ള്ളിയുടെ അകത്തളത്തിൽനിന്നുയർന്ന ദേവദൂതരുടെ പാട്ടുമായാണ് ഔസേപ്പച്ചൻ എന്ന സംഗീതസംവിധായകൻ മലയാളസിനിമയിലേക്ക് ചേക്കേറുന്നത്. ഇന്നും ക്രിസ്മസ്‌ കാലത്തെ അടയാളപ്പെടുത്തുന്ന സിനിമാഗാനങ്ങളിൽ കാതോടുകാതോരത്തിലെ ഗാനങ്ങൾ മുൻപന്തിയിലുണ്ട്.

ദേവരാജൻമാസ്റ്ററുടെ സംഘത്തിലെ തിരക്കുള്ള വയലിനിസ്റ്റായ ഔസേപ്പച്ചനെ ആദ്യം നടനായും പിന്നീട് സംഗീതസംവിധായകനായും സിനിമയിൽ അവതരിപ്പിക്കുന്നത് സംവിധായകൻ ഭരതനായിരുന്നു. ആരവമെന്ന ചിത്രത്തിലൂടെയാണ് ഔസേപ്പച്ചൻ ഭരതൻചിത്രങ്ങളുടെ ഭാഗമാകുന്നത്, സംഗീതസംവിധായകനായിട്ടായിരുന്നില്ല നടനായിട്ടായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. നക്ഷത്രങ്ങൾ കൺതുറക്കുന്ന ക്രിസ്മസ് കാലത്ത് പാട്ടുവഴിയിലെ പഴയ ചിത്രങ്ങൾ ഓർത്തെടുക്കുകയാണ് മലയാളത്തിന്റെ പ്രിയ സംഗീതസംവിധായകൻ.

സ്വതന്ത്ര സംഗീത സംവിധായകനായുള്ള സിനിമയിലേക്കുള്ള അരങ്ങേറ്റം  എങ്ങനെയായിരുന്നു...

സിനിമയിൽ സംഗീതമൊരുക്കുകയെന്നത് എന്റെ ആഗ്രഹമായിരുന്നില്ല. അറിയപ്പെടുന്നൊരു വയലിനിസ്റ്റാകണമെന്നാണ് മനസ്സെപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്. ചെന്നൈയിലെ റെക്കോഡിങ് സ്റ്റുഡിയോയുടെ അകത്തും പരിസരങ്ങളിലുമെല്ലാം വയലിൻവായിച്ചുനടന്ന എന്നെ സംവിധായകൻ ഭരതൻ ശ്രദ്ധിച്ചിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. അദ്ദേഹത്തിൽനിന്നുള്ള ആദ്യ ക്ഷണം ആരവമെന്ന ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനുള്ളതായിരുന്നു.

അഭിനയം പറ്റിയ പണിയല്ലെന്ന സ്വയംബോധ്യമുള്ളതിനാൽ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. പക്ഷേ, ഞാൻ കുതറിമാറുംതോറും അദ്ദേഹം പിടിമുറുക്കി. അങ്ങനെയാണ് വയലിൻവായിക്കുന്ന യുവാവിന്റെ വേഷത്തിൽ ആ ചിത്രത്തിൽ അഭിനയിക്കുന്നത്. അവിടെനിന്നുതുടങ്ങിയ പാട്ടുചങ്ങാത്തത്തിന്റെ തുടർച്ചയായാണ് കാതോടുകാതോരത്തിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായി ഉയരുന്നത്.കാതോടുകാതോരത്തിലെ ഗാനങ്ങൾ ജീവിതത്തിൽ വഴിത്തിരിവാകുമെന്ന് പ്രതീക്ഷിച്ചിരുന്നോ...

വയലിൻമാത്രമായിരുന്നു അക്കാലത്തെ ജീവശ്വാസം. അതിനപ്പുറത്തേക്ക് ഒന്നും ചിന്തിച്ചിരുന്നില്ല. ഭരതേട്ടൻ പാട്ടുകൾക്ക് ഈണമുണ്ടാക്കാൻ പറഞ്ഞു, ഉണ്ടാക്കിക്കൊടുത്തു എന്നുമാത്രം. മൈക്രോകാസറ്റിൽ റെക്കോഡ് ചെയ്താണ് അന്ന് കാതോടുകാതോരത്തിലെ പാട്ടുകൾ ഭരതേട്ടന് നൽകുന്നത്. പിന്നീട് ആ കാര്യം മറന്നുപോയ എന്നെ ആറുമാസങ്ങൾക്കുശേഷം അദ്ദേഹം വീണ്ടും വിളിച്ച് സിനിമയുടെ ചിത്രീകരണം തുടങ്ങാൻ പോകുകയാണെന്നും പാട്ട്‌ റെക്കോഡ് ചെയ്യേണ്ടെയെന്നും ചോദിക്കുകയായിരുന്നു. കാസറ്റിലാക്കിക്കൊടുത്ത ട്യൂണുകൾ ആദ്യകേൾവിയിൽതന്നെ അദ്ദേഹത്തിന്  ഇഷ്ടപ്പെട്ടിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത്. അങ്ങനെയൊരു ഡിസംബർകാലത്ത് മലയാളികൾ ആ പാട്ടുകൾ നെഞ്ചോടുചേർത്തുവെച്ചു. ഓർക്കുമ്പോൾ സന്തോഷംമാത്രം.

മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന പാട്ട് കാതോടുകാതോരത്തിലേതുതന്നെയാണോ...
ഇക്കാലത്തിനിടെ ഇഷ്ടമുള്ള ഒരുപാട് പാട്ടുകൾ മനസ്സിലേക്ക് വന്നുകയറിയിട്ടുണ്ട്. എന്നാലും എന്റെ പേരിൽ നടത്തുന്ന എല്ലാ സംഗീതപരിപാടികളിലും ആദ്യചിത്രത്തിലെ ഗാനം വയലിനിൽ വായിച്ചുകൊണ്ട് തുടങ്ങുന്ന പതിവുണ്ട്. ഒരു തുടക്കക്കാരൻ എന്ന നിലയിൽ കാതോടുകാതോരത്തിലെ ഗാനങ്ങൾ ഏറെ അഭിനന്ദനങ്ങൾ നേടിത്തന്നിട്ടുണ്ട്. 

ചിത്രം പ്രദർശനത്തിനെത്തിയ ദിവസം ഭരതേട്ടൻ വിളിച്ചതനുസരിച്ച് ഉച്ചയ്ക്ക് അദ്ദേഹത്തിന്റെ ചെന്നൈയിലെ വീട്ടിലേക്ക് ചെന്നു. ഇന്നത്തെപ്പോലെ ആദ്യഷോ കഴിയുമ്പോൾതന്നെ അഭിപ്രായം അറിയാനുള്ള അവസ്ഥയൊന്നുമന്നുണ്ടായിരുന്നില്ല.

തൃശ്ശൂരിൽ ഷൂട്ടിങ് നടക്കുന്നതിനാൽ ലളിതച്ചേച്ചി അവിടെയായിരുന്നു, ആദ്യഷോ കണ്ട് അവരാണ്  അഭിപ്രായം ലാൻഡ്‌ ഫോണിൽ വിളിച്ചറിയിച്ചത്. കഥയിലെ പള്ളിയിലച്ചൻ പാടിയ ഈണം മാറ്റി നായകൻ ‘നീ എൻ സർഗ സൗന്ദര്യമേ...’ എന്ന ഗാനം പാടുമ്പോൾ കാഴ്ചക്കാരിൽനിന്നെല്ലാം ഒരു ദീർഘനിശ്വാസം ഉയർന്നെന്നും, ആദ്യകേൾവിയിൽത്തന്നെ തിയേറ്ററിലുള്ളവർ ആ ഗാനം നെഞ്ചേറ്റിയിരിക്കുന്നുവെന്നുമായിരുന്നു ലളിതേച്ചിയുടെ വാക്കുകൾ. ചെയ്ത പാട്ടുകൾക്ക് പിന്നീടെല്ലാം ഒരുപാട് അഭിനന്ദനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ലളിതേച്ചി അന്നുപറഞ്ഞ വാക്കുകൾ ഇന്നും മനസ്സിലുണ്ട്.

ആകാശദൂത്‌ എന്ന സിനിമയിലും എനിക്ക്‌ പ്രിയപ്പെട്ട ഒരു ക്രിസ്‌മസ്‌ ഗാനമുണ്ട്‌.  ചെന്നൈയിലെ മോഹൻലാലിന്റെ സ്റ്റുഡിയോയിൽ വെച്ച് രാത്രിയേറെ വൈകി ഞാനും പ്രേംപ്രകാശും ഫ്രാങ്കോയും ചേർന്നാണ്‌ അത്‌  പാടി റെക്കോഡ്‌ചെയ്തത്‌. ക്രിസ്മമസ് ഓർമകളിലേക്ക്  കടന്നുവരുന്ന ഗാനങ്ങളുടെ പട്ടികയിൽ ‘ഉണ്ണിപിറക്കുന്നു മനുഷ്യനായി ബെത്‌ലഹേമിൽ...’ എന്ന ആ ഗാനവും ഉൾപ്പെടുന്നു.

Content Highlight: Christmas memories music director Ouseppachan, christmas 2019