ലയാളസിനിമയുടെ ഇഷ്ട ലൊക്കേഷനായ ഒറ്റപ്പാലത്തില്‍ നിന്ന് 12 മിനുട്ട് വണ്ടിയോടിച്ചാല്‍ മായന്നൂര്‍ കടവിലെത്താം. അവിടെ ഒന്നരയേക്കര്‍ പറമ്പിന് ഒത്തനടുവില്‍ 'കനവ്' എന്ന വീട്. അറയും നിരയുമൊക്കെയുളള പഴയ ക്രിസ്തീയ ഭവനങ്ങളുടെ ചാരുതയും ആധുനിക ശൈലിയുടെ ഒതുക്കവും സമ്മേളിക്കുന്ന 'കനവി'ലാണ് സംവിധായകന്‍ ലാല്‍ ജോസ് താമസിക്കുന്നത്. അവിടെ നിന്ന്
ഓര്‍മകളിലെ ആദ്യ ക്രിസ്മസിലേക്കെത്താന്‍ അരനൂറ്റാണ്ടെങ്കിലും പിന്നോട്ടുപോകണം ലാല്‍ ജോസിന്. മലയാളികളുടെ ഇഷ്ടസംവിധായകന്‍ ലാല്‍ ജോസിന്റെ ക്രിസ്മസ് ഓര്‍മകളിലൂടെ ഒരു യാത്ര. 

ബീഡിപ്പുകയുടെ ക്രിസ്മസ് രാത്രി

കുറേക്കാലത്തിന് ശേഷം തിരുവിതാംകൂര്‍ ഭാഗത്ത് നിന്ന് ക്രിസ്ത്യന്‍ കുടിയേറ്റമൊക്കെ ആരംഭിച്ചതോടെയാണ് ക്രിസ്മസിന്റെ പൊലിമ കൂടുന്നത്. തിരുവിതാംകൂറില്‍ നിന്ന് വന്ന കര്‍ഷകര്‍ ഇവിടുത്തെ മൊട്ടക്കുന്നുകളും കുറുക്കന്‍ ഓരിയിട്ടുനടന്ന വെളിമ്പറമ്പുകളുമെല്ലാം വാങ്ങിക്കൂട്ടി. പാലായില്‍ നിന്നും ചങ്ങനാശ്ശേരിയില്‍ കുറേ 'മണ്ടന്‍ ചേട്ടന്‍മാര്‍' വന്നിട്ടുണ്ട് എന്ന് നാട്ടുകാര്‍ അടക്കം പറഞ്ഞു. ഏത് തരിശ് ഭൂമിയും അവര്‍ പറയുന്ന വില കൊടുത്തു വാങ്ങും എന്നതിനാല്‍ അവരുമായി വസ്തു ഇടപാട് നടത്താന്‍ ആളുകള്‍ക്കിടയില്‍ മത്സരമായിരുന്നു. 

സെന്റിന് 75 രൂപയൊക്കെയേ അന്ന് വിലയുള്ളൂ. രണ്ടുകൊല്ലം കൊണ്ട് അവരാ സ്ഥലങ്ങളില്‍ പൊന്നു വിളയിച്ചു. പാല്‍ക്കച്ചവടമാണ് ആദ്യ തുടങ്ങുക. പിന്നെ കപ്പ വെക്കും. പറമ്പ് വെട്ടിത്തെളിച്ച് കിണര്‍ര്‍ കുഴിക്കും. കുറേ പേര്‍ റബ്ബര്‍ കൃഷിയും പച്ചക്കറി കൃഷിയും തുടങ്ങി. ഇവിടെ നെല്‍കൃഷിയെ ആശ്രയിച്ചുകഴിഞ്ഞവരാണ്. തിരുവിതാംകൂറുകാര്‍ വന്നതിന് ശേഷമാണ് ഒറ്റപ്പാലം ഭാഗത്ത് വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി ആരംഭിച്ചത്. 

കുടിയേറ്റക്കാരുടെ എണ്ണം കൂടിയതോടെ ഒറ്റപ്പാലത്ത് സെന്റ് ജോസഫ്സ് ചര്‍ച്ച് എന്ന പേരില്‍ പുതിയ പള്ളി വന്നു. വീട്ടില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ ഒരു കുന്നിന്‍ചെരുവിലായിരുന്നു പളളി. സെന്റ് ജോസഫ്സ് ചര്‍ച്ച് വന്നതോടെ ഒറ്റപ്പാലത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ജീവന്‍ വച്ചത്. അക്കാലത്തെ പാതിരാ കുര്‍ബാനയുടെ വിഷ്വല്‍സ് ഇപ്പോഴുമെന്റ മനസില്‍ മായാതെ കിടപ്പുണ്ട്. ചൂട്ട് കത്തിച്ച് ബീഡിയും വലിച്ച് തലയിലൊരു മഫല്‍റും കെട്ടി കുഞ്ഞുകുട്ടി പരാധീനങ്ങളുമായി മലയിറങ്ങിവരുന്ന കുടിയേറ്റ കര്‍ഷകരുടെ ചിത്രം. അന്നത്തെ ക്രിസ്മസ് രാത്രികള്‍ക്ക് ബീഡിപ്പുകയുടെയും നാടന്‍ വാറ്റുചാരായത്തിന്റെയും മണമായിരുന്നു. 

വലിയ മുള വെട്ടിച്ചീന്തി അതില്‍ ചൈനാപേപ്പര്‍ ഒട്ടിച്ചാണ് നക്ഷത്രങ്ങള്‍ ഉണ്ടാക്കാറ്. പൊടിമീശ മുളയ്ക്കണ കാലമാകുമ്പോഴേക്കും എനിക്ക് അള്‍ത്താര ബാലനായും പളളി ക്വയറിലെ ഗിറ്റാറിസ്റ്റായും പ്രമോഷന്‍ കിട്ടി. സാധാരണഗതിയില്‍ പള്ളിയിലെത്തുന്ന പെണ്‍കുട്ടികളുമായി ചില പ്രേമവും ചുറ്റിക്കളികളുമൊക്കെ സംഭവിക്കേണ്ട സമയമാണത്. പക്ഷേ ശരീരം കൊണ്ട് തീരെ ചെറിയ ആളായിരുന്നു ഞാനന്ന്. മീശയടക്കമുളള എല്ലാ രോമവളര്‍ച്ചയും തീരെ കുറവും. അതുകൊണ്ടാകാം പെണ്‍കുട്ടികളൊക്കെ എന്നെ തീരെ ചെറിയ കുട്ടിയായാണ് കണക്കാക്കിയത്. പ്രണയസാധ്യതകളൊന്നും പൂവിട്ടില്ല. നമുക്ക് പലരോടും പ്രണയം തോന്നിയിരുന്നു. പക്ഷേ തിരിച്ചെല്ലാവരും എന്നെ സഹോദരനായേ കണ്ടുളളൂ. അപ്പനുമമ്മയും അധ്യാപകരായതുകൊണ്ട് പെണ്‍കുട്ടികള്‍ക്കെല്ലാം എന്നെ ചെറിയ പേടിയുമുണ്ടായിരുന്നു. ടീച്ചറുടെ മകനുമായി വല്ല പുലിവാലുമുണ്ടായികഴിഞ്ഞാല്‍ അത് വിഷയമാകും എന്നറിയാവുന്നതുകൊണ്ട് ഒരാളും നമ്മളോട് അടുത്തില്ല. അങ്ങനെ പള്ളിയും പാട്ടുമൊക്കെയായി സമാധാനത്തോടെ ക്രിസ്മസ് കാലം കഴിഞ്ഞുപോയി.

സംവിധായകന്‍ ലാല്‍ ജോസിന്റെ ക്രിസ്മസ് ഓര്‍മകള്‍ വായിക്കാന്‍ പുതിയലക്കം ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Director Lal Jose Share his Christmas Memories