തിരുപ്പിറവി ആത്മീയമാണ്‌. നാം കാണുന്ന പുലരിവെളിച്ചം പ്രഭാതത്തിലെ പ്രകാശമല്ല, ചിരന്തനമായ ഉഷസ്സിന്റെ ദീപ്തിയാണത്‌. ഓരോ തവണ നോക്കുമ്പോഴും അത്‌ കൂടുതൽ പുതുമയുള്ളതായി നമുക്കുതോന്നും. എന്നാലും അത്‌ സനാതനമാണ്‌, ആദ്യന്തവിഹീനമാണ്‌. ഓരോ പുതുപ്പിറവിയിലൂടെയും അത്‌ അനാദിയായ പ്രകാശം പ്രസരിപ്പിക്കുന്നു.

ഒരു നക്ഷത്രത്തിൽനിന്ന്‌ നമ്മുടെ കണ്ണിൽ  പതിക്കുന്ന പ്രകാശകിരണം യഥാർഥത്തിൽ എത്രയോ യുഗങ്ങൾക്കുമുമ്പേ യാത്ര പുറപ്പെട്ടതാണെന്ന്‌ ഒരു ജ്യോതിശ്ശാസ്ത്രജ്ഞന്‌ അറിയാം. അതുപോലെ സത്യഭൂതനെ നാം സ്മരിക്കുന്ന ദിവസം യഥാർഥത്തിൽ അവന്റെ ജന്മദിനമല്ല. നിത്യതയുടെ ആഴങ്ങളിലാണ്‌ സത്യജ്ഞാനം കുടികൊള്ളുന്നത്‌. അവൻ സ്വയം അവതരിക്കാതിരിക്കുന്ന യുഗമേയില്ലെന്ന്‌ നാം തിരിച്ചറിയുന്നു.

വിശേഷദിവസങ്ങളിൽ ആഘോഷപ്പൊലിമയോടെയും ആചാരാനുഷ്ഠാനങ്ങളോടെയും ദൈവത്തെ ആരാധിക്കുകയെന്നത്‌ അവനോട്‌ പ്രകടിപ്പിക്കുന്ന കേവലം നാട്യങ്ങളും അധരസേവയും മാത്രമാണ്‌.

364 ദിവസം അവനെ തിരസ്കരിച്ചശേഷം വർഷാന്ത്യത്തിൽ, 365-ാമത്തെ ദിവസം നമ്മുടെ ഉപേക്ഷ  പൊറുക്കണമേ എന്ന്‌ ക്ഷമാപണം നടത്തുന്നു. സത്യത്തിന്റെ അനുഷ്ഠാനം ഇതല്ല; ഇത്‌ സ്വന്തം ഉത്തരവാദിത്വത്തിന്റെ പൂർണനിഷേധമാണ്‌. ഇതാണ്‌ മനുഷ്യർ സ്വയം വഞ്ചിക്കുന്ന രീതി. അവന്റെ നാമസങ്കീർത്തനമെല്ലാം കേവലം ചടങ്ങുമാത്രമായിത്തീരുന്നു. അവന്റെ പാത പിന്തുടരുകയെന്ന ശ്രമകരമായ കർത്തവ്യമാകട്ടെ പിന്നിലുപേക്ഷിക്കപ്പെടുകയും ചെയ്യുന്നു. 

Tagore
രബീന്ദ്രനാഥ ടാഗോർനാം ചെയ്യുന്ന കർമങ്ങളിൽ അവനുള്ള സ്ഥാനത്തെ അംഗീകരിക്കാൻ നമുക്ക്‌ മടിയാണ്‌. അവനെ സ്തുതിച്ച്‌ പ്രാർഥിക്കുകയെന്ന താരതമ്യേന അനായാസമായ കർമമനുഷ്ഠിച്ചുകൊണ്ട്‌ നാം സംതൃപ്തരായി വർത്തിക്കുന്നു. പുറംമോടികളിൽനിന്നും അന്തസ്സാരശൂന്യതകളിൽനിന്നും മോചിപ്പിക്കാനെത്തുന്ന സജ്ജനങ്ങളെ ആവർത്തിച്ചനുഷ്ഠിക്കുന്ന ഉപരിപ്ളവമായ ആചാരങ്ങളിൽ ബന്ധനസ്ഥരാക്കുന്നു.

ഇന്ന്‌ ക്രിസ്തുജയന്തിയാണെന്ന്‌ പഞ്ചാംഗം നോക്കിയിട്ടുവേണമോ നാം അറിയിക്കേണ്ടത്‌? കേവലം തിഥി ഗണിക്കുന്നതിലേക്ക്‌ മാത്രമായി ഈ ദിനത്തിന്റെ പ്രസക്തി ചുരുക്കപ്പെട്ടിരിക്കുന്നു; സ്വന്തം മുദ്രകൾ നമ്മുടെ മനസ്സിൽ പതിപ്പിക്കുന്നതിൽ അത്‌ പരാജയപ്പെടുകയാണോ? സത്യത്തിനുവേണ്ടി സർവസ്വവും പരിത്യജിക്കാനൊരുങ്ങുമ്പോൾ മാത്രമേ, മറ്റുമനുഷ്യരെയും നമ്മുടെ സഹോദരങ്ങളായി സ്വമനസ്സാലെ അംഗീകരിക്കാനാവുമ്പോൾമാത്രമേ, യേശു നമുക്കിടയിൽ ജനിക്കുന്നുള്ളൂ. തീയതി ഏതുമായിക്കോട്ടെ, ആ സുദിനമാണ്‌ ക്രിസ്മസ്‌.

നമ്മുടെ ജീവിതത്തിൽ അവന്റെ ജന്മദിവസം വർഷത്തിലൊരിക്കലാണ്‌ ആഗതമാകുന്നത്‌; എന്നാൽ, അവന്റെ ക്രൂശിതമരണം മിക്കവാറും എല്ലാ ദിവസവും സംഭവിക്കുന്നു. ഈ വിശേഷദിനത്തിൽ, പരിശുദ്ധപിതാവിന്റെ സന്ദേശം മാനവരാശിക്ക്‌ സമ്മാനിച്ച ദൈവത്തിനുള്ള സ്തുതിഗീതങ്ങൾ ഓരോ രാജ്യത്തെയും പള്ളികൾതോറും ആലപിക്കുകയാണെന്ന്‌ നമുക്കറിയാം. ദേവാലയത്തിനുവെളിയിൽ  ഈ പാരിടം ഭ്രാതൃഹത്യയുടെ രക്തത്തിൽ സ്നാനംചെയ്തിരിക്കുന്നു.

വിശുദ്ധ ദേവാലയങ്ങളിലിരുന്ന്‌ സ്തുതികളിൽ അവന്റെ നാമം ഉദ്‌ഘോഷിക്കുന്നവർ പീരങ്കികളുടെ ഹുങ്കാരത്താൽ അവനെ തള്ളിക്കളയുന്നു. ആകാശങ്ങളിൽനിന്ന്‌ മൃത്യുവിന്റെ മഹാപ്രവാഹങ്ങളെ തുറന്നുവിട്ട്‌ അവന്റെ മഹദ്വചനങ്ങളെ അപഹസിക്കുന്നത്‌ അവരാണ്‌.

അനിയന്ത്രിതമായ ദുരാഗ്രഹം ഇന്ന്‌ എല്ലായിടവും വ്യാപിച്ചിരിക്കുന്നു. ബലഹീനനുള്ള അന്നത്തിന്റെ പങ്ക്‌ കവർന്നെടുക്കപ്പെടുന്നു. ക്രിസ്തുവെന്ന ലക്ഷ്യത്തിനുവേണ്ടി ശക്തിമാന്റെ മുന്നിൽ അചഞ്ചലനായി നിൽക്കാനും പ്രഹരങ്ങളേറ്റുവാങ്ങി വേദന സഹിക്കാനും ധൈര്യമില്ലാത്ത ആളുകളാണ്‌ അൾത്താരയ്ക്കുമുന്നിൽനിന്ന്‌ ക്രൂശിത വിഗ്രഹത്തെ വാഴ്‌ത്തിക്കൊണ്ട്‌ ദയാപരനായ  ക്രിസ്തു എന്ന്‌ പാടുന്നത്‌. നാംതന്നെ ചെയ്യുന്ന കർമങ്ങളിലൂടെ സ്വയം നിഗ്രഹിക്കുമ്പോൾ അവന്റെ പുനരുത്ഥാനത്തെക്കുറിച്ച്‌ സ്തുതിച്ചുപാടാൻ നമ്മുടെ പക്കൽ എങ്ങനെയാണ്‌ വാക്കുകളുണ്ടായിരിക്കുക? മാനവരാശിയുടെ ചരിത്രത്തിലുടനീളം ഇന്നും അവൻ അനുനിമിഷം കുരിശിലേറ്റപ്പെട്ടുകൊണ്ടിരിക്കുന്നു.

അവൻ ജനങ്ങളെ വിശുദ്ധപിതാവിന്റെ പുത്രന്മാരെന്ന്‌ വിളിച്ചു; സഹോദരൻമാർ പരസ്പര ഐക്യത്തോടെ വസിക്കാൻ കൽപിക്കുകയും ചെയ്തു. ഈ കരുണാർദ്രമായ സത്യത്തിന്റെ ബലിപീഠത്തിൽ അവൻ സ്വയം ആഹുതിചെയ്തു; ഐകമത്യത്തോടെ പുലരാൻ നമ്മോടുള്ള അവന്റെ അപേക്ഷ എക്കാലത്തേക്കുമായി പിന്നിൽ അവശേഷിപ്പിക്കുകയും ചെയ്തു.

അവന്റെ അപേക്ഷ തലമുറ തലമുറയായി നാം നിരസിച്ചിരിക്കുന്നു. തന്നെയല്ല, അവന്റെ മഹദ്വചനങ്ങളെ ചോദ്യംചെയ്യാനുള്ള വിപുലമായ പരിശ്രമങ്ങൾ കൂടുതൽ വളർന്ന്‌ ശക്തിയാർജിക്കുകയും  ചെയ്തിരിക്കുന്നു.

ഇന്ന്‌ മനുഷ്യന്റെ ദുഷ്‌കീർത്തി ലോകമാകെ വ്യാപിച്ചിരിക്കുന്നു. നമ്മുടെ ഉദ്ധതമായ സ്വാർഥചിന്തകളൊക്കെയും അത്യന്തം വിനയാന്വിതമാകട്ടെ; നമ്മുടെ അശ്രുക്കൾ പ്രവഹിക്കാനിടയാകട്ടെ. ആത്മപരിശോധനയ്ക്കുള്ള, സ്വന്തം ഗർവഭംഗത്തിനുള്ള ഒരു ദിനമാണ്‌ ക്രിസ്മസ്‌.

പരിഭാഷ: എൻ. ശ്രീകുമാർ

content HighlRabindranath Tagore about Jesus Christ