ങ്ങളുടെ  പഠന കാലത്തൊന്നും സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷം തുടങ്ങിയിട്ടില്ല. പ്രീ ഡിഗ്രിക്കു പഠിക്കുമ്പോഴും സ്ഥിതിയില്‍ മാറ്റമില്ലായിരുന്നു. പക്ഷേ ബിരുദ പഠനത്തിനു ചെന്ന കോളേജില്‍ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. ഓണവും ക്രിസ്മസുമെല്ലാം പൊതുവായും ക്ലാസ്തലത്തിലുമൊക്കെ ആവേശത്തോടെ ആഘോഷിച്ചു. ഓണത്തിന് ക്ലാസുകള്‍ തമ്മിലുള്ള അത്തപ്പൂക്കള മത്സരവും ക്രിസ്മസിന് ക്രിസ്മസ് ട്രീ മത്സരവുമൊക്കെയായി ആകെ രസമുള്ള അന്തരീക്ഷം.

ജൂനിയര്‍ കോളേജിലെ ആദ്യത്തെ ഡിഗ്രി ബാച്ചാണ് ഞങ്ങള്‍. ഓണവും  കഴിഞ്ഞ് വൈകിയാണ് ബിരുദ ക്ലാസുകള്‍ തുടങ്ങിയത്. അതിനാല്‍ അക്കൊല്ലം ഞങ്ങള്‍ പങ്കെടുക്കുന്ന കോളേജിലെ ആദ്യ പൊതുപരിപാടിയായി ക്രിസ്മസ് ആഘോഷം. അന്നത്തെ ക്രിസ്മസ് ആഘോഷത്തിനിടയില്‍ നടന്ന ഒരു സംഭവമോര്‍ക്കുമ്പോള്‍ ഇന്നും ചിരി അടക്കാന്‍ പാടുപെടും.

കോളേജില്‍ പ്രീ ഡിഗ്രിക്കാര്‍ക്കാണ് ആധിപത്യം. ഓരോ ക്ലാസിലും 99 പിള്ളാര്‍ വീതം കാണും. ആയിരത്തോളം വരുന്ന പ്രീ ഡിഗ്രിക്കാരുടെയിടയില്‍  ഞങ്ങള്‍ ഒരു ഡിഗ്രി ബാച്ച് മാത്രം. അതില്‍ ആകെയുള്ളത് മുപ്പതോളം പിള്ളാരും. അങ്ങനെ കോളേജിലെ 'വേറിട്ട വ്യക്തിത്വങ്ങളായി ' ഞങ്ങള്‍ അങ്ങനെ നടന്നു. തലേ വര്‍ഷം  സീനിയേഴ്സിന്റെ നിഴലില്‍ കഴിയേണ്ടി വന്നതിന്റെ എല്ലാ സങ്കടങ്ങളും നിരാശകളും മാറി രാജാക്കന്‍മാരെപ്പോലെ രണ്ടാം വര്‍ഷ പ്രീഡിഗ്രിക്കാര്‍ നടക്കും. ഒന്നാം വര്‍ഷക്കാര്‍ സീനിയര്‍മാരുടെ ഭരണത്തിന് നിന്നുകൊടുത്ത് പ്രശ്നങ്ങളുണ്ടാക്കാതെ അങ്ങുപോകും.അടുത്ത വര്‍ഷം  സീനിയര്‍ ആകുമ്പോള്‍ ലഭിക്കാന്‍ പോകുന്ന സൗഭാഗ്യത്തെക്കുറിച്ചോര്‍ത്ത് ഇപ്പോഴത്തെ സങ്കടങ്ങള്‍ മറക്കുന്നവരായിരുന്നു പലരും. ഇതിനിടയിലാണ് അങ്ങും ഇങ്ങും ഇല്ലാത്ത പരുവത്തില്‍ ഞങ്ങളെത്തിയത്. ഞങ്ങള്‍ മുതിര്‍ന്നവരാണെങ്കിലും അംഗീകരിക്കാന്‍ രണ്ടാം വര്‍ഷ പ്രീ ഡിഗ്രിയിലെ നേതാക്കന്‍മാര്‍ക്കൊക്കെ മടി. അതിന്റെ പേരില്‍ ചില ഉരസലുകളൊക്കെ ഉണ്ടായെങ്കിലും വൈകാതെ ഞങ്ങളെയും അവര്‍ ഉള്‍ക്കൊണ്ടു.

കാര്യങ്ങള്‍ ഇങ്ങനെ രസകരമായി പോകുന്നതിനിടയിലാണ് ക്രിസ്മസ് എത്തുന്നത്. നേരത്തെ തന്നെ ക്ലാസ് ടീച്ചറുടെ അറിയിപ്പു വന്നു. കോളേജ് അടയ്ക്കുന്ന അന്നാണ് ക്രിസ്മസ് ആഘോഷം. ക്ലാസുകള്‍ തമ്മില്‍ ക്രിസ്മസ് ട്രീ മത്സരമുണ്ട്. നമ്മുടെ  ക്ലാസും പങ്കെടുക്കണം. പിന്നെ പൊതുവായ ആഘോഷവുമുണ്ട്. കരോള്‍ ഗാനങ്ങളും കലാപരിപാടികളുമെല്ലാമുണ്ടാകും. ഇടയില്‍ കേക്കുവിതരണവുമുണ്ട്. പ്രീ ഡിഗ്രിക്ക് അതേ കോളേജില്‍ പഠിച്ചവര്‍ വിരലിലെണ്ണാവുന്നവരേയുള്ളു. ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. അതിനാലാണ് ടീച്ചറുടെ നീണ്ട ആമുഖം.

അങ്ങനെ ക്രിസ്മസ് ആഘോഷം വന്നെത്തി. തലേ ദിവസം വൈകിട്ടു തന്നെ ക്രിസ്മസ്  ട്രീ ഉണ്ടാക്കാനുള്ള മരച്ചില്ല സംഘടിപ്പിച്ചിരുന്നു. കോളേജിന് അടുത്തുള്ള രണ്ടുമൂന്നു കുട്ടികളുണ്ട്. അവര്‍ രാവിലെ നേരത്തെ എത്തി  അലങ്കാരപ്പണികള്‍ തുടങ്ങി . വൈകാതെ ബാക്കിയുള്ളവരും എത്തി ട്രീയുടെ പണികള്‍ തുടങ്ങി. വൈകാതെ തന്നെ ഞങ്ങള്‍ ഒരു സത്യം മനസ്സിലാക്കി. ഞങ്ങളുടെ ട്രീക്ക് പ്രോത്സാഹന സമ്മാനംപോലും കിട്ടില്ല. കാരണം അത്രയ്ക്ക് ഗംഭീരമാണ് പ്രീ ഡിഗ്രി ക്ലാസുകാരുടെ ട്രീകള്‍. അംഗ സംഖ്യയില്‍ ഞങ്ങളുടെ മൂന്നിരട്ടിയിലധികമുള്ളതിനാല്‍ എല്ലാവരും നല്ല പിരിവെടുത്ത്  ട്രീ അലങ്കരിക്കാന്‍ ഇഷ്ടം പോലെ  സാധനങ്ങള്‍ വാങ്ങിയിട്ടുണ്ട്. അവരുടെ ട്രീകള്‍ മിന്നിത്തിളങ്ങി നില്‍ക്കുന്നു. എത്ര ശ്രമിച്ചാലും അവരുടെ അടുത്തെത്താന്‍ സാധിക്കുകില്ലെന്നു മനസ്സിലായതോടെ ഞങ്ങള്‍ പരാജയം സമ്മതിച്ചു.

ടീച്ചര്‍മാരുടെ സംഘം ട്രീകള്‍ക്ക് മാര്‍ക്കിടാനെത്തി. പ്രതീക്ഷയൊന്നുമില്ലതിരുന്നതിനാല്‍ ഞങ്ങള്‍ ചിരിച്ചും കളിച്ചുമൊക്കെ നിന്നു. വൈകാതെ ക്രിസ്മസ് പരിപാടി തുടങ്ങി.  ഓപ്പണ്‍ സ്റ്റേജിലാണ് പരിപാടി. ആശംസകളും മുഖ്യാതിഥിയുടെ ക്രിസ്മസ് സന്ദേശവും  ഗായക സംഘത്തിന്റെ കരോള്‍ ഗാനാലാപനവുമൊക്കെയായി പരിപാടികള്‍ കൊഴുപ്പോടെ മുന്നേറുകയാണ്. ഇതിനിടയില്‍ പ്രിന്‍സിപ്പലിന്റെ അനൗണ്‍സ്മെന്റ് വന്നു. ഇനി കേക്ക് വിതരണമാണ്. കേക്കില്ലാതെ എന്ത് ക്രിസ്മസ്. കോളേജിലെ ഭക്തസംഘടനയിലെ അംഗങ്ങളായ പെണ്‍കുട്ടികളാണ്  കേക്ക് വിതരണം ചെയ്യുന്നത്. വലിയ ട്രേയില്‍ മുറിച്ചു വച്ചിരിക്കുന്ന കേക്കുകളുമായി അവര്‍ ഗ്രൗണ്ടിന്റെ പലഭാഗങ്ങളിലേക്കുമെത്തി. ഞങ്ങള്‍ക്ക് കിട്ടിയ കേക്ക് കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് പിന്നില്‍ നിന്നും ഒരു ബഹളം കേള്‍ക്കുന്നത്. നോക്കുമ്പോള്‍  കോളേജിലെ വില്ലന്‍മാരുടെ സംഘം അടുത്തുള്ള റബ്ബര്‍ത്തോട്ടത്തിലേക്ക് ഓടുന്നു. ഞങ്ങള്‍ക്ക് കേക്കു തന്ന പെണ്‍കുട്ടി വെറും കയ്യോടെ  അമ്പരന്ന് നില്‍ക്കുന്നു. സംഭവിച്ചതെന്താണെന്നു വച്ചാല്‍ വില്ലന്‍മാര്‍ കേക്കു കഷണമായിട്ടു വാങ്ങിയില്ല. ട്രേയൊടെ തട്ടിപ്പറിച്ചെടുക്കുകയായിരുന്നു.

ബഹളംകേട്ട് പ്രിന്‍സിപ്പലും ടീച്ചര്‍മാരും ഓടിയെത്തിയപ്പോഴേക്കും റബര്‍ തോട്ടത്തില്‍ ' ഓപ്പറേഷന്‍ കേക്ക് ' നടന്നു  കഴിഞ്ഞിരുന്നു. കാരണം വില്ലന്‍മാരുടെ പുറകെ ഒരു സംഘം കൊതിയന്‍മാരും റബ്ബര്‍ തോട്ടത്തിലേക്ക് ഓടിയിട്ടുണ്ടായിരുന്നു.

Content Highlights: College Christmas Memories