നുവിലെ തണുപ്പിൽ വിരിയുന്ന പാലപ്പൂവിന്റെ മത്തുമണവും രാത്രി ഉയർത്തിക്കെട്ടുന്ന നക്ഷത്രവിളക്കുകളുടെ താരാട്ടുമായിട്ടാണ്‌ ആലപ്പുഴയിലെ നത്താൾ ഓർമ്മകൾ തുടങ്ങുന്നത്‌.. കടപ്പുളി നിറയുന്ന ശീതക്കാറ്റ്‌ ഡിസംബർ ആദ്യവാരം തന്നെ കരയെ തൊടും. കിഴക്ക്‌ വെട്ടം വീണാലും പൊഴിയും വഞ്ചികളും മരങ്ങളുമൊക്കെ നേർത്ത മഞ്ഞിലങ്ങനെ മദിച്ചു കിടക്കും. പാലപ്പൂമണം മൂക്കിലേക്ക്‌ വലിച്ചു കയറ്റി മുകളിലേക്ക്‌ നോക്കുമ്പോഴാണ്‌ കയറ്റാപ്പീസുകളുടെ കോടിക്കൽകോലിൽ മുതലാളിമാർ തൂക്കാറുള്ള വെള്ളേം മഞ്ഞേം റോസും നിറമുള്ള നക്ഷത്രങ്ങൾ കാണുക. തൊഴിലാളികൾക്ക്‌ പ്രിയപ്പെട്ടതാകയാൽ ചോപ്പുനിറത്തിലുള്ളത്‌ അവർ ഒഴിവാക്കിയിരുന്നു. അപ്പന്‌ ചോപ്പായിരുന്നു ഇഷ്ടം. കരിക്കലാകുമ്പോഴേക്കും വാടക്കനാൽ കരയിലെ കൊല്ലം-ആലപ്പുഴ റോഡിൽ കൊഴിഞ്ഞ പാലപ്പൂവുകൾ മെത്തപ്പായ വിരിക്കും.. അകമേ മണ്ണെണ്ണവിളക്ക്‌ വെയ്ക്കുന്ന ക്രിസ്തുമസ്‌ നക്ഷത്രങ്ങളുടെ വെട്ടത്തിൽ മരങ്ങളും വീടുകളും അന്തിക്കുള്ള സന്ധ്യാജപം ചൊല്ലും...

ഡിസംബർ ആലപ്പുഴയ്ക്ക്‌ ഉത്സവങ്ങളുടെ മാസമാണ്‌. എട്ടിനു തുടങ്ങുന്ന തുമ്പോളിമാതാവിന്റെ തിരുനാളോടെ അത്‌ നിറംവെച്ചു തുടങ്ങും. ഡിസംബർ പതിനഞ്ചിനാണ്‌ മുല്ലയ്ക്കൽക്ഷേത്രത്തിലെ കൊടിയേറ്റം. ചിറപ്പുമഹോത്സവം പത്തുദിവസം നീണ്ടുനിൽക്കും. ഒന്നു രണ്ടുദിവസത്തെ വ്യത്യാസത്തിൽ കിടങ്ങാംപറമ്പുക്ഷേത്രവും ഉത്സവലഹരിയിലാവും.. രണ്ടു ക്ഷേത്രങ്ങളുടേയും കവാടങ്ങളിൽ മാനത്തോളം പൊക്കത്തിൽ കമുകും ഇല്ലിമുളകളുംകൊണ്ടെ തീർത്ത കൂറ്റൻ കമാനങ്ങൾ ഉയരും. നിറമുള്ള ബൾബുകളാൽ അലങ്കരിച്ച ദേവീദേവൻമാരുടെ ചിത്രങ്ങൾ തെളിയുന്ന കെട്ടുകാഴ്ച്ച കെങ്കേമമാണ്‌.

കിടങ്ങാംപറമ്പു മുതൽ മുല്ലയ്ക്കൽവരെയുള്ള വഴിയുടെ ഇരുവശവും കച്ചവടക്കാരെക്കൊണ്ടു നിറയും. ഓലപ്പീപ്പി മുതലുള്ള സകല കളിപ്പാട്ടങ്ങളും കുട്ടികളെ കാത്ത്‌ വഴിയരികിൽ കണ്ണുമിഴിച്ച്‌ കിടക്കും. പൊരിക്കടലകൾ, വറവലുകൾ, കളർമിഠായികൾ, ഈത്തപ്പഴം, കരിമ്പിൻ ജ്യൂസ്‌, കൊമ്പിൻചീപ്പുകൾ, മയിൽപ്പീലികൾ, സോപ്പുകുമിള പറത്തുന്ന വളയങ്ങൾ, അങ്ങനെ കുഞ്ഞിക്കണ്ണുകളിൽ നിലാത്തിരി തെളിക്കുന്ന സകല സാധനങ്ങളും വഴിവക്കിലുണ്ടാവും. അമ്പലങ്ങളിലെ നാദസ്വര കച്ചേരി കേട്ടും എന്തെങ്കിലുമൊക്കെ വാങ്ങിക്കൊറിച്ചും പാതിരയോളം നാനാജാതിമതസ്ഥർ റോഡിലൂടെ തിങ്ങിനിറഞ്ഞ്‌ നീങ്ങും. നെറ്റിപ്പട്ടം കെട്ടിയ ആനകളുടെ എഴുന്നുള്ളത്തും, വർണ്ണം നിറയുന്ന കരിമരുന്നിന്റെ ആകാശവിരിപ്പുകളും കഴിഞ്ഞ്‌ കിടങ്ങാംപറമ്പിലെ പഞ്ചാരമുറ്റത്തേക്ക്‌ എത്തുന്ന ആളുകൾ നാടകമോ ബാലയോ കഥാപ്രസംഗമോ കണ്ടും കേട്ടും നേരം വെളുപ്പിക്കും...

നഗരത്തിലെ ന്രസാണികളായ ഞങ്ങൾ ഈ ഉത്സവങ്ങളോടു ചേർന്നാണ്‌ ക്രിസ്തുമസ്‌ ആഘോഷിച്ചിരുന്നത്‌. ക്രിസ്തുമസിനാണ്‌ മുല്ലയ്ക്കലിലെ പത്താം ചിറപ്പ്‌, ഭീമൻപട്ടരുടെ വകയാണ്‌ അന്നത്തെ ഉത്സവം. വലിയ തോതിൽ കരിമരുന്നും മറ്റു ആഘോഷങ്ങളും ഉണ്ടാകും. പാതിരാക്കുർബ്ബാനയുടെ ഉറക്കക്ഷീണത്തിനു മീതെ ഇറച്ചിസ്റ്റൂവും വെള്ളേപ്പവും കഴിച്ച്‌ മത്തുപിടിച്ചു മയങ്ങിയവർ സന്ധ്യയാകുമ്പോഴേക്കും തിടുക്കപ്പെട്ട എഴുന്നേറ്റ്‌ മുല്ലയ്ക്കൽ തെരുവിലേക്കിറങ്ങും.. പുത്തൻ കുപ്പായമണിഞ്ഞ കൂട്ടികൾ തിരക്കിൽപ്പെട്ടു പോവാതിരിക്കാൻ അപ്പനും അമ്മയും അതുങ്ങളുടെ കൈയിൽ ബലമായി പിടിച്ചിട്ടുണ്ടാവും..

കുഞ്ഞുന്നാളിൽ എന്നെ ചിറപ്പിന്‌ കൊണ്ടുപോകുന്നതിനു മുന്നേ അമ്മ ഒരു അന്ത്യശാസനം തരും.. “പോകുന്നവഴി ഒരൊറ്റ സാധനം പോലും വാങ്ങിത്തരാൻ പറയരുത്‌” ഞാനത്‌ സമ്മതിച്ച്‌ ഇറങ്ങും. കാണുന്നതിന്‌ പൈസ കൊടുക്കണ്ടല്ലോ.. പണം കൊടുത്ത്‌ കാണാവുന്ന ചില രസികൻകാഴ്ച്ചകളും ഉത്സവത്തിനുണ്ടാവും.. അതിലേറ്റവും പ്രധാനപ്പെട്ടത്‌ മരണക്കിണറാണ്‌. ആളുകളെ ആകർഷിക്കുന്നതിനുവേണ്ടി പെണ്ണുങ്ങളുടെ മേലിളക്കിഡാൻസ്‌ മരണക്കിണറിന്‌ മുന്നിലെ പലകത്തട്ടിൽ അരങ്ങേറും.. നൃത്തം കാണുന്ന അപ്പന്റെ തോളിലിരിക്കുമ്പോഴെല്ലാം എന്റെ കണ്ണെത്തുക മുകളിൽ മോട്ടോർസൈക്കിൾ എരപ്പിച്ചുനിൽക്കുന്ന ആ തലേക്കെട്ടുകാരനിലായിരിക്കും. “ഓ.. ചുമ്മാ അതിനകത്ത്‌ വണ്ടിയിട്ടൊന്ന്‌ വട്ടം കറക്കും.. അത്രേ യുള്ളടാ..' തിരിച്ചു നടക്കുമ്പോൾ അപ്പൻ എന്നെ തണുപ്പിക്കും...

പൊരിക്കടലയുടെ മണം, പൽചക്രത്തിൽ ഇഞ്ചിക്കും നാരങ്ങയ്ക്കുമൊപ്പം ഞെരിഞ്ഞമർന്നു നീരു തള്ളുന്ന കരിമ്പിൻ ജ്യൂസ്‌, ആകാശത്ത്‌ പൊട്ടുതൊട്ട മെല്ലെ ഞാന്നിറങ്ങുന്ന “കുടനിലാത്തിരി', മാജിക്പുരയുടെ മുന്നിൽ നിലം തൊടാതെ വായുവിലിരിക്കുന്ന സർപ്പസുന്ദരി, റാ വട്ടത്തിൽ വാനം ചുറ്റിവരുന്ന മുനിസിപ്പൽ മൈതാനത്തിലെ ആരക്കാലൻ ഈഞ്ഞാൽ... അങ്ങനെ പലതും കണ്ടും, ചിലതെല്ലാം കൊതിച്ചും കാൽകുഴഞ്ഞ്‌ വീട്ടിലെത്തുമ്പോഴേക്കും പേരച്ചില്ലയിൽ തൊട്ടപ്പൻ കെട്ടിത്തൂക്കിയ മണ്ണെണ്ണവിളക്കു നക്ഷത്രംപോലെ അക്കൊല്ലത്തെ ക്രിസ്തുമസ്‌ ഇരുണ്ടു പോയിട്ടുണ്ടാവും.

രാത്രി കിടക്കുമ്പോൾ കിടങ്ങാംപറമ്പ്‌ അമ്പലത്തിലെ ബാലെയുടെ അട്ടഹാസങ്ങളും കരച്ചിലും പാട്ടുമൊക്കെ ചെറ്റ വാതിൽ വിടവിലൂടെ അകത്തേക്ക്‌ വരും. ഞങ്ങളുടെ പേരമരത്തിൽ മഞ്ഞുവണ്ടി കെട്ടിയിട്ടേച്ച്‌ സമ്മാനങ്ങളൊക്കെ കൊടുത്തു തീർത്ത ക്ഷീണത്തിൽ സാന്താക്ലോസപ്പൂപ്പൻ വീടിന്റെ കോലായിലേക്ക്‌ കയറിയിരിക്കും... പമ്മിച്ചെന്ന്‌ പതിഞ്ഞ ഒച്ചേൽ ഞാൻ പുള്ളിക്കാരനോടു ചോദിക്കും..
“എനിക്കൊരു കരിമ്പിൻ ജ്യൂസ്‌ വാങ്ങിത്തരുവോ.. അല്ലെങ്കില്‌ ആ മരണക്കിണറൊന്നു കാണിക്കുവോ..”ഉറക്കത്തിലെന്റെ പിറുപിറുപ്പ്‌ കേട്ട അമ്മയെഴുന്നേറ്റ്‌ വിളക്ക്‌ കത്തിക്കും.. അപ്പോഴേക്കും ഞാൻ കടവായിലെ ഈളയും തുടച്ച്‌ പായേലോട്ട്‌ തിരിഞ്ഞു കിടക്കും..

Content Highlights: Francis Noronha share his Christmas memories