കോഴിക്കോടിന്റെ ഒരു മലയോര ഗ്രാമത്തിലാണ് എന്റെ വീട്. ആ പ്രദേശത്ത് വീട്ടിലേക്ക് പോകുന്ന വഴിയിലെ ബഥനി കോണ്‍വെന്റ് എന്നും മനസിന് നല്ലോര്‍മ്മകള്‍ നല്‍കുന്ന സ്ഥലമായിരുന്നു. വൈകുന്നേരങ്ങളില്‍ ക്ലാസ്സ് കഴിഞ്ഞു ബസ്സിറങ്ങി വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ കോണ്‍വെന്റിലേക്കുള്ള സിസ്റ്ററും ഉണ്ടാക്കാറുണ്ട്. ഞങ്ങള്‍ വീട്ടിലെയും പഠിത്തത്തിന്റെയും വിശേഷങ്ങളെല്ലാം പറഞ്ഞുകൊണ്ടങ്ങനെ നടക്കും.
കോണ്‍വെന്റിന്റെ മുന്‍പിലത്തെ ഗേറ്റ് പകല്‍ സമയങ്ങളില്‍ തുറന്നിടാറുണ്ട്. ആ ഗേറ്റിലൂടെ നോക്കിയാല്‍ കോണ്‍വെന്റിന്റെ മുറ്റത്തിന് ഇരുവശങ്ങളിലുമുള്ള പല നിറത്തിലുള്ള ചെടികളും പൂക്കളും ആ വഴിയെ പോകുന്ന എല്ലാവരുടെയും മനസ്സ് നിറയ്ക്കും. വസന്തം ആ മുറ്റത്തു നിന്നും മാഞ്ഞു പോകാറില്ല. അവിടെയുള്ള മാലാഖമാരെ പോലെ തന്നെ ഏതു കാലത്തും പൂമ്പാറ്റകളും തുമ്പികളും വണ്ടുകളും ചിറകു വിടര്‍ത്തി പാറിപാറി നടക്കാറുണ്ട്. സിസ്റ്റേഴ്‌സും പഠിക്കാന്‍ വന്ന കുട്ടികളും അത്ര നന്നായിട്ടാണ് പൂന്തോട്ടം പരിപാലിക്കുന്നത്. അവര്‍ വൈകുന്നേരങ്ങളില്‍ ചെടികള്‍ നനച്ചും പുതിയ ചെടിനട്ടും മുറ്റത്തുണ്ടാകും. വൈകുന്നേരങ്ങളില്‍ ആ മുറ്റത്തുള്ള യേശുവിന്റെയും മാതാവിന്റെയും രൂപങ്ങള്‍ക്ക് മുന്‍പില്‍ മെഴുകുതിരികളുണ്ടാക്കും.
ഒരു ധനു മാസത്തില്‍ കോണ്‍വെന്റിലെ രണ്ടു സിസ്റ്റര്‍മാര്‍ വീട്ടില്‍ വന്നിരുന്നു. ആ വര്‍ഷത്തെ ക്രിസ്മസ് ആഘോഷത്തിന് കോണ്‍വെന്റിന്റെ ചുറ്റുമുള്ള വീടുകളെ കൂടി ക്ഷണിക്കാനായിരുന്നു വന്നത്. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവര്‍ ക്രിസ്മസ് ഇത്രയും ആഘോഷമാക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആന്റി അവിടെ ടൈലറിങ് പഠിക്കാന്‍ പോയിരുന്നു. ഇന്ന് എസ്.എസ്.എല്‍.സി കഴിഞ്ഞ ഇരിക്കുമ്പോള്‍ മക്കളെ ഒരു കംപ്യൂട്ടര്‍ കോഴ്‌സിനു ചേര്‍ക്കുന്നത് പോലെയായിരുന്നു അന്ന് എസ്.എസ്.എല്‍.സി കഴിഞ്ഞാല്‍ ടൈലറിങ് പഠിക്കുന്നത്. കോണ്‍വെന്റില്‍ ഒരു വലിയ സ്റ്റിച്ചിങ് യൂണിറ്റ് തന്നെയുണ്ടായിരുന്നു. അവിടെ പഠിക്കുമ്പോള്‍ ആന്റിയും ക്രിസ്മസ് പരിപാടിയിലെല്ലാം പങ്കെടുത്തു. അത് കാണാന്‍ വീട്ടില്‍ നിന്നും ഞങ്ങളെല്ലാവരും പോകും. അന്ന് അഞ്ചു വയസ്സുള്ള എനിക്ക് പുതിയ ചിറകുകള്‍ കൂടി കിട്ടിയ പോലെയായിരുന്നു ആ ക്രിസ്മസ്. ഞങ്ങള്‍ കുട്ടികളെല്ലാവരും കോണ്‍വെന്റിന്റെ മുറ്റത്തിലൂടെ ഓടി കളിച്ചു. അന്ന് ആദ്യമായാണ് ഞാന്‍ പുല്‍ക്കൂടും നക്ഷത്രങ്ങളും കാണുന്നത്. അച്ഛമ്മയുടെ കൂടെ പലതവണ അവിടെ പോയിട്ടുണ്ടെങ്കിലും ഓടിനടക്കാന്‍ അനുവാദം കിട്ടാറില്ല . ഒരു കൈ എപ്പോഴും അച്ഛമ്മ പിടിച്ചിട്ടുണ്ടാകും. അന്നെല്ലാം കോണ്‍വെന്റില്‍ ചെല്ലുമ്പോള്‍ അവിടുള്ള മദറും സിസ്റ്റര്‍മാരും സ്‌നേഹത്തോടെ എന്നോട് സംസാരിക്കും കൂടെ മിഠായിയും തരും. ഞാന്‍ അധികമൊന്നും സംസാരിക്കാത്തതിനാല്‍ മദര്‍ അച്ഛമ്മയോട് എന്നെ പറ്റി ചോദിച്ചു. അപ്പോഴാണ് മദര്‍ എന്റെ കൈ പിടിച്ചുകൊണ്ട് വാത്സല്യത്തോടെ പറഞ്ഞത് മിടുക്കി കുട്ടിയാവണം, നീ യേശുവിനെ പോലെ ധനുമാസത്തിലാണല്ലോ ജനിച്ചതെന്ന്. അതെനിക്ക് പുതിയൊരു അറിവായിരുന്നു. പിന്നീട് ആഘോഷങ്ങള്‍ക്ക് വന്നു വിളിക്കുമ്പോള്‍ പോകുവാന്‍ അന്നത്തെ ആ ഓര്‍മ്മകള്‍ കൊണ്ട് വല്ലാത്തൊരു ഇഷ്ടമായിരുന്നു. മുതിര്‍ന്നപ്പോഴും പിന്നെ ആ പതിവ് തെറ്റിച്ചില്ല.
ക്രിസ്മസിന്റെ തലേദിവസം വൈകുന്നേരത്തെ ആഘോഷങ്ങളിലേക്കാണ് ഞങ്ങളെയെല്ലാം ക്ഷണിച്ചിരുന്നത്. നാട്ടുകാരായ കുട്ടികളുടെ പാട്ടും ഡാന്‍സുമെല്ലാം ഉണ്ടായിരുന്നു. കുറെയേറെ ഗെയിമുകള്‍ക്ക് ശേഷം ആഘോഷങ്ങളുടെ അവസാനമായി വന്നവരെയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു സര്‍പ്രൈസ് ഗെയിം അനൗണ്‍സ് ചെയ്തു. ഗെയിമിനു വേണ്ടി ഡിസംബറില്‍ ബര്‍ത്‌ഡേയുള്ളവരോടെല്ലാം എഴുന്നേറ്റു നില്ക്കാന്‍ പറഞ്ഞു. ഞാന്‍ അടക്കം കുറച്ചുപേരെല്ലാം എഴുന്നേറ്റു നിന്നു. ഓരോരുത്തരോടായി ജന്മദിനം പറയാന്‍ പറഞ്ഞു. എല്ലാവരും പറഞ്ഞതിന് ശേഷം ക്രിസ്മസിന്റെ ഏറ്റവും അടുത്ത ദിവസം ജന്മദിനമുള്ള ആള്‍ക്ക് ഒരു ഗിഫ്റ്റ് കൊണ്ടുവന്നു. അത് എന്റെ നേര്‍ക്ക് തന്നെയായിരുന്നു. എനിക്ക് ആ പഴയ അഞ്ചു വയസ്സുകാരിയെ വീണ്ടും ഓര്‍മ്മവന്നു..... അവിടെ പോകാന്‍ ഒരുപാട് ഇഷ്ടമുള്ള, പണ്ട് മദര്‍ പറഞ്ഞ ധനുമാസത്തില്‍ പിറന്ന എനിക്ക് തന്നെ ആ ഗിഫ്റ്റ് കിട്ടി. ധനു മാസത്തിനുള്ള സമ്മാനം.
Content Highlights: Christmas 2020 Christmas Memories