പാശ്ചാത്യനാടുകളിൽ ക്രിസ്മസിന് ക്രിസ്റ്റിംഗിളുകൾ എന്ന ഓറഞ്ച് വിളക്കുകൾ തെളിയിക്കാറുണ്ട്. ഈ ആചാരം ഉണ്ടായതിനെപ്പറ്റിയുള്ള ഒരു കഥ വായിക്കാം...

വർഷങ്ങൾക്കുമുമ്പുള്ള ഒരു ക്രിസ്മസ് രാത്രി. കുട്ടികളെല്ലാം ആവേശത്തിമിർപ്പിലാണ്. അന്നു രാത്രി പള്ളിയിൽ ഉണ്ണിയേശുവിന്റെ തിരുരൂപത്തിന് മുന്നിൽ സമർപ്പിക്കാനുള്ള സമ്മാനങ്ങൾ സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് അവർ. പക്ഷേ, അതേസമയം ആ ഗ്രാമത്തിലെ സഹോദരങ്ങളായ മൂന്ന് കൊച്ചുകുട്ടികൾ യേശുവിന് നൽകാൻ ഒന്നുമില്ലല്ലോ എന്നോർത്ത് കരയുകയായിരുന്നു. അവരുടെ ദാരിദ്ര്യം നിറഞ്ഞ വീട്ടിൽ നാണയത്തുട്ട് പോലുമില്ല.

പള്ളിയിലേക്ക് പുറപ്പെടാനുള്ള സമയമായി. അപ്പോൾ കൂട്ടത്തിൽ മൂത്തവനായ ആൺകുട്ടി എവിടെനിന്നോ ഒരു പഴുത്ത ഓറഞ്ചുമായി എത്തി. അവന്റെ സഹോദരി മുടിയിൽ കെട്ടിയ ചുവന്ന റിബൺ അഴിച്ചെടുത്ത് ഓറഞ്ച് അലങ്കരിച്ചു. ഏറ്റവും ഇളയവനാകട്ടെ ഉണക്കപ്പഴങ്ങൾ കമ്പിൽ കോർത്ത് ഓറഞ്ചിൽ കുത്തിനിർത്തി. അതിനു മുകളിൽ കത്തിച്ചു നിർത്തിയ മെഴുകുതിരിയുമായി അവർ പള്ളിയിലേക്ക് നടന്നു.

പള്ളിയിലെ പുരോഹിതൻ അതിമനോഹരമായ ആ ഓറഞ്ച് വിളക്ക് ഏറെ സന്തോഷത്തോടെ ഉണ്ണിയേശുവിന് മുമ്പിൽ വെച്ചു. മറ്റേതു കുട്ടിയും നൽകിയ സമ്മാനത്തേക്കാൾ മികച്ചതായിരുന്നു ആ ഓറഞ്ച് വിളക്ക്. പുരോഹിതനും പള്ളിയിൽ കൂടിയിരുന്നവരും നിറഞ്ഞ മനസ്സാലെ ആ കുഞ്ഞുങ്ങളെ അനുഗ്രഹിച്ചു. അന്നു മുതലാണത്രേ ക്രിസ്മസ് രാത്രിയിൽ ഓറഞ്ചു വിളക്കുകൾ തെളിയിക്കാൻ തുടങ്ങിയത്.

Content highlights :christmas christingle orange clove in foreign countries