ക്രിസ്മസിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ ആദ്യം ഓടിയെത്തുന്നത് നക്ഷത്രങ്ങളാണ്. കുട്ടിക്കാലത്ത് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് നക്ഷത്രങ്ങളായിരുന്നു. എല്ലാവീട്ടിലും നക്ഷത്രങ്ങള്‍ തൂക്കിയിടുന്നത് കാണുമ്പോള്‍ അച്ഛനോട് വാശിപിടിച്ച് കരഞ്ഞ് വീട്ടില്‍ നക്ഷത്രം വാങ്ങിത്തൂക്കും. അങ്ങനെ വാശികള്‍ക്കൊടുവില്‍ എല്ലാവര്‍ഷവും എന്റെ വീട്ടില്‍ വേറെ വെറെ  നക്ഷത്രങ്ങള്‍ പ്രകാശിച്ചു. 

ക്രിസ്മസ് ഓര്‍മകള്‍ അധികവുമുള്ളത് സ്‌കൂള്‍ കാലഘട്ടത്തിലാണ്. എല്ലാവര്‍ക്കും ഉണ്ടാകാം സ്‌കൂളുമായി ബന്ധപ്പെട്ട് ഒരുപാട് ക്രിസ്മസ് ഓര്‍മകള്‍.  ക്രിസ്മസ് ഫ്രണ്ടിനെ തിരഞ്ഞെടുക്കുകയായിരുന്നു സ്‌കൂള്‍ കാലത്തെ ക്രിസ്മസ് ആഘോഷങ്ങളില്‍ പ്രധാനപ്പെട്ടത്. അന്നൊക്കെ പെണ്‍കുട്ടികളെ ക്രിസ്മസ് ഫ്രണ്ടായി ലഭിക്കുന്നത് ആണ്‍കുട്ടികള്‍ക്കാണെങ്കില്‍ അവര്‍ എന്തെങ്കിലും കൃസൃതി ഒപ്പിക്കും. സ്‌കൂള്‍ പൂട്ടുന്നതിന് മുന്നെയാണ് ക്രിസ്മസ് ഫ്രണ്ടിനെ തിരഞ്ഞെടുക്കുക, അവധി ആഘോഷിക്കുമ്പോഴും മനസു നിറയെ സ്‌കൂള്‍ തുറന്നാല്‍ ലഭിക്കുന്ന സമ്മാനങ്ങളായിരിക്കും. 

വെക്കേഷമൊക്കെ കഴിഞ്ഞ് നമ്മള്‍ പ്രതീക്ഷയോടെ സ്‌കൂളിലേക്ക് ചെല്ലുമ്പോള്‍ ആണ്‍കുട്ടികള്‍  വേസ്റ്റ് നല്ല വൃത്തിയില്‍ സമ്മാനപ്പൊതിയിലാക്കി തരും. പക്ഷേ പെണ്‍കുട്ടികള്‍  പൊതുവെ നല്ല ഗിഫ്‌റ്റൊക്കെ വാങ്ങി കൈയില്‍ കരുതിയിട്ടുണ്ടാകും.  ആണ്‍കുട്ടികളെ ആണ് ഫ്രണ്ടായി കിട്ടുന്നതെങ്കില്‍ ഉറപ്പാണ് എന്തെങ്കിലും 'പണിയൊപ്പിച്ചിട്ടുണ്ടാകും'.

ഇപ്പോള്‍ മോളുണ്ടായതിനുശേഷമുള്ള ക്രിസ്മസും വളരെ സ്പെഷ്യലാണ്. അവളും എന്നെപ്പോലെ നക്ഷത്രങ്ങളുടെ ആരാധികയാണ്. 
അവള്‍ക്ക് വേണ്ടി ഞങ്ങള്‍ ഇപ്രാവശ്യം നക്ഷത്രങ്ങള്‍ വാങ്ങി. ഇപ്പോള്‍ ട്രന്റ് ആയ എല്‍ഇഡി നക്ഷത്രമാണ് വാങ്ങിയത്. മോള്‍ക്ക് നക്ഷത്രം നന്നായി ഇഷ്ടമായി ഇടയ്ക്കിടെ അവളത് കത്തിക്കാന്‍ പറയും. 

ക്രിസ്മസ് ഓര്‍മയില്‍ പ്രധാനപ്പെട്ട ഒരാള്‍ എന്റെ ഏട്ടനാണ്. ജോലികിട്ടിയതിനുശേഷം എല്ലാവര്‍ക്കും കേക്കുമായുള്ള ഏട്ടന്റെ വരവായിരുന്നു ഒരു കാലത്ത് എന്റെ ക്രിസ്മസ്.  ഏട്ടന്‍ ബാംഗ്ലൂരില്‍ ഭാര്യയും രണ്ടു കുട്ടികളുമായി സെറ്റില്‍ഡ് ആണ്. ഒരു പ്രാവശ്യം ഞങ്ങള്‍ ഏട്ടനൊരു സര്‍പ്രൈസ് കൊടുത്തു. ഒരു ക്രിസ്മസിന് തറവാട്ടില്‍ ഞങ്ങളെല്ലാവരും ഏട്ടനെ കാത്തിരിക്കുകയാണ്. അന്ന് അച്ഛന്‍ ക്രിസ്മസ് പപ്പയായി വേഷംമാറി ഏട്ടനെ സ്വീകരിക്കാന്‍ കാത്തിനിന്നു. ഏട്ടന്റെ കുട്ടികളെത്തി മുത്തശ്ശനെവിടെയെന്നു അന്വേഷിക്കുന്നത് വരെ ആ സര്‍പ്രൈസ് പൊളിഞ്ഞില്ല. 
 
ക്രിസ്മസിന് ഞങ്ങളുടെ ആഘോഷം  എവിടെയ്ക്കെങ്കിലും ട്രിപ്പ്  പോകുകയാണ്. പിന്നെ ക്രിസ്മസിന്റെ പ്രധാന സന്തോഷം ഏട്ടനു വേണ്ടിയുള്ള കാത്തിരിപ്പും, ഏട്ടന്‍ വരുമെന്നുള്ള സന്തോഷവുമാണ്. ഇതൊക്കെയാണ് എന്റെ  ക്രിസ്മസ്.