഷിച്ച സിനിമകള്‍ പലതും സിബി മലയില്‍ എന്ന സംവിധായകന്റേത് ആയത്.

Content Highlihts: Sibi malayil share his Christmas memories