1966 ജനവരി 11-ന് 11 മണി. രാജ്യത്തെ സംബന്ധിച്ച് അത് വളരെ മോശം ടൈം. പ്രധാനമന്ത്രി ലാല്‍ബഹാദൂര്‍ ശാസ്ത്രി മരിച്ച വാര്‍ത്ത ആകാശവാണിയിലൂടെ ലോകമറിയുന്നത് അപ്പോഴാണ്. കൃത്യം ആ സമയത്ത് തൃശ്ശൂര്‍ വലപ്പാട് സര്‍ക്കാര്‍ ആസ്പത്രിയില്‍ ഒരു ജനനം നടന്നു. വലപ്പാട്ടെ ജോസ് മാഷുടെ ഭാര്യ ലില്ലി ടീച്ചര്‍ ഒരാണ്‍കുട്ടിയെ പ്രസവിച്ചു. പ്രസവമെടുത്ത ഡോക്ടര്‍ ഒരു കോണ്‍ഗ്രസ്സുകാരനായിരുന്നു. അദ്ദേഹം ജോസ് മാഷോട് പറഞ്ഞു, ''ഇവന് നമുക്ക് ലാല്‍ബഹാദൂര്‍ എന്നു പേരിടാം.'' കിടന്ന കിടപ്പില്‍ ലില്ലിടീച്ചറുടെ  വര്‍ഗബോധം ഉണര്‍ന്നു. ''ലാല്‍ കുഴപ്പമില്ല. ബഹാദൂര്‍ വേണ്ട.'' വലുതാവുമ്പോള്‍ മകന്റെ മതം ഏതെന്നുപോലും തിരിച്ചറിയാതെ വരുമോ എന്ന പേടിയായിരുന്നു ടീച്ചര്‍ക്ക്. അങ്ങനെ മാഷുടെ പേരുകൂടി ചേര്‍ത്ത് വീട്ടുകാര്‍ കുട്ടിക്ക് പേരിട്ടു, 'ലാല്‍ ജോസ്'. അതേ ഞാന്‍ തന്നെ.

അമ്മയ്ക്ക് ജോലി ഒറ്റപ്പാലം എല്‍.എസ്.എം. കോണ്‍വെന്റ് സ്‌കൂളിലായിരുന്നു. അപ്പച്ചന്‍ തൃശ്ശൂര്‍ സെന്റ് തോമസ് യു.പി. സ്‌കൂളിലും. കല്യാണശേഷം അപ്പച്ചന്‍ ട്രാന്‍സ്ഫര്‍ വാങ്ങി ഒറ്റപ്പാലത്തെത്തി. അമ്മയുടെ പ്രസവാവധി തീരുംവരെയേ ഞാന്‍ വലപ്പാട്ട് ഉണ്ടായിരുന്നുള്ളൂ. അതുകഴിഞ്ഞ് അമ്മയ്‌ക്കൊപ്പം ഒറ്റപ്പാലത്തേക്ക്. എന്റെ ഓര്‍മകള്‍ തുടങ്ങുന്നത് അവിടെ നിന്നാണ്. അമ്മ പഠിപ്പിക്കുന്ന കോണ്‍വെന്റ് സ്‌കൂളിന് തൊട്ടടുത്ത് വാടകവീട്ടിലായിരുന്നു ഞങ്ങള്‍. നായര്‍ ഭൂരിപക്ഷപ്രദേശമായിരുന്നു അത്. ഞങ്ങള്‍ വാടകയ്‌ക്കെടുത്ത വീടും ഒരു നായരുടെതായിരുന്നു. എ.ഡി. നായരുടെ. ഞാന്‍ അദ്ദേഹത്തെ മുത്തച്ഛന്‍ എന്നാണ് വിളിച്ചിരുന്നത്. എ.ഡി. നായരുടെ മൂത്ത മകള്‍ ശാന്തേച്ചിയുടെ മകള്‍ മണിക്കുട്ടിക്ക് എന്റെ പ്രായമാണ്. മണിക്കുട്ടി വിളിക്കുന്നത് കേട്ടാണ് ഞാനും അദ്ദേഹത്തെ മുത്തച്ഛാ എന്ന് വിളിച്ചിരുന്നത്. ഉച്ചയ്ക്ക് ഊണു കഴിഞ്ഞാല്‍ മുത്തച്ഛന്‍ പതിവായി മണിക്കുട്ടിക്ക് കഥ പറഞ്ഞുകൊടുക്കും. കഥ കേള്‍ക്കാനുള്ള താത്പര്യംകൊണ്ട് ആ സമയത്ത് കൃത്യമായി ഞാന്‍ മണിക്കുട്ടിയുടെ വീട്ടിലെത്തും. രാമായണത്തിലെയും മഹാഭാരതത്തിലെയുമൊക്കെ കഥകളാണ് പറഞ്ഞുതരുക. ഇതുകേട്ട് സ്‌കൂളിലെ ഹിന്ദുക്കുട്ടികള്‍ക്ക് അറിയുന്നതിനെക്കാള്‍ കൂടുതല്‍ പുരാണകഥകള്‍ ഞാന്‍ പഠിച്ചു. അക്കാലത്ത് അപ്പച്ചന്‍ അമ്മയോട് തമാശയായി പറയുന്നത് കേട്ടിട്ടുണ്ട്. ഇവന്‍ നസ്രാണിയായല്ല 'നായരസ്രാണി'യായിട്ടാണ് വളരുന്നത് എന്ന്.

അതുപക്ഷേ, അപ്പച്ചന്‍ വെറുതെ പറയുന്നതാണ്. കാരണം ഓര്‍മവെച്ചനാള്‍മുതല്‍ കോണ്‍വെന്റും അതിനകത്തെ ചാപ്പലും അവിടത്തെ കന്യാസ്ത്രീകളുമായിരുന്നു എന്റെ ലോകം. സ്‌കൂള്‍-ചാപ്പല്‍-വീട് ഇങ്ങനെ കറങ്ങിക്കൊണ്ടിരുന്നു ജീവിതം. ബന്ധുകൂടിയായ ഒരു കന്യാസ്ത്രീയുണ്ടായിരുന്നു കോണ്‍വെന്റില്‍. സിസ്റ്റര്‍ സെബസ്റ്റ്യാന. അവരാണ് അമ്മയ്ക്ക് കോണ്‍വെന്റ് സ്‌കൂളില്‍ ജോലി തരപ്പെടുത്തിക്കൊടുത്തതുപോലും. സിസ്റ്റര്‍ സെബസ്റ്റ്യാനയ്ക്ക് ഞാന്‍ മകനെപ്പോലെയായിരുന്നു. അവര്‍ എന്നെ പഠിപ്പിച്ചത് ''നിന്റെ പേരറിയാത്ത, നീ ആരാണെന്നറിയാത്ത ഒരു സ്ഥലത്ത് നീ പോയാല്‍. അവിടെ നീ മറ്റുള്ളവരോട് പെരുമാറുന്നത് കാണുമ്പോള്‍ നീ ക്രിസ്ത്യാനിയാണെന്ന് അവര്‍ തിരിച്ചറിയണം.'' എനിക്ക് കിട്ടിയ ഏറ്റവും വലിയ ഉപദേശമാണത്. 

ഓര്‍മയിലെ ക്രിസ്മസ്

നാട്ടില്‍ ക്രിസ്മസ് കുര്‍ബാനയ്ക്ക് ഒറ്റപ്പാലത്ത് ഞങ്ങള്‍ മൂന്നു ക്രിസ്ത്യന്‍ കുടുംബങ്ങള്‍ മാത്രം. ഞങ്ങളുടെ പള്ളി വികാരി ഫാദര്‍ മെനേസിസിന്റെ പ്രസംഗമാണെങ്കില്‍ മഹാബോറാണ്. അദ്ദേഹത്തിന്റെ വേഷമാവട്ടെ അതിലും രസകരം. ളോഹയും തലയില്‍ ശിക്കാരി ശംഭുവിന്റേതു പോലുള്ള

ദൈവം എന്നോട് കൂടെയുണ്ട്

തൊപ്പിയും കൈയിലൊരു വാക്കിങ് സ്റ്റിക്കും പോക്കറ്റ് നിറയെ മിഠായിയുമായാണ് അച്ചന്‍ വരിക. കൊങ്കിണികലര്‍ന്ന മലയാളത്തിലാണ് സംസാരം. അള്‍ത്താര ബാലന്‍മാരായ എന്റെയും പോളിന്റെയും പ്രധാന പരിപാടി അച്ചന്റെ പ്രസംഗം കേട്ട് അള്‍ത്താരയിലിരുന്ന് പൊട്ടിച്ചിരിക്കലാണ്. അച്ചന്‍ ആയിടയ്ക്ക് വിശുദ്ധ നാടുകളിലേക്ക് യാത്രപോയി. അതിനുശേഷം എല്ലാ വിശേഷദിവസങ്ങളിലും അതിനെക്കുറിച്ചായിരുന്നു പ്രസംഗം. പള്ളിയും പള്ളിക്കാരുമൊക്കെ ജീവിതത്തിന്റെ ഭാഗമായിരുന്നെങ്കിലും ഭക്തിയെന്റെ തലയ്ക്കുപിടിച്ചിരുന്നില്ല. പേടിവരുമ്പോള്‍ വിളിക്കാനുള്ളതാണ് ദൈവം എന്നായിരുന്നു എന്റെ ധാരണ. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പെട്ടെന്നൊരുനാള്‍ എന്റെ വലംകൈ തളര്‍ന്നുപോയി. ഒരുപാട് ഡോക്ടര്‍മാരെയും വൈദ്യ•ാരെയുമൊക്കെ കണ്ടു. എഴുതുന്ന കൈ തളര്‍ന്നുപോയതാണ് എന്നെ ഏറെ സങ്കടപ്പെടുത്തിയത്. ഒരിക്കലും എന്റെ വലതുകൈ ശരിയാകില്ല എന്ന വിശ്വാസം പതുക്കെപ്പതുക്കെ എന്നെ വന്നുമൂടി. ഞാന്‍ ഇടതുകൈകൊണ്ട് എഴുതാന്‍ പഠിച്ചു. അക്കാലത്ത് എനിക്കുവേണ്ടി എത്രപേരാണ് പ്രാര്‍ഥിച്ചത്. സ്‌കൂളിലെ ഓരോ അസംബ്ലിയിലും പ്രത്യേക പ്രാര്‍ഥനയുണ്ട്. ''ലില്ലി ടീച്ചറുടെ കൊച്ചിന്റെ വലതുകൈയുടെ അസുഖം മാറ്റണേ'' എന്ന്. ടീച്ചര്‍മാരും കന്യാസ്ത്രീകളും കുട്ടികളും എനിക്കുവേണ്ടി  പ്രാര്‍ഥിച്ചു. അദ്ഭുതംപോലെ അതിന്റെ ഫലം ഞാനനുഭവിച്ചു. ഒന്നരവര്‍ഷത്തിനുശേഷം കൈ പഴയപടിയായി. 

നാലാം ക്ലാസ് കഴിഞ്ഞപ്പോള്‍ ഞാന്‍ ഒറ്റപ്പാലം എന്‍.എസ്.എസ്. സ്‌കൂളിലേക്ക് മാറി. അപ്പോഴേക്കും തിരുവിതാംകൂറില്‍നിന്ന് ഒറ്റപ്പാലത്തേക്ക് ആളുകളുടെ കുടിയേറ്റം തുടങ്ങിയിരുന്നു. പാലാ, ചങ്ങനാശ്ശേരി, കോട്ടയം ഭാഗത്തുനിന്ന് ഒരുപാട് കുടുംബങ്ങള്‍ ഒറ്റപ്പാലത്തേക്ക് വന്നു. നാട്ടിലുള്ളതെല്ലാം വിറ്റുപെറുക്കിയുള്ള വരവ്. പൊതുവെ സുഖിയ•ാരായ നായ•ാരുടെ കൈയില്‍നിന്ന് ചുളുവിലയ്ക്ക് അവര്‍ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടി. മൊട്ടക്കുന്നുകളാണ് വാങ്ങുന്നത്. നായര്‍ കാരണവ•ാര്‍ ഇതുകണ്ട് പൊട്ടിച്ചിരിക്കും. ''തിരുവിതാംകൂറില്‍നിന്ന് കുറെ മണ്ടന്‍ ക്രിസ്ത്യാനികള്‍ വന്നിട്ടുണ്ട്. മൊട്ടക്കുന്ന് കൊടുത്താല്‍ സെന്റിന് 65 രൂപ കിട്ടും. നിങ്ങള്‍ കൊടുത്തോ... ഇല്ലെങ്കില്‍ കൊടുത്തോളൂട്ടോ'' എന്നൊക്കെ പറഞ്ഞ് ഭൂമി വില്‍ക്കാന്‍ നായ•ാര്‍ മത്സരിച്ചു. കുടിയേറ്റക്കാരാവട്ടെ ഇതൊന്നും ശ്രദ്ധിക്കാതെ മൊട്ടക്കുന്നുകള്‍ ഏക്കര്‍കണക്കിന് വാങ്ങിച്ചു. അതില്‍ പനമ്പട്ടകൊണ്ട് ചാളകള്‍ വെച്ചുകെട്ടി. അതിലാണ് കുടിയേറ്റ കുടുംബങ്ങള്‍ താമസം തുടങ്ങിയത്. ആദ്യം കൃഷിയിറക്കിയത് കപ്പ: കപ്പ പുഴുങ്ങിയതും പശുവിന്റെ പാലും ആയിരുന്നു ഭക്ഷണം. ഇതു കഴിച്ചശേഷം പറമ്പിലേക്ക് ഇറങ്ങുകയാണ്. പിന്നെ അന്തിയോളം പണിതന്നെ പണി. മൊട്ടക്കുന്ന് വെട്ടിനിരത്തി പച്ചക്കറിയും റബ്ബറുമൊക്കെ നട്ടു. നാലഞ്ചുവര്‍ഷം കഴിഞ്ഞപ്പോഴാണ് സ്ഥലം വിറ്റ നായര്‍കാരണവന്‍മാര്‍ക്ക് അക്കിടി മനസ്സിലാവുന്നത്. ഇങ്ങനെയൊരു സാധ്യതയുണ്ടായിരുന്ന സ്ഥലമായിരുന്നോയിത്, അവര്‍ നെഞ്ചത്ത് കൈവെച്ചു.

അങ്ങനെ ഒറ്റപ്പാലത്ത് ക്രിസ്ത്യാനി കുടുംബങ്ങള്‍ വര്‍ധിച്ചു. കോണ്‍വെന്റ് ചര്‍ച്ചും ചാപ്പലും പോരാതെയായി. ആ സമയത്ത് പാലക്കാട് ഡയോസിസ് തുടങ്ങിയ സമയമായിരുന്നു. ഡോ. ജോസഫ് ഇരുമ്പന്‍ ആയിരുന്നു ബിഷപ്പ്. അദ്ദേഹത്തിന്റെ സെക്രട്ടറി പോള്‍ അച്ചന്‍. ആദ്യം ഒറ്റപ്പാലത്ത് എത്തുന്നത് പോള്‍ അച്ചനാണ്. അദ്ദേഹം വന്ന് സിറിയന്‍ കാത്തലിക് ചര്‍ച്ച് തുടങ്ങി. ചേരിക്കുന്ന് മലയുടെ ചെരുവിലായി ചെറിയൊരു പള്ളി. പോളച്ചനായിരുന്നു വികാരി. ഞാനും പോളും തന്നെയായിരുന്നു അള്‍ത്താര ബാലന്‍മാര്‍. അവിടത്തെ ക്രിസ്മസ് കുറച്ചുകൂടി രസകരമായിരുന്നു. പാതിരാകുര്‍ബാനയ്ക്ക് കുന്നുകളുടെ ചെരിവിലൂടെ ചൂട്ടു കത്തിച്ച് നിരനിരയായി നടന്നുവരുന്ന കുടിയേറ്റ കുടുംബങ്ങളുടെ വിഷ്വലുണ്ട്. മഞ്ഞ് പെയ്യുന്നുണ്ടാകും. സ്‌കാര്‍ഫ്‌കൊണ്ട് തല മൂടിയിരിക്കും എല്ലാവരും. 
രണ്ടു വര്‍ഷത്തിനുശേഷം പള്ളിയിലേക്ക് ഫാദര്‍ റാഫേല്‍ വന്നു. അദ്ദേഹം സംഗീതജ്ഞനായിരുന്നു. നന്നായി പാടും. ഗിറ്റാറും പിയാനോയുമൊക്കെ വായിക്കും. പള്ളിയില്‍ ചാര്‍ജെടുത്തതും ഫാദര്‍ റാഫേല്‍ പ്രഖ്യാപിച്ചു. ''നമ്മുടെ പള്ളിക്കൊരു ക്വയര്‍ഗ്രൂപ്പ് വേണം. ലാല്‍ ഗിറ്റാര്‍ പഠിക്കട്ടെ.'' അങ്ങനെ ഞാന്‍ ഗിറ്റാര്‍ പഠിച്ചു. പോളും തോമസ് മാഷുടെ മകന്‍ അശോകനുമൊക്കെയായിരുന്നു ക്വയര്‍ ഗ്രൂപ്പിലെ അംഗങ്ങള്‍.

സിനിമ കടന്നുവരുന്നു

ദൈവം എന്നോട് കൂടെയുണ്ട്പത്താം ക്ലാസുവരെ സിനിമ കാണല്‍ വല്ലപ്പോഴുമുള്ള അത്ഭുതങ്ങളായിരുന്നു. അങ്ങനെ കണ്ട സിനിമകളാണ് ഷോലെ, എന്റര്‍ ദി ഡ്രാഗണ്‍, ഗാന്ധി, ജീസസ്. ആ കാലത്ത് വര്‍ഷത്തിലൊരിക്കല്‍ സ്‌കൂളില്‍ നിന്ന് കൊണ്ടുപോയി സിനിമ കാണിക്കും. അതിനും പോയതൊഴിച്ചാല്‍ സിനിമ എന്റെ ജീവിതത്തില്‍ ഒരുതരത്തിലും സ്പര്‍ശിച്ചിരുന്നില്ല. പക്ഷേ, പ്രീഡിഗ്രിക്ക് പാലപ്പുറം എന്‍.എസ്.എസ്. കോളേജില്‍ ചേര്‍ന്നതോടെ ഞാന്‍ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സിനിമ കാണല്‍ പതിവായി. ഒറ്റപ്പാലം ലക്ഷ്മി, ഇംപീരിയല്‍ തിയേറ്ററുകള്‍ എനിക്ക് കോളേജിനേക്കാള്‍ പരിചിതമായ സ്ഥലങ്ങളായി. കൂടാതെ പാലപ്പുറത്തുനിന്ന് പാലക്കാട്ടേക്ക് സ്റ്റുഡന്റ്‌സ് കണ്‍സഷന്‍ കാര്‍ഡ് തരപ്പെടുത്തിയെടുത്ത് പാലക്കാട്ടു പോയി സിനിമ കാണാന്‍ തുടങ്ങി. മിക്കവാറും കണ്ടക്ടര്‍മാര്‍ പിടിക്കും. ''ഏതു സിനിമയാടാ കണ്ടത്?'' എന്നു ചോദിച്ചാല്‍ ഞാന്‍ വിറയ്ക്കും. 

മിക്ക കണ്ടക്ടര്‍മാരും അപ്പച്ചന്റെ സ്റ്റുഡന്റ്‌സായിരിക്കും. അവര്‍ വഴി വിവരം അപ്പച്ചനറിയാന്‍ തുടങ്ങി. ഒരു ദിവസം അപ്പച്ചന്‍ എന്നെയും കൂട്ടി പാലക്കാട് ബിഷപ് ഹൗസിലേക്ക് പോയി. 'മകന്‍ സിനിമ കണ്ട് വഴിതെറ്റുന്നു. അവനെയൊന്നു ഉപദേശിക്കണം' , അപ്പച്ചന്‍ ബിഷപ്പിനോട് അപേക്ഷിച്ചു. ബിഷപ്പ് എന്നോട് പുറത്തിറങ്ങി നില്‍ക്കാന്‍ പറഞ്ഞു. അതിനിടെ അദ്ദേഹം അപ്പച്ചനുമായി എന്തൊക്കെയോ സംസാരിച്ചു. പക്ഷേ, സംസാരിച്ചത് എന്താണെന്ന് അപ്പച്ചനോ ബിഷപ്പോ എന്നോട് പറഞ്ഞില്ല. 

ഡിഗ്രിക്ക് ചേര്‍ന്നതോടെ എന്റെ സിനിമാമോഹം കലശലായി. സിനിമ കാണാനുള്ള പൈസയുണ്ടാക്കാനായി എന്ത് ജോലിയും ചെയ്യുമെന്ന അവസ്ഥയായി. കോളേജ് പഠനത്തോടൊപ്പംതന്നെ കേരള കൗമുദി പത്രത്തിന്റെ പ്രാദേശിക ലേഖകനും ഏജന്റും പത്രവിതരണക്കാരനുമൊക്കെയായി. അത് അധികകാലം നീണ്ടില്ല. എന്നെ ഗള്‍ഫില്‍ വിടാന്‍ അപ്പച്ചന്‍ തീരുമാനിച്ചു. ഫോട്ടോഗ്രാഫിയില്‍ കളര്‍പ്രിന്റിങ് പഠിച്ചാല്‍ ഗള്‍ഫില്‍ നല്ല ജോലി കിട്ടുമെന്ന് ഞാന്‍ അപ്പച്ചനെ പറഞ്ഞു വിശ്വസിപ്പിച്ച് അത് പഠിക്കാനായി മദ്രാസിലേക്ക് കടന്നു. എന്റെ കോളേജ് സുഹൃത്തായ ഗായകന്‍ ദിനേശന്‍ ('വൈശാലി'യിലെ ദുംദും ദുംദും  ദുംദുബി നാദം... നാദം നാദം... ഫെയിം) അക്കാലത്ത് മദ്രാസിലുണ്ട്, ദശരഥപുരത്ത്. നേരെ അവന്റെയടുക്കലേക്ക്. 

കളര്‍ പ്രിന്റിങ് പഠിപ്പിക്കാമെന്ന് പറഞ്ഞ് പല സ്റ്റുഡിയോകളിലും എന്നെ ജോലിക്ക് നിര്‍ത്തി. പക്ഷേ, സ്റ്റുഡിയോ അടിച്ചുവാരലും നെഗറ്റീവുകള്‍ നമ്പറിട്ട് അടുക്കി വെക്കലുമൊക്കെയായിരുന്നു ജോലി. മെഷീനില്‍ തൊടാന്‍ പോലും സമ്മതിക്കില്ല. ദിനേശനും എനിക്കും ഒപ്പം കുട്ടിയേട്ടന്‍ (ഇപ്പോള്‍ ഗായിക ചിത്രയുടെ മാനേജര്‍), അസോസിയേറ്റ് ഡയറക്ടറായ കൃഷ്ണവര്‍മരാജ എന്നിവരും ഉണ്ടായിരുന്നു. ദശരഥപുരം സിനിമാമോഹവുമായെത്തിയവരുടെ തെരുവായിരുന്നു.  വായുവില്‍പോലും സിനിമ അലിഞ്ഞുചേര്‍ന്ന സ്ഥലം. സിനിമ ഇഷ്ടപ്പെടാത്ത ആരും കുറച്ചുനാള്‍ അവിടെ താമസിച്ചാല്‍ ഓട്ടോമാറ്റിക്കായി സിനിമക്കാരനാകും. അവിടെ വെച്ചാണ് ക്യാമറ അസിസ്റ്റന്റ് ആയ ബേബിയെ ഞാന്‍ പരിചയപ്പെടുന്നത്. (ബേബി പിന്നീട് ശ്രീശങ്കര്‍ എന്നപേരില്‍ പ്രശസ്ത ഛായാഗ്രാഹകനായി മാറി) '' നിനക്കൊരു സിനിമാക്കാരനായിക്കൂടെ? ''ബേബിയുടെ  ചോദ്യം കേട്ട് ഞാന്‍ ചിരിച്ചു. പക്ഷേ, ബേബി സീരിയസ്സായിരുന്നു. സംഗീത സംവിധായകന്‍ രാജാമണി ബേബിക്ക് ഗോഡ്ഫാദര്‍ പോലെയാണ്. ബേബി എന്നെ മണിസാറിന് പരിചയപ്പെടുത്തി. മണിസാറാണ് എന്നെ സംവിധായകന്‍ കമല്‍സാറിന്റെയടുക്കലേക്ക് അയയ്ക്കുന്നത്. ''ഒരു സിനിമക്ക് മാത്രം കൂടെ നിര്‍ത്താം'' എന്നായിരുന്നു കമല്‍സാറിന്റെ പ്രതികരണം. അങ്ങനെ 'പ്രാദേശിക വാര്‍ത്തകള്‍' എന്ന ചിത്രത്തിന്റെ സഹായിയായി ഞാന്‍. പക്ഷേ, നാട്ടില്‍ തിരിച്ചെത്തിയതോ സിനിമയ്ക്ക് പി റകെ കൂടിയതോ വീട്ടിലാരോടും പറഞ്ഞില്ല.

ആദ്യ സിനിമ കഴിഞ്ഞപ്പോള്‍ കമല്‍സാര്‍ പറഞ്ഞു: ''താന്‍ കുറച്ചുകാലംകൂടി എന്റെ കൂടെ നില്‍ക്ക്.'' സ്വര്‍ഗം കിട്ടിയ ആനന്ദമായിരുന്നു അപ്പോള്‍. ഞാന്‍ നേരെ വീട്ടിലേക്ക് ഓടി. സിനിമയില്‍ ചേര്‍ന്ന കാര്യം പറഞ്ഞു. അപ്പച്ചന്റെ വഴക്ക് ഉറപ്പിച്ചിരുന്നു. പക്ഷേ, അദ്ദേഹം ഒന്നും പറഞ്ഞില്ല. 

പിന്നെ എന്നെ പെണ്ണുകെട്ടിക്കാനായി അപ്പച്ചന്റെ ശ്രമം. ''എല്‍.എസ്.എം. സ്‌കൂളിലെ ടീച്ചര്‍ ലീനയെ ആലോചിച്ചാലോ?'', അപ്പച്ചന്‍ ചോദിച്ചു. ഞാന്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല. കാരണം ഗതിപിടിക്കാത്ത അവസ്ഥയില്‍ നില്‍ക്കുന്ന എന്നെ കെട്ടാന്‍ ടീച്ചറായ അവള്‍ തയ്യാറായിട്ടുവേണ്ടേ. പക്ഷേ, എന്നെ ഞെട്ടിച്ച് അവളെന്നെ കെട്ടാന്‍ തയ്യാറായി. അപ്പോള്‍ അപ്പച്ചന്റെയും അമ്മയുടെയും സമാധാനം ലീനക്ക് ജോലി ഉള്ളതുകൊണ്ട് ഞാന്‍ കഞ്ഞി കുടിച്ചുപോകും എന്നുള്ളതായിരുന്നു. 

christmas border top

ഞാന്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല. കാരണം ഗതിപിടിക്കാത്ത അവസ്ഥയില്‍ നില്‍ക്കുന്ന എന്നെ കെട്ടാന്‍ ടീച്ചറായ അവള്‍ തയ്യാറായിട്ടുവേണ്ടേ. പക്ഷേ, എന്നെ ഞെട്ടിച്ച് അവളെന്നെ കെട്ടാന്‍ തയ്യാറായി. 

christmas border bottom

ഒന്‍പതു വര്‍ഷം ഞാന്‍ കമല്‍സാറിന്റെ സഹായിയായി.  ഒടുവില്‍ മറവത്തൂര്‍ കനവിലൂടെ സ്വതന്ത്ര സംവിധായകനായി. ഇപ്പോള്‍ സിനിമയില്‍ ഇരുപത്തഞ്ച് വര്‍ഷമായി. ഇരുപത്തൊന്ന് സിനിമകള്‍ ചെയ്തു.  ഈയടുത്ത് ഞാന്‍ അപ്പച്ചനോട് ചോദിച്ചു, അന്നു ഞാന്‍ സിനിമയിലേയ്ക്ക് പോകുകയാണെന്ന് പറഞ്ഞപ്പോള്‍ എന്തു കൊണ്ടാണ് എതിരു പറയാതിരുന്നത്? അപ്പച്ചന്‍ ചിരിച്ചു, 'പണ്ട് നിന്നെക്കൂട്ടി ഞാന്‍ ഇരുമ്പന്‍ തിരുമേനിയെ കാണാന്‍ പോയതോര്‍മയുണ്ടോ. അന്നു ഞാന്‍ പറഞ്ഞ പരാതികള്‍ കേട്ട അദ്ദേഹം നിന്നെ മാറ്റിനിര്‍ത്തി എന്നോട് പറഞ്ഞു, 'അവന്‍ സിനിമകള്‍ കാണട്ടെ. അതാണ് അവന്റെ വഴി 'എന്ന്.

 'ചാന്തുപൊട്ട്' സിനിമയുടെ ഷൂട്ടിങ് അര്‍ത്തുങ്കല്‍ പള്ളി പരിസരത്തായിരുന്നു. സിനിമ റിലീസ് ചെയ്യുന്നദിവസം പള്ളിയില്‍ പോയി പ്രാര്‍ഥിക്കുന്ന പതിവ് എനിക്കില്ലാത്തതാണ്. പക്ഷേ, എന്തോ, ചാന്തുപൊട്ടിന്റെ റിലീസ് ദിവസം അര്‍ത്തുങ്കല്‍ പള്ളിയില്‍ പോയി പ്രാര്‍ഥിക്കണം എന്നു മനസ്സു പറഞ്ഞു. തിരിച്ചുവരുമ്പോള്‍ കൂടെയുള്ളവര്‍ പറഞ്ഞു അതിനടുത്തുള്ള സെന്റ്‌ജോര്‍ജ് ചര്‍ച്ചില്‍ കൂടി പോകാമെന്ന്. അങ്ങനെ അവിടേം കയറി. വല്ലാര്‍ പാടത്ത് എത്തിയപ്പോള്‍ മാതാവിന്റെ ഒരു  പള്ളികണ്ടു. അവിടെയും കയറി. എറണാകുളത്ത് മടങ്ങിയെത്തിയപ്പോള്‍ ആദ്യഷോ തുടങ്ങാന്‍ ഇനിയും സമയമുണ്ട്. അങ്ങനെയെങ്കില്‍ കലൂര്‍പള്ളിയിലും ഇടപ്പള്ളി പള്ളിയിലും കൂടി പോയാലോ എന്നുതോന്നി. അവിടെയും പ്രാര്‍ഥിച്ച് ഇറങ്ങിവരുമ്പോള്‍ ഫോണ്‍ വന്നു ''പടം സൂപ്പര്‍ഹിറ്റാണ്''.  അതോടെ എനിക്കുതോന്നി  ഈയൊരു ട്രിപ്പ് കൊള്ളാമല്ലോ. അതിനുശേഷം ഓരോ സിനിമയുടെയും റിലീസ് ദിവസം ഞാനീ പള്ളികളിലെല്ലാം പോകും. പ്രാര്‍ഥിച്ചപ്പോള്‍ എല്ലാ സിനിമകളും ഹിറ്റായി എന്നല്ല. പക്ഷേ, എനിക്ക് സിനിമക്കപ്പുറം മനസ്സ് കേന്ദ്രീകരിക്കാന്‍ പറ്റുന്നുണ്ട്.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്