ക്രിസ്മസ് ട്രീയും കാർഡും കേക്കും കരോളുമൊക്കയാണ് ക്രിസ്മസ് ആഘോഷങ്ങളെ വേറിട്ടതാകുന്നത്. എന്നാൽ ഇവയിൽ പലതും വന്നത് ക്രിസ്തുവിനു മുമ്പുള്ള ആഘോഷങ്ങളിൽ നിന്നാണ്. അറിയാം ക്രിസ്മസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വന്ന വഴി

ക്രിസ്മസ് കരോൾ

ക്രിസ്മസ് കാലത്ത് പ്രത്യേക ഈണത്തിലും താളത്തിലും പാടാറുള്ള കരോൾ ഗാനങ്ങൾ കേൾക്കാത്തവരുണ്ടാവില്ല. എന്നാൽ ക്രിസ്തുവിനു വളരെ മുമ്പേ ഗ്രീക്കുകാരുടെ നാടകങ്ങളിലും മറ്റും ഉണ്ടായിരുന്ന പാട്ടുകളാണ് കരോൾ എന്നതാണ് വാസ്തവം!

റോമാക്കാരാകട്ടെ, ഇതേ രീതിയിലുള്ള ഗാനങ്ങൾ തങ്ങളുടെ 'സാറ്റേണാലിയ' ഉത്സവത്തിനും പാടാൻ തുടങ്ങി. വൈകാതെ, സ്റ്റേജിലെ ചില പ്രത്യേകതരം നൃത്തങ്ങളോടൊപ്പം പാടുന്ന പാട്ടായി കരോൾ!

ക്രിസ്തുമതം യൂറോപ്പിൽ പ്രചരിച്ചപ്പോൾ, ക്രിസ്തുവിന്റെ ജനനത്തെയും മറ്റും കുറിച്ചുള്ള കരോൾ ഗാനങ്ങൾ ലത്തീൻ ഭാഷയിൽ വന്നു. എങ്കിലും പഴയ മറ്റു മതക്കാരുടെ ആഘോഷമായതു കൊണ്ട് ആദ്യകാലത്തൊന്നും പല സ്ഥലങ്ങളിലും കരോൾ പാടാൻ അനുവദിച്ചിരുന്നില്ല. എന്നാൽ ലോകമെമ്പാടും ക്രിസ്തുമതം പ്രചരിച്ചതോടെ ക്രിസ്തുവിനെയും ക്രിസ്തുമതത്തെയും കുറിച്ചുള്ള ഗാനങ്ങളും സാധാരണമായി.

ക്രിസ്മസും മെഴുകുതിരിയും

ഇരുട്ടിനേയും രാത്രിയേയും മിക്കവർക്കും പേടിയാണല്ലോ. അതുകൊണ്ടു തന്നെ ഇരുട്ടിനെ ഇല്ലാതാക്കുന്ന വെളിച്ചത്തെ സന്തോഷത്തിന്റെ ചിഹ്നമായിട്ടാണ് പണ്ടുമുതലേ എല്ലാവരും കരുതിയിരുന്നത്. യൂറോപ്പിൽ പലയിടത്തും മഞ്ഞുകാലമാകുമ്പോൾ ചൂടും വെളിച്ചവും കിട്ടാനായി അവർ തടിയും മറ്റും കത്തിച്ചു വക്കുക പതിവായിരുന്നു. ഇങ്ങനെ ചെയ്താൽ ശൈത്യകാലം വേഗം പോയി വസന്തകാലം വരുമെന്നായിരുന്നു അവരുടെ വിശ്വാസം!

വൈകാതെ, റോമാക്കാർ ഡിസംബറിൽ 'സാറ്റേണാലിയ' എന്ന ഒരു ഉത്സവം നടത്തുക പതിവായി. ആ ദിവസങ്ങളിൽ അവർ വീടു മുഴുവനും മെഴുകുതിരികൾ കത്തിച്ചു വയ്ക്കും. ഇസ്രയേലിലെ ജൂതന്മാർ എട്ടു ദിവസത്തെ ഒരു ദീപമഹോത്സവം തന്നെ നടത്താറുണ്ടായിരുന്നു. 

പിന്നീട് ക്രിസ്തുവിന്റെ കാലമായി. അദ്ദേഹത്തിന്റെ അനുയായികളെ റോമാക്കാരും മറ്റും ഭയങ്കരമായി ഉപദ്രവിച്ചിരുന്നു. അതുകൊണ്ട് നിലവറ പോലുള്ള സ്ഥലങ്ങളിലാണ് അവർ രഹസ്യമായി ഒത്തു ചേർന്നിരുന്നത്. ഇരുട്ടു നിറഞ്ഞ് അത്തരം സ്ഥലങ്ങളിൽ അവർ കത്തിച്ചു വച്ചിരുന്നതോ, മെഴുകുതിരികളും! അങ്ങനെയാണ് പള്ളികളിലും മറ്റും മെഴുകുതിരി കത്തിക്കുന്ന പതിവു തുടങ്ങിയത്. ക്രിസ്മസ് ആഘോഷിക്കാൻ തുടങ്ങിയപ്പോഴാകട്ടെ, പഴയ റോമാക്കാരെപ്പോലെ വീടും ദേവാലയവും കിസ്മസ് ട്രീയുമെല്ലാം മെഴുകുതിരി കൊണ്ട് അലങ്കരിക്കാനും തുടങ്ങി.

ക്രിസ്മസ് കാർഡ്

ക്രിസ്മസിനും പുതുവർഷത്തിനും ഗ്രീറ്റിംഗ് കാർഡയക്കുക ഇന്നു സാധാരണമാണ്. എന്നാൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യകാലം വരെ ഇതായിരുന്നില്ല സ്ഥിതി. ഗ്രീറ്റിംഗ് കാർഡുപോകട്ടെ, സാധാരണ കത്തയക്കുന്നതു പോലും വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പണവും പ്രതാപവുമുള്ള പ്രഭുക്കളും രാജാക്കന്മാരും മാത്രമാണ് കത്തുകളയച്ചിരുന്നത്. പക്ഷേ, ക്രിസ്മസ് കാലത്ത് അവരും പലപ്പോഴും ക്രിസ്മസിന് ആശംസകൾ നേർന്നുകൊണ്ട് കത്തുകളോ, ചിത്രങ്ങളോ അയച്ചിട്ടുണ്ടാവാം.

എന്നാൽ ഇന്നത്തെ രീതിയിലുള്ള ക്രിസ്മസ് ന്യൂഇയർ കാർഡ് ആദ്യമായി തയ്യാറാക്കിയത് ഏതാണ്ട് ഒന്നര നൂറ്റാണ്ടു മുമ്പാണ്, 1843-ലോ 1848-ലോ മറ്റോ സർ ഹെന്റി കോൾ എന്ന ബ്രിട്ടീഷുകാരൻ ഏതാനും ചിത്രകാർഡുകളുണ്ടാക്കാൻ ജെ.സി. ഹോസ്ലി എന്ന കലാകാരനെ ഏൽപിച്ചു. അങ്ങനെ ഹോസ്ലി നിർമിച്ച കാർഡാണ് ആദ്യത്തെ ക്രിസ്മസ്-ന്യൂഇയർ കാർഡ്. അതിൽ ഇന്നു നമുക്കു സുപരിചിതമായ ആശംസാവരികളും ഉണ്ടായിരുന്നു: 'A MERRY CHRISTMAS AND HAPPY NEW YEAR TO YOU' എന്നു തന്നെ!

വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുന്നതും പാവപ്പെട്ടവർക്ക് പുതിയ ഉടുപ്പുകൊടുക്കുന്നതുമെല്ലാമായിരുന്നു ഹോസ്മി വരച്ച് അച്ചടിച്ച ഗ്രീറ്റിംഗ് കാർഡിലെ ചിത്രങ്ങൾ. അടുത്തകൊല്ലം മുതൽ പലരും ലക്ഷക്കണക്കിന്‌ തരം ഗ്രീറ്റിംഗ് കാർഡുകൾ ഉണ്ടാക്കി വിൽക്കാൻ തുടങ്ങി. ഇന്നും അതു തുടരുന്നു.

ക്രിസ്മസ് ട്രീ

ക്രിസ്മസിന് കാറ്റാടിമരത്തിന്റെ ഒരു ചില്ലയോ, ചിലപ്പോൾ മരം തന്നെയോ അലങ്കരിച്ചു വയ്ക്കുന്ന പതിവുണ്ടല്ലോ. ഇതിനു പിന്നിൽ രസകരമായ ഒരു ഐതിഹ്യമുണ്ട്. ഒരിക്കൽ ഒരു മഞ്ഞുകാലത്ത് രാത്രി ഒരു കൊച്ചു കുട്ടി കാട്ടിൽ ഒറ്റപ്പെട്ടുപോയി. ഒരു മരംവെട്ടുകാരന്റെ കുടിലിലാണ് ഒടുവിൽ കുട്ടി എത്തിയത്. മരംവെട്ടുകാരനും ഭാര്യയും ആ കുട്ടിയെ സ്വീകരിച്ച് കഴിക്കാൻ ചൂടുള്ള ഭക്ഷണവും കിടക്കാൻ മെത്തയും കൊടുത്തു. രാവിലെ കുട്ടി അവർക്കൊരു 'ഫിർ' മരത്തിന്റെ ചില്ല കൊടുത്തിട്ടു പറഞ്ഞു: 'ഇതാ, ഇതു കുഴിച്ചിട്ടുകൊള്ളൂ. എല്ലാ ക്രിസ്മസിനും ഇതിൽ നിറയെ പഴങ്ങളുണ്ടാവും!'

വാസ്തവത്തിൽ ഉണ്ണിയേശുവായിരുന്നു ആ കുട്ടി! അടുത്ത നിമിഷം കുട്ടി ഒരു മാലാഖയായി മാറി അപ്രത്യക്ഷനാവുകയും ചെയ്തു. മരംവെട്ടുകാരനും ഭാര്യയും കുട്ടി പറഞ്ഞ പോലെ ഫിർ മരച്ചില്ല കുഴിച്ചിട്ടു. അടുത്ത വർഷം ക്രിസ്മസായപ്പോൾ അതിൽ നിറയെ സ്വർണ്ണ ആപ്പിളുകളും വെള്ളിക്കായ്കളുമുണ്ടായി. അതാണത്രേ ആദ്യത്തെ ക്രിസ്മസ് ട്രീ.

വളരെ രസകരമാണ് ഈ കഥയെങ്കിലും ഫിർ മരക്കമ്പുകൾ അലങ്കരിക്കുന്ന പതിവ് ക്രിസ്തുവിനും രണ്ടായിരം കൊല്ലം മുമ്പേ റോമാക്കാർക്കിടയിലുണ്ടായിരുന്നു. ഡിസംബറിൽ കൊടും മഞ്ഞുള്ള കാലത്താണ് അവർ ഇത്തരത്തിൽ കൊച്ചു മരക്കൊമ്പുകൾ കൊണ്ട് വീടുകൾ അലങ്കരിച്ചിരുന്നത്. പിന്നീട് ക്രിസ്മസ് വന്നപ്പോൾ, ഈ ആചാരമായിരിക്കാം ക്രിസ്മസ് ട്രീയുടെ വരവിനു വഴിതെളിച്ചത്.

Content Highlights: Christmas 2020 celebrations