രാവിലെ പത്തുമണിയായപ്പോഴേക്കും പടിഞ്ഞാറേക്കോട്ടയ്ക്കു സമീപമുള്ള മാംഗോ ബേക്കേഴ്‌സിനു മുന്നിൽ കേക്കുവാങ്ങാനെത്തിയവരുടെ തിരക്കാണ്. വിറ്റുപോകുന്നവയിൽ ഭൂരിഭാഗവും ക്രീംകേക്കുകളും... നഗരത്തിലെ ഒട്ടുമിക്ക ബേക്കറികളിലും ഇപ്പോൾ ഇതു തന്നെയാണ് സ്ഥിതി. കടതുറക്കുമ്പോഴേക്കും കേക്കുവാങ്ങാനെത്തുന്നവരെക്കൊണ്ട് നിറയും.

അങ്ങനെ പറഞ്ഞു പറഞ്ഞ് ക്രിസ്മസ് ഇങ്ങെത്തി. പ്രളയം അല്പം മങ്ങലേൽപ്പിച്ചെങ്കിലും കേക്ക് വിപണി തകൃതിയായി നടക്കുന്നുണ്ട്. ചോക്കോ ട്രഫിൾ, മോണ്ട് ബ്ലാക്ക്, മാങ്കോ ഗാത്തോ, വാഞ്ചോ, ചോക്കോ ചിപ്, റെഡ് വെൽവെറ്റ്... ഇങ്ങനെ പോകുന്നു ക്രിസ്മസ് വിപണി വാഴുന്ന പുതുപുത്തൻ രുചി രാജാക്കന്മാരുടെ പേരുകൾ. കിലോഗ്രാമിന് 550 രൂപ മുതൽ 1200 രൂപവരെയാണ് ഇവയിൽ പലതിന്റേയും വില. 

cakes

ഇതിനു പുറമേ ഫ്രഷ്‌ക്രീമിൽ പഴച്ചാറുകളും പഴങ്ങളും ചേർത്തിട്ടുള്ള എക്‌സോട്ടിക് കേക്കുകൾ വേറെയുമുണ്ട്.

എന്നാൽ എക്സോട്ടിക് കേക്കുകൾ ഈ വർഷത്തെ ക്രിസ്മസ് വിപണിയിൽ അത്ര സ്വാധീനം ചെലുത്തിയിട്ടില്ലെന്നു തന്നെ പറയാം. നഗരത്തിലെ മിക്ക കടകളിലും ചോക്കലേറ്റ്, കാരമൽ, ബ്ലാക്ക്- വൈറ്റ് ഫോറസ്റ്റുകളാണ് കൂടുതലും നിരത്തിയിട്ടുള്ളത്.

മുൻ വർഷങ്ങളിൽ ഏറെ പ്രിയമുണ്ടായിരുന്ന ബ്ലാക്ക്, വൈറ്റ് ഫോറസ്റ്റ് കേക്കുകൾക്ക് ഇപ്പോൾ വിപണിയിൽ ഡിമാൻഡ്‌ അല്പം കുറവാണെന്നാണ് മാംഗോബേക്കേഴ്സ് ഉടമ കിരൺ എസ്. പാലയ്ക്കൽ പറയുന്നത്. ഇവയ്ക്കു പകരം ചോക്കലേറ്റും വാനിലയും മിക്സിങ്ങിൽ വരുന്ന വാഞ്ചോ കേക്കുകളാണ് കൂടുതൽ വിറ്റു പോകുന്നതെന്ന് കിരൺ പറയുന്നു. കിലോഗ്രാമിന് 750 രൂപ മുതലാണ് ഇവയുടെ വില.

ചോക്കോക്രഞ്ചി, നട്ടിബൂസ്റ്റർ, വനില കസ്റ്റാർഡ്, ചോക്കോബാർ എന്നിവയാണ് മാംഗോ ബേക്കേഴ്സ് ഈ വർഷം ക്രിസ്മസ് സ്പെഷ്യലായി പുറത്തിറക്കിയിരിക്കുന്ന പുത്തൻ രുചികൾ. കാരമൽ ഫഡ്ജിന് കിലോയ്ക്ക് 750 രൂപയും മറ്റെല്ലാത്തിനും കിലോ 700 രൂപയുമാണ് വില. ഇതിനു പുറമേ സ്നിക്കേഴ്സ് ചോക്കലേറ്റിന്റെ ആരാധകർക്കായി സ്നിക്കേഴ്സ് കേക്കും വിപണിയിലുണ്ട്. കിലോ 900രൂപയാണ് വില.  

cakes

ഇതൊക്കെ ക്രീം കേക്കുകളുടെ കാര്യം. ഇനി അല്പം പ്ലം കേക്ക് വിശേഷങ്ങൾ പറയാം. ബ്രൗൺ നിറമുള്ള, മുന്തിരിയും അണ്ടിപ്പരിപ്പും പൊന്തി നിൽക്കുന്ന പ്ലം കേക്കുകളും ഒട്ടും മോശമാക്കിയിട്ടില്ല. കൂടുതൽ വ്യത്യസ്ത രുചികളിൽ, ഫ്ലേവറുകളിൽ പ്ലം കേക്കുകൾ ഈ വർഷം കൂടുതൽ ശക്തിയാർജിച്ച് തിരിച്ചെത്തിയിട്ടുണ്ടെന്ന് പാട്ടുരായ്ക്കൽ കെ.ആർ. ബേക്കേഴ്സ് ബ്രാഞ്ച് മാനേജർ ഗിരീഷ് പറയുന്നു. സാധാ പ്ലം കേക്കുകൾക്കു പുറമേ റിച്ച് പ്ലം, ഗീ പ്ലം, ഐറിഷ് പ്ലം, ചോക്കോ പ്ലം, ഡേറ്റ്സ് ആൻഡ് നട്ട്സ് പ്ലം, കാരറ്റ് പ്ലം, പൈനാപ്പിൾ പ്ലം തുടങ്ങിയവയും പുഡ്ഡിങ് കേക്കുകളുമാണ് ഈ വിഭാഗത്തിലെ പുതുമുഖങ്ങൾ. കിലോ 180 രൂപമുതൽ 360, 400, 600 രൂപവരെ വിലയുള്ള പ്ലം കേക്കുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.

ബേക്കറികൾക്കു പുറമേ വീടുകളിൽ ഓർഡറനുസരിച്ച കേക്കുകളുണ്ടാക്കി നൽകുന്നവരും സജീവമാണ്. ഫ്രഷ് ഹോം മെയ്ഡ് കേക്കുകൾക്കും ഇപ്പോൾ ആവശ്യക്കാരേറെയാണ്. കടകളിലേക്കാൾ അല്പം വിലകൂടുതലുണ്ടെങ്കിലും രുചിക്കൂട്ടിൽ ഒരു കുറവും വരുത്തിയിട്ടില്ലെന്ന് ഇവർ പറയുന്നു. മുൻ വർഷങ്ങളിലേക്കാൾ ഹോം മേയ്ഡ് കേക്കുകൾക്ക് ആവശ്യക്കാർ ഈ വർഷം കൂടിയിട്ടുണ്ട്.

Content Highlight: christmas special cakes