രു ഒന്‍പതു വയസ്സുകാരി സാന്റാക്ലോസിനെഴുതിയ കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഈ വര്‍ഷം താന്‍ 'ദയനീയമായി പരാജയപ്പെട്ടു'വെന്ന് സമ്മതിച്ചുകൊണ്ട് തനിക്ക് വിലപിടിപ്പുള്ള നിരവധി സമ്മാനങ്ങള്‍ സാന്റായോട് ആവശ്യപ്പെടുകയാണ് എസ്സെക്‌സില്‍ നിന്നുള്ള ഈ ഒന്‍പതു വയസ്സുകാരി. കുട്ടിയുടെ സഹോദരനാണ് ഈ കത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്‌. 

2020 ല്‍ തന്റേത് മികച്ച പെരുമാറ്റവും സ്വഭാവവും ആയിരുന്നില്ലെന്നും എങ്കിലും തനിക്ക് സമ്മാനങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും പെണ്‍കുട്ടി കത്തില്‍ പറയുന്നു. 

കത്തിന്റെ ഉള്ളടക്കം ഇപ്രകാരമാണ്. 
''പ്രിയപ്പെട്ട ക്രിസ്മസ് ഫാദര്‍, താങ്കള്‍ക്ക് ഒരു നല്ല വര്‍ഷമായിരുന്നുവെന്നും സുഖമായിരിക്കുന്നുവെന്നും ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ എന്റെ ഈ വര്‍ഷം താങ്കളുടേതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. നല്ലതായിരിക്കാന്‍ ഞാന്‍ വളരെയധികം ശ്രമിച്ചു. പക്ഷേ ദയനീയമായി ഞാന്‍ പരാജയപ്പെട്ടു. എങ്കിലും ഞാന്‍ സമ്മാനങ്ങള്‍ ഇഷ്ടപ്പെടുന്നു.''

കത്തില്‍ തനിക്ക് ആവശ്യമുള്ള 12 സാധനങ്ങളുടെ പട്ടികയും പെണ്‍കുട്ടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൈവശം ഉള്ള സാധനങ്ങള്‍ ലിസ്റ്റിലെ ബോക്‌സില്‍ ടിക് ചെയ്യണമെന്നും എഴുതിയിട്ടുണ്ട്. 

ഫ്രാന്‍സിലേക്ക് ഒരു ട്രിപ്പ്, ജീവനുള്ള ഒരു പെന്‍ഗ്വിന്‍, ഒരു ഐഫോണ്‍ 12, ഏറ്റവും പുതിയ കംപ്യൂട്ടര്‍, എയര്‍പോഡ്, മൊബൈല്‍ ലാപ്‌ടോപ്പ്, ഏറ്റവും പുതിയ ഒരു കംപ്യൂട്ടര്‍, ഒരു പാമ്പ് തുടങ്ങി പന്ത്രണ്ടോളം സാധനങ്ങളുടെ ഒരു പട്ടികയാണ് കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

കത്തിന് നിരവധി പേരാണ് കമന്റും ലൈക്കും ചെയ്തിരിക്കുന്നത്. 

Content Highlights: Christmas 2020, 9 Year Old's Hilarious Letter To Santa Claus Is Winning Hearts