ലയാളത്തിന്റെ പിന്നണി ഗായകന്‍ ബിജു നാരായണന്‍ ക്രിസ്മസ് എന്നു കേള്‍ക്കുമ്പോള്‍  ഓര്‍ക്കുന്നത്  ഒരു ധനുമാസത്തിലെ കുളിരുന്ന രാവില്‍ യഹൂദിയായിലെ ഗ്രാമത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോയ ദാസേട്ടന്റെ ശബ്ദമാണ്.

'തിരുപ്പിറവിയെക്കുറിച്ചുള്ള  ഏറ്റവും സുന്ദരമായ ഒരു ഗാനമാണത്. നല്ല സംഗീതം.നല്ല വരികള്‍. ക്രിസ്തുവിന്റെ ജനനം നമുക്ക് ഓരോരുത്തര്‍ക്കും സന്തോഷം തരുന്നു. ഈ പാട്ടു കേള്‍ക്കുമ്പോള്‍ നമ്മള്‍ ഓരോരുത്തരും മനസ്സു കൊണ്ടു സന്തോഷിക്കുന്നു. വര്‍ണരാജികള്‍ വിടരുന്ന ആകാശവും വെള്ളിമേഘങ്ങള്‍ ഒഴുകുന്ന രാത്രിയുമെല്ലാം ഉള്‍ക്കൊള്ളുന്ന അതിമനോഹരമായ തിരുപ്പിറവിയുടെ  സംഗീതമാണ് ഈ ഗാനം. ഓര്‍ക്കസ്‌ട്രേഷന് ഇന്ന് ഏറെ പ്രാധാന്യമുണ്ടെങ്കിലും പഴയ പരമ്പരാഗത രീതിയിലുള്ള സംഗീതത്തില്‍ തന്നെയാണ് ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്നത്.' അദ്ദേഹം പറയുന്നു.

മഞ്ഞു പെയ്യുന്ന അമേരിക്കയില്‍ 

എന്റെ ഓര്‍മ്മയില്‍ മറക്കാനാകാത്ത ക്രിസ്മസ് ആഘോഷം അമേരിക്കയിലെ മഞ്ഞു പെയ്യുന്ന രാവുകളിലായിരുന്നു. അവിടുത്തെ ക്രിസ്മസ് രാവുകളുടെ ഭംഗി അവര്‍ണ്ണനീയമാണ്. മഞ്ഞുമൂടിയ വീടുകള്‍ അതിമനോഹരമായി അലങ്കരിച്ചിരിക്കുന്ന കാഴ്ച ഒന്നു കാണേണ്ടതു തന്നെയാണ്. അമേരിക്കയിലെ ക്രിസ്മസ് എനിക്ക് ഒരു വേറിട്ട അനുഭവം തന്നെയാണ്.'

സ്വയം ആഹ്ലാദിക്കൂ

നമ്മള്‍ പൊതുവെ പറയുന്നത് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്മസ് എന്നാണല്ലോ. എന്നാല്‍ ഇന്നത്തെ കാലത്ത് സ്നേഹവും സമാധാനവുമുണ്ടോ? നമ്മളോരോരുത്തരും വല്ലാതെ മാനസികസമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ്. ഇതില്‍ നിന്നൊക്കെ ഒരല്‍പ്പം ആശ്വാസം കിട്ടാനാണ് ഇത്തരം ആഘോഷങ്ങള്‍. വീട്ടുകാരോടൊപ്പം നക്ഷത്രമുണ്ടാക്കുമ്പോഴും പുല്‍ക്കൂടൊരുക്കുമ്പോഴും നമ്മള്‍ സ്വയം ആഹ്ലാദം കണ്ടെത്തുകയാണ് ചെയ്യുന്നത്. എല്ലാ ആഘോഷങ്ങളും ജാതിമത ഭേദമെന്യേ ആഘോഷിക്കണം.