ഈ വിശാലമായ ഗേറ്റ് കടന്നാണ് ഇന്ന് ജ്ഞാനവൃദ്ധനായ അന്നത്തെ 19-കാരന്‍ യുവാവ് പൗരോഹിത്യ ജീവിതത്തിലേക്കുള്ള നക്ഷത്രവെളിച്ചം കണ്ടെത്തിയത്. അതേ കോഴിക്കോട് മലാപ്പറമ്പ് ക്രൈസ്റ്റ് ഹാളില്‍ത്തന്നെ പതിറ്റാണ്ടുകള്‍ക്കുശേഷം അദ്ദേഹം തിരിച്ചെത്തി. 1944 ജൂണിലാണ് ഫാ. ഏബ്രഹാം അടപ്പൂര്‍ ജസ്യൂട്ട് പാതിരിയാവാന്‍ വേണ്ടിയുള്ള പരിശീലനത്തിന് ഇവിടെയെത്തിയത്. ഇന്ന് അദ്ദേഹത്തിന് കോഴിക്കോട്ടെ ആദ്യക്രിസ്മസ്. ഇവിടെയെത്തിയിട്ട് ഒരുവര്‍ഷമാവാറാകുന്നു.
പ്രവര്‍ത്തനകേന്ദ്രം റോമും കൊച്ചിയുമൊക്കെയായപ്പോഴും നന്മയുടെ ഈ നഗരം ക്രിസ്മസ് വിളക്കുപോലെ മനസ്സില്‍ പൂത്തുനിന്നു. വയോധികനായപ്പോള്‍ കൊച്ചി ലൂമിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിട്ട് വിശ്രമം തേടി ഇവിടേക്ക് പോരാന്‍ കൊതിച്ചതും കോഴിക്കോടിനെ അത്രമേല്‍ സ്‌നേഹിക്കയാല്‍.
95-ാം വയസ്സിലും ഈ നഗരത്തോട് പ്രണയമെന്തേ എന്നത് അടപ്പൂരച്ചന് തന്നെ നിശ്ചയം പോരാ. നല്ലയാളുകളാണ്. സ്‌നേഹമുള്ളവര്‍. എന്നെ എഴുത്തുകാരനാക്കിയത് മാതൃഭൂമിയാണ്. മദര്‍ തെരേസയെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എന്‍.വി. കൃഷ്ണവാരിയര്‍ ലേഖനമെഴുതിച്ചു. യുഗോസ്ലാവിയയിലെ സ്‌ക്കോപ്ജില്‍ ജനിച്ച ആഗ്‌നസിനെക്കുറിച്ച് അന്ന് മലയാളികള്‍ക്ക് കാര്യമായൊന്നും അറിയില്ലായിരുന്നു. പിന്നെ എത്ര ലേഖനങ്ങള്‍ എന്ന് ഫാ. അടപ്പൂരിനു തന്നെ നിശ്ചയമില്ല. 26 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. 'ഇന്ന് രോഗികളുടെ കൂട്ടായ്മയുടെ ഭാഗമാണ്. വീല്‍ച്ചെയറിലിരുന്നാണെങ്കിലും ക്രിസ്മസ് ആഘോഷിക്കും. ഒപ്പം ഇരുപതോളം വൈദികരുണ്ട്. ഏറ്റവും പ്രായം കൂടുതലുള്ളയാളാണ് ഞാന്‍. പക്ഷേ, ആരോഗ്യപ്രശ്‌നങ്ങളില്ല. ദൈവാധീനത്താല്‍ അവശനല്ല.' - ചെറുചിരിയോടെ ഫാദര്‍ പറയുമ്പോള്‍ ഒപ്പമുള്ള ഫാ. ജോസ് തൈപ്പറമ്പിലും ഫാ. കെ.ജെ. തോമസുമൊക്കെ ശരിവെക്കുന്നു.
പ്രോവിന്‍ഷ്യല്‍ ഹൗസില്‍ പുല്‍ക്കൂടൊരുക്കും. അതത് വര്‍ഷത്തെ പ്രധാനചിന്തയായിരിക്കും വിഷയം. കഴിഞ്ഞവര്‍ഷം പ്രളയമായിരുന്നു. കോവിഡ്കാലം ആണെങ്കിലും ക്രിസ്മസിന് ചെറിയ ആഘോഷമുണ്ട്.
എല്ലാ വൈദികരും ചേര്‍ന്ന് ചാപ്പലില്‍ കുര്‍ബാനയര്‍പ്പിക്കും-വീല്‍ച്ചെയറിലുള്ള ആറുപേരുള്‍പ്പെടെ. ക്രിസ്മസ് ദിനത്തില്‍ വൈകുന്നേരം. അതിനുമുമ്പ് ഒരുക്കമായി പ്രാര്‍ഥനാ ദിനമുണ്ട്.
മൂന്നുനാള്‍ ധ്യാനമുണ്ട്. വ്യക്തിഗതപ്രാര്‍ഥനയും കുമ്പസാരവുമുണ്ട്. വൈദിക ഭവനത്തിലെ ജീവനക്കാര്‍ക്കൊപ്പം വിഭവസമൃദ്ധമായ ക്രിസ്മസ് സദ്യയുണ്ടാവും. അവര്‍ക്ക് ക്രിസ്മസ് സമ്മാനം കൈമാറും.
Content Highlights: Christmas Celebrations and Memories