xmas
വര: മനോജുകുമാര്‍ തലയമ്പലത്ത്

ങ്ങളുടെ കുട്ടിക്കാലത്തെ ക്രിസ്മസ് ആഘോഷങ്ങളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് പോത്തിറച്ചി. ക്രിസ്മസ് ദിവസം രാവിലെ കളളപ്പവും (ഞങ്ങള്‍ കോട്ടയംകാര്‍ അരിക് ഫ്രില്ലുവച്ചപോലിരിക്കുന്ന ഇതിന് പാലപ്പം എന്നാണ് പറയുക)പോത്തിറച്ചിക്കറിയുമാണ് കോമ്പിനേഷന്‍. ചിലപ്പോള്‍ പിരളന്‍ എന്നു പറഞ്ഞ ഒരു കറിയും ഉണ്ടാക്കും. ഉച്ചയ്ക്ക് ഇറച്ചിക്കറിയ്ക്കൊപ്പം ഇറച്ചി ഉലര്‍ത്തിയതും നല്ലൊരു കോട്ടയം മീന്‍കറിയുമായാല്‍ അന്നത്തെ ക്രിസ്മസ് സദ്യ കുശാലായി.  ക്രിസ്മസിന് ഫൈവ്കോഴ്സ് ഡിന്നര്‍ കഴിക്കുന്ന ഇന്നത്തെ  കുട്ടികള്‍ക്ക് ഇതൊക്കെ പറഞ്ഞാല്‍ അത്ഭുതമായിരിക്കും.

ക്രിസ്മസ് കാലത്ത്  ഇറച്ചിവാങ്ങാനൊരുങ്ങുമ്പോഴൊക്കെ  വേദനിക്കുന്ന  ഒരു ഓര്‍മ കടന്നുവരും. ഒരു ക്രിസ്മസ് തലേന്ന് ഇറച്ചിവാങ്ങാന്‍ പോയി കാലില്‍ തൂക്കുകട്ടി വീണതും വലതുകാലിന്റെ പെരുവിരലിലെ നഖം പറിഞ്ഞുപോയതുമായ സങ്കടപ്പെടുത്തുന്ന ഓര്‍മ.

അന്ന ഹൈസ്‌കൂളിലായിട്ടില്ല. മൂലയില്‍ വീട്ടില്‍ ക്രിസ്മസ് ആഘോഷിക്കാനെത്തിയതാണ്. പുല്‍ക്കൂട് ഉണ്ടാക്കുന്നതിന്റെയും നക്ഷത്രമിടുന്നതിന്റെയുമൊക്കെ തിരക്കിനിടയിലും ഇറച്ചി വാങ്ങിക്കൊടുക്കേണ്ടതിന്റെ ചുമതലയും ഞങ്ങള്‍ക്കാണ്. ഇന്നത്തേതു പോലെ ഇറച്ചിക്കടയൊന്നും അന്നില്ല. വലിയ പറമ്പില്‍ അച്ചനെന്ന ഞങ്ങളുടെ മാത്തുക്കുട്ടിയങ്കിളായിരുന്നു അറിയപ്പെടുന്ന ഇറച്ചി വില്‍പ്പനക്കാരന്‍. ക്രിസ്മസ് , ഈസ്റ്റര്‍ കാലങ്ങളിലും ഇടയ്ക്ക് ചില ഞായറാഴ്ചകളിലും അദ്ദേഹം  പോത്തിനെ വാങ്ങിച്ചു വെട്ടും. 
മൂലയില്‍ വീടിന്റെ വടക്കുവശത്ത് തൊട്ടയല്‍പക്കമാണ് അച്ചന്റെ വീട്.  അച്ചന്റെ പറമ്പില്‍ തന്നെയായിരുക്കും പോ്ത്തിനെ വെട്ടുന്നത്. ഞങ്ങള്‍ ഇറച്ചിക്കായി സഞ്ചിയും കൊണ്ട് പോത്തിനെ വെട്ടുന്നിടം വരെ ചെന്നാല്‍ മതി. ബാക്കിയൊക്കെ അച്ചന്‍ നോക്കിക്കൊള്ളും. നല്ല ഒന്നാം തരം പോത്തിറച്ചി അദ്ദേഹം തന്നു വിടും.
അന്ന് ഇറച്ചി വാങ്ങിച്ചയുടന്‍ തന്നെ പൈസകൊടുക്കുന്ന ഇടപാടൊന്നുമില്ല. ഇറച്ചി വെട്ടുന്നതിനടുത്തു തന്നെ   ഒരു ബുക്കുമായി ഒരാള്‍ ഇരിക്കും. മിക്കവാറും അച്ചന്റെ മകനും ഞങ്ങളുടെ ബാല്യകാല സുഹൃത്തുമായ ബിജു തന്നെയായിരിക്കും ബുക്കുമായി ഇരിക്കുന്നത്. ഇറച്ചി വില്‍ക്കാനായി  രണ്ട്  മരങ്ങള്‍ക്കു കുറുകെ ഒരു കമ്പുകെട്ടി  ത്രാസ് തൂക്കിയിട്ടിരിക്കും. അഞ്ചു കിലോയുടെയും രണ്ടു കിലോയുടെയും ഒരു കിലോയുടെയും അര കിലോയുടെയുമൊക്കെ തൂക്കുകട്ടികളും കാണും. 

പലകകൊണ്ടുള്ള മേശയുടെ മുകളിലാണ് ഇറച്ചി വച്ചിരിക്കുന്നത്. ഇവിടെ നി്ന്നും ആവശ്യക്കാര്‍ക്ക് അച്ചനും സഹായികളും ഇറച്ചി തൂക്കി കൊടുക്കും.
മൂലയില്‍ കൊച്ചപ്പാപ്പി-മൂന്നു കിലോ, പാറയ്ക്കല്‍ തോമാച്ചന്‍ രണ്ടു കിലോ , കൊരണ്ടിത്താനം മത്തായി - രണ്ടു കിലോ എന്നിങ്ങനെ  അച്ചന്‍ വിളിച്ചു പറയുമ്പോള്‍ ഇറച്ചി വാങ്ങിക്കുന്നവരുടെ പേരും വാങ്ങിയ ഇറച്ചിയുടെ തൂക്കവും ബിജു ബുക്കില്‍ എഴുതിയിടും.

മൂലയില്‍ വീട്ടിലേക്ക് ഇറച്ചി എടുക്കുമ്പോള്‍ മൂന്നു കിലോയാണ് പറഞ്ഞതെങ്കില്‍ ഒരു നൂറു നൂറ്റമ്പതു ഗ്രാമെങ്കിലും കൂടുതല്‍ കാണും. അയല്‍പക്കത്തെ സ്നേഹബന്ധത്തിനുള്ള സമ്മാനം.  പോത്തിന്റെ ആറാംമാലി ഭാഗത്തു നിന്നുള്ള ഇറച്ചിയായിരിക്കും കൂടുതല്‍ (ഇതിനാണ് രുചിയും ഗുണവും കൂടുതലെന്നാണ്  അറിവും പരിചയവും ഉള്ളവര്‍ പറയുന്നത്) .
ഇറച്ചി കൊണ്ടു പോയി പിരളനും ഉലത്തനുമൊക്കെയാക്കി എല്ലാവരും ശാപ്പിടും. ഇതും കഴിഞ്ഞ് രണ്ടു മൂന്നു ദിവസത്തിനുശേഷമേ പണം വാങ്ങിക്കാനായി അച്ചന്‍ എത്തുകയുള്ളു. നാട്ടിന്‍പുറത്ത് അന്ന് ഉടനടി പണം എടുക്കാന്‍ കഴിവുള്ളവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ കാണൂ. ചിലയിടത്തു നിന്ന് ആദ്യ ദിവസംതന്നെ പൈസ കിട്ടും.   വേറെ ചിലയിടങ്ങളില്‍  രണ്ടോ മൂന്നോ പ്രാവശ്യം നടക്കേണ്ടി വരും.
 
പോത്തു വെട്ടിക്കഴിഞ്ഞാല്‍ അച്ചന്  ചെറിയ ഒരു ലാഭം കിട്ടും. പിന്നെ നല്ല ഇറച്ചി തിന്നാം എന്നൊരു ഗുണമുണ്ട്. ഇതിനു പുറമെ എല്ലും അനുസാരികളുമെല്ലാം ഉപയോഗപ്പെടുത്തി എല്ലും കപ്പയുമുണ്ടാക്കുക, എല്ലു  കറിയുണ്ടാക്കുക, പോത്തിന്റെ കുടല്‍ വൃത്തിയാക്കിയെടുത്ത് കുരുമുളക് ചേര്‍ത്ത് പോട്ടി  ഫ്രൈ ഉണ്ടാക്കുക എന്നിവയിലും അച്ചന്‍ ആനന്ദം കൊണ്ടിരുന്നു. ഇതിന്റെയൊക്കെ വീതമടിക്കാനായി ഞങ്ങള്‍ വലിയപറമ്പില്‍ വീട്ടിലേക്ക് ഓടിച്ചെല്ലുമായിരുന്നു. സന്തോഷത്തോടെ വിളിച്ചിരുത്തി അച്ചന്‍ ഇത്തരം വിഭവങ്ങളൊക്കെ തരികയും ചെയ്യും.

അന്ന് പുല്‍ക്കൂടിന്റെ വശങ്ങളില്‍ ഈന്തോല കെട്ടിക്കൊണ്ടിരിക്കുമ്പോഴാണ് അമ്മച്ചിയുടെ വിളി വന്നത്.' എടാ ജയ്മോനേ ... ജോസുമോനേ... മാത്തുക്കുട്ടി ഇറച്ചിവെട്ടു തുടങ്ങി. നിങ്ങളുപോയി ഇറച്ചി വാങ്ങിച്ചോണ്ടു വാ.' പുല്‍ക്കൂടിന്റെ പണിയില്‍ ഹരം കൊണ്ടു നില്‍ക്കുന്ന ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരു അനക്കവുമില്ല. 
കുറച്ച് കഴിഞ്ഞ് അമ്മച്ചിയുടെ വിളി വീണ്ടും ... 'എടാ... നീയൊക്കെ എന്നാ എടുത്തോണ്ടു നില്‍ക്കുകാ... നാളെ  അപ്പത്തിനൊപ്പം ഇറച്ചിക്കറി കൂട്ടണമെങ്കില്‍ മതി. പോയി വാങ്ങിച്ചോണ്ടു വാടാ... 
' നീ പോയി വാങ്ങിക്കെടാ...ഇക്കുറി ചേട്ടന്‍ ഓര്‍ഡര്‍ ഇട്ടു.  ഇനി കൂടുതല്‍ വര്‍ത്തമാനങ്ങളൊന്നുമില്ല ...ഞാന്‍ പോയേ പറ്റൂ.

അമ്മച്ചിയുടെ അടുത്തുചെന്ന് ഇറച്ചിവാങ്ങാനുള്ള പ്ലാസ്റ്റിക് സഞ്ചിയും എടുത്ത് ഞാന്‍ നടന്നു. മാത്തുക്കിട്ടിയങ്കിളിന്റെ വീടും കഴിഞ്ഞ് മുന്നിലുള്ള തോടും കടന്നുവേണം ഇറച്ചിവെട്ടുന്ന റബര്‍ത്തോട്ടത്തിലെത്താന്‍. തോട്ടിലിറങ്ങി കുറച്ചു നേരം വെള്ളം തെറിപ്പിച്ചിട്ടാണ് ഞാന്‍ ഇറച്ചി വെട്ടുന്നിടത്തേക്ക് പോയത്. അവിടെ ചെന്നപ്പോള്‍ പത്തുപതിനഞ്ചുപേരെങ്കിലുമുണ്ട് ഇറച്ചി വാങ്ങിക്കാനായി. എത്ര പരിചയമുണ്ടെങ്കിലും ആദ്യം ചെന്നവര്‍ക്ക് ആദ്യം എന്ന നയമാണ അച്ചന്‍ പിന്തുടരുന്നത്. അതിനാല്‍ ഞാന്‍ എന്റെ ഊഴം കാത്തു നിന്നു.

അരമണിക്കൂറോളം കാത്തുനിന്നു കഴിഞ്ഞപ്പോഴേക്കും എനിക്കു മടുത്തു. മേടുപ്പു മാറാന്‍ എന്താ മാര്‍ഗം . നോക്കുമ്പോള്‍ ഇറച്ചി വില്‍ക്കുന്നിടത്തു നിന്നും അല്‍പ്പം മാറി ഒരു മേശ കിടപ്പുണ്ട്. മേശപ്പുറത്ത് മൂന്നോ നാലോ തൂക്കുകട്ടികളുമുണ്ട്. ആവശ്യമില്ലാത്ത തൂക്കുകട്ടികള്‍ മാറ്റിവച്ചിരിക്കുന്നതാണ്. ഞാന്‍ അങ്ങോട്ടു ചെന്ന് പതുക്കെ ചെറിയ കട്ടികള്‍ എടുത്ത് കളിക്കാന്‍ തുടങ്ങി. കട്ടി ഉരുട്ടുക, കയ്യിലെടുത്തു പൊക്കിപ്പിടിക്കുക തുടങ്ങിയ കലാപരിപാടികള്‍. ഇറച്ചി വില്‍പ്പനയുടെ തിരക്കിനിടയില്‍ ആരും ഇത് ശ്രദ്ധിക്കുന്നുമില്ല. ഇതിനിടയിലാണ് കയ്യിലെടുത്തിയ കട്ടി വഴുതി എന്റെ കാലിലേക്ക് വീണത്. കൃത്യം വലതു കാലിന്റെ പെരുവിരലിലെ നഖത്തിലേക്ക് തന്നെയാണ് കട്ടി വീണത്. 'അയ്യോ ..എന്റമ്മച്ചിയേ ...' എന്ന എന്റെ കരച്ചിലു കേട്ടപ്പോഴാണ് ആളുകള്‍ വിവരമറിയുന്ന്. അവര്‍ നോക്കേേുമ്പാള്‍ എന്റെ തള്ളവിരലിന്റെ അറ്റം ചോരക്കളം. ഉടന്‍ തന്നെ മാത്തുക്കുട്ടിയങ്ങിള്‍ കുടിക്കാന്‍ വച്ചിരുന്ന  മൊന്തയിലെ വെളളവുമായി ഓടിയെത്തി. വിരലു കഴുകി . നോക്കുമ്പോള്‍ നഖത്തിന്റെ ഒരറ്റം പറിഞ്ഞിരുപ്പുണ്ട്. ഞാനാണെങ്കില്‍ വലിയ വായിലേ കരിച്ചില്‍ . 'പോട്ടെ മോനെ... വീട്ടില്‍ ചെന്ന് മരുന്നു വെച്ചു കെട്ടിയാല്‍ മതി..മാറിക്കോളും ..'കൂട്ടത്തിലെ മുതിര്‍ന്നവര്‍ ആശ്വസിപ്പിക്കുന്നുണ്ട്. ഇതിനിടയിലും എന്റെ ഏങ്ങലടി തുടര്‍ന്നു.

പ്രായോഗികമതിയായ മാത്തുക്കുട്ടിയങ്ങിള്‍ ഉടന്‍ തന്നെ മൂന്നു കിലോ ഇറച്ചി തൂക്കി സഞ്ചിയിലാക്കി. മകന്‍ ബിജുവിനെ വിളിച്ചു ' എടാ നീ ജോസുമോനെയും കൂട്ടിക്കൊണ്ടു പോയി വീട്ടിലാക്ക്. ഈ ഇറച്ചിയും കൊണ്ട് ചിറ്റമ്മയ്ക്ക് (ഞങ്ങളുടെ അമ്മച്ചി ) കൊടുക്ക്'  പതുക്കെ ഞാന്‍ ബിജുവിന്റെ കൈ പിടിച്ച് വീട്ടിലേക്ക് നടന്നു.

ആദ്യ ഭാഗം: 'അങ്ങനെ ഒരു കരോള്‍ കാലത്ത്'  വായിക്കാം

രണ്ടാം ഭാഗം- 'ഈന്തോലകളില്‍ വീണ കണ്ണീര്‍ പൂക്കള്‍' വായിക്കാം

മൂന്നാം ഭാഗം: അച്ചനൊരുക്കിയ നക്ഷത്ര തിളക്കങ്ങള്‍  വായിക്കാം 

നാലാം ഭാഗം അസുഖക്കാരന്‍ കുട്ടിയുടെ ആദ്യത്തെ ക്രിസ്മസ്......

അഞ്ചാം ഭാഗം: കത്തിത്തീര്‍ന്ന ക്രിസ്മസ് ട്രീയുടെ ഓര്‍മയ്ക്ക് 

ആറാം ഭാഗം: പൊട്ടിയ ഭരണിയും ഒഴുകിപ്പോയ വൈനും

ഏഴാം ഭാഗം ;'മേരെ അംഗേനേ മേ'യും അഴിഞ്ഞുപോയ മുണ്ടും 

എട്ടാം ഭാഗം: റബര്‍ തോട്ടത്തില്‍ ' ഓപ്പറേഷന്‍ കേക്ക് '; അമ്പരന്ന് പെണ്‍കുട്ടി

Content Highlight: Christmas memories about beef