കൊച്ചി: “പിതാവേ, സീനായ് പർവതത്തിൽ വെച്ച്‌ ദൈവം മോശയ്ക്കു നൽകിയ പത്തു കല്പനകൾ വിശ്വാസികളെല്ലാം കൃത്യമായി പാലിക്കുന്ന കാലമല്ലേ ഇത്?” മാതാവിന്റെ തിരുസ്വരൂപത്തിനരികിൽനിന്ന് ടിനി ടോം ചോദിച്ച ഡയലോഗ് ബിഷപ്പ് തോമസ് ചക്യത്തിന് ആദ്യം മനസ്സിലായില്ല.

ഗൗരവം വിടാതെ നിന്ന ബിഷപ്പിന്റെ മുന്നിൽ ടിനി വിശദീകരിച്ചു: “അന്യന്റെ വസ്തുക്കൾ മോഹിക്കരുത്, അന്യന്റെ ഭാര്യയെ മോഹിക്കരുത് എന്നൊക്കെയല്ലേ പത്തു കല്പനകൾ. കോവിഡ് കാലത്ത്‌ നമ്മൾ അന്യന്റെ വസ്തുക്കൾ തൊട്ടാൽ അസുഖം പിടിക്കും. അന്യന്റെ ഭാര്യയെ മോഹിച്ചാൽ നമ്മുടെ റൂട്ട്‌ മാപ്പ് നാട്ടുകാരെല്ലാം കാണില്ലേ പിതാവേ”.

ഒരു പൊട്ടിച്ചിരിയായിരുന്നു പിതാവിന്റെ മറുപടി. ക്രിസ്മസ് വിശേഷങ്ങൾ പങ്കിടാനാണ്‌ ബിഷപ്പ് തോമസ് ചക്യത്തും നടൻ ടിനി ടോമും ഒത്തുകൂടിയത്.

റോമിലെ പുൽക്കൂട്

പിതാവിന്റെ ക്രിസ്മസ് യാത്ര ആദ്യമെത്തിയത് ഇറ്റലിയിലാണ്. “വൈദികനായ ശേഷം 1970-ൽ ഞാൻ ഇറ്റലിയിലെ റോമിൽ പഠിക്കാൻ പോയി. അന്ന് ക്രിസ്മസ് കാലത്ത്‌ റോമിൽ വിവിധ വകുപ്പുകൾ തമ്മിൽ വാശിയേറിയ പുൽക്കൂട് മത്സരങ്ങൾ നടക്കാറുണ്ട്. അന്ന് ഇറ്റാലിയൻ റെയിൽവേ ഒരുക്കിയ പുൽക്കൂടിനായിരുന്നു സമ്മാനം. വലിയൊരു കുന്നിൻമുകളിൽനിന്ന് താഴേക്കുവരുന്ന വിധത്തിലുള്ള റെയിൽവേ പാളമാണ് പുൽക്കൂടായി അവർ ഒരുക്കിയത്. മെറ്റൽ കഷണങ്ങൾക്കു നടുവിൽ ഉണ്ണിയേശുവിനെ കിടത്തി. ദൈവം ആകാശത്തിൽനിന്നിറങ്ങി വരുന്നു എന്ന സങ്കല്പത്തിലാണ് അവരാ പുൽക്കൂട് തീർത്തത്”. പിതാവ് പറഞ്ഞുനിർത്തും മുന്നെ ടിനിയുടെ കൗണ്ടറെത്തി. “നമ്മുടെ നാട്ടിലായിരുന്നെങ്കിൽ പാലാരിവട്ടം പാലം പുൽക്കൂടാക്കാമായിരുന്നു”.

കരോളും പത്തു രൂപയും

കരോളിലൂടെ തുടങ്ങിയ അഭിനയകാലമാണ് ടിനി ഓർത്തത്. “ക്രിസ്മസിന്റെ വലിയ സന്തോഷം കരോളാണ്. അന്നു ഞങ്ങൾ കുട്ടികളുടെ കരോൾ സംഘം ഓരോ വീട്ടിലും ചെന്ന് പാടും. പണക്കാരുടെ വീട്ടിൽനിന്ന് പത്തു രൂപ കിട്ടും. മറ്റുള്ളവർ അമ്പതു പൈസയാണ് തന്നിരുന്നത്. പല വേഷത്തിൽ പണക്കാരുടെ വീട്ടിൽ മാറി മാറി ചെന്ന് കരോൾ പാടലായിരുന്നു എന്റെ പരിപാടി. അഭിനയം മാത്രമല്ല ബുദ്ധിയും വേണമെന്ന് അന്നു ഞാൻ കൂട്ടുകാരോടു പറയുമായിരുന്നു. അഞ്ച്‌ പണക്കാരുടെ വീട്ടിൽ പാടിയാൽ അമ്പതു രൂപ കിട്ടും. അന്ന്‌ അമ്പതു രൂപ കിട്ടിയാൽ പിന്നെ പെരുന്നാളല്ലേ” - ടിനി പറഞ്ഞു.

മമ്മൂട്ടിയും മോഹൻലാലും

സിനിമയെക്കുറിച്ചാണ് ടിനി പിതാവിനോടു പിന്നെ ചോദിച്ചത്. “കുട്ടിക്കാലത്ത് ഞാൻ കുറേ സിനിമ കാണാൻ പോയിട്ടുണ്ട്. സത്യന്റെയും നസീറിന്റെയും ഷീലയുടെയുമൊക്കെ സിനിമകളാണ് കണ്ടിരുന്നത്. ബിഷപ്പായ ശേഷം ഞാൻ സിനിമ കാണാൻ തിയേറ്ററിൽ പോയിട്ടേയില്ല” - പിതാവ് പറഞ്ഞു

“അപ്പോൾ പിതാവിന്‌ മമ്മൂട്ടിയെയും മോഹൻലാലിനെയുമൊന്നും പരിചയമുണ്ടാകില്ലല്ലോ. ഞാനവരെ പരിചയപ്പെടുത്തി തരട്ടേ” - ടിനിയുടെ ചോദ്യത്തിന് പിതാവ് അതിവേഗം മറുപടി പറഞ്ഞു: “അവരെയൊക്കെ എനിക്കറിയാം. സിനിമ കണ്ടില്ലെങ്കിലും സമൂഹത്തിലുള്ളവരെയൊക്കെ നമ്മളറിയണമല്ലോ”.

യേശുവും കുമ്പസാരവും

“കംപ്യൂട്ടർ ഗ്രാഫിക്സ് ഇല്ലാതെ കടലിനു മുകളിലൂടെ നടക്കുകയും വെള്ളം വീഞ്ഞാക്കുകയും ചെയ്ത യേശുവാണ് എന്റെ സൂപ്പർ ഹീറോ”-ടിനി തന്റെ സൂപ്പർ ഹീറോ ആരെന്നു വ്യക്തമാക്കി. കൊറോണ എന്ന ചെറിയൊരു അണു വന്നതോടെ നമ്മളെല്ലാം പേടിച്ച് വീട്ടിലിരിക്കുമ്പോൾ യേശു സൂപ്പർ ഹീറോ തന്നെയല്ലേയെന്നായിരുന്നു ടിനിയുടെ അടുത്ത ചോദ്യം.

“പാപമോചിതമായ മനസ്സോടെ യേശുവിന്റെ വലിയ സന്ദേശങ്ങൾ ഓർക്കേണ്ട ദിവസമാണ്‌ ക്രിസ്മസ്. നിന്നെപ്പോലെ നിന്റെ അയൽക്കാരനേയും സ്നേഹിക്കാനല്ലേ യേശു പറഞ്ഞിരിക്കുന്നത്” - ബിഷപ്പ് സംസാരിച്ചു തീരും മുമ്പേ ടിനി വീണ്ടും ചിരിയുടെ അമിട്ട് പൊട്ടിച്ചു - “കൊറോണക്കാലത്ത് അയൽക്കാരെ സ്നേഹിക്കാൻ ചെന്നാൽ അവരതു പ്രശ്നമാക്കും”.

ക്രിസ്മസ് കാലത്ത് അകന്നുനിൽക്കേണ്ടി വരുന്നതിലെ സങ്കടവും ടിനി പങ്കുവെച്ചു. ടിനി പറഞ്ഞതുകേട്ട് ബിഷപ്പ് നെഞ്ചിൽ കുരിശു വരച്ചു, പിന്നെ പുഞ്ചിരിയോടെ പറഞ്ഞു, “യേശുവേ, അങ്ങയുടെ നാമം വാഴ്ത്തപ്പെടട്ടെ...”

Content Highlights:bishop thomas chakiath and Tini Tom sharing christmas memories