കാപ്പിപ്പൂ മണമുള്ള നക്ഷത്ര രാവുകള്‍ ഓര്‍മ്മയിലുണരുമ്പോള്‍ തന്നെ ദേഹമാസകലം തണുപ്പരിഞ്ഞിറങ്ങാറുണ്ട്. കുറച്ചുവര്‍ഷങ്ങളായി -കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളായി ഡിസംബര്‍ ഓര്‍മ്മകളുടെ കാലമാണ്. ഡിസംബര്‍ മാത്രമല്ല, ഓണം, വിഷു ഈസ്റ്റര്‍ തുടങ്ങി ആഘോഷ സമയങ്ങളൊക്കെയും അങ്ങനെ തന്നെ. ക്രിസ്തുവിനു മുന്‍പും പിന്‍പും എന്നു പറയുന്ന പോലെ അപ്പനൊപ്പവും അപ്പനുശേഷവും എന്ന് എന്റെ കാലചക്രത്തെ കൃത്യമായി വിഭജിക്കാന്‍ കഴിയും. കാരണം, ഒരു അപ്പനെന്നതിലുപരി അദ്ദേഹം എനിക്ക് ആരെല്ലാമോ എന്തൊക്കെയോ ആയിരുന്നു. ആശയപരമായുള്‍പ്പെടെ അത്രമേല്‍ ഞാന്‍ ആശ്രയിച്ചിട്ടുള്ള, എന്നെ സ്വാധീനിച്ചിട്ടുള്ള മറ്റൊരു വ്യക്തിയും ഉണ്ടായിട്ടില്ല എന്നതാണ് സത്യം. അതുകൊണ്ടൊക്കെത്തന്നെ പപ്പയ്ക്കൊപ്പമുള്ള ക്രിസ്മസുകള്‍ ആഘോഷവേളകളും പപ്പയുടെ മരണശേഷമുള്ളവയൊക്കെ ഓര്‍മ്മകളുടെ ക്രിസ്മസും ആണ്.
തണുത്തുറഞ്ഞ മഞ്ഞു കാറ്റേറ്റ് വരാന്തയില്‍ രാത്രി നോക്കിയിരിക്കുന്ന ദിവസങ്ങളില്‍ കണ്ണുടക്കുന്ന ചിലതുണ്ട്. വീടിനു മുന്‍പില്‍ തൂക്കിയിരിക്കുന്ന പല നിറങ്ങളില്‍ മിന്നിമറയുന്ന വാല്‍നക്ഷത്രം, മുളംകമ്പില്‍ ഉണക്കപ്പുല്ല് ചേര്‍ത്തുക്കെട്ടിയുണ്ടാക്കിയ പുല്‍ക്കൂട്, അതിനുള്ളിലെ ഒരു ചിറകൊടിഞ്ഞ മാലാഖ, നിറം മങ്ങിത്തുടങ്ങിയ ഉണ്ണി... പിന്നെയും ഒരുപാട്. അപ്പോഴൊക്കെ മനസ്സുടക്കി പോകുന്ന ചില ഓര്‍മ്മപ്പൊട്ടുകളുണ്ട്. സാധനങ്ങള്‍ നിറഞ്ഞ കവര്‍ കയ്യില്‍ തൂക്കി വീട്ടുമുറ്റത്തേക്ക് നട കയറിവരുന്ന അഞ്ചടി പതിനൊന്നു ഇഞ്ചുള്ള ഒരു സ്നേഹരൂപം, ഓര്‍മ്മ വെയിലില്‍ മിന്നുന്ന അങ്ങിങ്ങു നരകയറിയ മുടിയിഴകള്‍, കവറിലെ പൊതികള്‍ ഓരോന്നായി അഴിച്ച് കണ്ടു തൃപ്തിയടയുന്ന പതിന്നാലുകാരി, പൂത്തിരി ഇത്രയും പോരെന്ന് പരാതിപ്പെടുന്ന പന്ത്രണ്ടുകാരന്‍, വെളിച്ചെണ്ണ പുതഞ്ഞ, മസാല പുരണ്ട ഉലര്‍ത്തിയ പോത്തിറച്ചി കഷണം വായിലേക്ക് നീട്ടി, 'ഒരു ദിവസം മുന്നേ നോമ്പു പൊട്ടിച്ചെന്നോര്‍ത്ത് കര്‍ത്താവ് പിണങ്ങത്തില്ലെന്റെ പെണ്ണേ” എന്നു പറഞ്ഞുള്ള പൊട്ടിച്ചിരികള്‍, അപ്പുറത്തെ വീട്ടില്‍ ഒന്നെങ്കില്‍ ഇവിടെ രണ്ട് എന്ന കണക്കില്‍ പൊട്ടിച്ചെറിയുന്ന പല പേരുള്ള പടക്കങ്ങള്‍, "കൈ പൊള്ളല്ലേ' എന്ന് ഇടയ്ക്കിടയ്ക്ക് ആവലാരിപ്പെടുന്ന അമ്മരൂപം, നല്ല സ്വപ്നങ്ങള്‍ മാത്രം നിറയുന്ന പാതിമയക്കത്തിന്റെ പാതിരാ കുര്‍ബാനകള്‍.... ഓര്‍മ്മ കൂനയ്ക്ക് ആകാശം മുട്ടെയാണ് പൊക്കം.
ഓര്‍മ്മകള്‍ ഒരുപാടുള്ളതുകൊണ്ട് തന്നെയാവണം, മനസ്സു നിറയ്ക്കുന്ന നല്ല നിമിഷങ്ങളെയൊക്കെ ഇന്നെനിക്ക് ഭയമാണ്. പപ്പയുടെ വേര്‍പാടിനടുത്ത ചില ക്രിസ്മസ് ദിനങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ശ്വാസംമുട്ടുന്ന പോലെ. കഴിഞ്ഞുപോയ നല്ല യുഗത്തിന്റെ ഓര്‍മ്മകള്‍ക്കുള്ളില്‍ തനിച്ചിരിക്കുന്നതാണ് എന്റെ ആഘോഷമെന്ന് ഇടയ്ക്കൊക്കെ തോന്നും. ഒന്‍പതു വര്‍ഷങ്ങള്‍ക്കുശേഷവും അനുഭവപ്പെടുന്ന ശൂന്യത-എല്ലാ സന്തോഷങ്ങളുടെയും കാരണവും കേന്ദ്രവും പപ്പ ആയിരുന്നുവെന്ന് എന്നെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. വര്‍ഷങ്ങളെത്ര കഴിഞ്ഞാലും,പല മാനങ്ങളിലുള്ള സന്തോഷവുമായി ആളുകളെത്ര എന്നിലേയ്ക്ക് വന്നാലും ഈ ശൂന്യതയുടെ വിടവ് കുറയുന്നില്ല, കൂടുതല്‍ തെളിഞ്ഞതാവുന്നതേയുള്ളൂ. ആത്മാവുള്ള ആഘോഷങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ ഒപ്പമുണ്ടാകണം. ഓര്‍മ്മകളുടെ ഓരോ ക്രിസ്മസും കുറച്ചധികം നഷ്ടബോധത്തോടെ എന്നോട് പറയാറുണ്ട്, "അപ്പന്‍, ഇത്ര നല്ല അപ്പനാവണ്ടായിരുന്നു'.
Content Highlights: Christmas 2020 Childhood Christmas memories