ല്‍ഫോന്‍സാമ്മയുടെ കബറിടത്തിനുചുറ്റും പ്രാര്‍ഥനയുടെ വിശുദ്ധമായ മൗനം. അമ്മയുടെ മടിത്തട്ടിലെന്ന പോലെ കബറിന്റെ മുകളില്‍ മാര്‍ബിള്‍ തണുപ്പില്‍ കുഞ്ഞുങ്ങള്‍ കൈകാലിട്ടടിക്കുന്നു. ചുറ്റിലും മുട്ടുകുത്തി മനമുരുകുന്ന മനുഷ്യര്‍. ഈശോയുടെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും ഉത്ഥാനത്തിന്റെയും മഹനീയ രഹസ്യങ്ങളില്‍ പങ്കുചേരാന്‍ തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥ്യത്തിന് അപേക്ഷിക്കാനായി പല നാടുകളില്‍ നിന്നെത്തിയവരാണ് അവരൊക്കെയും. പ്രഭാതം മുതല്‍ തുടരുന്നൊരു പ്രവാഹമാണത്. 

 വിശുദ്ധ അല്‍ഫോന്‍സാമ്മയായി സ്വര്‍ഗീയ മഹത്വത്തിന്റെ കിരീടമണിഞ്ഞ അന്നക്കുട്ടി പിറന്നുവീണ മുട്ടത്തുപാടം വീടുമുതല്‍ അവള്‍ തന്റെ സഹനബലി പൂര്‍ത്തിയാക്കിയ ഭരണങ്ങാനത്തെ കബറിടം വരെ നീളുന്ന ഈ തീര്‍ഥയാത്രയില്‍ കണ്ണിചേരാനുള്ള പ്രവാഹം. ഒരു പരമാണുവും ദിവ്യഹൃദയത്തിലെ സ്‌നേഹാഗ്നിജ്വാലയിലെ ഒരു പൊരിയും ആവുന്നതുവരെ എളിമപ്പെടുത്തണമേ എന്ന പ്രാര്‍ഥന ഉള്ളില്‍ തുടിക്കുന്നൊരു വിശുദ്ധ സഞ്ചാരമാണത്. 

2
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതപാതയിലൂടെ ഒരു ആത്മീയസഞ്ചാരം

ഇന്ത്യന്‍ വംശജരില്‍നിന്ന് വിശുദ്ധപദവി പ്രഖ്യാപനത്തിലൂടെ ആദരിക്കപ്പെട്ട ആദ്യ വ്യക്തിയാണ് അല്‍ഫോന്‍സ. വിശുദ്ധപദവി പ്രഖ്യാപനത്തോടെ ഭരണങ്ങാനം അന്തര്‍ദേശീയ തീര്‍ഥാടനകേന്ദ്രമായി വളര്‍ന്നു. ആ സന്ന്യാസിനിയുടെ ജീവിതം തേടിയും അവളുടെ ജീവിതത്തിനു ലഭിച്ച അതുല്യസാക്ഷ്യത്തെ അറിയാനുമെത്തുന്ന വിശ്വാസികളുടെ എണ്ണം ഇതോടെ പതിന്മടങ്ങായി. മുട്ടത്തുപാടം വീട്ടില്‍നിന്ന്, അന്നക്കുട്ടിയുടെ ജ്ഞാനസ്‌നാനം നടന്ന കുടമാളൂര്‍ പള്ളി, അവര്‍ ബാല്യകൗമാരങ്ങള്‍ പിന്നിട്ട മുട്ടുചിറ മുരിക്കന്‍ ഭവനം വഴി ഭരണങ്ങാനത്തേക്ക് നീളുന്നതാണ് ഈ ആത്മീയ യാത്ര. 

കോട്ടയം കുടമാളൂര്‍ ഇടവകയില്‍ മുട്ടത്തുപാടത്ത് കുടുംബത്തില്‍ ജോസഫിന്റെയും മേരിയുടെയും മകളായാണ് 1910 ആഗസ്ത് 19-ന് അന്നക്കുട്ടി ജനിച്ചത്. ആഗസ്ത് 27-ന് കുടമാളൂര്‍ പള്ളിയില്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചു. അമ്മയുടെ അകാല ചരമത്തെത്തുടര്‍ന്ന് മൂന്നുമാസം മാത്രം പ്രായമെത്തിയ അന്നക്കുട്ടി മുട്ടുചിറ മുരിക്കന്‍ വീട്ടില്‍ മാതൃസഹോദരിയുടെ സംരക്ഷണയിലായി. 

സന്ന്യാസിനി ആവണമെന്നുള്ള മോഹം ചെറുപ്പം മുതല്‍ മനസ്സില്‍ കൊണ്ടുനടന്നിരുന്നു അവള്‍. പേരമ്മ ഉറപ്പിച്ച വിവാഹത്തില്‍നിന്നു രക്ഷപ്പെടാന്‍ ചാരക്കുഴിയില്‍ കാല്‍പൊള്ളിച്ച അന്നക്കുട്ടിക്ക് സന്ന്യാസിനിയാവാന്‍ അനുമതിയും കിട്ടി. 1927-ലെ പന്തക്കുസ്താനാളില്‍ അന്നക്കുട്ടി ഭരണങ്ങാനത്തെ ഫ്രാന്‍സിസ്‌കന്‍ ക്ലാരമഠത്തില്‍ ചേര്‍ന്നു. 1928 ആഗസ്ത് രണ്ടിന് ശിരോവസ്ത്രം സ്വീകരിച്ച് അല്‍ഫോന്‍സ ആയി. 1930-ല്‍ സഭാവസ്ത്രമണിഞ്ഞു. കാനോനിക നോവിഷ്യറ്റിനു ശേഷം 1936-ല്‍ നിത്യവ്രതവാഗ്ദാനം ചെയ്തു. കന്യകാലയത്തില്‍ പ്രവേശിച്ചതുമുതല്‍ രോഗപീഡകള്‍ അവരുടെ നിത്യസഹചാരിയായിരുന്നു. 

3
അല്‍ഫോന്‍സാമ്മയുടെ കബറിടം

1946 ജൂലായ് 28-ന് സഹനബലി പൂര്‍ത്തിയാക്കി അവള്‍ മാലാഖമാരുടെ അരികിലേക്കണഞ്ഞു. 1953 ഡിസംബര്‍ രണ്ടിന് അല്‍ഫോന്‍സയെ ദൈവദാസിയായി തിരുസഭ അംഗീകരിച്ചു. 1984 നവംബര്‍ ഒമ്പതിന് ധന്യയായി.  1986 ഫിബ്രവരി എട്ടിന് ജോണ്‍പോള്‍ മാര്‍പാപ്പ അല്‍ഫോന്‍സയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2008 ഒക്ടോബര്‍ 12-ന് വത്തിക്കാനില്‍ ബനഡിക്ട്  പതിനാറാമന്‍ അവരെ വിശുദ്ധയാക്കി പ്രഖ്യാപിച്ചു.

ഭരണങ്ങാനം പള്ളിയോടു ചേര്‍ന്നാണ് അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രം. പള്ളിക്കെതിര്‍വശത്ത് സെന്റ് അല്‍ഫോന്‍സ കോണ്‍വെന്റ് എന്ന ക്ലാരമഠം. അല്‍ഫോന്‍സ പ്രാര്‍ഥിച്ചിരുന്ന ചാപ്പലിന് എതിര്‍വശത്ത് അവര്‍ താമസിച്ച മഠം. സന്ന്യാസ ജീവിതത്തിന് തുടക്കമിട്ടും ജീവിതത്തിനു വിരാമമിട്ടും അല്‍ഫോന്‍സയുടെ ജീവിതത്തിലെ പ്രധാന നിമിഷങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട് ഈ മഠം. 1938 മുതല്‍ 46 വരെ താമസിച്ച മുറിയില്‍ അവര്‍ കിടന്ന കട്ടില്‍ കാണാം. 1946 ജൂലായ് 28-ന് ഈ കട്ടിലില്‍ കിടന്നാണ് അവര്‍ സ്വര്‍ഗം പൂകിയത്. തൊട്ടപ്പുറത്ത് ചാവറ കുര്യാക്കോസ് ഏലിയാസച്ചനും വിശുദ്ധ കൊച്ചുത്രേസ്യയും പ്രത്യക്ഷപ്പെട്ട് രോഗശാന്തി നല്‍കിയ മുറി, മറ്റു മുറികളില്‍ അല്‍ഫോന്‍സയുടെ ഉടുപ്പുകളും മണ്ണെണ്ണ വിളക്കുകളും ചിത്രങ്ങളും പുസ്തകങ്ങളും. 

മുട്ടത്തുപാടവും കുടമാളൂരും മുരിക്കന്‍ തറവാടും ക്ലാരമഠവും കഴിഞ്ഞ് അല്‍ഫോന്‍സയുടെ കബറിടത്തില്‍ പ്രാര്‍ഥിച്ചാണ് വിശ്വാസികള്‍ മടങ്ങുന്നത്. ചാപ്പലില്‍ കുര്‍ബാനകൂടി, അല്‍ഫോന്‍സാ സൂക്തങ്ങള്‍ ആലേഖനം ചെയ്ത ഗ്രോട്ടോയും ശിലകളും കണ്ട് മെഴുകുതിരികള്‍ തെളിയിച്ച്, അഭയമായി അല്‍ഫോന്‍സ കൂടെയുണ്ടെന്ന് പടികളിറങ്ങുമ്പോള്‍ മനസ്സിലുറപ്പിച്ച് ജീവിതത്തോളം നീളുന്നൊരു തീര്‍ഥസഞ്ചാരം.

4
ക്ലാരമഠത്തില്‍ അല്‍ഫോന്‍സാമ്മ താമസിച്ച മുറി. അവര്‍ അവസാനമായി കിടന്ന കട്ടിലും കാണാം

തീര്‍ഥാടക പാത
കോട്ടയം നഗരത്തില്‍ താമസിച്ച് ഒരു ദിവസംകൊണ്ട് പൂര്‍ത്തിയാക്കാവുന്നതാണ് അല്‍ഫോന്‍സാമ്മ തീര്‍ഥാടനം. കോട്ടയം നഗരത്തില്‍നിന്ന് പനമ്പാലം കവലവഴി ആറു കിലോമീറ്റര്‍ അകലെയാണ് കുടമാളൂരിലെ ജന്മഗൃഹം. പനമ്പാലം കവലയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ പോയാല്‍ കുടമാളൂര്‍ സെന്റ് മേരീസ് ഫെറോന പള്ളിയായി. സാധാരണ ദിവസങ്ങളില്‍ രാവിലെ ആറുമണിക്കും 7.15-നുമാണ് ഫെറോന പള്ളിയില്‍ കുര്‍ബാന. 

ശനിയാഴ്ച ആറിനും എട്ടിനും ഞായറാഴ്ച പുലര്‍ച്ച 5.30, 6.45, 8.15, 9.45-നും വൈകീട്ട് അഞ്ചുമണിക്കും. തിരിച്ച് പനമ്പാലം കവല, മെഡിക്കല്‍ കോളജ് കവല, ഗാന്ധിനഗര്‍ വഴി എം.സി.റോഡിലൂടെ ഏറ്റുമാനൂരെത്താം. അവിടെനിന്നും കോട്ടയം - എറണാകുളം റൂട്ടില്‍ മുട്ടുചിറ കവലയില്‍നിന്ന് ഒരു കിലോമീറ്റര്‍ പോയാല്‍ മുരിക്കന്‍ തറവാടെത്താം. ഏറ്റുമാനൂരില്‍നിന്ന് പാലയിലെത്തി ഭരണങ്ങാനത്തെത്താം. പാലാ- ഈരാട്ടുപേട്ട റൂട്ടില്‍ അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം.

ഭരണങ്ങാനത്തുനിന്ന് 16 കി.മി. ദൂരത്താണ് വിശുദ്ധ അല്‍ഫോന്‍സ അധ്യാപികയായിരുന്ന വാകക്കാട്ടെ സ്‌കൂള്‍. ഭരണങ്ങാനത്തുനിന്ന് പനയ്ക്കപ്പാലം, പ്ലാശനാല്‍, കുളത്തൂക്കടവ് വഴിയും ഈരാറ്റുപേട്ട, കളത്തൂക്കടവ് വഴിയും ഇവിടെയെത്താം. ചങ്ങാനാശ്ശേരിക്കടുത്ത് വാഴപ്പള്ളിയിലാണ് അല്‍ഫോന്‍സ നൊവിഷ്യേറ്റ് നടത്തിയ മഠം.

മാതൃഭൂമിയാത്ര 2015 ഒക്ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത് ; യാത്ര വാങ്ങിക്കാം

 

Content Highlight: travelogue bharananganam St alphonsama vishudha alphonsama pilgrimage