ഘോഷങ്ങളെത്തുമ്പോൾ തുള്ളിച്ചാടിയ കുട്ടിക്കാലം ഇല്ലാത്തവരായി ആരും കാണില്ല. വിഷുക്കാലത്ത് പടക്കങ്ങൾ പൊട്ടിക്കാൻ കൂടുന്നവർ ഓണക്കാലത്ത് പൂക്കളങ്ങളൊരുക്കും. ഗൃഹാതുരത്വമുണർത്തുന്ന ഓർമകളിൽ സാമൂഹികമാധ്യമങ്ങൾ ആധിപത്യം തീർത്തതോടെ ആഘോഷങ്ങൾ മൊബൈൽ സ്‌ക്രീനുകളിലായി. വാട്‌സാപ്പും ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമുമെല്ലാം അരങ്ങുവാണപ്പോൾ ഇല്ലാതായിപ്പോയ ചിലതുണ്ട്. ഇപ്പോഴത്തെ തലമുറയുടെ ജീവിതത്തിൽനിന്ന് സാമൂഹികമാധ്യമങ്ങൾ പടിയിറക്കിവിട്ട ചിലത്. 

christmas

കാത്തുകാത്തിരുന്ന ക്രിസ്മസ് രാവ് വരവായി. ക്രിസ്മസ് കാലത്ത് ജാതി,മതഭേദമെന്യേ ക്രിസ്മസ് പാപ്പയായി വീടുവീടാന്തരം കയറിയിറങ്ങും കുട്ടികൾ. കരോൾഗാനവും സിനിമാഗാനങ്ങളുമായി ആർത്തുവിളിച്ച് വീടുകൾതോറും കയറിയിറങ്ങുന്ന സംഘങ്ങൾ നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും സജീവമാണ്. ആർത്തുതിമർക്കലും സംഘം ചേരലുമൊക്കെയായുള്ള കരോൾ കൂട്ടായ്മയ്ക്ക് പോക്കറ്റ് മണി സ്വരൂപിക്കുകയെന്ന ലക്ഷ്യമുണ്ടെങ്കിലും ഒരൊറ്റ വീട്ടുകാരും ഇവർക്ക് മുമ്പിൽ വാതിലടയ്ക്കില്ല. പ്രളയത്തിന് ശേഷമുള്ള ഇക്കൊല്ലത്തെ ആഘോഷങ്ങൾക്കെല്ലാം പ്രഭ കുറവാണ്. അതിരൂപതാതലത്തിലും ഇടവകകൾ കേന്ദ്രീകരിച്ചുമുള്ള ക്രിസ്മസിനും ആഘോഷങ്ങളുടെ പകിട്ടില്ല. തിളക്കം കുറഞ്ഞെങ്കിലും വിപണി സജീവമാണ്. പുത്തൻപള്ളിയ്ക്ക് സമീപമുള്ള കടകളിൽ ക്രിസ്മസ് തിളക്കം കാണാം.

സന്ദേശങ്ങളെല്ലാം മൊബൈൽ വഴി കാർഡുകൾ വിസ്മൃതിയിലേക്ക്

ക്രിസ്മസിന് ഒരു മാസം മുമ്പുതന്നെ കടകളുടെ ഉള്ളിലും വരാന്തകളിലും മനോഹരമായ കാർഡുകൾ വരിവരിയായി നിറഞ്ഞിരിക്കുന്ന കാലമുണ്ടായിരുന്നു. നാണയങ്ങൾ കൂട്ടിവെച്ച് കൂട്ടുകാർക്കോ ബന്ധുക്കൾക്കോ പ്രണയിക്കുന്നവർക്കോ അയയ്ക്കാനായി കടകൾ കയറിയിറങ്ങിരുന്ന കാലം. സർപ്രൈസ് ഗിഫ്റ്റുകളായി ലഭിച്ചിരുന്ന ക്രിസ്മസ് കാർഡുകൾ സൗഹൃദങ്ങളുടെ ആഴം കൂട്ടിയിരുന്ന കാലം. ഫെയ്‌സ്ബുക്കും വാട്‌സാപ്പും ഇൻസ്റ്റഗ്രാമുമെല്ലാം സൗഹൃദങ്ങളെ കീഴടക്കിയപ്പോൾ പിൻവാങ്ങേണ്ടിവന്നു ക്രിസ്മസ് കാർഡിന്. ക്രിസ്മസ് ആഘോഷങ്ങൾ ഇമോജികളിലും സ്റ്റിക്കറുകളിലും മാത്രമായി. എങ്കിലും ചുരുക്കം ചിലർ മാത്രം ക്രിസ്മസ് കാർഡുകൾ തേടിയെത്തി സ്വന്തമാക്കി.

ക്രിസ്മസ് കാർഡുകൾക്ക് ആവശ്യക്കാർ കുറഞ്ഞെന്ന് കടക്കാരുടെ സാക്ഷ്യം. സാധാരണ കാർഡുകൾ കുറഞ്ഞു. ഉള്ളതാവട്ടെ കാർഡുകൾ തുറന്നാൽ സംഗീതം പൊഴിക്കുന്നതരത്തിലുള്ള കാർഡുകളാണ്. കോളേജ്‌ സ്‌കൂൾ വിദ്യാർഥികളും കന്യാസ്ത്രീകളുമാണ് ഈ കാർഡുകളുടെ ആവശ്യക്കാർ. തിരഞ്ഞെടുത്ത ക്രിസ്മസ് ഫ്രൻഡ്‌സിന് അയയ്ക്കാനാണ് ഭൂരിഭാഗം വിദ്യാർഥികളും കാർഡുകൾ തേടിയെത്തുന്നത്. സമ്മാനങ്ങളായി നൽകുന്നതിനും ക്രിസ്മസ് കാർഡുകൾ ഉപയോഗിക്കുന്നുണ്ട്.

പുൽക്കൂടിൽ പ്ലാസ്റ്റിക്‌ മേൽക്കൂര

xmas crib

ഇക്കൊല്ലത്തെ ക്രിസ്മസ് വിപണിയിൽ പുൽക്കൂടിൽ വൈവിധ്യങ്ങളേറെയുണ്ട്. മരത്തിന്റെയും ചൂരലിന്റെയും മുളയുടെയും പുൽക്കൂടുകൾ വിപണിയിൽ പതിവാണ്. ഇക്കൂട്ടത്തിൽ വേറിട്ടുനിൽക്കുന്നത് രൂപങ്ങളടങ്ങിയ തെർമോക്കോളിന്റെ പുൽക്കൂടാണ്. രൂപങ്ങൾ വേറെ വെയ്ക്കേണ്ടിവരില്ലെന്നതാണ് പ്രത്യേകത. വൈക്കോലിന്റെ പുൽക്കൂടുകളും കൂട്ടത്തിലുണ്ട്. എങ്കിലും ആവശ്യക്കാരേറെയും പച്ചനിറത്തിലുള്ള പ്ലാസ്റ്റിക് മേൽക്കൂരയുള്ളതിനാണ്. പ്ലൈവുഡ്, മൾട്ടിവുഡ് എന്നിങ്ങനെ വൈക്കോൽ പുൽക്കൂട് രണ്ടുതരത്തിലുണ്ട്.

സ്റ്റാറിൽ ഒടിയനും യന്തിരനും

ക്രിസ്മസ് വിപണിയിൽ എല്ലാകാലവും വ്യത്യസ്തമായ നക്ഷത്രങ്ങൾ വിപണിയിലിറക്കാറുണ്ട്. ഇക്കൊല്ലത്തെ സ്‌പെഷ്യൽ ഒടിയൻ സ്റ്റാറും യന്തിരൻ സ്റ്റാറും കായംകുളം കൊച്ചുണ്ണി സ്റ്റാറുമാണ്. പലഭാഗങ്ങൾ ചേർത്തുവെച്ചതാണ് യന്തിരൻ സ്റ്റാർ. മറ്റ് നക്ഷത്രങ്ങളെ അപേക്ഷിച്ച് യന്തിരൻ സ്റ്റാറിന് വിലയല്പം കൂടും. 1000 രൂപ.

കുഞ്ഞുപാപ്പമാർക്കും വേഷങ്ങൾ

ഒരു വയസ്സ് മുതൽ മുതിർന്ന വ്യക്തികൾക്ക് ധരിക്കാവുന്ന തരത്തിലുള്ള ക്രിസ്മസ് പാപ്പയുടെ വേഷം വിപണിയിൽ ലഭ്യമാണ്. ക്രിസ്മസ് വേഷം വാങ്ങാനെത്തി കുഞ്ഞുങ്ങൾ മടങ്ങുന്നത് ക്രിസ്മസ് പാപ്പയായാണ്. ഉടുപ്പുകൾക്ക് പുറമെ പാപ്പയ്ക്കുവേണ്ടിയുള്ള തൊപ്പിയും മുഖംമൂടിയും ഊന്നുവടിയുമെല്ലാം വിപണിയിലെത്തിയിട്ടുണ്ട്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പാപ്പയും ഇക്കൂട്ടത്തിലുണ്ട്.

കിത്ത്‌നാ റുപ്പിയാ? 

xmas cap

നഗരത്തിൽ പലയിടത്തും വഴിയോരങ്ങളിൽ ക്രിസ്മസ് തൊപ്പികളും വേഷങ്ങളും വിൽക്കാനിരിക്കുന്ന ഇതരസംസ്ഥാനക്കാരെ കാണാം. രാജസ്ഥാനിൽനിന്നും മധ്യപ്രദേശത്തുനിന്നുമെല്ലാം കുടുംബമായെത്തിയും അല്ലാതെയും ഇവർ കച്ചവടം നടത്തുന്നു. വാഹനങ്ങളിലെ യാത്രക്കാരും വഴിയാത്രക്കാരും വിലപേശിയും ആംഗ്യം കാണിച്ചും ക്രിസ്മസ് പാപ്പയുടെ തൊപ്പികൾ വാങ്ങിക്കൊണ്ടുപോവുന്നു. ’യേ കിത്ത്‌നാ റുപ്പിയാ?’, എന്ന് ചോദിക്കുന്നവരോട് ഇംഗ്ലീഷിൽ വില പറഞ്ഞ് ഞെട്ടിക്കുന്നുണ്ട് കൂട്ടത്തിലുള്ളവർ. ദേശീയപാതകളിലും ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള സ്ത്രീകളടക്കമുള്ള കച്ചവടക്കാർ സജീവമാണ്.

Content Highlight: Christmas celebration in Thrissur city