ഓഫീസ്ജോലിക്കാലത്താണത്. ഓട്ടോറിക്ഷ ഓടിച്ചിരുന്ന നിസാർ, പതിവുയാത്രയിൽ പല വർത്തമാനങ്ങളുടെയും കൂട്ടത്തിൽ പറഞ്ഞു: ‘‘ചേച്ചീ, ഇവിടെയൊരു സ്ഥലത്ത് മാറാരോഗികളെയും മരിക്കാറായവരെയും സംരക്ഷിക്കുന്ന ഒരു സ്ഥാപനമുണ്ട്. കന്യാസ്ത്രീകളാണത്‌ നടത്തുന്നത്. അവരു ചിലപ്പോൾ അവശരെയുംകൊണ്ട്‌ ഈ വണ്ടിയിൽ വരാറുണ്ട്. ഒന്നിനും വയ്യാത്തവരും രോഗികളും മരിക്കാറായവരും. ചിലസമയത്ത് ഛർദിക്കും. ചിലപ്പോൾ അവർക്ക് തീരെ വയ്യാതെ വയറ്റീന്നുമൊക്കെ പോകും. ഞാൻ പറയും, അമ്മേ, ഞാനത് വൃത്തിയാക്കിക്കോളാമെന്ന്. അവര്‌ സമ്മതിക്കില്ല. വയ്യാത്ത ആ പാവങ്ങളെ ഇറക്കി,  ഡെറ്റോളും ലോഷനുമൊക്കെയിട്ട്‌ വണ്ടി കഴുകിക്കഴിേഞ്ഞ അവരെന്നെ പോകാൻ സമ്മതിക്കാറുള്ളൂ’’

‘‘ഞാനവരെപ്പറ്റി കേട്ടിട്ടേയില്ലല്ലോ നിസാർ’’
അതെ, കേട്ടിരുന്നില്ല ഞാൻ.
ചെറിയൊരു മൗനത്തിനുശേഷം നിസാർ തുടർന്നു: ‘‘കേൾക്കില്ല ചേച്ചീ. അവരത് ആരേം ബോധിപ്പിക്കാൻ ചെയ്യണതല്ലല്ലോ. എത്ര ക്ഷമയോടെയാണെന്നോ അവരാ കാര്യങ്ങളൊക്കെ ചെയ്യണത്. ഒന്നും രണ്ടും ദിവസം അല്ലല്ലോ, എന്നുമെന്നും ചെയ്യുവല്ലേ.’’
പിന്നെ ഒന്നു നിർത്തീട്ട്,
‘‘ഞാനവരുടെ ഓട്ടം പോകുമ്പോ കാശു വാങ്ങാറില്ല ചേച്ചീ.’’


നിസാർ-സത്യമുള്ള ചെറുപ്പക്കാരൻ, കറുകപ്പിള്ളിയിൽ നിസ്കാരം. കൊച്ചി നഗരത്തിൽ ഓട്ടോ ഓടിക്കുന്നു. നല്ലതല്ലാത്ത ഒന്നും പറയില്ല, ചെയ്യില്ല. നിസാറിന്റെ വാക്കുകൾ, ആ ശബ്ദം, അത്‌ പറയുമ്പോഴുണ്ടായിരുന്ന കാരുണ്യവായ്പ്-എല്ലാം ഞാനിന്നും അതേപോലെ ഓർക്കുന്നു. നിസാറിലൂടെ കേട്ട ആ സുവിശേഷം അത്ര ഹൃദയസ്പർശിയായിരുന്നു.

ആ അമ്മമാരെപ്പറ്റി അതിനുമുമ്പോ പിൻപോ ആരും എന്നോട്‌ സംസാരിച്ചിട്ടില്ല. നിസാറിന്റെ സുവിശേഷം കേട്ടുകൊണ്ടിരുന്നപ്പോൾ അത്‌ നൂറ്റാണ്ടുകൾക്കപ്പുറത്തുനിന്നാണെന്ന്‌ തോന്നി. പക്ഷേ, അത് അടുത്താണല്ലോ, നഗരത്തിന്റെ ഏതോ കീശയിൽ. പരസ്യങ്ങൾക്കും പ്രതാപങ്ങൾക്കും പോലീസിനും കോടതിക്കും കായലിനും അഴിമുഖത്തിനും അജ്ഞാതവൃത്തികൾക്കും അങ്ങനെ അനേകമനേകം അടരുകൾക്കിടയിൽ എവിടെയോ.

poet vijayalakshmi
വിജയലക്ഷ്മിമരിക്കുമെന്നുറപ്പായവരെപ്പോലും ഇരുണ്ടരാവുകളിൽ ശുശ്രൂഷിച്ചുകൊണ്ട്, അവസാനനിമിഷത്തിലും അവരോടൊപ്പം ഉണർന്നിരുന്ന്, പകലുകളിൽ അവശരെ, അശരണരെ പരിചരിച്ച്; ഉഷസ്സിലും സന്ധ്യയിലും ദീനലോകത്തിനായി പ്രാർഥിച്ച് അവർ ഇവിടെത്തന്നെയുണ്ട്. അവകാശവാദമില്ലാതെ, പുറംലോകത്തിനദൃശ്യരായി.

ഉയിർപ്പിന്റെ ആദ്യസാക്ഷി, മഗ്ദലനയിലെ വിശുദ്ധമറിയവും അഭയാർഥിയായി ഫ്രാൻസിലെത്തി അന്നാട്ടുകാർക്ക്‌ രോഗശാന്തി ശുശ്രൂഷയടക്കമുള്ള സേവനവൃത്തികൾ ചെയ്തിരുന്നതായി കേട്ടിട്ടുണ്ട്. മഹാതപസ്വിനിയായി ആത്മസാക്ഷാത്കാരം നേടിയ പ്രഥമവും പ്രധാനിയുമായ ക്രിസ്തുശിഷ്യ.

ഉയിർപ്പിന്റെ സുവിശേഷം ആദ്യസാക്ഷിയെന്നനിലയ്ക്ക്‌ മറ്റുശിഷ്യരിലേക്കെത്തിക്കയാൽ, ‘അപ്പോസ്തലന്മാർക്കും അപ്പോസ്തല’ എന്നാണ്‌ പതിമ്മൂന്നാം നൂറ്റാണ്ടിലെ പുണ്യാത്മാവായ വിശുദ്ധ തോമാസ് അക്വിനാസ് മഗ്ദലനയിലെ വിശുദ്ധമറിയത്തെ നിർവചിച്ചത്.
പുരുഷാരത്താൽ കല്ലെറിയപ്പെട്ടവളായും ബഥനിയിൽ യേശുദേവന് െതെലശുശ്രൂഷ ചെയ്തവളായും നൂറ്റാണ്ടുകളുടെ വ്യാഖ്യാനങ്ങളിലും ആഖ്യാനങ്ങളിലും തെറ്റായി അറിയപ്പെട്ട്, സംസ്കാരവും സാഹിത്യവും ചിത്രകലയും ശില്പകലയും മാറ്റിയെഴുതി മറ്റൊന്നാക്കിയിരുന്ന മഗ്ദലനയിലെ പുണ്യവതിയുടെ സത്യം പരിശുദ്ധപിതാവ് ഫ്രാൻസിസ് മാർപാപ്പ വീണ്ടെടുത്തു; അക്കാര്യത്തിന്‌ സഭയിലെ ശ്രേഷ്ഠാലോചനായോഗത്തിൽ അംഗീകാരം നേടി; 2016 ജൂൺ ആറിലെ വത്തിക്കാൻ കൽപനാലേഖനത്തിലൂടെ, ആരാധനാക്രമങ്ങളുടെ പട്ടികയിൽ, വിശുദ്ധ മറിയത്തിന്റെ ഓർമത്തിരുനാളും ആഘോഷദിവസമായി ഉയർത്തി, ഉന്നതശ്രേണിയിലെ അപ്പോസ്തലന്മാരുടെ ഓർമപ്പെരുന്നാളുകളോടൊപ്പം ഉൾപ്പെടുത്തി.

ഈ അംഗീകാരം, ആരുടെയും കണ്ണീരൊപ്പുകയും ഊട്ടുകയും ഉറക്കുകയും ഒപ്പമുണർന്നിരിക്കുകയും ചെയ്യുന്ന, ഉയിർപ്പിനെ വിളിച്ചോതിക്കൊണ്ട്‌ പുലരിയിൽ ഓടിയെത്തുകയും വിശ്വാസത്തെ സ്നേഹത്തിലുറപ്പിക്കുകയും ചെയ്യുന്ന, എളിമയിലൂന്നിയ സഹഭാവത്തിനുള്ളതാണ്‌. കുരിശുയാതനയ്ക്കുമുന്നിലെ പരിശുദ്ധമാതാവും ശ്രീയേശുദേവന് പ്രിയങ്കരനായിരുന്ന, അവിടുന്ന്‌ സ്വമാതാവിനെ സംരക്ഷിക്കണമെന്ന്‌ പറ​േഞ്ഞൽപ്പിച്ച അലിവേറിയ ശിഷ്യൻ വിശുദ്ധയോഹന്നാനും ഗുരുവിന്റെ യാതനാമുഹൂർത്തത്തിൽ അവിടെയുണ്ടായിരുന്ന മഗ്ദലനയിലെ വിശുദ്ധമറിയവും എപ്പോഴും പങ്കുവയ്ക്കുന്ന, എളിമയുടെ, സ്നേഹത്തിന്റെ, ഉയിർപ്പിന്റെ ചൈതന്യം അതൊടുവിൽ വെളിപാടിലേക്കുയരുകയും സാക്ഷാത്കാരത്തിൽ ശമിക്കുകയും ചെയ്യുന്നു.

ഞാൻ കാണുന്നു, അറിയുന്നു-അതാണെന്റെ ക്രിസ്തു.

നിസാറിന്റെ ഓട്ടോറിക്ഷയിൽ ഇനിയുമെന്നെങ്കിലും യാത്രചെയ്യാനിടവന്നേക്കാം, അന്ന്‌ ഞങ്ങൾ അന്നത്തെ സദ്‌വാർത്ത ഓർത്തുപറയും, കണ്ണുനനയും. അപ്പോൾ രണ്ടായിരം വർഷംമുമ്പ്‌ ഉദിച്ച ഒരു നക്ഷത്രത്തിൽനിന്ന് അനന്തതയിലേക്ക്‌ നീളുന്ന രശ്മികൾ, തീരേച്ചെറിയ, കുടുങ്ങിപ്പായുന്ന ആ വാഹനത്തിന്റെ നെറുകയിലും അലിവോടെ തലോടും.

Content Highlight: Christmas memory by poet vijayalakshmi