രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സംഭവം. ഡിസംബറിന്റെ തുടക്കമായിട്ടേയുള്ളൂ. കുറുമ്പനാടത്ത് അമ്മയുടെ വീട്ടില്‍ നിന്നാണ് (മൂലയില്‍ വീട്) പഠനം. ജോയിക്കുട്ടിയങ്കിള്‍ പുല്‍ക്കൂടിനുള്ള ഒരുക്കങ്ങള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. അത്താഴത്തിന് (രാത്രിയിലത്തെ ഭക്ഷണം) അന്ന് അമ്മച്ചി (അമ്മയുടെ അമ്മ) സ്പെഷ്യല്‍ ആയി ഉണക്ക നങ്ക് മീന്‍ (മാന്തള്‍ ) വറുത്തതാണ് ഉണ്ടാക്കിയത്.
സന്ധ്യാപ്രാര്‍ത്ഥനയൊക്കെ കഴിഞ്ഞ് അമ്മച്ചി മീന്‍ വറക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഞാനും കൂടെകൂടി. വറുത്ത് കോരുന്ന മീനുകളില്‍ നിന്ന് ഓരോ കഷണങ്ങള്‍ പെറുക്കി തീറ്റ തുടങ്ങി. സഹികെട്ട് അമ്മച്ചി ചട്ടുകത്തിന് അടിക്കാന്‍ വന്നപ്പോഴാണ് അവിടെ നിന്ന് ഓടിയത്.
വൈകാതെ എല്ലാവരും അത്താഴം കഴിച്ച് തുടങ്ങി. ഭക്ഷണം കഴിച്ച് പകുതിയായപ്പോഴേക്കും എനിക്ക് ഭയങ്കരമായി എക്കിള്‍ എടുക്കാന്‍ തുടങ്ങി. 'കുറച്ച് വെള്ളമെടുത്ത് കുടിക്ക് മോനേ... അമ്മച്ചി പറഞ്ഞു. രണ്ട് ഗ്ലാസ് വെള്ളം കുടിച്ചിട്ടും രക്ഷയൊന്നുമില്ല. എക്കിള്‍ തന്നെ എക്കിള്‍. ഏലിയാമ്മയാന്റി തലയ്ക്കു തട്ടുന്നു... അന്നക്കുട്ടിയാന്റി വിഷമത്തോടെ പുറം തിരിയുന്നു. അങ്കിളുമാരും വിഷമത്തിലാണ്. ഞാനാകട്ടെ എക്കിളുകൊണ്ട് ഞെളിപിരി കൊള്ളുകയും.
' ജോയിക്കൂട്ടീ, പോയി വല്ല വണ്ടീം വിളിച്ചോണ്ടു വാ'... അമ്മച്ചി പറഞ്ഞു. അപ്പോള്‍ രാത്രി എട്ടരയോളുമായി. വൈദ്യുതിയെത്തിയിട്ടില്ലാത്ത അക്കാലത്ത് നാട്ടിന്‍പുറങ്ങല്‍ എട്ടരയെന്നാല്‍ പാതിരാത്രിയാണ്. ഇതിനിടെ ബഹളം കേട്ട് അപ്പുറത്തെ വീട്ടില്‍ നിന്നും തൈപ്പറമ്പിലെ ടോമിച്ചനങ്കിളും എത്തി. വലിയപറമ്പില്‍ നിന്ന് അച്ചനും.
ജോയിക്കുട്ടിയങ്കിളും ടോമിച്ചനങ്കിളും കൂടി വണ്ടി വിളിക്കാന്‍ ഓടി. അന്ന് തോട്ടയ്ക്കാട് അമ്പലക്കവല ഭാഗത്താണ് ടാക്സി കാര്‍ ഉള്ളത്. ഓട്ടോറിക്ഷയൊന്നും പ്രചാരത്തിലായിട്ടില്ല. അങ്കിളുമാര്‍ രണ്ടുപേരുംകൂടി സൈക്കിളില്‍ പാഞ്ഞു.് അരമണിക്കൂറിനുള്ളില്‍ ടാക്സിയെത്തി. അപ്പോഴേക്കും എക്കിളെടുത്ത് ഞാനൊരു പരുവമായിക്കഴിഞ്ഞിരുന്നു. തളര്‍ന്ന് കിടന്ന എന്നെ ആന്റിമാര്‍ എടുത്ത് കാറില്‍ കയറ്റി. ഒരുവണ്ടിയില്‍ കൊള്ളാവുന്ന ആളുകളും കയറി . നേരെ മാങ്ങാനം മന്ദിരം ആശുപത്രിയിലേക്ക്.
ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ പരിശോധിക്കുന്നതും ഒക്കെ ഒരു മങ്ങിയ ഓര്‍മപോലെ ഇപ്പോഴുമുണ്ട്. തിരിച്ച് എപ്പോഴാണ് മൂലയിലെ വീട്ടിലെത്തിയതെന്നൊന്നുമറിയില്ല. കണ്ണു തുറക്കുമ്പോള്‍ വീട്ടിലെ കട്ടിലിലാണ്. ചേട്ടനും ഷൈനിമോളുമൊക്കെ (കസിന്‍) എന്നെ സഹതാപത്തോടെ നോക്കുന്നുണ്ട്. ഞാന്‍ ഉണര്‍ന്നതറിഞ്ഞ് അമ്മച്ചിയും ഏലിയാമ്മ (അമ്മയുടെ അനുജത്തി)യാന്റിയുമൊക്കെ ഓടിയെത്തി. 'മോന്‍ കിടന്നോ ...കുറച്ച് കഴിഞ്ഞ് കാപ്പിതരാം..' അന്ന് മുതല്‍ എനിക്ക് പ്രത്യേക പരിഗണനയാണ്. എന്താണ് കാര്യമന്നൊന്നും മനസ്സിലായില്ല. രാവിലത്തെ ഭക്ഷണമൊക്കെ കഴിഞ്ഞപ്പോള്‍ ആന്റിമാരാണ് പറഞ്ഞത്. ഇനി ക്രിസ്മസ് അവധി കഴിഞ്ഞ് സ്‌കൂളില്‍ പോയാല്‍ മതി എന്ന് . കാര്യമൊന്നും മനസ്സിലായില്ലെങ്കിലും പരീക്ഷ എന്ന പരീക്ഷണത്തില്‍ നിന്ന് ഒഴിവായതിലും ക്രിസ്മസ് അവധി നേരത്തെ കിട്ടിയതിലും ഉള്ള സന്തോഷത്തിലായി ഞാന്‍.
അവധി കിട്ടിയതിന്റെ ആഹ്‌ളാദം അടങ്ങിയത് പെട്ടെന്നാണ്. എന്നെ കളിക്കാനും അപ്പുറത്തെ വീടുകളില്‍ പോകാനുമൊന്നും ആന്റിമാര്‍ സമ്മതിക്കുന്നില്ല. ചോദിച്ചപ്പോള്‍ ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെന്ന് മറുപടി. ആന്റിമാരെ അനുസരിച്ചില്ലെങ്കില്‍ നല്ല നുള്ള് കിട്ടും. അതിനാല്‍ ഞാന്‍ നല്ലകുട്ടിയായി വീട്ടില്‍ തന്നെ ഇരുന്നു.
Read more... ഈന്തോലകളില്‍ വീണ കണ്ണീരില്‍ ഒരു ക്രിസ്മസ് ഓര്‍മ
ഇതിനിടയില്‍ അയല്‍പക്കത്തെ അമ്മാമ്മമാരും ആന്റിമാരുമൊക്കെ എന്റെ വിവരങ്ങള്‍ തിരക്കി വരുന്നുണ്ട്. എന്താ മോനേ ...സുഖമാണോ എന്ന് ചോദ്യത്തിനുശേഷം സ്ത്രീകള്‍ തമ്മിലാകും സംസാരം. അവരുടെ സംഭാഷണത്തിന്റെ ഇടയിലാണ് എക്കിളുണ്ടാക്കിയ പ്രതിസന്ധിയെക്കുറിച്ച് കേട്ടത്. ' ആന്റി അപ്പുറത്തെ അമ്മാമ്മയോട് പറയുകയാണ് 'കൃത്യസമയത്തു തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. കുറച്ചു കൂടി വൈകിയുരുന്നെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോയേനെയെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.' ഒരു രണ്ടാം ക്ലാസുകാരന് ഇതിന്റെ ഗൗരവം എന്ത് മനസ്സിലാകാന്‍. ഇതൊന്നും ശ്രദ്ധിക്കാതെ ഞാന്‍ കളി തുടര്‍ന്നു.(എന്തായിരുന്നു പ്രശ്നമെന്ന് മുതിര്‍ന്നപ്പോള്‍ ഞാന്‍ ചോദിച്ചുമില്ല ... ഓര്‍മയില്‍ നിന്ന് ആ സംഭവങ്ങള്‍ അന്നേ മാഞ്ഞു പോയിരുന്നു.പക്ഷേ അന്ന് കിട്ടിയ പരിഗണന ഇപ്പോഴും ഓര്‍ക്കും. അതിന് കാരണം അക്കൊല്ലം കിട്ടിയ ക്രിസ്മസ് പടക്കങ്ങളാണ്).
ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയതിനു പിന്നാലെ അച്ചാച്ചനും അമ്മയും മാടപ്പള്ളിയില്‍ നിന്നും വന്നു. എന്നെ ശുശ്രൂഷിച്ചുകൊണ്ട് അമ്മ കുറെ ദിവസം നിന്നു. മാടപ്പള്ളിയില്‍ വീടു പണി നടക്കുന്നതിനാല്‍ അച്ചാച്ചന്‍ പെട്ടെന്ന് മടങ്ങി. ക്രിസ്മസിന് മൂന്ന് ദിവസം മുമ്പാണ് ഇനി മന്ദിരം ആശുപത്രിയില്‍ പോകേണ്ടത്. അന്ന് ആശുപത്രിയില്‍ കൊണ്ടു പോകാന്‍ അച്ചാച്ചന്‍ വരാമെന്ന് തീരുമാനമായി. ചേട്ടനും ഷൈനിയുമൊക്കെ പരീക്ഷയ്ക്കായി പഠിക്കുമ്പോള്‍ ഞാന്‍ അങ്ങനെ കളിയും ചിരിയുമായി നടന്നു.
ഡിസംബര്‍ 22നാണ് ആശുപത്രിയില്‍ പോകേണ്ടത്. മാടപ്പള്ളിയില്‍ നിന്നും അച്ചാച്ചന്‍ തലേ ദിവസം തന്നെയെത്തി. പിറ്റേന്ന് രാവിലെ തന്നെ ഞങ്ങള്‍ രണ്ടാളും ധന്യ ബസില്‍ മാങ്ങാനത്തേക്ക് യാത്ര തിരിച്ചു. സ്വതവേ ഗൗരവക്കാരനായ അച്ചാച്ചന്‍ അന്ന വളരെ സ്നേഹത്തോടയും കനിവോടെയുമാണ് ഇടപെട്ടത്. മന്ദിരം സ്റ്റോപ്പില്‍ ഇറങ്ങിയ ഉടന്‍ തന്നെ അടുത്തുള്ള ഹോട്ടലില്‍ നിന്നും അപ്പവും മുട്ട റോസ്റ്റും വാങ്ങിച്ചു തന്നു. ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട് പരിശോധനകളെല്ലാം കഴിഞ്ഞപ്പോള്‍ ഉച്ചയായി. ഉച്ചയ്ക്കും നല്ല ഭക്ഷണം വാങ്ങിത്തന്നു.
ഉച്ചഭക്ഷണം കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് ഹോട്ടലിനെതിര്‍വശത്തുള്ള ചെരിപ്പുകടയില്‍ നല്ല സുന്ദരന്‍ ചെരിപ്പുകള്‍ ഇരിക്കുന്നു. 'മോനു ചെരിപ്പു വേണോ? ഞാന്‍ തലയാട്ടി. റബ്ബര്‍ ചെരിപ്പിനു പകരം ബാറ്റയുടെ വള്ളി വലിച്ചുകെട്ടുന്ന സുന്ദരന്‍ ചെരിപ്പിലേക്ക് എന്റെ കാലുകള്‍ക്ക് സ്ഥാനക്കയറ്റം. കാലില്‍
സ്റ്റൈലന്‍ ചെരിപ്പുമിട്ട് അച്ചാച്ചന്റെ ദേഹത്തോട് ചേര്‍ന്നിരുന്ന് ഐശ്വര്യ ബസില്‍ പൈലിക്കവലയിലേക്കുള്ള മടക്കയാത്ര ഇപ്പോഴും തെളിച്ചത്തോടെ ഓര്‍ക്കുന്നുണ്ട്.
മൂലയില്‍ വീട്ടിലെത്തിയതോടെ അച്ചാച്ചന്റെ ഒപ്പം മാടപ്പള്ളി ഇയ്യാലിയിലെ വീട്ടിലേക്ക് പോകണമെന്നായി ഞാന്‍. അമ്മ ഇതിനിടെ മാടപ്പള്ളിയിലേക്ക് തിരിച്ചു പോയിരുന്നു .അച്ചാച്ചന്റെ ഒപ്പം ഞാന്‍ ഇയ്യാലിയിലേക്ക് തിരിച്ചു.
തെങ്ങണയില്‍ വണ്ടി ഇറങ്ങിയപ്പോഴാണ് പടക്കകട കാണുന്നത്. അക്കാലത്തെ ഭയങ്കരന്‍മാരായ ഓലപ്പടക്കത്തോട് അന്നും ഇന്നും പേടിയാണ്. പകുതി പൊട്ടാതെ ശൂ... ആയി പോകുന്ന ബീഡിപ്പടക്കത്തിനോടു പോലും പേടിയായിരുന്നു. പിന്നെ ആശ്രയം കമ്പിത്തിരിയും മ്ത്താപ്പുവും കുടച്ചക്രവും ഒക്കെയാണ്. ഇവയൊക്കെ വേണമെന്ന് അച്ചാച്ചനോട് വാശി പിടിച്ചു. നാളെ വാങ്ങിത്തരാമെന്ന ഉറപ്പില്‍ വീട്ടിലേക്ക് തിരിച്ചു.
മാടപ്പള്ളി വീട്ടിലെത്തിയതോടെ എന്നെക്കാണാന്‍ ബന്ധുക്കളായ ആന്റിമാരുടെയും അ്മ്മാമ്മമാരുടെയും ഒരു പട തന്നെയെത്തി. കുഞ്ഞാന്റി(അച്ചാച്ചന്റെ സഹോദരി) എന്റെ തലമുടികളിലൂടെ വിരലോടിക്കുന്നു. ആലീസാന്റി മുഖത്ത് തടവുന്നുണ്ട്. കുഞ്ഞമ്മാമ്മ സ്നേഹത്തോടെ എന്തൊക്കെയോ പറയുന്നുണ്ട്. കൈവിട്ടുപോകേണ്ടിയിരുന്ന കുട്ടിയെ തിരിച്ചു കിട്ടിയതിനുള്ള സ്നേഹപ്രകടനങ്ങളായിരുന്നു ഇതൊക്കെയെന്ന് അന്നത്തെ രണ്ടാം ക്ലാസുകാരന് മനസ്സിലായിരുന്നില്ല .
പിറ്റേന്ന് രാവിലെ തന്നെ അച്ചാച്ചന്‍ മാമ്മൂട്ടില്‍ നിന്ന് ഈറ്റകൊണ്ടുണ്ടാക്കിയ പലനിറങ്ങളിലുള്ള കടലാസുകള്‍ ഒട്ടിച്ച നക്ഷ്രതം വാങ്ങിക്കൊണ്ടു വന്നു. മുറ്റത്തെ മരക്കൊമ്പില്‍ അത് തൂക്കി. ഇതിനിടെ ഞാന്‍ പടക്കത്തിന് ശല്ല്യം ചെയ്യുന്നുമുണ്ട്. 'എടാ ഞാന്‍ നാലുമണിക്ക് വാങ്ങിക്കൊണ്ടു വരാം'. അച്ചാച്ചന്‍ ഉറപ്പ് നല്‍കി.
ഉച്ചകഴിഞ്ഞ് അച്ചാച്ചന്‍ ചങ്ങനാശ്ശേരിക്ക് യാത്രയായി. ക്രിസ്മസിനുള്ള സാധനങ്ങള്‍ വാങ്ങിക്കുകയാണ് ലക്ഷ്യം. അഞ്ച് മണികഴിഞ്ഞപ്പോഴേക്കും വലിയ രണ്ട് കെട്ടുകളുമായി അച്ചാച്ചന്‍ തിരിച്ചെത്തി. ഒരു കെട്ട് എന്റെ കയ്യില്‍ തന്നു. തുറന്ന് നോക്കിയപ്പോള്‍ സന്തോഷം കൊണ്ട് എന്റെ കണ്ണ് തള്ളിപ്പോയി. നിറയെ മത്താപ്പൂകളും കുടച്ചക്രങ്ങളും കമ്പിത്തിരികളും ചെറിയ റോക്കറ്റുകളുമൊക്കെ. പേരിന് കുറച്ച് ബീഡിപ്പടക്കങ്ങളുമുണ്ട്.
അന്ന് വൈകിട്ട് കുഞ്ഞാന്റിക്കും മറ്റ് കുട്ടികള്‍ക്കുമൊപ്പം കമ്പിത്തിരിയും മത്താപ്പുവും കുടച്ചക്രവും ഇഷ്ടം പോലെ കത്തിച്ചു. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴത്തെ ക്രിസ്മസ് ആഘോഷം എന്റ ഓര്‍മയിലില്ല. പക്ഷേ രണ്ടാം ക്ലാസിലെ മാടപ്പള്ളി വീട്ടിലെ ക്രിസ്മസ് ഇന്നും മായാതെ തിളക്കമോടെയുണ്ട്. ഒരു സുഖക്കേടുകാരന്‍ കുട്ടി എല്ലാവരുടെയും സ്നേഹപരിലാളനങ്ങള്‍ ഏറ്റുവാങ്ങി ആഘോഷിച്ച ആദ്യത്തെ ക്രിസ്മസായിരുന്നല്ലോ അത്...
Content Highlights: Christmas 2020 Christmas Childhood memories