ക്രിസ്തുവിന് പ്രസക്തിയേറുന്നു- -കേരള മുഖ്യമന്ത്രി പിണറായി വിജയന്‍

സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സമത്വത്തിന്റേയും സന്ദേശമാണ് ത്യാഗനിര്‍ഭരമായ ജീവിതത്തിലൂടെ യോശു ജനങ്ങള്‍ക്ക് നല്‍കിയത്. സ്വന്തം ജനതയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍ ക്രിസ്തുവിന്റെ സന്ദേശങ്ങള്‍ക്ക് എന്നത്തേക്കാളും പ്രസക്തിയുണ്ട്. 

ആനന്ദകരമാവട്ടെ ആഘോഷം- ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സ്‌നേഹത്തിന്റേയും അനുകമ്പയുടേയും ക്ഷമാശീലത്തിന്റേയും ശാശ്വതചൈതന്യം ക്രിസ്മസ് ആഘോഷത്തിന് തിളക്കമേകട്ടെ, സമാധാനവും ഐശ്വര്യവും ഒരുമയും കൊണ്ട് ആനന്ദകരമാവട്ടെ ഈ ക്രിസ്മസ്. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ആശംസനേരുന്നു-

സ്‌നേഹസമ്മാനം- കുഞ്ചാക്കോബോബന്‍

ക്രിസ്മസ് കൈമാറുന്നത് സ്‌നേഹത്തിന്റെയും സമാധാനത്തിന്റേയും ത്യാഗത്തിന്റേയും സന്ദേശമാണ്. പ്രാര്‍ഥനയില്‍ നിറയേണ്ടത് നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കുക എന്ന ദേവവചനമാണ്- 

അകലം കുറയട്ടെ -നിവിന്‍ പോളി

സമ്മാനപ്പൊതികളും സ്‌നേഹസന്ദേശങ്ങളും നിറഞ്ഞ കുട്ടിക്കാലമാണ് ഇന്നും ക്രിസ്മസ് ഓര്‍മകള്‍.പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുന്ന ഈ വേളയില്‍ മനുഷ്യര്‍ തമ്മിലുള്ള ഐക്യം ശക്തമാകുകയും മനസ്സുകള്‍ തമ്മിലുള്ള അകലം കുറയുകയും ചെയ്യട്ടെ. നന്മയുടെ വെളിച്ചം നിറയട്ടെ- 

സാന്ത്വനവും പ്രത്യാശയും നല്‍കാന്‍ കഴിയട്ടെ- ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ

വിഭാഗീയചിന്തകള്‍ മറന്ന് മനുഷ്യര്‍ ഒന്നാണെന്ന തിരിച്ചറിവോടെ സ്‌നേഹത്തിലും പരസ്പര ബഹുമാനത്തിലും ഐക്യത്തിലും മുന്നേറാനും പട്ടിണികൊണ്ടും നാനാവിധമായ പ്രശ്‌നങ്ങള്‍കൊണ്ടും കഷ്ടപ്പെടുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് സാന്ത്വനവും പ്രത്യാശയും നല്‍കാന്‍ കഴിയുന്നതുമാവട്ടെ നമ്മുടെ ഈ ക്രിസ്മസ് ആഘോഷം. 

സമാധാനമാണ് സന്ദേശം-മിയ ജോര്‍ജ്

എല്ലാവരും ജീവിതത്തില്‍ പല പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. സമൂഹത്തിലും വിവിധ പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്. അതെല്ലാം തത്കാലത്തേക്ക് മാറ്റിവെച്ച് സമാധാനത്തോടെ കുടുംബത്തോടൊപ്പം ക്രിസ്മസിനെയും പുതുവത്സരത്തെയും വരവേല്‍ക്കുക. ടെന്‍ഷന്‍ ഫ്രീ ആയി ആഘോഷിക്കുക.-

അനാഥര്‍ക്ക് കൂടുതല്‍ താങ്ങാകും-മാളവിക മോഹന്‍

അനാഥാലയങ്ങളില്‍ പോകാറുണ്ട്. അവര്‍ക്ക് സഹായം നല്‍കാറുമുണ്ട്. മുംബൈയിലെതന്നെ മലാഡ് മല്‍വാണിയിലെ ജോണ്‍ ചാക്കോവിന്റെ ദയാവിഹാര്‍ എന്ന അനാഥാലയത്തിന് കൂടുതല്‍ സഹായം നല്‍കാനാണ് ആലോചന. അവിടെയുള്ള കുട്ടികളുടെ വളര്‍ച്ചയ്ക്കുള്ള സഹായവും നല്‍കും.-

പ്രതീക്ഷയുടെ 2020- ജോജു ജോര്‍ജ്, ചലച്ചിത്രതാരം

പുതുവര്‍ഷത്തെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. മികച്ച സംവിധായകരുടെ ചിത്രങ്ങളിലൂടെ 2020-ല്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ കഴിയുന്നു എന്നതാണ് പ്രധാനം. പ്രേക്ഷകരുടെ സ്‌നേഹവും അടുപ്പവും വരുംവര്‍ഷത്തിലും ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു-

ഉയരട്ടെ ഒരുമയുടെ സംഗീതം- ടൊവിനോ തോമസ്, ചലച്ചിത്രതാരം

വേര്‍തിരിവുകള്‍ പൊളിച്ചെഴുതുന്ന ചിന്തകളാണ് ക്രിസ്മസ് കാലം തുറന്നുവെക്കുന്നത്. ഒത്തൊരുമയുടെ സംഗീതം ഉയര്‍ന്നുകേള്‍ക്കട്ടെ. ജാതിയുടെയും മതത്തിന്റെയും സങ്കുചിതമായ മതില്‍ക്കെട്ടുകള്‍ക്കപ്പുറം മനുഷ്യന്‍ ഒന്നായിത്തീരുന്ന ഒരു പുതുവര്‍ഷത്തിലേക്കാകട്ടെ നമ്മുടെ യാത്ര-

മാനവികതയും മാനുഷികതയുമുള്ള സിനിമകള്‍ വരണം- ഡോ. ബിജു, ചലച്ചിത്ര സംവിധായകന്‍

മനുഷ്യന്റെ പ്രശ്‌നങ്ങളെ സംബന്ധിച്ചുള്ള സിനിമകളും രാഷ്ട്രീയപ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യുന്ന സിനിമകളും സാമൂഹിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമകളും മലയാളത്തില്‍ കൂടുതലായി വരണം. 2020-ല്‍ ഒരു ഫ്രഞ്ച് സിനിമ എടുക്കണമെന്ന ആലോചനയുമുണ്ട്.-

നാരായണഗുരുവിന്റെ പുരാവിഷ്‌കാരം-റിയാസ് കോമു, ശില്പി, ചിത്രകാരന്‍, ക്യൂറേറ്റര്‍

ചിത്രകലയിലൂടെയും ശില്പത്തിലൂടെയും നാരായണഗുരുവിനെയും അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ജീവിച്ചവരെയും ആവിഷ്‌കരിക്കാനുള്ള വലിയ പദ്ധതി ആലോചിക്കുന്നു. ഗവേഷണം നടന്നുവരുന്നു. അടുത്തവര്‍ഷം ഡിസംബര്‍ അവസാനത്തോടെ പുറത്തെത്തും

വലിയ ലക്ഷ്യങ്ങള്‍-ബോസ് കൃഷ്ണമാചാരി, ചിത്രകാരന്‍, ക്യൂറേറ്റര്‍

ഇന്തോ -ഓസ്ട്രേലിയന്‍ പ്രോജക്ടാണ് വരുംവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ആലോചനയിലുള്ളത്. അത് സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം. ഞാനാണ് ക്യൂറേറ്റ് ചെയ്യുന്നത്. പിന്നെ കൊച്ചി ബിനാലെയുെട പ്രവര്‍ത്തനങ്ങളുമുണ്ട്-

സന്മസ്സുളളവരാല്‍ സമാധാനം പുലരണം-കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

ഭൂമിയില്‍ സമാധാനം പുലരണമെങ്കില്‍ സന്മസ്സുണ്ടാകണമെന്നു സാരം. വര്‍ത്തമാനകാലത്തിലെ സാഹചര്യങ്ങളില്‍ സന്മനസുള്ളവര്‍ ഏറിവരേണ്ടത് അത്യാവശ്യമാണ്. സന്മസുള്ളവരാല്‍ സമാധാനം നിറഞ്ഞ ഒരുകാലം വരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതും പ്രാര്‍ഥിക്കുന്നതും

ജനാധിപത്യവും സമത്വവും പുലരട്ടെ- ടിനി ടോം, ചലച്ചിത്രതാരം

വേദനയുടെയും ആശങ്കയുടെയും ഒരു ക്രിസ്മസാണ് കടന്നുപോകുന്നത്. രാജ്യം മുഴുവന്‍ ആശങ്കപ്പെട്ടു നില്‍ക്കുമ്പോള്‍ ഒരാഘോഷവും നമുക്കുപറ്റില്ല. പ്രശ്നങ്ങള്‍ തീര്‍ന്ന്, ജനാധിപത്യവും സമത്വവും പുലരുന്ന ഒരു സമൂഹവും രാജ്യവുമാണ് അടുത്തവര്‍ഷം ഞാന്‍ സ്വപ്നം കാണുന്നത്

സ്‌നേഹം എന്തിനും മുകളില്‍- പ്രയാഗ മാര്‍ട്ടിന്‍, ചലച്ചിത്രതാരം

ഈ ആഘോഷവേളയില്‍ മനസ്സില്‍ സൂക്ഷിക്കേണ്ടത് യൂണിവേഴ്‌സല്‍ ലവ് എന്ന സത്തയാണ്. മതത്തിന്റെയും ജാതിയുടെയും മുകളിലായിരിക്കണം ആ സ്‌നേഹം. ഐക്യത്തോടെയും സമാധാനത്തിലൂടെയും പരസ്പര ബഹുമാനത്തിലൂടെയും ആയിരിക്കട്ടെ ഈ ക്രിസ്മസ്

സഹായം വേണ്ടവരെ ചേര്‍ത്ത് നിര്‍ത്തും- സച്ചിന്‍ ബേബി, കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍

എല്ലാവരെയും സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നതാണ് വലിയ പുണ്യമെന്ന് വിശ്വസിക്കുന്നു. ആ വിശ്വാസത്തിലൂന്നിയാണ് ജീവിതവും. ഓരോ വര്‍ഷവും ചെയ്യേണ്ട സഹായങ്ങള്‍ എന്താണെന്ന് പ്ലാന്‍ ചെയ്യാറില്ല. നമ്മുടെ സഹായം വേണ്ടവര്‍ മുന്നില്‍വരാറുണ്ട്. അവരെ കൈയൊഴിയാറുമില്ല. കഴിഞ്ഞവര്‍ഷം അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് വസ്ത്രം വാങ്ങി നല്‍കിയിരുന്നു. അതുപോലെ വൃദ്ധസദനങ്ങളില്‍ പോകുകയും അവരോടൊപ്പം കുറച്ചുസമയം ചെലവഴിക്കുകയും ചെയ്യാറുണ്ട്. അതൊക്കെ ഈ വര്‍ഷവും ഉണ്ടാകും.

നല്ല മനുഷ്യനാവാനുള്ള ശ്രമം-ഉണ്ണി മുകുന്ദന്‍, നടന്‍

2020ല്‍ പറ്റുന്നത്ര നല്ല മനുഷ്യനാകാന്‍ ശ്രമിക്കണം. കഴിയുന്നവരെയെല്ലാം സഹായിക്കണം. വില്ലനായും നായകനായും അഭിനയിച്ച് നടനെന്നനിലയില്‍ സംതൃപ്തിതന്ന നല്ല വര്‍ഷമാണ് 2019. അടുത്തവര്‍ഷവും നല്ല സിനിമകള്‍ചെയ്ത് ആ സംതൃപ്തി തുടരാനാകണം

എല്ലാവരും ഒരുമിച്ചാണ്- -സ്റ്റീഫന്‍ ദേവസ്സി, കീബോര്‍ഡിസ്റ്റ്

വൃദ്ധസദനങ്ങളും അനാഥമന്ദിരങ്ങളും സന്ദര്‍ശിക്കാറുണ്ട്. ആരുമില്ലാത്തവരെ ഇനിയും സന്ദര്‍ശിക്കണം. ആരും ഒറ്റയ്ക്കല്ല, എല്ലാവരും ഒരുമിച്ചാണെന്ന ചിന്ത അവരിലുണ്ടാക്കണം. സ്വന്തം കാര്യങ്ങള്‍ക്ക് മാത്രം വഴിതെളിക്കാറില്ല. ആ ചിന്തയാണെന്നെ നയിക്കുന്നത്.

അവസരങ്ങളുടെ പുതുലോകം- ഡോ.രേണുരാജ് ഐഎഎസ് (കേരള ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍)

പഠിച്ച് വിഷയം സ്വന്തം കഴിവിനും അഭിരുചിക്കും അനുസരിച്ച് ക്രിയാത്മകമായി ഉപയോഗിക്കാന്‍ കഴിയുന്നവര്‍ക്ക് വിജയിച്ച് മുന്നേറാന്‍ കഴിയും. പഠിക്കാന്‍ മികച്ച വിഷയം തിരഞ്ഞെടുക്കുന്നതുപോലെത്തന്നെ പ്രധാനമാണ് തിരഞ്ഞെടുത്ത വിഷയത്തില്‍ മികച്ച ആളായി പഠിച്ചിറങ്ങുക എന്നതും. ലോകം അവസരങ്ങളുമായി കാത്തിരിക്കുന്നു, 2020ല്‍ ആത്മവിശ്വാസത്തോടെ മുന്നേറുക

ഇന്ത്യന്‍ താരങ്ങള്‍ ഇനിയും ഉണ്ടാകണം- സജ്ഞു വി സാംസണ്‍ (ക്രിക്കറ്റ് താരം)

ക്രിക്കറ്റിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹം. കേരളത്തില്‍ നിന്നും അടുത്തവര്‍ഷം എന്നപ്പോലെ ഇന്ത്യന്‍ ടീമിലേക്ക് ഒരു കളിക്കാരനെങ്കിലും ഉണ്ടാവണം. ഇതിനായുള്ള പ്രയത്‌നം എന്റെ ഭാഗത്തുനിന്നുണ്ടാകും. അണ്ടര്‍ 19 ടീമുകളിലെ മികച്ച കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നു. പലര്‍ക്കും മറ്റുപല സഹായങ്ങളും ചെയ്യാറുണ്ടെങ്കിലും അത് പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നില്ല.