തൊള്ളായിരത്തി എണ്‍പതുകളുടെ തുടക്കമാണ്. ഡിസംബര്‍ തുടങ്ങി ആദ്യ ആഴച തന്നെ പുല്‍ക്കൂടും നക്ഷത്രങ്ങളും ഒരുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങും. അതിനൊപ്പം തന്നെ ഞങ്ങള്‍ കുട്ടികള്‍ മറ്റൊരു സമ്മാനത്തിനായി കാത്തിരിക്കും. മറ്റൊന്നുമല്ല. ക്രിസ്മസ് കാര്‍ഡുകള്‍ക്കായി. നാട്ടില്‍  മറ്റു ജില്ലകളില്‍ നിന്നുള്ള ബന്ധുക്കളും കേരളത്തിനു പുറത്തുള്ള  ബന്ധുക്കളും  വിദേശങ്ങളിലുള്ള ബന്ധുക്കളുമൊക്കെ അയക്കുന്ന ക്രിസ്മസ് കാര്‍ഡുകള്‍ കുറുമ്പനാടത്തെ അമ്മവീട്ടില്‍ അപ്പാപ്പന്റെ (അമ്മയുടെ അച്ഛന്‍) വിലാസത്തില്‍ തുടരെ വരും. പോസ്റ്റുമാന്റെ കയ്യില്‍ നിന്നും ക്രിസമസ് കാര്‍ഡുകള്‍  ആദ്യം കൈക്കലാക്കാനായി ഞങ്ങള്‍ കസിന്‍മാര്‍ തമ്മില്‍ ചെറിയ ഉന്തും തള്ളും ഓട്ടമത്സരവുമൊക്കെ അരങ്ങേറും.

ഇപ്പോഴത്തെ കുട്ടികള്‍ക്ക് ക്രിസ്മസ് കാര്‍ഡെന്നാല്‍ അത്ര ആത്മബന്ധം വരാന്‍ സാധ്യതയില്ല.  ഞങ്ങള്‍ക്ക് അത് ഓരോ ക്രിസ്മസ് കാലത്തുമെത്തുന്ന കരുതലിന്റെ, സ്‌നേഹത്തിന്റെ ഊഷ്മളമായ ബന്ധങ്ങളുടെ അടയാളമായിരുന്നു. തമ്മില്‍ കണ്ടിട്ട് വര്‍ഷങ്ങളായാലും ക്രിസ്മസ് കാലത്ത് ആശംസാ കാര്‍ഡെത്തിയിരിക്കും.

മൂലയിലെ അപ്പാപ്പന്റെയും അമ്മച്ചിയുടെയും  (അമ്മയുടെ അമ്മ) കുടുംബങ്ങളില്‍ നിന്നുള്ള കന്യാസ്ത്രീമാരുടെ (സിസ്റ്റര്‍മാരുടെ ) കാര്‍ഡുകളാണ് ക്രിസ്മസ് കാലത്ത് ആദ്യമെത്തുക. അപ്പാപ്പന്റെ കസിന്‍ കോഴിക്കോട് വടകരയിലുള്ള മഠത്തിലെ അന്നാച്ചി ഇളയമ്മ (സിസ്റ്ററിന്റെ  പേര് ഓര്‍മയില്ല), അമ്മച്ചിയുടെ ചേച്ചി ആലപ്പുഴയിലുള്ള മഠത്തിലെ സിസ്റ്റര്‍ (മഠത്തിലെ പേരമ്മ )  അപ്പാപ്പന്റെ പെങ്ങളുടെ മകള്‍ തൊടുപുഴയുള്ള മഠത്തിലെ സിസ്റ്റര്‍ ജരാര്‍ദ് (വാഴപ്പള്ളിയിലെ ചേച്ചി -ഇവരൊക്കെ ഞങ്ങളെ വിട്ട് നിത്യതയിലേക്ക് പോയി) അപ്പാപ്പന്റെ ചേട്ടന്‍ ആഞ്ഞിലിമൂട്ടിലെ അച്ചാച്ചിയുടെ മകള്‍ ആനിയമ്മയാന്റി (സിസ്റ്റര്‍ ബോര്‍ജിയ) അമ്മയുടെ അനുജത്തി സിസ്റ്റര്‍ ജ്യോതിസ് (ലീലാമ്മയാന്റി) തുടങ്ങി എല്ലാ കന്യാസ്ത്രീമാരുടെയും കാര്‍ഡുകള്‍ ക്രിസ്മസിന് ഒന്നു രണ്ടാഴ്ച മുമ്പേ എത്തും.

കാലിത്തൊഴുത്തില്‍ പിറന്ന ഉണ്ണിയേശുവും ഉണ്ണിയെ കരുതലോടെയും സ്‌നേഹത്തോടെയും നോക്കി നില്‍ക്കുന്ന മാതാവും യൗസേപ്പ് പിതാവുമായിരിക്കും സിസ്റ്റര്‍മാര്‍ അയക്കുന്ന കാര്‍ഡുകളിലെ പശ്ചാത്തലം. ചില കാര്‍ഡുകളില്‍ മേമ്പൊടിക്ക് ഇടയന്‍മാരും ആടുകളും പൂജരാജാക്കന്‍മാരുമൊക്കെ കാണും. ലാളിത്യമായിരുന്നു അവരുടെ കാര്‍ഡുകളുടെ ഭംഗി. കാര്‍ഡിനുള്ളില്‍ ഒരു ചീന്തുകടലാസ്സില്‍ അപ്പാപ്പന്‍ മുതല്‍ ഞങ്ങള്‍ കുഞ്ഞുമക്കള്‍വരെയുള്ളവര്‍ക്കുള്ള ആശംസയും കാണും.  അവരുടെ സ്‌നേഹവും കരുതലുമൊക്കെ എത്രത്തോളം വലുതായിരുന്നെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്

അമ്മയുടെ ഒരു അനുജത്തി ത്രേസ്യാമ്മയാന്റിയും കുടുംബവും മധ്യപ്രദേശിലെ ഇന്ദോറിലാണ് സ്ഥിര താമസം. ആന്റി നല്ല വെടിക്കെട്ടു കാര്‍ഡുകള്‍ ഓരോ വര്‍ഷവും അയക്കും. തിരുക്കുടുംബവും രാജാക്കന്‍മാരും ആട്ടിടയന്‍മാരും ആട് , മാട് , കഴുത തുടങ്ങിയ എല്ലാ സെറ്റപ്പുകളും ഉള്ളതായിരിക്കും ഇന്ദോറില്‍ നിന്നെത്തുന്ന കാര്‍ഡുകള്‍. ഓരോ വര്‍ഷവും കാര്‍ഡില്‍ എന്തെങ്കിലും വ്യത്യസ്തയും കാണും.  അതിനാല്‍ ആന്റിയുടെ കാര്‍ഡ് കുട്ടികളുടെ ഇടയില്‍ ഹിറ്റാണ്.

ഗള്‍ഫില്‍ നിന്ന് അമ്മയുടെ ആങ്ങള പാപ്പച്ചന്‍ അങ്കിളും അയല്‍ക്കാരായിരുന്ന തൈപ്പറമ്പിലെ ബെന്നിച്ചനങ്കിളുമൊക്കെ അയക്കുന്ന കാര്‍ഡുകള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുമായിരുന്നു. നല്ല മിനുസമുള്ള ക്രിസ്മസ് കാര്‍ഡുകള്‍ . നേരെ പിടിച്ചാല്‍ പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ഉണ്ണീശോ മാത്രം. ചെരിച്ചു പിടിച്ചാല്‍ മാതാവും യൗസേപ്പ് പിതാവും  ഉണ്ണീശോയും മാലാഖയും. ഇത്തരം എന്തെങ്കിലും പ്രത്യേകതകള്‍ ഉള്ള കാര്‍ഡായിരിക്കും അവര്‍ അയക്കുക. ഗള്‍ഫില്‍ നിന്നുള്ള ക്രിസ്മസ് കാര്‍ഡുകള്‍ക്ക് രണ്ട് തരത്തിലാണ മൂല്യം. ഒന്ന് തിളങ്ങുന്ന കാര്‍ഡ്. രണ്ട കവറിലെ വിദേശ സ്റ്റാമ്പ.  ആദ്യം തന്നെ ഇത് കരസ്ഥമാക്കാനായി മറ്റുള്ളവര്‍  അറിയാതെ നേരെ പോസ്റ്റ് ഓഫീസിലേക്ക്  എത്രയോ തവണ വച്ചടിച്ചിരിക്കുന്നു. പലദിവസങ്ങളിലും കാര്‍ഡ് കിട്ടില്ല. എന്നാലും പ്രതീക്ഷയോടെയുള്ള ആ നടപ്പിലും ഒരു സന്തോഷമുണ്ടായിരുന്നു.

ഞങ്ങള്‍ കുട്ടികളെല്ലാവരും കാത്തിരിക്കുന്നത് അമേരിക്കയില്‍ നിന്നുള്ള ഒരു കാര്‍ഡിനായിട്ടാണ്. അമ്മച്ചിയുടെ ചങ്ങനാശ്ശേരിയിലുള്ള അനുജത്തിയുടെ (കരിങ്ങടെലെ ഇളയമ്മ)  മകന്‍ കറിയാച്ചനങ്കിള്‍ അയക്കുന്ന കാര്‍ഡിനായി. അദ്ദേഹത്തെ ഞങ്ങള്‍ അന്ന് കണ്ടിട്ടില്ല. പക്ഷേ എല്ലാക്കൊല്ലവും അങ്കിളിന്റെ കാര്‍ഡ് എത്തും. പക്ഷേ ക്രിസ്മസ് കഴിയണമെന്നു മാത്രം. അമേരിക്കയില്‍ നിന്ന് ഇങ്ങു ചങ്ങനാശ്ശേരിയിലെ കുറുമ്പനാടം വരെ എത്തേണ്ട.

ക്രിസ്മസിന് മുമ്പു വരെയെത്തുന്ന കാര്‍ഡുകളെല്ലാം ഞങ്ങള്‍ ക്രിസ്മസ് ട്രീയില്‍ തൂക്കും. കഴിഞ്ഞ കൊല്ലം കിട്ടിയതില്‍ ചീത്തയായി പോകാത്തതും ട്രീക്ക് അലങ്കാരമാകും.
കറിയാച്ചനങ്കിള്‍ അയക്കുന്ന കാര്‍ഡുകളില്‍ എന്തെങ്കിലും പകൃതി ദൃശ്യമായിരിക്കും പശ്ചാത്തലം. മഞ്ഞിലൂടെ റെയിന്‍ഡീര്‍ (ഞങ്ങള്‍ക്ക് അന്നത് മാനാണ്) വലിക്കുന്ന വണ്ടിയില്‍  തെന്നിപ്പോകുന്ന സാന്താക്ലോസും മഞ്ഞിനെ നേരിടാന്‍ സ്വെറ്ററുകള്‍ പോലുള്ള കുപ്പായമണിഞ്ഞു നില്‍ക്കുന്ന കുട്ടികളും അമേരിക്കയിലെ ഗ്രാമപ്രദേശങ്ങളുമൊക്കെ ഇന്റര്‍നെറ്റുപോകട്ടെ ടി.വി.പോലും പ്രചാരമാകാതിരുന്ന കാലത്ത് ഞങ്ങള്‍  കറിയാച്ചനങ്കിളിന്റെ ക്രിസ്മസ് കാര്‍ഡുകളിലൂടെ  കണ്ടു. ക്രിസ്മസ് കഴിഞ്ഞെത്തുന്നതിനാല്‍ അടുത്ത വര്‍ഷം ട്രീയില്‍ തൂക്കാനായി ഞങ്ങള്‍ അത് സൂക്ഷിച്ചു വയ്ക്കും.

അക്കൊല്ലവും ക്രിസ്മസ് കഴിഞ്ഞാണ് കറിയാച്ചനങ്കിളിന്റെ കാര്‍ഡെത്തിയത്. . കസിന്‍മാരായ ഷിബുവും സന്തോഷും അവരുടെ അമ്മവീടായ പായിപ്പാട്ട് പോയിരിക്കുകയാണ്. പോസ്റ്റമാനെത്തിയപ്പോള്‍ വീടിന് പുറത്ത് ഞാന്‍ മാത്രം. ഒറ്റച്ചാട്ടത്തിന് തന്നെ കാര്‍ഡ് കയ്യിലാക്കി. കവറിന് പുറത്തെ സ്റ്റാമ്പും കയ്യക്ഷരവും കണ്ടപ്പോഴേ മനസ്സിലായി ... കറിയാച്ചനങ്കിളിന്റെ കാര്‍ഡാണ്.  പതിവിന് വിപരീതമായി നല്ല വലുപ്പമുള്ള കവറാണ് .കവര്‍ തുറന്നു നോക്കി . കാര്‍ഡിന് നല്ല കട്ടിയുണ്ട് . ആദ്യ പുറത്ത് ഒരു വലുപ്പമുള്ള മണിയുടെ ചിത്രമാണ്. വലിയ ഇഷ്ടമൊന്നും തോന്നിയില്ല.  കാര്‍ഡ് തുറന്നതപ്പോഴാണ് കളി മാറിയത്. ഉള്ളില്‍ നിന്നും ഇമ്പമുള്ള ഒരു സംഗീതം. ' അമ്മച്ചീ ...ദേ പാട്ടു പാടുന്ന ക്രിസ്മസ് കാര്‍ഡ്' പുതിയ ക്രിസ്മസ് കാര്‍ഡ് അമ്മച്ചിയെയും മറ്റുള്ളവരെയും കാണിക്കാനായി ഞാന്‍ വീട്ടിനുള്ളിലേക്ക് കുതിച്ചു. കാര്‍ഡ് കണ്ടവര്‍ക്കെല്ലാം കൗതുകം അടക്കാനാകുന്നില്ല. ഞങ്ങളുടെ ചുറ്റുവട്ട് ഇങ്ങനെയൊരു ക്രിസ്മസ് കാര്‍ഡ് ആദ്യാമായണ്. പാട്ടുപാടുന്ന കാര്‍ഡിന്റെ കൗതുകങ്ങളും വിശേഷങ്ങളും അയല്‍പക്കത്തും പരന്നു. അവരുടെ മുന്നില്‍ കാര്‍ഡു പിടിച്ച് ഹീറോയെപ്പോലെ ഞാനും നിന്നു.

എത്രപെട്ടെന്നാണ് ക്രിസ്മസ് കാര്‍ഡുകള്‍ നിലച്ചത്. രണ്ടായിരത്തിന്റെ തുടക്കത്തില്‍ തന്നെ ഇ- കാര്‍ഡുകള്‍  കേരളത്തില്‍ പ്രചാരത്തിലായി. അതിനിടിയിലും ക്രിസ്മസ്- ന്യൂ ഇയര്‍  കാര്‍ഡുകള്‍ പിടിച്ചു നിന്നു. സാമൂഹിക മാധ്യമങ്ങള്‍ വളര്‍ന്നതോടെ സ്വഭാവികമായും ആശംസാ കാര്‍ഡുകള്‍ അനിവാര്യമായ അന്ത്യത്തിലേക്ക് കടന്നു. എങ്കിലും ഓരോ ക്രിസ്മസ് കാലത്തും ഒന്നോ രണ്ടോ കാര്‍ഡുകള്‍ എത്താറുണ്ട്. സുഖമുള്ള  ഓര്‍മപ്പെടുത്തലുകളുമായി.

Content Highlights: Jingle bells 2019 Christmas memories