വര്‍ഷങ്ങള്‍ക്കു മുന്‍പു ഒരു ഇറ്റാലിയിൻ കമ്പനിയില്‍ ഞാന്‍ ജോലി ചെയ്തിരുന്ന കാലം. അഞ്ചു വര്‍ഷത്തെ പ്രസവാവധി കഴിഞ്ഞു തുടങ്ങിയ പുതിയ ജോലിയായിരുന്നു അത്. അതിവേഗത്തില്‍ മുമ്പോട്ടോടുന്ന ഐ.ടി. മേഖലിയില്യില്നിന്നും അഞ്ചു വര്‍ഷം മാറിനിന്നിട്ടു തിരികെ കയറുന്നതിന്റെ അനിശ്ചിതത്വവും ആശങ്കയും ഏറെയുണ്ടായിരുന്നു. ഇന്റര്‍വ്യൂവില്‍ ഞാന്‍ പറഞ്ഞതെന്തോ തെറ്റിദ്ധരിച്ചു, അവരെന്നെ അബദ്ധത്തില്‍ ജോലിക്കെടുത്തതാണ് എന്നു ഞാന്‍ ഉറച്ചു വിശ്വസിച്ചു. സ്ത്രീകള്‍ക്ക് ഇതു സാധാരണ ഉണ്ടാവാറുണ്ടെന്നും, Impostor syndrome എന്നൊരു പേര് അതിനുണ്ടെന്നും വളരെക്കാലങ്ങള്‍ക്കു ശേഷ വായിച്ചറിഞ്ഞപ്പോള്‍ അത്യധികം അത്ഭുതം തോന്നി. പ്രത്യേകിച്ചു നമുക്കു ആരാധന തോന്നുന്നത്ര മികവും പാടവവും ജോലിയിലും കാര്യനിര്വ്വഹണത്തിലും കാണിക്കുന്ന സമര്‍ഥരായ വെള്ളക്കാരികള്ക്കും ഈ തോന്നലുകള്‍ ഉണ്ടാവുന്നു എന്നത് എന്റെ സങ്കലപ്പത്തിനു പുറത്തായിരുന്നു.
ഇന്ത്യക്കാരെന്നല്ല, ഞാനല്ലാത്തവരെല്ലാം വെള്ളക്കാരായിരുന്ന ആ ഓഫീസില്‍ ഇന്ത്യയുടെ അംബാസിഡര്‍ ഞാനാണെന്നൊരു ഭാരം എനിക്കു തോന്നിയിരുന്നു. എന്റെ ഉടുപ്പു-നടപ്പു-പെരുമാറ്റങ്ങള്‍ കൊണ്ടായിരിക്കും 'ഇന്ത്യക്കാര്‍' എന്ന വാര്‍പ്പുമാതൃക ഉണ്ടാവാന്‍ പോകുന്നതെന്നു ഞാനെന്നെ വിശ്വസിച്ചു. അതിനു മുന്‍പു പലയിടത്തു നിന്നും കിട്ടിയ 'മറ്റു ഇന്ത്യക്കാരെപ്പോലെയല്ല നീ' എന്ന ചിലരുടെ കമന്റ് എന്നെ ശ്വാസം മുട്ടിച്ചിട്ടുണ്ട്. ഹെയര്‍ സ്പ്രേയിലും ജെല്ലിലും മേക്കപ്പിലും വിശ്വസിക്കാത്ത ഓ നാച്വറല്‍ ലുക്ക് ആയിരിക്കുമോ, യെസ്-യെസ്-യെസ്-ന്റെ ഒപ്പമുള്ള തലയാട്ടലായിരിക്കുമോ ഇന്ത്യക്കാരുടെ പൊതുപ്രത്യേകതകള്‍, ഹേ, സംസാരിക്കുമ്പോള്‍ എന്റെ തലയും ആടാറില്ലേ എന്നൊക്കെ പെരുക്കി ചിന്തിപ്പിച്ചു അത്തരം 'അഭിനന്ദനങ്ങള്‍' എന്നെ കൂടുതല്‍ ഉത്കണ്ഠപ്പെടുത്തുകയാണ് ചെയ്തത്.
അഞ്ചു വര്‍ഷത്തെ തൊഴിലില്ലായ്മായും, വീടിന്റെ കടവും, രണ്ടു കുട്ടികളും ഒക്കെയായി സാധാരണ കുടിയേറ്റക്കാരുടെ പ്രാരാബ്ധത്തിലായിരുന്നു ഞങ്ങള്‍ക്കു ജീവിതം. എത്രയൊക്കെ വിലക്കുറവ് നോക്കി വാങ്ങിയാലും കണക്കുകള്‍ ബജറ്റിനു പുറത്തായിപ്പോവും. എത്രയൊക്കെ തിരഞ്ഞു നടന്നു വാങ്ങിക്കൂട്ടിയിട്ടും ഓഫീസിലെത്തുമ്പോള്‍ എന്റെ ഉടുപ്പുകളും കോട്ടും ഷൂസുമെല്ലാം വിലയിടിഞ്ഞു നില്ക്കും. ആത്മവിശ്വാസം അങ്ങനെ മൈനസ് പത്തു ഡിഗ്രിയില്‍ നില്ക്കുന്ന കാലമായിരുന്നു അത്.
ഓഫീസിലെ വെക്കേഷന് കഥകളില്‍ യൂറോപ്പും, ക്രൂസും, (അന്നത് സാധാരണക്കാരനു എത്തിപ്പിടിക്കാന്‍ കഴിയുന്നതിലും വിലയുള്ളതായിരുന്നു) കരീബിയന്‍ ഐലന്‍ഡുകളും നിറഞ്ഞൊഴുകും. സാന്‍-മാര്ത്തേന് അടിപൊളിയാണെന്നു ഒരാള്‍ പറയുമ്പോള്‍ മറ്റൊരാള്‍ സെന്റ്- ലൂഷയില്പോയ കഥകള്‍ പറയും. അതൊക്കെ എന്തുകുന്തമാണെന്നറിയാത്ത ഞാനങ്ങനെ മിഴുങ്ങസ്യാന്നിരിക്കും. വിക്കിപ്പീഡിയ ജനകീയമാകുന്നതിനും മുന്‍പുള്ള പ്രാചീനകാലമാണത്. ശിവരാത്രി മണപ്പുറത്തു കണ്ടു പരിചയമുള്ള ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാനപ്പോള്‍ മനോരാജ്യം കാണും.
അവിടുത്തെ ജോലിക്കാര്‍ക്കു വേണ്ടിയുള്ള ക്രിസ്തുമസ് പാര്‍ട്ടി ഏറ്റവും മോടിയുള്ള ബാങ്ക്വറ്റ് ഹാളില്വെച്ചാണു നടത്താറുള്ളത്. പങ്കാളിയെ അല്ലെങ്കില്‍ ഒരാളെ നമുക്ക് അതിഥിയായി കൊണ്ടു പോകാം. ഭക്ഷണവും, മദ്യവും, നൃത്തവും സമ്മാനങ്ങളുമെല്ലാമായി ഒരു കല്യാണ വിരുന്നിന്റെ ഭാവമാണതിന്. ക്രിസ്തുമസ് പാര്‍ട്ടിക്കു ഇടാനുള്ള ഔട്ട്ഫിറ്റിനേക്കുറിച്ചുള്ള വേവലാതി ഞങ്ങള്‍ക്കു നവംബറിലെ തുടങ്ങും, ഞങ്ങളുടെ ബജറ്റു ഞെളിപിരി കൊള്ളും.
ഇത്തരം പാര്‍ട്ടികള്‍ പ്രായപൂര്ത്തിയാവര്ക്കു വേണ്ടിയുള്ളതായതുകൊണ്ടു ജോലിക്കാരുടെ കുട്ടികള്‍ക്ക് വേണ്ടിയും പ്രത്യേകമായിട്ടൊരു പാര്‍ട്ടി ഉണ്ടാവും. സമ്മാനങ്ങളും, കളികളും, സാന്റാക്ലോസും, ഭക്ഷണവുമെല്ലാമായിട്ടുള്ള ഈ പാര്‍ട്ടി എന്റെ മക്കള്‍ക്കു വലിയ ഇഷ്ടമായിരുന്നു. ഇതില്‍ പങ്കെടുക്കുന്നതിനു ഒരു നിബന്ധനയുണ്ടായിരുന്നു. എന്തെങ്കിലും ഒരു കളിപ്പാട്ടം അല്ലെങ്കില്‍ കുട്ടികള്‍ക്കുള്ള ക്രിസ്തുമസ് സമ്മാനം സംഭാവനായി കൊടുക്കണം. പാവങ്ങള്‍ക്ക് വിതരണം ചെയ്യാനായി കമ്പനി അത് ഏതെങ്കിലും ഏജന്‍സികള്‍ക്കോ സംഘടനകള്‍ക്കോ കൊടുക്കും.
ആ വര്‍ഷവും കുടിയേറ്റക്കാരുടെ നിഷ്ക്കര്‍ഷതയോടെ സെയിലുകളെല്ലാം അരിച്ചുപെറുക്കി നോക്കി ഞാന്‍ രണ്ടു കളിപ്പാട്ടങ്ങള്‍ സംഭാവനകൊടുക്കാന്‍ വാങ്ങി. പാര്‍ട്ടി നടക്കുന്ന ഹാളിനു മുന്നിലായി വലിയ കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍ വെച്ചിട്ടുണ്ട്. നമ്മള് കൊണ്ടുവരുന്ന കളിപ്പാട്ടങ്ങള്‍ കയറി വരുന്ന വഴി ഇതിലിട്ടിട്ടു വേണം അകത്തേക്കു കയറാന്‍. ഇടങ്കണ്ണും വലങ്കണ്ണും മൂന്നാംകണ്ണും കൊണ്ടു നോക്കി ഞങ്ങള്‍ കൊണ്ടുവന്നതാവുമോ ഏറ്റവും വിലകുറഞ്ഞ കളിപ്പാട്ടങ്ങളെന്ന ചങ്കിടിപ്പോടെയാണ് ഞാന്‍ കയറി വന്നതു. മിഥ്യാഭിമാനവും വലിപ്പച്ചെറുപ്പവുമറിയാത്ത കുട്ടികള്‍ ഹാളിലെ പലതരം കളികളിലേക്ക് ഓടിപ്പോയി.
പെട്ടിയുടെ അടുത്തെത്തിയപ്പോള്‍ എനിക്കു സമാധാനമായി. സെയിലില്‍ വാങ്ങിയ സാധനങ്ങള്‍ അത്ര മോശമായിട്ടില്ല എന്ന ആശ്വാസത്തില്‍ കളിപ്പാട്ടങ്ങള്‍ പെട്ടിയിലിട്ടു ഞാന്‍ തിരിഞ്ഞു നോക്കിയത് സാന്ദ്രയുടെ മുഖത്തേക്കാണു. അന്പതുവയസിനു മുകളില്‍ പ്രായമുണ്ടായിരുന്ന സാന്ദ്ര അവിടുത്തെ റിസപ്ഷനിസ്റ്റായിരുന്നു. എന്റെ ഫസ്റ്റ് കോണ്ടാക്ട് എന്നു തമാശ പറയാറുള്ള സാന്ദ്ര സാധാരണപോലെ സ്നേഹത്തോടെ ചിരിച്ചു. സാന്ദ്രയുടെ ഭര്‍ത്താവ് ജോണ്‍ ആ കമ്പനിയിലെ തന്നെ ഒരു ഡയറക്ടറാണ്. വെറുതെ വീട്ടിലിരുന്നു ബോറടിക്കാതിരിക്കാന്‍ വേണ്ടി റിസ്പഷനിസ്റ്റായി ജോലി ചെയ്യുന്നതാണ് എന്നു സാന്ദ്ര എന്നോടു പറഞ്ഞിട്ടുണ്ടു .
അവര്‍ കൊണ്ടു വന്നിരുന്നത് സ്കെയ്റ്റ്സ് ആയിരുന്നു. ഒന്നല്ല രണ്ടു ജോടി. ക്രിസ്തുമസ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ഓരോ കുട്ടിക്കും ഓരോ സമ്മാനം വീതം സംഭാവന എന്ന കണക്കനുസരിച്ചു അവരുടെ രണ്ടു പേരക്കുട്ടികളുടെ പേരില്‍ കൊണ്ടുവന്നതാണത്. ഐസില്‍ തെന്നി നടക്കുന്ന ബ്ലേഡു പിടിപ്പിച്ച സ്കെറ്റ്സ് വിലപിടിച്ച സാധനമാണ്. എന്റെ മുഖത്തെ വിളറിയ ചിരി കണ്ടിട്ടായിരിക്കണം സാന്ദ്ര പറഞ്ഞു. 'ഞങ്ങള്‍ ഏഴു മക്കളായിരിന്നു. ഞാന്‍ ചെറുതായിരിക്കുമ്പോള്‍ എന്റെ അച്ഛന് ഉപേക്ഷിച്ചു പോയി. ഞങ്ങളെ വളര്‍ത്തിയെടുക്കാന്‍ അമ്മ കുറെയധികം പാടുപെട്ടിട്ടുണ്ട്. എന്റെ അമ്മ പഠിച്ചിട്ടൊന്നുമില്ല. അന്നൊക്കെ മറ്റുള്ളവരില്‍ നിന്നു കിട്ടിയ ഉപയോഗിച്ചു പഴകിയ സാധനങ്ങള്‍കൊണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്. ഒരു പുതിയ സ്കേറ്റ് കിട്ടാന്‍ ഞാന്‍ കുറെ കൊതിച്ചിട്ടുണ്ട്. അതുകൊണ്ടു എല്ലാവര്‍ഷവും ഞാന്‍ സ്കേറ്റ് സംഭാവനയായി കൊടുക്കും. എന്നെപ്പോലെ പുതിയതൊരെണ്ണം കിട്ടാന്‍ കൊതിച്ചിരിക്കുന്ന കുട്ടികള്‍ ഇപ്പോഴും ഉണ്ടാവില്ലേ?
തീരെ പ്രതീക്ഷിക്കാത്ത ആ അനുവഭം കേട്ടു ഞാന്‍ സ്തംഭിച്ചു പോയി.
-നിന്റെ മനസ്സിന്റെ നന്മ!
എന്നൊരു ഒറ്റവരി ഉത്തരം പറഞ്ഞു, അധികം സംസാരിക്കാത്ത പ്രകൃതക്കാരി എന്ന ലേബലില്‍ ഞാന്‍ രക്ഷപെട്ടു.
തിങ്കളാഴ്ച രാവിലെ റിസ്പഷന് കടന്നു പോകുമ്പോള്‍ സാന്ദ്ര പതിവു പോലെ ചിരിച്ചു കുശലം ചോദിച്ചു
-നിന്റെ കുട്ടികള്‍ക്ക് പാര്‍ട്ടി ഇഷ്ടമായോ?
-ഓ അവരുടെ സന്തോഷം ഇതുവരെ മാറിയിട്ടില്ല. എത്രയധികം സാധനങ്ങളാണ് സമ്മാനം കിട്ടിയതു!
സാധാരണയുള്ള ബലം പിടുത്തം ഒഴിവാക്കി ഞാന്‍ സത്യസന്ധമായി മറുപടി പറഞ്ഞു.
-ശരിയാണ്. ഇന്നത്തെ കുട്ടികള്‍ ഒന്നിന്റെയും വിലയറിയാതെയാണ് വളരുന്നതെന്നു തോന്നും.
സാന്ദ്രയുടെ ഉത്തരം എന്റെ മലായാളി സുഹൃത്തുക്കളുടേതു പോലെയിരുന്നു. ലാളിച്ചു വഷളാക്കുകയാണോ എന്ന പേടിയും നാടോടുമ്പോള്‍ നടുവേ ഓടണമെന്ന ന്യായവും കൂട്ടിക്കുഴങ്ങിയുള്ള അങ്കലാപ്പിലായിരുന്നു ഞങ്ങള്‍ക്കു ജീവിതം. സഹപാഠികളുടെ വെക്കേഷന് കഥകളും പിറന്നാള്‍- ക്രിസ്തുമസ് സമ്മാനങ്ങളുടെ ലിസ്റ്റും കേട്ടു ഞങ്ങളുടെ കുട്ടികളും മിണ്ടാക്കുട്ടികളായി മാറുമോ എന്നപേടി ഒരുവശത്ത്. വീടിന്റെ പകുതിയും ബാങ്കിന്റേതായിരിക്കുമ്പോള് കളിപ്പാട്ടം വാങ്ങുകയെന്നതിലെ അപരാധബോധം മറുവശത്തു. പ്രത്യേകിച്ച് പലപ്പോഴായി വാങ്ങിയതും സമ്മാനം കിട്ടിയതുമായ കളിപ്പാട്ടങ്ങള്‍ ഒരു പെട്ടി നിറയെ വീട്ടിലുള്ളപ്പോള്‍. എങ്ങനെയെല്ലാം തുടച്ചാലും ഞങ്ങള്‍ വളര്‍ന്ന കാലത്തെ കേരളവും, ഭക്ഷണത്തിനുവേണ്ടി പിച്ചയെടുക്കുകയും ജോലിചെയ്യുകയും ചെയ്യുന്ന കുഞ്ഞുങ്ങളും കണ്മുന്നില് നില്ക്കും. സമ്പത്തിലും സംസ്കാരത്തിലും രണ്ടു നാടുകള്‍ തമ്മിലുള്ള അന്തരം കുട്ടികള്‍ക്കു ദോഷമാവാതെ അതവരെ കൂടുതല്‍ കരുത്തരും അറിവുള്ളവരുമായി രൂപാന്തരപ്പെടുത്താന്‍ കുടിയേറ്റക്കാര്‍ എന്നും ശ്രമപ്പെട്ടുകൊണ്ടിരിക്കും.
കളിപ്പാട്ടം ദാനമായി കൊടുക്കുന്നതു മനസ്സിലാക്കാന്‍ എനിക്കു ബുദ്ധിമുട്ടായിരുന്നു. അത്യാവശ്യത്തിനുള്ള ഭക്ഷണവും വസ്ത്രവും തികയാത്ത ധാരാളം കുട്ടികളുള്ള ഒരു രാജ്യത്തില്‍ നിന്നുംവന്ന എനിക്കു ദാനത്തില്‍ കളിപ്പാട്ടം ഒരു ആര്‍ഭാട വസ്തുവായിട്ടാണ് തോന്നിയിരുന്നത്. ഇതു പറയുമ്പോള്‍ എന്റെ ഭര്‍ത്താവു പറയും,
-ഓരോ നാട്ടിലെയും ഇല്ലായ്മ വ്യത്യസ്തമാണ്.
എത്ര ശരിയാണത്. കൂട്ടുകാരെല്ലാം തിളങ്ങുന്ന സ്കേറ്റുമായി ഐസില്‍ തെന്നിനീങ്ങുമ്പോള്‍ പഴകിയ പാകമാവാത്ത കോട്ടുമിട്ടു റിങ്കിനു പുറത്തു നിന്നിരുന്ന കുട്ടിക്കു വിശപ്പില്ലായിരുന്നിരിക്കാം. പക്ഷേ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ആ കുട്ടി നെഞ്ചുരുകി പ്രാര്‍ത്ഥിക്കുന്നു.
-സാന്റാ ക്ളോസ് ചിമ്മിനിയില്ലാത്ത ഞങ്ങളുടെ വീട്ടിലെ മരച്ചുവട്ടില്‍ ഒരു ജോഡി പുതിയ സ്കേറ്റുകൊണ്ടുവന്നു വെക്കുമോ?
സന്ധ്യമയങ്ങുമ്പോള്‍ ആകാശത്തെ ആദ്യനക്ഷത്രത്തെ നോക്കി ഒരു കുഞ്ഞു ചൊല്ലുന്നു.
Star light, star bright,
First star I see tonight,
I wish I may, I wish I might,
Have this wish I wish tonight
ചന്ദ്രമതിയുടെ ചെറുതാകാത്ത വര എന്ന കഥപോലെ, മറ്റുള്ളവരുടെ ഇല്ലായ്മയും വല്ലായ്മയും നമ്മുടെ സങ്കടത്തിന്റെ മൂര്‍ച്ച കുറക്കുന്നില്ല.
Content Highlights: Nirmala Thomas Share her Christmas memories