ആലപ്പുഴ: നോൺവെജ് ഭക്ഷണം ഇല്ലാതെ ഒരു ക്രിസ്‌മസ്... അത് മലയാളികൾക്ക് സങ്കൽപ്പിക്കാനാകില്ല. ഇത്തരം വിശേഷാവസരങ്ങളിലാണ് തീൻമേശയിൽ താറാവുകറി താരമാകുന്നത്. അതും കുട്ടനാടൻ പാചകമാണെങ്കിൽ അതിവിശേഷം. മങ്കൊമ്പ് കരീപ്പറമ്പിൽ ഷിജി ബെൻസൺ മാതൃഭൂമി വായനക്കാർക്കായി കുട്ടനാട്ടുകാരുടെ പ്രിയപ്പെട്ട താറാവ് പാചകരീതി വിവരിക്കുന്നു.

ചേരുവകൾ

 • താറാവ് - ഒരു കിലോ
 • സവാള - മൂന്നെണ്ണം
 • പച്ചമുളക് -ഏഴെണ്ണം
 • ഇഞ്ചിയും വെളുത്തുള്ളിയും (ചതച്ചത്)- രണ്ട് ടേബിൾ സ്പൂൺ വിതം
 • വെളിച്ചെണ്ണ - മൂന്ന് ടേബിൾ സ്പൂൺ
 • കിഴങ്ങ് - മൂന്നെണ്ണം
 • കാരറ്റ് - രണ്ട്
 • തക്കാളി - രണ്ട്
 • കുരുമുളകുപൊടി - രണ്ട് ടേബിൾ സ്പൂൺ
 • ഗരം മസാല - രണ്ട് ടേബിൾ സ്പൂൺ
 • മല്ലിപ്പൊടി - മൂന്ന് ടീസ്പൂൺ
 • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
 • ഉപ്പ്- ആവശ്യത്തിന്
 • കറിവേപ്പില - ആവശ്യത്തിന്
 • ഏലയ്‌ക്ക - അഞ്ചെണ്ണം (പൊടിച്ചത്)
 • തേങ്ങ - ഒന്ന് (ഒന്നാം പാൽ- അരക്കപ്പ്, രണ്ടാം പാൽ- ഒരു കപ്പ്)

തയ്യാറാക്കിവയ്ക്കാം...

 • താറാവ് ഇടത്തരം കഷണങ്ങളായി മുറിച്ചെടുക്കുക.
 • സവാള, തക്കാളി, പച്ചമുളക് എന്നിവ ചെറുതായി അരിയുക.
 • ഇഞ്ചി, വെളുത്തുള്ളി ചതച്ച് മാറ്റിവയ്ക്കുക.
 • ഒരു കിഴങ്ങും ഒരു കാരറ്റും വട്ടത്തിൽ കട്ടികുറച്ച് അരിഞ്ഞ് വറുത്തെടുത്ത് വയ്ക്കുക.
 • ബാക്കിയുള്ള കിഴങ്ങും കാരറ്റും ഒരിഞ്ച് കനത്തിൽ മുറിച്ചുവയ്ക്കുക.

ഉണ്ടാക്കുന്നവിധം

നല്ല നാടൻ വിഭവങ്ങൾക്ക് രുചികൂട്ടാൻ പാനുകൾ ഒഴിവാക്കി ചീനച്ചട്ടിയോ മൺചട്ടിയോ തന്നെ വേണം. അതിനാൽ ചട്ടിയിൽത്തന്നെ ഉണ്ടാക്കാം.

ചട്ടി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ എണ്ണയൊഴിച്ച് സവാള, പച്ചമുളക്, കറിവേപ്പിലയും അൽപ്പം ഉപ്പും ചേർത്ത് വഴറ്റുക. ചെറുതായി വഴന്നുവന്നശേഷം ഇതിലേക്ക് ചതച്ചുവെച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കുക. അത് മൂത്തുതുടങ്ങുമ്പോൾ തക്കാളി ചേർക്കുക.

ഗരം മസാല, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇവ ചേർക്കുമ്പോഴുണ്ടാകുന്ന പച്ചമണം മാറുമ്പോൾ ഒരിഞ്ച് നീളത്തിൽ അരിഞ്ഞ് വെച്ചിരിക്കുന്ന കിഴങ്ങും കാരറ്റും ചേർക്കുക.

നന്നായി വഴറ്റിയശേഷം രണ്ടാംപാലും താറാവ് ഇറച്ചിയും ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചുവെച്ച് ചെറുതീയിൽ വേവിക്കുക.

വെന്ത് നന്നായി കുറുകുന്ന പരുവത്തിൽ ഒന്നാംപാൽ ചേർക്കുക. ചൂടാകുമ്പോൾ കിഴങ്ങും കാരറ്റും വറുത്തതും ഏലയ്ക്കാപ്പൊടിയും ചേർത്ത് ഇളക്കി വാങ്ങിവയ്ക്കാം. ഇനി വിളമ്പുകയേ വേണ്ടൂ.

Content Highlights: christmas special duck roast recipe