fororo Roshan cake
Caption

പാലക്കാട്: ക്രിസ്മസ് ആഘോഷത്തിന് മാറ്റുകൂട്ടാന്‍ കേക്കുകളിലെ പുതുതലമുറ രുചികള്‍ വിപണി കീഴടക്കുന്നു. ഇത്തവണ വിപണി ട്രെന്‍ഡായി എത്തുന്നത് ഫെറൊറൊ റോഷറും റോസ് പിസ്താഷ്യോയും.

ക്രിസ്മസ് അടുത്തതോടെ ഈ സ്പെഷ്യല്‍ ചോക്കലേറ്റ് കേക്കുകള്‍ക്ക് ആവശ്യക്കാരേറുകയാണ്. ഇറക്കുമതിചെയ്ത ഫെറൊറൊ റൊഷര്‍ ചോക്കലേറ്റ് ഉപയോഗിച്ചാണ് ഫെറൊറൊ റോഷര്‍ കേക്ക് നിര്‍മിക്കുന്നത്. റോസാപ്പൂവിന്റെ ഫ്‌ലേവറാണ് റോസ് പിസ്താഷ്യോ കേക്കിന്റെ നിര്‍മാണത്തിന് പിന്നില്‍.

കൂടാതെ ഡ്രൈ കേക്ക്, ഫ്രൂട്ട് കേക്ക്, ഫ്രഷ് ക്രീംകേക്ക്, ചീസ് കേക്ക്, പ്യുവര്‍ ബട്ടര്‍ ഐസിങ് കേക്ക് തുടങ്ങി സുന്ദരനിറങ്ങളിലും രുചികളിലും കേക്കുകള്‍ കണ്ണാടിക്കൂടുകളില്‍ നിരന്നുകഴിഞ്ഞു.

വാങ്ങാനെത്തുന്നവരുടെ ഇഷ്ടാനുസരണം വ്യത്യസ്ത രുചികളിലും ആകൃതികളിലും നിറങ്ങളിലും കേക്കുകള്‍ അപ്പോള്‍ത്തന്നെ നിര്‍മിച്ചുനല്‍കുന്ന വിദഗ്ധരും കടകളില്‍ റെഡി.

ഇത്തവണയും ഡ്രൈ കേക്കുകള്‍ക്ക് ആവശ്യക്കാരേറെയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. പ്ലംകേക്ക്, റിച്ച് പ്ലം, സ്‌കോട്ടിഷ് പ്ലം, ഫ്രൂട്ട് കേക്ക് എന്നിങ്ങനെയാണ് ഡ്രൈ കേക്കുകളുടെ പട്ടിക. 300രൂപ മുതല്‍ 550 രൂപ വരെയാണ് ഇവയുടെ വില. ഫ്രഷ് ക്രീം കേക്കുകള്‍ക്കും ആവശ്യക്കാര്‍ കുറവല്ല.

ഫെറൊറൊ റോഷര്‍, റോസ് പിസ്താഷ്യോ, ചോക്കേലറ്റ് റഫിള്‍, കോക്കനട്ട്, ഹണി ആല്‍മണ്ട് തുടങ്ങിയ പുതുതലമുറ കേക്കുകളുടെ വില 800മുതല്‍ 1200വരെയാണ്. ചില കടകളില്‍ ക്രിസ്മസ് പ്രമാണിച്ച് കേക്കുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളുമുണ്ട്. ആവശ്യക്കാര്‍ക്ക് കേക്ക് വീടുകളില്‍ എത്തിച്ചു കൊടുക്കുന്നുമുണ്ട്.

Content Highlight: Fororo Roshan cake