ക്രിസ്മസിന് അപ്പനെയൊന്ന് ഞെട്ടിക്കാൻ പാടിത്തുടങ്ങിയതാണവർ. ഇന്ന് ക്രിസ്മസ് ഗാനങ്ങളിലൂടെ ലോകത്തെ മുഴുവൻ ഞെട്ടിക്കുകയാണ് തൃശ്ശൂരിലെ ഈ ആറു സഹോദരങ്ങൾ. അമേരിക്ക ആസ്ഥാനമായ ഷാലോം വേൾഡ് ടി.വി. ചാനലിൽ അവതരപ്പിച്ച ക്രിസ്മസ് കഥകളിൽ ഇന്ത്യയിൽനിന്നുള്ളത് ഇവരുടേതായിരുന്നു. ‘ജോയ്ഫുൾ സിക്സ്’ എന്ന കഥ...!

മണ്ണുത്തി കാളത്തോട് കൃഷ്ണാപുരത്തെ ഷെജിൻ തോമസിന്റെയും സ്മിത ജെ. ലൂക്കോസിന്റെയും മക്കളാണിവർ. ഷെജിൻ കൊരട്ടി ഇൻഫോപാർക്കിലെ വിൻഡ്ഫാൾ പ്രൊഡക്‌ഷന്റെ ജനറൽ മാനേജരാണ്. സ്മിത വെറ്ററിനറി സർവകലാശാലയിലെ ഡെയറി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും.

‘ജോയ്ഫുൾ സിക്സ്’ എന്ന യൂട്യൂബ് പേജിന് 36,000 സബ്‌സ്‌ക്രൈബർമാരുണ്ട്. ആദ്യഗാനം ഇതുവരെ 22 ലക്ഷം പേർ കണ്ടു.

പാട്ടുകുട്ടികൾ

പ്ലസ്‌വൺ വിദ്യാർഥി ജെസീക, എട്ടാം ക്ലാസുകാരി ജെസീയ, ആറാം ക്ലാസുകാരൻ ജെസെ, അഞ്ചാം ക്ലാസുകാരൻ ജോഷ്വാ, നാലാം ക്ലാസുകാരി ജൊവാന, പിന്നെ നാലുവയസ്സുകാരൻ ജൊഹാൻ...! എല്ലാവരും തൃശ്ശൂർ നിർമലമാത സ്കൂളിലെ വിദ്യാർഥികൾ.

പാട്ടുണ്ടായ കഥ

മൂന്നുവർഷംമുമ്പൊരു ക്രിസ്മസിനാണ് പാട്ടുകഥ തുടങ്ങുന്നത്. ബിസിനസ്‌ അവശ്യത്തിനായി ഷെജിൻ അമേരിക്കയിലായിരുന്നു. ഭാര്യ വിളിച്ചു പറഞ്ഞു; ‘എന്തായാലും ക്രിസ്മസിന് എത്തണം... കുട്ടികളൊരു സർപ്രൈസ് ഒരുക്കിയിട്ടുണ്ട്’. വീട്ടിലെത്തിയ ഷെജിെന ആറുമക്കളും ചേർന്ന് പാട്ടുപാടി വരവേറ്റു. പെന്ററ്റോണിക്സ് എന്ന പ്രശസ്ത ബാൻഡിന്റെ ‘കരോൾ ഓഫ് ദ ബെൽസ്’ ആയിരുന്നു പാടിയത്. ഞെട്ടിയ ഷെജിൻ പിള്ളേരെക്കൂട്ടി സ്റ്റുഡിയോയിൽപ്പോയി റെക്കോഡുചെയ്തു. കുട്ടികളെ കർണാടക സംഗീതം പഠിപ്പിച്ച ജയാനന്ദൻ മാഷും പിയാനോ പഠിപ്പിച്ച സെലിസ്റ്റനും പിള്ളേരുടെ അപ്പനെക്കാൾ ഞെട്ടി. കൂട്ടുകാരെയും ബന്ധുക്കളെയുമെല്ലാം കേൾപ്പിച്ചപ്പോൾ വീഡിയോ വേണമെന്നായി. അങ്ങനെ വീഡിയോ ഷൂട്ട് ചെയ്തു.

ജോയ്ഫുൾ സിക്സ് യൂട്യൂബിൽ ഒഫീഷ്യൽ പേജ് തുടങ്ങി. ‘കാരൾ ഓഫ് ദ ബെൽസ്’ എന്ന അവരുടെ ആദ്യഗാനം രണ്ടുദിവസംകൊണ്ട് 40,000 പേർ കണ്ടു. ദിവസങ്ങൾക്കകം അഞ്ചുലക്ഷംപേരോളം ഗാനം കണ്ടതോടെ കുട്ടികൾ സൂപ്പർ സ്റ്റാറുകളായി.

സ്വന്തം പാട്ട്

കുട്ടിസംഘം 2018-ലെ ക്രിസ്മസിന് സ്വന്തം പാട്ടുമായെത്തി... ‘സ്റ്റാർ ഓഫ് ദി വേൾഡ്’. 6.98 ലക്ഷം പേരാണ് ഈ ഗാനം കണ്ടത്. ഇത്തവണത്തെ ഇവരുടെ ക്രിസ്മസ് ഗാനം പെന്ററ്റോണിക്സ് ബാൻഡിന്റെ ‘ഏയ്ഞ്ചൽസ് വീ ഹാവ് ഹിയേർഡ് ഓൺ ഹൈ...’ അഞ്ചു ദിവസംകൊണ്ട് 1,80,563 പേർ കണ്ടു. ഷാലോം വേൾഡ് ടി.വിയിലൂടെ ലോകമറിഞ്ഞു.

പാട്ടു​ പോലെ ജീവിതം

ജീവിതം നല്ലൊരു മെലഡിപോലെ സുന്ദരമാണെന്ന് ഷെജിൻ പറയുന്നു... ഒരുപാട് കുട്ടികൾ വേണമെന്നുണ്ടായിരുന്നു, 2003-ൽ വിവാഹം കഴിച്ചപ്പോൾതന്നെ രണ്ടാളും ചേർന്നെടുത്ത തീരുമാനമാണത്‌. ആറു കുട്ടികൾ ചേരുമ്പോഴുള്ള സന്തോഷമൊന്ന് വേറെയാണ്-സ്മിത പറയുന്നു.

 

Content Highlights: Joyful six, the carol group of siblings