• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Spirituality
More
  • Feature
  • Amrutha Vachanam
  • Photos
  • Astrology
  • News
  • Beliefs
  • Rituals
  • Jaggi Vasudev

ലോകമാകെയുള്ള കുട്ടികള്‍ക്ക് സമ്മാനങ്ങളുമായി എത്തുന്ന പാപ്പ; അറിയാം സാന്താക്ലോസിന്റെ കഥ

Dec 15, 2020, 10:31 AM IST
A A A

പക്ഷേ കുട്ടികള്‍ക്ക് സാന്താക്ലോസ് വെറും സങ്കല്പമല്ല. തങ്ങളുടെ സ്വപ്നങ്ങളെ ആകാശത്തോളം വലുതാക്കി കുട്ടികള്‍ ഡിസംബര്‍ രാത്രികള്‍ക്കായി കാത്തിരിക്കുന്നു.

# വിഷ്ണു ടി.
Christmas
X

Photo: AFP

തണുപ്പു നിറഞ്ഞ ഡിസംബര്‍ രാത്രികളില്‍ വെള്ളത്താടിയും ചുവപ്പും വെള്ളയും നിറമുള്ള കുപ്പായവും കൂര്‍ത്ത തൊപ്പിയും സഞ്ചി നിറയെ സമ്മാനങ്ങളുമായി റെയിന്‍ഡീറുകള്‍ വലിക്കുന്ന വണ്ടിയില്‍ എത്തുന്ന സാന്താക്ലോസ് കാലങ്ങള്‍ക്കിപ്പുറവും കുട്ടികളുടെ പ്രിയപ്പെട്ട കഥാപാത്രമാണ്. ക്രിസ്മസ് എന്നാല്‍ കുട്ടികള്‍ക്ക് സമ്മാനങ്ങളും സാന്താക്ലോസുമാണ്. മുതിര്‍ന്ന ആളുകള്‍ക്ക് അത് യാഥാര്‍ഥ്യത്തോളം വലുപ്പംവെച്ച ഒരു മിത്തായിരിക്കും. പാശ്ചാത്യനാടുകളില്‍നിന്ന് പടര്‍ന്നുപന്തലിച്ച് ലോകമാകെ വ്യാപിച്ച കഥകളിലൊന്ന്. പക്ഷേ കുട്ടികള്‍ക്ക് സാന്താക്ലോസ് വെറും സങ്കല്പമല്ല. തങ്ങളുടെ സ്വപ്നങ്ങളെ ആകാശത്തോളം വലുതാക്കി കുട്ടികള്‍ ഡിസംബര്‍ രാത്രികള്‍ക്കായി കാത്തിരിക്കുന്നു. സാന്താക്ലോസ് വീട്ടിലേക്ക് വരാന്‍ അവര്‍ നല്ലകുട്ടികളാകുന്നു. ക്രിസ്മസ് തലേന്ന് കരോള്‍ ഗാനത്തിന്റെ അകമ്പടിയോടെ വീട്ടിലേക്ക് എത്തുന്ന സാന്താക്ലോസ് വേഷധാരിയില്‍ യഥാര്‍ഥ ക്രിസ്മസ് അപ്പൂപ്പനെ കാണുകയും സമ്മാനങ്ങള്‍ കൈപ്പറ്റി സന്തോഷമടയുകയും ചെയ്യുന്നു. പിന്നെ അടുത്ത ഡിസംബറിലേക്കുള്ള കാത്തിരിപ്പ് തുടങ്ങുകയായി.

സാന്താക്ലോസുമായി ബന്ധപ്പെട്ട ചരിത്രവും ഐതിഹ്യങ്ങളും നിരവധിയാണ്. ഏതാണ് വിശ്വസനീയം അവിശ്വസനീയം എന്ന് മനസിലാക്കാന്‍ കഴിയാത്തവിധം അതെല്ലാം പലതരത്തില്‍ കെട്ടുപിണഞ്ഞ് കിടക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തുര്‍ക്കിയിൽ ജീവിച്ചിരുന്ന ഒരു ബിഷപ്പാണ് പിന്നീട് ലോകമറിയുന്ന സാന്താക്ലോസ് എന്ന ഇതിഹാസമായത് എന്നതാണ് വിശ്വസനീയമായ ചരിത്രരേഖകളില്‍ പ്രധാനപ്പെട്ടത്. 19-ാം നൂറ്റാണ്ട് മുതല്‍ കാനഡയിലാണ് ഇന്നു നമ്മള്‍ കാണുന്നതുപോലെ വെള്ളത്താടിയും ചുവപ്പും വെള്ളയും വസ്ത്രങ്ങളുമണിഞ്ഞ സാന്താക്ലോസ് വീടുകളിലെത്തി ആശംസയും സമ്മാനവും നല്‍കാന്‍ തുടങ്ങിയതെന്ന് കരുതപ്പെടുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ പലതിലും സാന്താക്ലോസ് പല പേരുകളിലാണ് അറിയപ്പെടുന്നതെങ്കിലും അവിടെയെല്ലാം കുട്ടികള്‍ക്ക് സമ്മാനവുമായി എത്തുന്നയാള്‍ തന്നെയാണ്. കാലങ്ങളായി ലോകത്താകെ പ്രചരിക്കുന്ന സാന്താക്ലോസ് ചരിത്രത്തെപ്പറ്റിയും ചില വിശ്വാസങ്ങളെയും ഐതിഹ്യങ്ങളെയും പറ്റിയും അറിയാം:

ഗ്രീക്കിലെ വിശുദ്ധനായ നിക്കോളാസ്

സാന്താക്ലോസുമായി ബന്ധപ്പെട്ട് ഏറ്റവും പഴക്കം ചെന്ന ചരിത്രങ്ങളിലൊന്നാണ് വിശുദ്ധ നിക്കോളസിന്റേത്. എ.ഡി. മൂന്നോ നാലോ (280 എ.ഡി.) നൂറ്റാണ്ടുകളില്‍ ഗ്രീക്കിലെ തുറമുഖപട്ടണമായ പതാറയിലെ ലിസിയയില്‍ ജനിച്ച നിക്കോളാസ് എന്ന വിശുദ്ധനാണ് പിന്നീട് ലോകമറിയുന്ന സാന്താക്ലോസ് ആയി മാറിയതെന്നാണ് ഈ ചരിത്രം പറയുന്നത്. നിക്കോളാസ് പത്തൊമ്പതാമത്തെ വയസില്‍ വൈദികവേഷമണിഞ്ഞു. യുവാവായിരുന്ന കാലത്ത് നിക്കോളാസ് ഈജിപ്ത് പോലുള്ള രാജ്യങ്ങളിലേക്കെല്ലാം സഞ്ചരിച്ചു. അതിനുശേഷം പതാറയ്ക്ക് സമീപമുള്ള മിറയിലെ ബിഷപ്പായി സ്ഥാനമേറ്റു. ദൈവഭക്തിയും ജനങ്ങളോട് ദയയുമുണ്ടായിരുന്ന മനുഷ്യനായിരുന്നു നിക്കോളാസ്.  

നിക്കോളാസ് ബിഷപ്പായിരുന്ന കാലത്തായിരുന്നു റോമാസാമ്രാജ്യം ഭരിച്ചിരുന്ന ചക്രവര്‍ത്തിമാര്‍ ക്രിസ്ത്യാനികള്‍ക്കുനേരെ കടുത്ത അക്രമങ്ങള്‍ നടത്തിയിരുന്നത്. ഇത് നിക്കോളാസിനെ ഏറെ വേദനിപ്പിച്ചു. വിശക്കുന്നവരിലും പീഡനങ്ങള്‍ സഹിക്കുന്നവരിലും അദ്ദേഹം യേശുക്രിസ്തുവിന്റെ പ്രതിരൂപം ദര്‍ശിച്ചു. അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും അതിനെല്ലാം പരിഹാരങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ഇതറിഞ്ഞ ക്രൂരനായ ഡയക്ലീഷന്‍സ് ചക്രവര്‍ത്തി നിക്കോളാസിനെ വധശിക്ഷയ്ക്ക് വിധിച്ച് ജയിലിലടച്ചു.

കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ കോണ്‍സ്റ്റന്റീന്‍ റോമാസാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി സ്ഥാനമേല്‍ക്കുകയും മതപീഡനങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്തു. ക്രിസ്തുമതം റോമിലെ ഔദ്യോഗിക മതമാകുകയും തടവിലാക്കപ്പെട്ടവര്‍ക്കൊപ്പം നിക്കോളാസും മോചിതനാകുകയുമുണ്ടായി. പാരമ്പര്യമായി ലഭിച്ച സ്വത്തെല്ലാം ഉപേക്ഷിച്ച് അദ്ദേഹം പിന്നീടുള്ള കാലം ദരിദ്രരെയും രോഗികളെയും സഹായിച്ച് കഴിഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലായിരുന്നു നിക്കോളാസിന്റെ ശ്രദ്ധ മുഴുവന്‍. ജനങ്ങളറിയാതെ അവരുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം അദ്ദേഹം പരിഹാരം കണ്ടെത്തി. നിക്കോളാസിന്റെ സാമൂഹികപ്രവര്‍ത്തനങ്ങളെപ്പറ്റിയും അദ്ദേഹത്തിന് വിശുദ്ധന്‍ എന്ന പരിവേഷം ലഭിച്ചതിനും ഉദാഹരണമായി ധാരാളം കഥകള്‍ അക്കാലത്ത് ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചു.

ദരിദ്രകുടുംബത്തിന്റെ രക്ഷകനായ നിക്കോളാസ്

നിക്കോളാസ് മിറയിലെ ബിഷപ്പായിരുന്ന കാലം. ആ നാട്ടില്‍ ഒരു ദരിദ്രനും അയാളുടെ മൂന്ന് പെണ്‍മക്കളും താമസിക്കുന്നുണ്ടായിരുന്നു. കടുത്ത ദാരിദ്ര്യം കാരണം പെണ്‍മക്കളില്‍ ആരേയും വിവാഹം ചെയ്ത് അയക്കാന്‍ കഴിഞ്ഞില്ല. അവർക്ക് നിരന്തരം വിവാഹാലോചനകള്‍ വന്നുകൊണ്ടിരുന്നു. സ്ത്രീധനം കൊടുക്കാനുള്ള പണം പോലും അയാളുടെ കൈവശമുണ്ടായിരുന്നില്ല. നാള്‍ ചെല്ലുംതോറും വീട്ടിലെ ദാരിദ്ര്യം കൂടിക്കൂടി വന്നു. ഒരു ദിവസം അയാള്‍ പെണ്‍മക്കളിലൊരാളെ അടിമക്കച്ചവടക്കാര്‍ക്ക് വില്ക്കാന്‍ തീരുമാനിച്ചു. പണം കണ്ടെത്താന്‍ അയാളുടെ മുന്നില്‍ മറ്റു വഴികളൊന്നുമുണ്ടായിരുന്നില്ല.

ഇക്കാര്യം എങ്ങനെയോ നിക്കോളാസിന്റെ ചെവിയിലെത്തി. അദ്ദേഹം കടുത്ത സങ്കടത്തില്‍പെട്ടു. ഇതിന് എന്താണ് ഒരു പരിഹാരമെന്ന് നിക്കോളാസ് ആലോചിച്ചു. ഒരു വഴി അദ്ദേഹത്തിന്റെ മുന്നില്‍ തെളിഞ്ഞു. പെണ്‍കുട്ടിയെ വില്‍ക്കാന്‍ തീരുമാനിച്ചതിന്റെ തലേന്ന് രാത്രി നിക്കോളാസ് അവരുടെ വീടിന്റെ ജനാലയ്ക്കടുത്തെത്തുകയും പണം നിറച്ച സഞ്ചി വീടിനുള്ളില്‍ ഇടുകയും ചെയ്തു. പിറ്റേന്ന് ഉണര്‍ന്ന ദരിദ്രനും പെണ്‍മക്കളും പണം നിറച്ച സഞ്ചി കണ്ട് അത്ഭുതപ്പെട്ടു. അവരുടെ ദാരിദ്ര്യം മാറുകയും വളരെക്കാലം സന്തോഷത്തോടെ കഴിയുകയും ചെയ്തു.

ജനങ്ങളെ രക്ഷിക്കാന്‍ വേണ്ടി നിക്കോളാസ് പിന്നെയും പല അത്ഭുതങ്ങളും കാട്ടി. മരണശേഷവും അദ്ദേഹം പല അത്ഭുതങ്ങളും കാട്ടി. തടവിലാക്കപ്പെട്ടവരേയും അപകടത്തില്‍പെട്ട നാവികരേയും എല്ലാം അദ്ദേഹം രക്ഷിച്ചു. അങ്ങനെ നിക്കോളാസിന്റെ അത്ഭുതപ്രവൃത്തികള്‍ നാടാകെ പരക്കുകയും ജനങ്ങള്‍ അദ്ദേഹത്തെ വിശുദ്ധനായി വാഴ്ത്തുകയും ചെയ്തു. അദ്ദേഹം മരണപ്പെട്ടുവെന്ന് കരുതുന്ന ഡിസംബര്‍ ആറിന് വിശുദ്ധ നിക്കോളാസ് ദിനമായി ആഘോഷിക്കാന്‍ തുടങ്ങി. പെരുന്നാള്‍ ആഘോഷത്തിന്റെ തലേദിവസം രാത്രിയില്‍ നിക്കോളാസ് വീടുകളിലെത്തി നല്ലവരായ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമെന്ന വിശ്വാസവും പിന്നീടുണ്ടായി. ഡിസംബര്‍ 6 ഒരു ഭാഗ്യദിനമാണെന്ന് കരുതുന്നവരുമുണ്ട്. വിവാഹം നടത്താനും വിലയേറി സാധനങ്ങള്‍ വാങ്ങി സൂക്ഷിക്കാനും പറ്റിയ ദിവസം!

ക്ലമെന്റ് മൂറിന്റെ സാന്താക്ലോസ് കവിത

1823-ല്‍ ക്ലമെന്റ് സി. മൂര്‍ എന്ന അമേരിക്കന്‍ എഴുത്തുകാരന്‍ തന്റെ മൂന്ന് പെണ്‍മക്കള്‍ക്കായി ഒരു നീണ്ട ക്രിസ്മസ് കവിതയെഴുതി. 'എ വിസിറ്റ് ഫ്രം സെന്റ് നിക്കോളാസ്' (നിക്കോളാസിന്റെ വരവ്) എന്നായിരുന്നു ആ കവിതയുടെ പേര്. കവിതയില്‍ പ്രതിപാദിക്കുന്ന വിഷയത്തിന്റെ സ്വഭാവം സാധാരണമായതുകൊണ്ട് ആദ്യം കവിത പ്രസിദ്ധീകരിക്കാന്‍ മടിച്ചു. നാടെങ്ങും സഞ്ചരിച്ച് പാവപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കുകയും കുട്ടികള്‍ക്ക് അനുഗ്രഹവും സമ്മാനങ്ങളും നല്‍കുന്ന ഒരു പുണ്യാത്മാവായിട്ടാണ് നിക്കോളാസിനെ കവിതയില്‍ ചിത്രീകരിച്ചത്. നിക്കോളാസ് വീടിന്റെ ചിമ്മിനി ദ്വാരത്തിലൂടെ എത്തി കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമെന്ന വിശ്വാസത്തിന്റെ പിന്‍ബലത്തില്‍ എഴുതപ്പെട്ട ഒരു കവിതയായിരുന്നു അത്. പ്രസിദ്ധീകരിച്ച കാലത്ത് ആ കവിത അമേരിക്കയില്‍ വളരെയധികം ശ്രദ്ധിക്കപ്പെടുകയും ജനപ്രിയമായ ഒരു സ്വഭാവം കവിതയ്ക്ക് കൈവരികയും ചെയ്തു.

1881-ല്‍ അമേരിക്കയിലെ ഒരു കാര്‍ട്ടൂണിസ്റ്റായ തോമസ് മൂറിന്റെ കവിതയ്ക്ക് അനുബന്ധമായി ഒരു രൂപത്തെ വരച്ചുണ്ടാക്കുകയും ഇന്ന് നമ്മള്‍ കാണുന്ന സാന്താക്ലോസിന്റെ ആദ്യരൂപമായി അത് മാറുകയും ചെയ്തു. നാസ്റ്റിന്റെ സാന്താക്ലോസ് രൂപം വളരെ വേഗത്തില്‍ ലോകമെങ്ങും ശ്രദ്ധനേടി. ചുവപ്പും വെള്ളയും നിറത്തിലുള്ള കുപ്പായവും തലയിലെ നീളന്‍ തൊപ്പിയും തടിച്ച ശരീരവും നീണ്ട വെള്ളത്താടിയുമുള്ള സാന്താക്ലോസ് രൂപം കുട്ടികളെയും മുതിര്‍ന്നവരേയും ഒരുപോലെ ആകര്‍ഷിച്ചു. പിന്നീട് സാന്താക്ലോസിന്റെ വരവിനൊപ്പം  ജെയിംസ് ലോര്‍ഡ് പെയര്‍പോയിന്റ് എഴുതിയ 'ജിംഗിള്‍ ബെല്‍സ്' എന്ന ഗാനം അകമ്പടിയായി.

സാന്താക്ലോസിന്റെ വരവ്

സാന്താക്ലോസ് എവിടെ നിന്നാണ് വരുന്നത്? കൗതുകം നിറഞ്ഞ ഈ ചോദ്യം എല്ലാ കുട്ടികളും ചോദിച്ചിട്ടുണ്ടാകും. പലര്‍ക്കും പലതരത്തിലുള്ള ഉത്തരങ്ങളായിരിക്കും പറയാനുണ്ടാകുക. ചിലപ്പോള്‍ അത് ശരിയോ തെറ്റോ ആകാം. സാന്താക്ലോസിന്റെ ജീവിതവും അത്ഭുതപ്രവൃത്തികളുമെല്ലാം മിഥ്യയോ യാഥാര്‍ഥ്യമോ എന്ന് മനസിലാക്കാന്‍ കഴിയാത്തവിധം കെട്ടുപിണഞ്ഞ് കിടക്കുകയാണ്. സാന്താക്ലോസിന്റെ ഉത്ഭവസ്ഥാനം ഏതെന്ന ചോദ്യത്തിന് ഓരോ ദേശക്കാര്‍ക്കും പല ഉത്തരങ്ങളാണ് പറയാനുള്ളത്. ഇതിഹാസങ്ങളില്‍ ഒന്നില്‍ പറയുന്നത് പ്രകാരം, സാന്താക്ലോസ് വരുന്നത് മഞ്ഞു മൂടിയ വടക്കുഭാഗത്ത് നിന്നാണ്.

മറ്റൊരു ഐതിഹ്യത്തില്‍ പറയുന്നത്, സാന്താക്ലോസ് തന്റെ ഭാര്യയ്ക്കൊപ്പം ഉത്തരധ്രുവത്തില്‍ താമസിക്കുന്നുവെന്നാണ്. അമേരിക്കന്‍ ഐക്യനാടുകളിലാണ് ഇത്തരമൊരു വിശ്വാസം പിന്തുടരുന്നത്. ക്രിസ്മസ് രാവില്‍ കുട്ടികള്‍ക്കുള്ള സമ്മാനങ്ങളുമായി സാന്താക്ലോസ് വീടുകള്‍ തോറും കയറിയിറങ്ങുന്നു. ഉത്തരധ്രുവത്തില്‍ കഴിയുന്ന സാന്താക്ലോസ് കുട്ടിച്ചാത്തന്മാര്‍ക്കൊപ്പം ക്രിസ്മസ് കാലം വരെയും കുട്ടികള്‍ക്ക് നല്‍കാനുള്ള സമ്മാനങ്ങള്‍ ഉണ്ടാക്കുന്നു. ക്രിസ്മസ് കാലമെത്തുമ്പോള്‍ കുട്ടികള്‍ സമ്മാനം ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിന് കത്തുകളെഴുതുന്നു. സമ്മാനത്തിന് അര്‍ഹരായിട്ടുള്ള കുട്ടികളെ കണ്ടെത്തുന്നു. നല്ല കുട്ടികള്‍ക്ക് അദ്ദേഹം കളിപ്പാട്ടങ്ങളും മധുരപലഹാരങ്ങളും സമ്മാനിക്കുന്നു. ചില വികൃതിക്കുട്ടികള്‍ക്ക് മരക്കഷണങ്ങളും മറ്റുമാണ് സമ്മാനമായി കൊടുക്കുക. കുട്ടികള്‍ അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുകയും അദ്ദേഹത്തിന് നല്‍കാനായി പാലും ബിസ്‌കറ്റുകളും ഒരുക്കിവെക്കുകയും ചെയ്യുന്നു.

സിന്റര്‍ ക്ലാസ് ടു  സാന്താക്ലോസ്

മുമ്പ് സൂചിപ്പിച്ചതുപോലെ ലോകത്തെല്ലായിടത്തും സാന്താക്ലോസ് സമ്മാനങ്ങളുമായി എത്തുന്നയാളാണ്. ഡച്ചില്‍ സെന്റ് നിക്കോളാസിനെ കുട്ടികള്‍ 'സിന്റര്‍ ക്ലാസ്' എന്ന ചുരുക്കപ്പേരില്‍ വിളിച്ചു. തുടര്‍ന്ന് അത് സാന്റിക്ലോസ് എന്നും സാന്താക്ലോസ് എന്നുമായി പരിണമിച്ചു. ഓരോ രാജ്യത്തും സാന്താക്ലോസ് ഓരോ പേരിലാണ് അറിയപ്പെടുന്നത്. വിശുദ്ധനായ നിക്കോളാസിനെ സാന്താക്ലോസ് ആയി രൂപാന്തരപ്പെടുത്തിയതില്‍ പ്രധാന പങ്കു വഹിച്ചത് അമേരിക്കക്കാരാണ്. 17, 18 നൂറ്റാണ്ടുകളില്‍ ഡച്ചുകാര്‍ക്കൊപ്പം എത്തിയ സിന്റര്‍ക്ലാസിനെ മതത്തിനതീതമായി ഒരു ഐതിഹാസിക കഥാപാത്രമായി മാറ്റിയെടുത്തു.

സിന്റര്‍ക്ലാസ് എന്ന പദം പരിണാമം സംഭവിച്ച് സാന്താക്ലോസ് ആയി മാറിയതും അക്കാലത്താണ്. അമേരിക്കയിലേയും ഇംഗ്ലണ്ടിലേയും കുടുംബങ്ങളുടെ ഉത്സവമായി ക്രിസ്മസ് മാറി. ഇംഗ്ലണ്ടില്‍ സാന്താക്ലോസ് 'ഫാദര്‍ ഓഫ് ക്രിസ്മസ്' എന്നാണ് അറിയപ്പെടുന്നത്. ജര്‍മ്മനിയില്‍ ' വെയ്‌നാഷ്റ്റ്മാന്‍' (Weihnachts mann) എന്നാണ് സാന്താക്ലോസിനെ വിളിക്കുന്നത്. ക്രിസ്മസ് അപ്പൂപ്പന്‍ എന്നുതന്നെയാണ് അര്‍ഥം. നല്ല പെരുമാറ്റമുള്ള കുട്ടികള്‍ക്ക് ഡിസംബര്‍ രാത്രികളില്‍ സമ്മാനവുമായി സാന്താക്ലോസ് എത്തുന്നുവെന്ന് സ്വിസ്, ജര്‍മ്മന്‍ ക്രൈസ്തവര്‍ വിശ്വസിക്കുന്നു. സ്വിറ്റ്‌സര്‍ലാന്‍ഡുകാര്‍ സാന്താക്ലോസിനെ ഒരു 'കുഞ്ഞുയേശു'വായി (Baby jesus) കരുതുന്നു.

ഇന്ത്യയിലേക്ക് എത്തുമ്പോള്‍ സാന്താക്ലോസിന് വീണ്ടും പേരുമാറ്റം സംഭവിക്കുന്നു. കേരളത്തില്‍ ക്രിസ്മസ് പാപ്പയെന്നും ക്രിസ്മസ് അപ്പൂപ്പനെന്നും പാപ്പാഞ്ഞിയെന്നുമായി മാറുന്നു. തമിഴില്‍ ക്രിസമസ് താത്തയും വടക്കേ ഇന്ത്യയില്‍ ക്രിസ്മസ് ബാബയെന്നും വിളിക്കുന്നു. കാലങ്ങളിത്ര കഴിഞ്ഞിട്ടും ഓരോ ദേശക്കാര്‍ക്കും ക്രിസ്മസ് എന്നാല്‍ സാന്താക്ലോസ് കൂടിയാണ്. കുട്ടികള്‍ സാന്താക്ലോസിന്റെ സമ്മാനങ്ങള്‍ സ്വപ്നം കണ്ട് ഉറങ്ങുന്നു. വര്‍ഷങ്ങളെത്ര കഴിഞ്ഞാലും കുട്ടികളുടെ മനസില്‍ അതിനെച്ചൊല്ലിയുണ്ടാകുന്ന കൗതുകം അവസാനിക്കുകയില്ല. സാന്താക്ലോസിനെ ഒരു സാങ്കല്പിക കഥയിലെ കഥാപാത്രമായി കാണാന്‍ കുഞ്ഞുമനസുകള്‍ക്ക് കഴിയില്ല. അതിനാല്‍ അവര്‍ ജിംഗിള്‍ ബെല്‍സിനും റെയിന്‍ഡീറുകളുടെ കാലൊച്ചകള്‍ക്കും കാതോര്‍ക്കുന്നു...

Content Highlights: Christmas 2020 The History of How St. Nicholas Became Santa Claus

PRINT
EMAIL
COMMENT
Next Story

അമ്മയുണ്ടാക്കുന്ന ക്രിസ്മസ് വിഭവങ്ങളും പതിവു പള്ളിയിൽ പോക്കും ഇത്തവണ നടക്കില്ല- ടോണി ലൂക്ക്

കുടുംബത്തോടൊപ്പമില്ലാത്ത ക്രിസ്മസാണിത്. ഗോവയിൽ ഹിന്ദി സിനിമാ ഷൂട്ടിങ്ങിലാണ്. ക്രിസ്മസിന്‌ .. 

Read More
 

Related Articles

ക്രിസ്‌മസ് ചില്ലായ്‌തോ...തൃശ്ശൂർക്കാരൻ പാടി, വീഡിയോ പങ്കുവെച്ച് ഗായകൻ അദ്‌നൻ സമി
Youth |
Videos |
സാന്റയെ നൃത്തം ചെയ്യിച്ചു വൈറല്‍ ആക്കിയ ടീം ദാ ഇവരാണ്
Spirituality |
ഉള്ളു തൊട്ടുണർത്തി മീരയുടെ ക്രിസ്മസ് ​ഗാനം
Spirituality |
അമ്മയുണ്ടാക്കുന്ന ക്രിസ്മസ് വിഭവങ്ങളും പതിവു പള്ളിയിൽ പോക്കും ഇത്തവണ നടക്കില്ല- ടോണി ലൂക്ക്
 
  • Tags :
    • Christmas 2020
    • Santa Claus
    • christmas stories
More from this section
christmas
അമ്മയുണ്ടാക്കുന്ന ക്രിസ്മസ് വിഭവങ്ങളും പതിവു പള്ളിയിൽ പോക്കും ഇത്തവണ നടക്കില്ല- ടോണി ലൂക്ക്
tini
അഞ്ച്‌ പണക്കാരുടെ വീട്ടിൽ കരോൾ പാടിയാൽ അമ്പതു രൂപ കിട്ടും, പിന്നെ പെരുന്നാളല്ലേ - ടിനി ടോം
christmas
ക്രിസ്മസ് ഇടമില്ലാത്തവരുടെ സുവിശേഷം
christingle
പാശ്ചാത്യനാടുകളിലെ ക്രിസ്മസ് ക്രിസ്റ്റിംഗിളുകള്‍; അറിയാം ഓറഞ്ച് വിളക്കിന്റെ കഥ
Christmas
ടീച്ചര്‍മാര്‍ ഓടിയെത്തിയപ്പോഴേക്കും റബര്‍ തോട്ടത്തില്‍ 'ഓപ്പറേഷന്‍ കേക്ക്' കഴിഞ്ഞിരുന്നു
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.