പലരാജ്യങ്ങളില്‍ ക്രിസ്മസ് പല രീതിയിലാണ്. ക്രിസ്മസ് ഭക്ഷണവും ഇങ്ങനെ വ്യത്യസ്ഥമായിരിക്കും. ഫ്രാന്‍സിലെ ക്രിസ്മസിന്റെ സ്‌പെഷ്യല്‍ വിഭവമാണ് ഫ്രഞ്ച് യൂള്‍ ലോഗ്. പണ്ട് ക്രിസ്മസാകുമ്പോള്‍ ഒരു മരക്കുറ്റി വീട്ടില്‍ കൊണ്ടുവന്ന് അടുപ്പില്‍വെക്കും. അതില്‍ ഉപ്പോ വൈനോ തളിച്ച്, ക്രിസ്മസിന് തലേന്ന് രാത്രി, തീകൊളുത്തും. ഇത് മൂന്ന് ദിവസമെങ്കിലും കെടാതെ കത്തിയാല്‍ ഭാഗ്യമെന്ന് ഫ്രഞ്ചുകാര്‍ വിശ്വസിക്കുന്നു. മരക്കുറ്റി (ലോഗ്) കത്തിക്കുന്ന ഓര്‍മയിലാണ് യൂള്‍ ലോഗ് ഇവരുടെ ക്രിസ്മസ് വിരുന്നില്‍ ഇടംപിടിച്ചത്. മരക്കുറ്റിയുടെ ആകൃതിയില്‍ തയ്യാറാക്കിയ കേക്കാണ് ഇത്.
ചേരുവകള്‍
- പൊടിച്ച പഞ്ചസാര- അരക്കപ്പ്
- ഓറഞ്ച് തൊലി- രണ്ട് ടീസ്പൂണ്‍
- കേക്ക് മാവ്- ഒരു കപ്പ്
- വാനില- ഒരു ടീസ്പൂണ്‍
- മുട്ട- നാലെണ്ണം
- ഉപ്പ്- കാല്‍ ടീസ്പൂണ്‍
ചോക്ലേറ്റ് ബട്ടര്‍ക്രീം തയ്യാറാക്കാന്‍
- മുട്ടയുടെ വെള്ള- എഴെണ്ണം
- പൊടിച്ച പഞ്ചസാര- ഒന്നര കപ്പ്
- കൊക്കോ പൗഡര്‍- ഒരു കപ്പ്
- എസ്പ്രസോ പൗഡര്‍- അര ടീസ്പൂണ്‍
- വാനില- അര ടീസ്പൂണ്‍
- ബട്ടര്‍- ഒന്നര കപ്പ്
തയ്യാറാക്കുന്ന വിധം
375 ഡിഗ്രിയില്‍ ഓവന്‍ പ്രിഹീറ്റ് ചെയ്യുക. ജെല്ലി റോള്‍ പാന്‍ പാര്‍ച്ച്‌മെന്റ് പേപ്പര്‍ കൊണ്ട് ലൈന്‍ ചെയ്യുക. അതില്‍ ബട്ടര്‍ പുരട്ടണം. നാല് മുട്ട ഇലക്ട്രിക് മിക്‌സറിലടിച്ച്, പഞ്ചസാര, വാനില, ഉപ്പ് എന്നിവ ചേര്‍ത്ത് വീണ്ടും രണ്ട് മിനിട്ട് അടിക്കണം. പതുക്കെ കേക്കിനുള്ള മാവ് ചേര്‍ത്ത് വീണ്ടും യോജിപ്പിക്കുക. ഇത് പാനില്‍ നിരത്തി 10 മിനിട്ട് ബേക്ക് ചെയ്യണം. ഡിഷ് ടവ്വലില്‍ അല്‍പം പൊടിച്ച പഞ്ചസാര തൂവുക. പാനില്‍നിന്ന് കേക്ക് ഈ ടവ്വലിലേക്ക് മാറ്റുക. പാര്‍ച്ച്‌മെന്റ് പേപ്പര്‍ മാറ്റാം. എന്നിട്ട് ഡിഷ് ടവ്വലിനൊപ്പം റോള്‍ ചെയ്‌തെടുക്കുക. ഇനി ചോക്ലേറ്റ് ബട്ടര്‍ക്രീം തയ്യാറാക്കാം. ഒരു ബൗളില്‍ മുട്ടവെള്ള നന്നായി അടിക്കുക. സോസ് പാനില്‍ അരക്കപ്പ് വെള്ളവും പഞ്ചസാരയും ചേര്‍ത്ത് തിളപ്പിക്കുക. മുട്ടയിലേക്ക് പഞ്ചസാര സിറപ്പ് ഒഴിക്കണം. കൊക്കോ പൗഡര്‍, എസ്പ്രസോ പൗഡര്‍, വാനില എന്നിവയും ചേര്‍ക്കണം. എന്നിട്ട് അഞ്ച് മിനിട്ട് അടിക്കുക. അതിലേക്ക് ബട്ടര്‍ ചേര്‍ത്ത് ശരിക്ക് യോജിപ്പിക്കുക. എന്നിട്ട് ഫ്രിഡ്ജില്‍ വെക്കുക.
ഇനി കേക്ക് റോള്‍ നിവര്‍ത്തി, അതില്‍ രണ്ട് കപ്പ് ചോക്ലേറ്റ് ബട്ടര്‍ ക്രീം നിരത്തുക. വീണ്ടും റോള്‍ ചെയ്‌തെടുക്കുക. ഒരു വശത്തുനിന്ന് ചെറിയൊരു കഷണം ചെരിച്ച് മുറിക്കുക. അത് കേക്കിന്റെ നടുവിലായി അല്‍പം ബട്ടര്‍ക്രീം കൊണ്ട് ഒട്ടിക്കുക. (മരത്തിന്റെ ചില്ല പോലെ നില്‍ക്കുന്ന രീതിയില്‍)ബാക്കി ചോക്ലേറ്റ് ക്രീം കേക്കിന് മുകളില്‍ നന്നായി ഒഴിക്കുക. (കേക്ക് മൂടുന്നവിധത്തില്‍) അല്‍പനേരം ഫ്രിഡ്ജില്‍ വെക്കണം. വിളമ്പുന്നതിന് മുമ്പ് അല്‍പം പൊടിച്ച പഞ്ചസാര അല്ലെങ്കില്‍ കൊക്കോ പൗഡര്‍ തൂവിക്കൊടുക്കാം.
കോ-ഓര്‍ഡിനേഷന്‍- റീഷ്മ ദാമോദര്‍
Content Highlights: Christmas 2020 French yule log