കൊച്ചി: ക്രിസ്മസ് പൊളിക്കും. ഒടിയനാണ് എടുക്കട്ടേ... നീളൻ നക്ഷത്രം കൈയിലെടുത്തുയർത്തി കച്ചവടക്കാർ ഉറക്കെ വിളിക്കുന്നു. എറണാകുളം ബ്രോഡ്‌വേയിൽ ക്രിസ്മസ് കച്ചവടം ഉഷാറിലാണ്.

ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ വരവേൽക്കാൻ നാടൊട്ടുക്കും ക്രിസ്മസ് വിപണിയൊരുങ്ങിക്കഴിഞ്ഞു. അലങ്കാര വസ്തുക്കളുടെയും നക്ഷത്രങ്ങളുടെയും പുൽക്കൂടുകളുടെയും വന്പൻ ശേഖരമുണ്ട്. ഒടിയനാണ് നക്ഷത്ര വിപണിയിലെ സൂപ്പർസ്റ്റാർ. 50 രൂപ മുതൽ 300 രൂപ വരെ വിലയിൽ കിട്ടും. 20 രൂപയുടെ ചെറിയ നക്ഷത്രങ്ങൾ മുതൽ 4,000 രൂപ വരെ വിലയുള്ളവയുമുണ്ട്. ഒടിയൻ, 2.0 തുടങ്ങിയ സിനിമാ പേരുകളിലുള്ള നക്ഷത്രങ്ങളും കാഴ്ചക്കാരെ ആകർഷിക്കുന്നുണ്ട്.

പുൽക്കൂടുകളുടെ വലിയ കളക്ഷൻ വ്യാപാരികൾ ഒരുക്കിയിട്ടില്ല. വലിയ ചെലവ് ഇല്ലാത്തത് തന്നെയാണ് കാരണമെന്ന് എറണാകുളം മാർക്കറ്റിലെ മൊത്തവ്യാപാരികൾ പറഞ്ഞു. പുൽക്കൂടുകൾ സൂക്ഷിച്ചുവച്ച് ആളുകൾ വീണ്ടും ഉപയോഗിക്കുന്നുണ്ട്. 250 രൂപ മുതൽ 1,500 രൂപ വരെ വിലയ്ക്ക് പുൽക്കൂടുകൾ ലഭിക്കും.

സാന്താക്ലോസ് മുഖംമൂടിയുടെ വില 40 മുതലാണ്. ചുവന്ന നീളൻ കുപ്പായത്തിന് 950 രൂപയാണ് ശരാശരി വില. അലങ്കാരമായി വെയ്ക്കുന്ന റിങ്ങിന് 100 മുതൽ 500 രൂപ വരെയുണ്ട്. പല നിറത്തിലുള്ള ബോളുകളും ബെല്ലുകളും 30 രൂപ മുതൽ ലഭിക്കും. പ്ലാസ്റ്റിക് രൂപത്തിൽ ഇലുമിനേഷൻ ബൾബുകൾ പതിപ്പിച്ച ഫാൻസി നക്ഷത്രങ്ങൾക്കും വിപണിയിൽ നല്ല ഡിമാന്റാണ്. 20 രൂപ മുതൽ വിലയിൽ തോരണങ്ങളും അലങ്കാര വസ്തുക്കളും ഇതര സംസ്ഥാനത്തൊഴിലാളികൾ വില്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. 300 ബൾബുകളടങ്ങിയ എൽ.ഇ.ഡി. സെറ്റുകൾക്ക് 150 മുതൽ 1,000 രൂപ വരെ ഈടാക്കുന്നു. പുൽക്കൂടുകൾ ഒരുക്കുന്നതിനും ക്രിസ്മസ് ട്രീ അലങ്കരിക്കുന്നതിനും വിവിധ നിറങ്ങളോടു കൂടിയ ഇലുമിനേഷൻ ലൈറ്റുകൾ വാങ്ങുന്നവരുടെ തിരക്കാണ്. എൽ.ഇ.ഡി. റൊട്ടേഷൻ ബൾബുകളും വിപണിയിൽ വിറ്റുപോകുന്നുണ്ട്.

ക്രിസ്മസ് ട്രീക്ക്‌ നീളം അനുസരിച്ചാണ് വില. നാലടിയുള്ളതിന് 500 രൂപയാണ് വില. 1,500 രൂപ വരെയുള്ള വിലയിൽ വിവിധ രീതിയിലുള്ള ട്രീകൾ ലഭ്യമാണ്. പൈൻ മരത്തിന് വിലയേറും; 1,100 രൂപയാണ് ഒരെണ്ണത്തിന്. വിവിധ തരത്തിലുള്ള ഫാൻസി സാധനങ്ങളും വിപണി കീഴടക്കിക്കഴിഞ്ഞു. പപ്പാഞ്ഞി കണ്ണാടിയും ചെറിയ കൗതുക വസ്തുക്കളും ഇക്കൂട്ടത്തിൽപ്പെടും. 20 രൂപ മുതലുള്ള പിരിയൻ ബലൂണുകളും 60 രൂപയുടെ ഇലക്‌ട്രിക് മെഴുകുതിരികളും കാഴ്ചയ്ക്ക് കൗതുകമായി വിപണിയിൽ കാണാം.

Content Highlight: Odiyan stars in christmas market