ക്രിസ്മസ് എന്ന വാക്കിനു തന്നെ ഒരു മാന്ത്രികതയുണ്ടെന്നു എഴുതിയത് ചാള്‍സ് ഡിക്കന്‍സാണ്. ലോകമെമ്പാടും വാഴ്ത്തപ്പെട്ട 'A Christmas Carol' ഉള്‍പ്പെടെ, തിരുപ്പിറവിയുടെ ആഘോഷത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി രചനകള്‍ നിര്‍വഹിച്ച ഡിക്കന്‍സിനു ചാര്‍ത്തിക്കിട്ടിയ ഒരു വിശേഷണം 'ക്രിസ്മസ് കണ്ടുപിടിച്ച ആള്‍' എന്നതത്രെ!

ഉവ്വ്,  ഈ എഴുത്തുകാരന്റെ കാലത്തിനു മുമ്പും (7 ഫെബ്രുവരി 1812 - 9 ജൂണ്‍ 1870) ക്രിസ്മസ് ഉണ്ടായിരുന്നു. പക്ഷേ അതിനു നാം ഇന്നറിയുന്ന മഹത്വം സാഹിത്യത്തില്‍ കല്പിച്ചത് ഡിക്കന്‍സല്ലാതെ മറ്റാരുമല്ല. തന്റെ തൂലികത്തുമ്പുകൊണ്ട് ഡിക്കന്‍സ് ക്രിസ്മസിനെ 'ഒരു വലിയ ദിവസ'മാക്കി മാറ്റി.

ലണ്ടനില്‍ പല പാര്‍പ്പിടങ്ങളിലായി ജീവകാലം കഴിച്ചുകൂട്ടിയ ഡിക്കന്‍സ് പ്രധാനപ്പെട്ട പല കൃതികളുമെഴുതുമ്പോള്‍ ഹോള്‍ബോണിലെ 48, ഡോട്ടി സ്ട്രീറ്റിലെ വസതിയിലായിരുന്നു. ഇതാണ് ഇപ്പോള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ചാള്‍സ് ഡിക്കന്‍സ് മ്യൂസിയം. പോയ വര്‍ഷം അതിനു മുന്നിലെത്തിയപ്പോള്‍ എന്റെ മനസ്സിലേയ്ക്കു വന്നത് ക്രിസ്മസാണ്. മനസ്സു മന്ത്രിച്ചു: നന്ദി, ഡിക്കന്‍സ്, നന്ദി.

ഏറെക്കാലം മുമ്പ് ഞാന്‍ കഴിച്ചുകൂട്ടാനിടയായ മലയോര ഗ്രാമങ്ങളില്‍ ക്രിസ്മസ് വന്നിരുന്നത് മഞ്ഞിനപ്പുറത്തുനിന്ന് മഞ്ഞുംകൊണ്ടാണ്. ക്രിസ്മസ് തലേന്ന് സന്ധ്യ മഞ്ഞില്‍ പുതഞ്ഞിരിക്കും. വീടുകള്‍ക്കു മുന്നില്‍ കൊളുത്തിയ നക്ഷത്രവിളക്കുകള്‍, അലംകൃതമായ ക്രിസ്മസ് മരങ്ങള്‍, ചെറിയ പുല്‍ക്കൂടുകള്‍ ഇവയെല്ലാം മഞ്ഞിന്റെ നനുത്ത സ്പര്‍ശമേല്ക്കും. കുന്നിന്‍പുറങ്ങളിലൂടെ കരോള്‍ പാടിക്കൊണ്ട് നീങ്ങുന്നവരെയും ഒറ്റയടിപ്പാതകളിലൂടെ പാതിരാ കുര്‍ബാനയ്ക്കു പോകുന്നവരെയും മഞ്ഞ് അഭിഷേകം ചെയ്യും. ഞാന്‍ കുളിര്‍ന്നു വിറയ്ക്കും. ഓരോ ക്രിസ്മസും എന്റെയും കൂടിയായിരുന്നു.

ക്രിസ്മസുമായി ബന്ധപ്പെട്ട ഓര്‍മകള്‍ പലതുണ്ട്. അവയില്‍ എനി്ക്ക് ഏറ്റവും പ്രിയപ്പെട്ടത് കൊല്‍ക്കത്തയിലെ ഒരനുഭവമാണ്. നാല്പതു വര്‍ഷം കടന്നുപോയിട്ടും അതിപ്പോഴും മങ്ങാതെയും മായാതെയും ഉള്ളത്തിലുണ്ട്. കനത്ത മഞ്ഞുണ്ടായിരുന്നു. ഞാന്‍ രോമക്കുപ്പായം പോലുമില്ലാതെ വെറും ബംഗാളി കുര്‍ത്തയുമായി, ചൗരംഗിയില്‍ നില്‍ക്കുന്നു. അവിടെനിന്നുള്ള ഒരു ട്രാമില്‍ കുറെ ദൂരെയുള്ള ബാളിഗഞ്ചിലെത്തണം. ബാളിഗഞ്ച് തീവണ്ടിയാപ്പീസിനടുത്തൊരു കെട്ടിടത്തിലാണ് പൊറുതി. രാത്രി വൈകിയിരുന്നു. ട്രാം വരാനിരിക്കുന്നതേയുള്ളൂ. അന്നേരത്ത് തികച്ചും അപ്രതീക്ഷിതമായി വലതുവശത്തെ ബെന്‍ടിക് സ്ട്രീറ്റില്‍ നിന്ന് ഒരു കരോള്‍ ഗായകസംഘം ചൗരംഗിയിലേയ്ക്കു നീങ്ങിയെത്തി.
 
'Dashing through the snow
In a one-horse open sleigh
O'er the fields we go
Laughing all the way'

ഒറ്റക്കുതിര വലിക്കുന്ന ഹിമവാഹനം കണ്മുന്നിലേയ്ക്കു വരികയാണ്. ഒപ്പം ചിരിക്കുകയും പാടുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന അപരിചിതരായ മനുഷ്യര്‍. ഞാന്‍, ഏതോ ഉള്‍പ്രേരണയില്‍ അവര്‍ക്കൊപ്പം ചേര്‍ന്നു. ക്രിസ്മസ് കരോള്‍ എന്റെ നാവും ഏറ്റുപാടി.

A Child, a Child shivers in the cold--
Let us bring him silver and gold,
Let us bring him silver and gold.
The Child, the Child sleeping in the night
He will bring us goodness and light,
He will bring us goodness and light

 പാടിയും ചുവടുവെച്ചും ഞാന്‍ ഏതോ തെരുവിലെത്തി. ഏതോ നിമിഷത്തില്‍ ഞാനെന്റെ പൊറുതി വീട് ഓര്‍മിച്ചു. ഞാന്‍ വഴിയരികിലേയ്ക്ക് മാറി. കരോള്‍ സംഘം ആടിയും പാടിയും കടന്നുപോയി. ലണ്ടനിലും പാരീസിലും റോമിലും, ലോക നഗരങ്ങളിലെങ്ങും കര്‍ശന നിയന്ത്രണങ്ങളുടേതായ ഇക്കാലത്തും മനുഷ്യര്‍ ക്രിസ്മസിനെ വരവേല്‍ക്കുന്നത് അളവറ്റ ആഹ്ലാദത്തോടെയും പ്രത്യാശയോടെയുമാണ്. ക്രിസ്മസ് 'കണ്ടുപിടിച്ച' ചാള്‍സ് ഡിക്കന്‍സ് നിത്യനിദ്രയിലുള്ള വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെ സെമിത്തേരിയില്‍ നിന്നും ഒരു പതിഞ്ഞ ശബ്ദം ഞാന്‍ കേള്‍ക്കുന്നു: 'മെറി ക്രിസ്മസ്!'

Content Highlights: C V Balakrishnan shares his Christmas memory and Christmas stories written by Charles Dickens