രു ക്രിസ്‌മസ്‌ ദിവാസ്വപ്നത്തിൽ മുഴുകി അടുക്കളയിൽ നിൽക്കുമ്പോഴാണ്‌ കോളിങ്‌ബെൽ മുഴങ്ങിയത്‌. വേഗംവന്ന്‌ മുൻവാതിൽ തുറക്കാനൊരുങ്ങിയെങ്കിലും മനസ്സ്‌ വേണ്ട എന്നു പറഞ്ഞു. ജനാല തുറന്നപ്പോൾ മുൻപിൽ മക്കളുടെ പ്രായംപോലും ഇല്ലാത്ത ഒരു കൊച്ചുപയ്യൻ. സംസാരം തുടങ്ങാനായുമ്പോഴേ മനസ്സിലായി ചുമന്നുകൊണ്ടുവന്ന ഭാരമുള്ള ബാഗ്‌ താഴെ വെച്ചിട്ടുള്ള ഒരു സെയിൽസ്‌മാനാണെന്ന്‌. ‘‘വേണ്ട ഒന്നും വേണ്ട.’’ കതകു തുറന്ന്‌ അവനോടൊന്ന്‌ മിണ്ടണമെന്നുണ്ടെങ്കിലും തനിച്ചാണെങ്കിൽ കതക്‌ തുറക്കരുത്‌ എന്ന മുന്നറിയിപ്പോർത്ത്‌ ജനവാതിൽ അടയ്ക്കുമ്പോൾ ഉള്ളുതേങ്ങി. അവന്‌ വിശക്കുന്നുണ്ടെങ്കിലോ. കച്ചവടം ഒന്നും ആകാതെ ചുമടെടുത്ത്‌ വലഞ്ഞിട്ടുണ്ടെങ്കിലോ? നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണമെന്നു പഠിപ്പിച്ച യേശുദേവന്റെ ജന്മദിനം ആഘോഷിക്കാൻ പോകുന്ന ക്രിസ്ത്യാനിയാണ്‌. തെറ്റി ക്രിസ്തുമതവിശ്വാസിയാണ്‌ ഞാൻ. നോമ്പ്‌ നോറ്റ്‌ പുണ്യപ്രവൃത്തികൾ ചെയ്ത്‌ ക്രിസ്‌മസിന്‌ ഒരുങ്ങിക്കൊണ്ടിരിക്കുന്നവൾ.

എന്റെ പാവാട പ്രായത്തിൽ പാതിരാ കുർബാനയ്ക്ക്‌ പള്ളിയിൽ പോകുമ്പോൾ എന്നോടും അനുജത്തിയോടും അമ്മ ചോദിക്കും: ‘‘നിങ്ങൾക്ക്‌ പേടിയുണ്ടോ?’’ചാച്ചാൻ ചോദിക്കും: ‘‘എന്നാ പേടിക്കാനാ?’’ ‘‘ശരിയാണ്‌, കള്ളുകാട്ടെ പിള്ളേരും കണ്ടംപുലിക്കാവീന്ന്‌ ചേടത്തീം പിള്ളേരും വയലാറിലെ മാമച്ചനും ഒക്കെ ഉണ്ടാകും’’ -അമ്മ പറയും. ഇവരൊക്കെ മുൻപിലോ പിറകിലോ ഒക്കെയായി പള്ളിയിലേക്കുള്ള വഴിയിൽ ഉണ്ടാകും. അക്കാലത്ത്‌ പേടിയുണ്ടായിരുന്നത്‌ പ്രേത പിശാചുക്കളെയും പാമ്പിനെയും മാത്രമായിരുന്നു. ഭാഗ്യത്തിന്‌ ഞങ്ങൾക്ക്‌ പ്രേതങ്ങളെ പേടിയില്ലായിരുന്നു. ‘‘റോഡിലേക്ക്‌

കയറുന്നതുവരെ ഒരു വടി കുത്തി നടന്നോ ഇഴയുന്നതെന്തെങ്കിലും ഉണ്ടെങ്കിൽ മാറിക്കോളും’’ ചാച്ചൻ പറയും. ഇത്രയൊക്കെ ഉപദേശങ്ങളാണ്‌ പെൺമക്കളോട്‌ കുടിയേറ്റക്കാരായ അപ്പനമ്മമാർക്ക്‌ പറയുവാനുണ്ടായിരുന്നത്‌.
രണ്ടുമൂന്നു കിലോമീറ്റർ ദൂരെയാണ്‌ പള്ളി. വാഹനങ്ങളോ അതുവരാനുള്ള റോഡുപോലുമോ ഞങ്ങളുടെ ഗ്രാമത്തിലേക്കെത്തിയിട്ടില്ല. അഞ്ചും ആറും കിലോമീറ്റർ അകലെയുള്ളവർപോലും നടന്ന്‌ പാതിരാ കുർബാനയ്ക്കെത്തുമായിരുന്നു. മഞ്ഞുപെയ്യുന്ന നിലാവുള്ള രാത്രിയിൽ കവണി പുതച്ച്‌ നടന്നുനീങ്ങുന്ന ചേട്ടത്തിമാരുടെ അവ്യക്ത രൂപങ്ങൾ കാണുമ്പോൾ ഏതോ മാന്ത്രിക ലോകത്തിലെ ചലിക്കുന്ന പ്രതിമകളാണ്‌ ഞങ്ങളെല്ലാവരും എന്ന്‌ തോന്നുമായിരുന്നു. പള്ളിയിൽ ഇരമ്പുന്ന പെട്രോൾമാക്സിന്റെയും അൾത്താരയിലെ മെഴുകുതിരികളുടെയും വെളിച്ചങ്ങൾ ചേർന്ന്‌ ഞങ്ങൾക്കിടയിൽ ഒരുപാട്‌ നിഴൽച്ചിത്രങ്ങൾ വരയ്ക്കുമ്പോൾ ഭക്തിയെക്കാൾ അധികം കൗതുകവും പിന്നെ എനിക്ക്‌ മാത്രം തോന്നുന്നതാണോ എന്നറിയില്ല നിറയെ രക്ഷാകർത്താക്കളുടെ വലയത്തിലാണെന്ന സുരക്ഷിതത്വബോധവും ആയിരുന്നു.

പള്ളിയിൽ നിന്നിറങ്ങി, ഒരു കൊച്ചുവിളക്ക്‌ ഉള്ളിൽ വെച്ച്‌ വർണക്കടലാസും പട്ടിക കഷണങ്ങളും കൊണ്ട്‌ ഉണ്ടാക്കി പള്ളിക്കുമുകളിൽ തൂക്കിയിരിക്കുന്ന നക്ഷത്രത്തെ പിന്നിലാക്കി പലരും പല വഴിക്ക്‌ പിരിഞ്ഞുപോകും. അന്ന്‌ ഹാപ്പി ക്രിസ്‌മസ്‌ എന്ന്‌ ഉപചാരപൂർവം പറയാനറിയില്ലെങ്കിലും ഉള്ളിന്റെയുള്ളിലെ സ്നേഹത്തിൽ നിന്നടർത്തിയെടുത്ത്‌ ‘‘അമ്മയ്ക്ക്‌ സുഖമാണോ പെണ്ണേ’’ എന്നോ ‘‘കുഞ്ഞുകൊച്ചു സുഖമായിരിക്കുന്നോടീ’’ എന്നോ ഒക്കെ ചോദിക്കാൻ ഒരുപാട്‌ പേരുണ്ടായിരുന്നു. ഓടിവന്ന്‌ കെട്ടിപ്പിടിച്ചില്ലെങ്കിലും ഒരാളുടെ പനിയും പതർച്ചയും മറ്റുള്ളവർക്ക്‌ മനസ്സിലാകുമായിരുന്നു. എല്ലാവർക്കും പരസ്പരം അറിയാമായിരുന്നു.

നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും പങ്കുവെച്ച്‌ കാരളിനെക്കുറിച്ച്‌ ചർച്ച ചെയ്ത്‌ സമപ്രായക്കാരോടൊപ്പം നടന്നുനടന്ന്‌  വീട്ടിലേക്കുള്ള വഴിയിൽ ഞാനും അനുജത്തിയും തനിച്ചാകുമ്പോൾ അമ്മ പാകപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഇറച്ചിക്കറിയിലേക്കും കള്ളപ്പത്തിലേക്കും മനസ്സ്‌ ഓടും. ക്രിസ്‌മസിന്‌ എല്ലാ വീടുകളിലും  രാവിലത്തെ ഭക്ഷണം അതായിരിക്കും. അല്ലാത്ത ദിവസങ്ങളിൽ  കപ്പയും ഉണക്കമീൻ കറിയും. സാമ്പത്തിക സ്ഥിതിയനുസരിച്ച്‌ ഉണക്കമത്തിയോ സ്രാവോ ആകാം. വയലുള്ള വീടുകളിൽ ചിലപ്പോൾ കപ്പയ്ക്കൊപ്പം ചോറും ഉണ്ടാകും.

ഞങ്ങൾ കമ്യൂണിസ്റ്റ്‌ അനുഭാവികളല്ലെങ്കിലും തമ്മിലുള്ള അന്തരം വളരെ കുറവായിരുന്നു. യേശുദേവനെപ്പോലെ ജനിച്ചത് കാലിത്തൊഴുത്തിലല്ലെങ്കിലും കതകുകളില്ലാത്ത പുൽക്കുടിലുകളിലോ ഓലക്കുടിലുകളിലോ ആണ് ഞങ്ങൾ താമസിച്ചിരുന്നത്. എടുത്തുവെക്കാൻ പറ്റുന്ന മറകളായിരുന്നു പട്ടിയും പൂച്ചയും കയറാതെ വാതിലുകളായി ചാരിവെച്ചിരുന്നത്. കാലം കഴിഞ്ഞു. റോഡ് വന്നു. അത്യുത്‌പാദന ശേഷിയുള്ള റബ്ബർ തൈകൾ വിതരണം ചെയ്യുന്ന റബ്ബർ ബോർഡ് വന്നു. അണ്ണാറക്കണ്ണനും ഞങ്ങളും ഒരുപോലെ കുലുക്കി രസിച്ചിരുന്ന നെല്ലിമരങ്ങളും മാവും ആരും നടാതെ വളർന്നുവന്ന ഈന്തും പാഴ്മരങ്ങളും വെട്ടിവെളുപ്പിച്ച് റബ്ബർ തൈ നടാൻ സബ്‌സിഡി തന്നു. അവ ഞങ്ങളെക്കാൾ വേഗത്തിൽ വളർന്നു. പുൽക്കുടിലുകളും ഓലക്കുടിലുകളും മാറി ഓടിട്ട വീടുകൾ വന്നു.

ചാണകം മെഴുകിയ തറയ്ക്കുപകരം സിമന്റിട്ട തറയായി, ബലമുള്ള കതകുകളുണ്ടായി. അമ്മച്ചിമാർ സാരി ഉടുത്തുതുടങ്ങി. ഞങ്ങൾ തമ്മിൽ വലിയ അന്തരമുണ്ടായി. ക്രിസ്‌മസുകൾ വീണ്ടും വന്നുപോയി. ഞങ്ങൾക്ക് കുടുംബങ്ങളുണ്ടായി. പലരും സൗകര്യാർഥം നഗരങ്ങളിലേക്ക് ചേക്കേറി. മക്കളെ ഇംഗ്ലീഷ് സ്കൂളിൽ പഠിപ്പിച്ചു. നിങ്ങൾ നൊയമ്പെടുത്തിട്ട് യേശുക്രിസ്തുവിന് ഒന്നും കിട്ടാനില്ല എന്ന് പറഞ്ഞ് ഇഷ്ടമുള്ള ഭക്ഷണം ഇഷ്ടം പോലെ കൊടുത്തു. വിലകൂടിയ വസ്ത്രങ്ങളും സമ്മാനങ്ങളും കൊണ്ട് പൊതിഞ്ഞ് മക്കളുടെ ക്രിസ്‌മസ് ഗംഭീരമാക്കി. പണവും പദവിയും നോക്കി ആശംസാ കാർഡുകളയച്ചു

ഞങ്ങൾ ഓടിട്ട വീടുകൾ മാറ്റി കോൺക്രീറ്റ് സൗധങ്ങൾ പണിതു. ചുറ്റുമതിലും കുടുംബപേരെഴുതിയ ബലമുള്ള പടിവാതിലും വെച്ചു. അന്യരുടെ കാര്യങ്ങൾ അന്വേഷിക്കുന്നത് സംസ്കാരമില്ലാതെ അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് പറഞ്ഞ് അയൽക്കാരന്റെ അവശതകൾക്കുനേരേ കണ്ണടച്ചു. സ്വന്തം കാര്യം നോക്കാൻ മക്കളെ പഠിപ്പിച്ചു. അവർ കൂടുതൽ സ്വാതന്ത്ര്യത്തിനും സൗകര്യത്തിനുമായി അന്യ രാജ്യങ്ങളിലേക്ക് കുടിയേറി. ഞങ്ങൾ അഭിമാനത്തോടെയും അല്പം അഹങ്കാരത്തോടെയും അത് ആഘോഷിച്ചു.

അന്നത്തെ പാവാടക്കാരികളും വള്ളിനിക്കറുകാരും ഇന്ന് തല നരച്ച് അരികുപറ്റി. ക്രിസ്‌മസുകൾ വന്നു. മക്കളും കൊച്ചുമക്കളും വിശേഷങ്ങളും ആശംസകളും അറിയിക്കുന്നു. ഒന്നു തൊടാൻ കൈ നീട്ടി. കിട്ടിയില്ല. അവർ സൈ്കപ്പിലും വാട്‌സാപ്പിലും ആണല്ലോ ചിരിച്ചത്‌. ഞങ്ങൾ ചുറ്റുപാടും നോക്കി. ആരെയും അറിയില്ല. ആരും അറിയില്ല. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ടിട്ടില്ലല്ലോ. തനിച്ചായവരും പങ്കാളികൾ ഒപ്പമുള്ളവരും പ്രിയമുള്ളവർക്കായി കാത്തിരിക്കുന്നു. ഒരു മണിയടിക്ക്‌ കാതോർത്തിരിക്കുന്നു. ഒന്നു മിണ്ടാൻ, ഒന്നു ചിരിക്കാൻ. പാവം ഓൾഡ്‌ ജനറേഷൻ എന്ന്‌ ആരും സഹതപിക്കേണ്ട. കാടും തോടും ചാടിക്കടന്ന്‌ വന്നവരാണ്‌ ഞങ്ങൾ. ഒരു വഴി അടയുമ്പോൾ തുറക്കപ്പെടാവുന്ന ഒമ്പതു വഴികൾ തിരയും. ഭൂതകാലത്തിൽനിന്ന്‌ പഴയ സൗഹൃദങ്ങൾ ഞങ്ങൾ ചിക്കിച്ചികഞ്ഞെടുത്തു. ഓർമകൾക്ക്‌ എന്തുമധുരം. അന്നുതിന്ന പച്ചമാങ്ങയുടെ പുളിയും നാട്ടുമാമ്പഴത്തിന്റെ മധുരവും ഓർത്തു നുണഞ്ഞു. മാറ്റിവെച്ച സംസ്കാരത്തെ തിരിച്ചെടുത്തു. ഭക്ഷണം കഴിച്ചോ എന്നും എന്ത്‌ കഴിച്ചു എന്നും സുഖമാണോ എന്നും പരസ്പരം അന്വേഷിക്കുന്നു. കലർപ്പില്ലാതെ മറുപടി പറയുന്നു.

സന്തോഷത്തിലേക്കുള്ള വാതിലുകൾ ഇനിയും ഉണ്ട്‌. വെടിയുണ്ടകളെയും മിസൈലുകളെയും പേടിക്കാതെ ഉറങ്ങാം. ആരും ഇങ്ങോട്ടുവരുന്നില്ലെങ്കിലും കാലുകൾക്ക്‌ വേദനയുണ്ടെങ്കിലും മറ്റുള്ളവരുടെ സന്മനസ്സിൽ ഇഷ്ടംപോലെ പുറത്തിറങ്ങി നടക്കാം. വീഴുന്നവനെയും വിശക്കുന്നവനെയും താങ്ങാൻ ആർദ്രതയുള്ള ഹൃദയങ്ങൾ ഇപ്പോഴും ഉണ്ട്‌. ആവശ്യങ്ങൾ അവകാശങ്ങളാണെന്ന്‌ അംഗീകരിക്കാനും നേടിത്തരാനും സംവിധാനങ്ങളുണ്ട്‌.
പുതിയ തലമുറയോട്‌ ഞങ്ങൾ മാപ്പുപറയുന്നു. പ്രകൃതിയെയും സഹജീവികളെയും മുറിവേല്പിച്ചതിന്‌. സ്വന്തം കാര്യംമാത്രം നോക്കാൻ പഠിപ്പിച്ചതിന്‌. ‘രണ്ട്‌’ ഉണ്ടെങ്കിൽ ‘ഒന്ന്‌’ ഇല്ലാത്തവന്‌ കൊടുക്കണം എന്ന സുവിശേഷം പഠിപ്പിക്കാത്തതിന്‌. ലോകം മുഴുവൻ നിന്റെ നന്മ നിറയണേ, ലോകം മുഴുവൻ സുഖമായിരിക്കണേ എന്ന പ്രാർഥന പൂഴ്‌ത്തിവെച്ചതിന്‌. ഒരുപോലെ പിറന്നുവീണവർ തമ്മിൽ ഒരുപാട്‌ അന്തരമുണ്ടായാൽ ഏതു ബലമുള്ള പൂട്ടും തകർക്കപ്പെടും എന്ന്‌ മനസ്സിലാക്കാത്തതിന്‌. ഏത്‌ ഇഷ്ടത്തെയും ആർത്തിയോടെ വാരിപ്പിടിക്കാതെ ശരികളെ തിരഞ്ഞെടുക്കാനുള്ള മനക്കരുത്ത്‌ നേടിത്തരാത്തതിന്‌.ഇനിയും പഠിച്ചുകഴിഞ്ഞിട്ടില്ലാത്ത സുവിശേഷത്തിന്റെ ഉടമയുടെ പിറവിത്തിരുനാൾ ആഘോഷിക്കുമ്പോൾ ഞങ്ങളുടെ തെറ്റുകൾ തിരുത്തപ്പെടട്ടെ എന്നും ലോകത്തിൽ സമാധാനം പുലരട്ടെ എന്നും ആശംസിക്കുന്നു.

ക്രിസ്‌മസുകൾ വന്നു.  മക്കളും കൊച്ചുമക്കളും വിശേഷങ്ങളും ആശംസകളും അറിയിക്കുന്നു. ഒന്നു തൊടാൻ കൈ നീട്ടി. കിട്ടിയില്ല. അവർ സൈ്കപ്പിലും വാട്‌സാപ്പിലും ആണല്ലോ ചിരിച്ചത്‌.

Content Highlight: memories of Christmas | Christmas 2018