ബോ മലയില്‍ നിന്നു നോക്കിയാല്‍ കാനാന്‍ ദേശം കാണാം. ഇസ്രായേലിന്റെ മക്കളെ ഈജിപ്തിന്റെ അടിമത്തത്തില്‍ നിന്നു മോചിപ്പിച്ച മോശ അവര്‍ക്കു വാഗ്ദത്തം ചെയ്ത ഭൂമി. ഞങ്ങളെ മോഹിപ്പിച്ചു കൊണ്ട് അത് അനന്തമായും ഫലഭൂയിഷ്ഠമായും മുന്നില്‍ പരന്നു കിടന്നു. മൗണ്ട് നെബോയില്‍ നിന്നുള്ള ഈ കാനാന്‍ കാഴ്ചയാണ് വിശുദ്ധഭൂമിയിലൂടെയുള്ള ഞങ്ങളുടെ തീര്‍ഥാടനത്തിന്റെ ആദ്യദൃശ്യം. 
1
മാനവരാശിക്കായി യേശുദേവന്‍ കുരിശേറിയ ഗോല്‍ഗോത്തയിലെ ഗാര്‍ഡന്‍ ടൂം
 
നെബോ മലയിലെ പകല്‍ സഞ്ചാരത്തിനൊടുവില്‍ ജോര്‍ദാന്റെ തലസ്ഥാനമായ അമ്മാനിലായിരുന്നു രാത്രി താമസം. പുലര്‍ച്ചെ ജോര്‍ദ്ദാനതിര്‍ത്തി താണ്ടി ഇസ്രായേലിലേക്ക് പോകണം. അതിര്‍ത്തിക്കപ്പുറം ജെറീക്കോ പട്ടണമാണ്. ജെറുസലേമിലേക്കു പോകാന്‍ യേശു തിരഞ്ഞെടുത്ത വഴി. യേശുവിനെ കാണാന്‍ തടിച്ചു കൂടിയവര്‍ക്കിടയില്‍ തന്റെ പൊക്കക്കുറവ് മനസ്സിലാക്കിയ സക്കേവൂസ് എന്ന ധനികന്‍ കയറിയ സിക്കാമൂര്‍ മരം അവിടെ ഇപ്പോഴുമുണ്ട്. കാലത്തെയും കാറ്റിനെയും തോല്‍പ്പിച്ച് അതു നിലകൊള്ളുന്നു -പുരാതനമായ വിശ്വാസവീഥികളിലേക്ക് തീര്‍ഥാടകരെ സ്വാഗതം ചെയ്തുകൊണ്ട്.
2
 ഇതേ ജലം താനോ: സ്‌നാപകയോഹന്നാന്‍ യേശുവിനെ
ജ്ഞാനസ്‌നാനം ചെയ്യിച്ച ജോര്‍ദ്ദാന്‍ നദി
 
പ്രലോഭനത്തിന്റെ മലയിലേക്കാണ് പിന്നീടു പോയത്. യേശുവിനെ സാത്താന്‍ പരീക്ഷിച്ച സ്ഥലം. അവിടെ നിന്ന് പഴയ നിയമത്തിന്റെ കൈയെഴുത്തു പ്രതികള്‍ കണ്ടെടുത്ത ഖുമ്റാന്‍ ഗുഹകളിലേക്ക്. തുകലില്‍ എഴുതി ചുരുളുകളാക്കി മണ്‍ഭരണികളില്‍ സൂക്ഷിച്ച നിലയിലാണത്രെ ഗ്രന്ഥച്ചുരുളുകള്‍ ഇവിടെ നിന്നു കണ്ടെടുത്തത്. ചാവുകടലിന്റെ പടിഞ്ഞാറെ കരയിലാണ് ഖുമ്റാന്‍. 
3
 ഇവിടെയാണ് വിശുദ്ധമാതാവ് ഉറങ്ങിയത് എന്ന് വിശ്വസിക്കപ്പെടുന്നു
 
ഇതാണ് ജോര്‍ദാന്‍ നദി. സ്നാപകയോഹന്നാനില്‍ നിന്ന് യേശു ജ്ഞാനസ്നാനം സ്വീകരിച്ച വിശുദ്ധനദിയില്‍ എല്ലാം മറന്ന് ഒരു മുങ്ങിക്കുളി. വശങ്ങളില്‍ ഒലീവു മരങ്ങള്‍ നിറഞ്ഞ വൃത്തിയുള്ള നദീതീരം. 
 
കാനായിലെ പള്ളിയിലേക്കാണ് ഇപ്പോള്‍ യാത്ര. അവിടത്തെ കല്യാണവിരുന്നിലാണ് യേശു ആദ്യ അത്ഭുതം കാണിക്കുന്നത്. അവിടെ തീര്‍ഥാടകര്‍ക്ക് ബലിയര്‍പ്പിക്കാം. വിവാഹിതര്‍ക്ക് വിവാഹ വാഗ്ദാനം പുതുക്കാം. കല്യാണനാളില്‍ യേശു വെള്ളം വീഞ്ഞാക്കിയ കല്‍ഭരണി, വിവാഹവിരുന്നു നടന്ന സ്ഥലം, കലവറ എല്ലാം  ചുറ്റിനടന്നു കാണാം. ഇവിടെവരുന്ന എല്ലാവര്‍ക്കും വീഞ്ഞു നല്‍കും. പള്ളിക്കു മുന്നിലെ കടയില്‍ നിന്നു വീഞ്ഞു വാങ്ങാം. വാങ്ങും മുമ്പ് 'വലിയൊരളവില്‍' രുചിച്ചു നോക്കുകയുമാവാം. 
3
 ലാസ്റ്റ് സപ്പറിന് വേദിയായ മൗണ്ട്‌സയോണ്‍ പളളി
 
കന്യകാമറിയത്തിന് ഗബ്രിയേല്‍ മാലാഖ പ്രത്യക്ഷപ്പെട്ട് മംഗളവാര്‍ത്ത നല്‍കിയ ഇടം. ഇതാണ് മംഗലവാര്‍ത്താ പള്ളി (*kpnck vi Frrvprcladlvr). കന്യകാമാതാവിന്റെ 20 തരം പ്രതിമകള്‍ ഇവിടെയുണ്ട്. 20 രാജ്യത്തുണ്ടാക്കിയത്. 20 വേഷത്തില്‍. ചിലങ്കയണിഞ്ഞ തായ്ലാന്‍ഡിലെ മാതാവ് ആരിലും കൗതുകമുണര്‍ത്തും. തൊട്ടടുത്താണ് യൗസേപ്പിതാവിന്റെ പള്ളിയും പണിശാലയും. വിശുദ്ധ ഔസേപ്പിന്റെ വിവാഹവും മരണവുമെല്ലാം ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്. 
6
മൂവായിരം വര്‍ഷം പഴക്കമുള്ള ഈ മരങ്ങള്‍ യേശുദേവനെ ദര്‍ശിച്ചിട്ടുണ്ടാകാം
 
യേശു കാറ്റിനെയും തിരമാലകളേയും ശാന്തമാക്കുകയും ജലത്തിനു മീതേ നടക്കുകയും ചെയ്ത ഗലീലി കടല്‍ത്തീരത്തേക്കാണ് ഇനി യാത്ര. യേശു തന്റെ ശിഷ്യന്മാരെ കണ്ടെത്തിയത് ഇവിടെ വെച്ചായിരുന്നു. ഒരു തടാകത്തിന്റെ മാത്രം വലുപ്പമുള്ള (151 അടി ആഴം, ആറു മൈല്‍ വീതി, 12 മൈല്‍ നീളം) ഈ കടലിലൂടെ ഒരു യാനത്തില്‍ അരമണിക്കൂര്‍ നീളുന്ന ഒരു യാത്രയുണ്ട്.
7
 മധ്യധരണ്വാഴിയുടെ തീരത്തുള്ള ഇസ്രായേലിലെ ഹൈഫ പട്ടണം.
ബഹായികളുടെ കേന്ദ്രം കൂടിയാണിത്
ഒരു തീര്‍ഥാടകനും അതു മറക്കില്ല. വഞ്ചിക്കാരന്‍ ശുദ്ധമലയാളത്തില്‍ അക്ഷരസ്ഫുടതയോടെ 'അക്കരയ്ക്കു യാത്ര ചെയ്യും സിയോന്‍ സഞ്ചാരീ..' എന്നു പാടിക്കൊണ്ടാണ് ഞങ്ങളെ തിരകള്‍ക്കും കാറ്റിനും മീതേക്കൂടി നയിച്ചത്. നദീതീരത്താണ് തിബേരിയൂസ് നഗരം. ആധുനികതയുടെയും പൗരാണികതയുടെയും സങ്കലനമായ ഒരു വിചിത്രനഗരം. അവിടത്തെ റെസ്റ്റാറന്റുകളില്‍ കിട്ടുന്ന മീന്‍ പൊരിച്ചതിനു പോലും ബിബ്ലിക്കല്‍ പേരാണ്: 'സെന്റ് പീറ്റര്‍ ഫിഷ്'. 
8
ഗലീലി കടല്‍: യേശു കാറ്റിനെയും കടലിനെയും ശാന്തമാക്കിയതും ജലോപരിതലത്തില്‍ നടന്നതും ഇവിടെയാണ്.
 
അവിടെ നിന്ന് കഫര്‍ണാം എന്ന യേശുവിന്റെ നഗരത്തിലെത്തുമ്പോള്‍ നിരവധിയുണ്ട് കാഴ്ചകള്‍. യേശു സെന്റ് പീറ്ററിന്റെ അമ്മായിയമ്മയെ സുഖപ്പെടുത്തിയ സ്ഥലം, വിശുദ്ധ പത്രോസിന്റെ ഭവനം, ഗിരിപ്രഭാഷണം നടന്നയിടം, തകര്‍ന്ന സിനഗോഗുകള്‍, സുവിശേഷങ്ങള്‍ ആലേഖനം ചെയ്ത പള്ളി (*kpnck vi GhØdldpeho) എന്നിങ്ങനെ കാഴ്ചകളുടെ പരമ്പര. അയ്യായിരം പേരെ അഞ്ചപ്പവും രണ്ടു മീനും കൊണ്ട് വിരുന്നൂട്ടിയ വരപ്രസാദത്തിന്റെ സ്മരണയില്‍ അവിടത്തെ പള്ളിയില്‍ അഞ്ചപ്പവും രണ്ടുമീനും ആലേഖനം ചെയ്ത അള്‍ത്താര. 
9
 പുല്‍ക്കൂട്ടിലെ നക്ഷത്രം: ബത്‌ലഹേമില്‍ ഉണ്ണിയേശു പിറന്ന സ്ഥലം
 
കാഴ്ചകളുടെ മൂന്നു ദിവസം കടന്നു പോയി. സമുദ്രനിരപ്പില്‍ നിന്ന് 1800 അടി ഉയരത്തിലുള്ള താബോര്‍ മലയിലാണ് ഈ നാലാം പകല്‍ തുടങ്ങുന്നത്. ഇവിടെ വെച്ചാണ് ശിഷ്യന്മാര്‍ നോക്കി നില്‍ക്കെ യേശു മോശയോടും ഏലിയാ പ്രവാചകനോടുമൊപ്പം രൂപാന്തരപ്പെട്ടത്. രൂപാന്തരീകരണത്തിന്റെ പള്ളി (Gaomlca vi Tnaroiljpnadlvr) യിലെ പ്രധാന അള്‍ത്താരക്കു മുന്നില്‍ യേശുവിന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞ സ്ഥലം പ്രത്യേകം പരിരക്ഷിക്കപ്പെട്ടിരിക്കുന്നു. 
 
ഇസ്രായേലിന്റെ പടിഞ്ഞാറേ അറ്റത്തുള്ള മെഡിറ്ററേനിയന്‍ നഗരമായ ഹൈഫ മെറ്റാരു ദൃശ്യവിസ്മയം. ഹാംഗിങ് ഗാര്‍ഡനും മെഡിറ്ററേനിയന്‍ കടലും തുറമുഖവും പുരാതനമന്ദിരങ്ങളുമുള്ള ഹൈഫ ബഹായികളുടെ തലസ്ഥാനമാണ്. ദൈവത്തിന്റെ മുന്തിരിത്തോപ്പിലേക്ക് -കര്‍മ്മല മലയിലേക്ക്- പോകും മുമ്പ് ഹൈഫ കടക്കണം. ഏലിയാ പ്രവാചകന്‍ ഒളിച്ചു താമസിച്ച ഗുഹയും സ്റ്റെല്ലാ മേരീസ് ദേവാലയവുമാണ് കര്‍മ്മലമലയിലെ കാഴ്ചകള്‍. ബെത്ലഹേമിലേക്കുള്ള പ്രയാണത്തില്‍ ഹൈഫയും കര്‍മലയും പ്രധാനകേന്ദ്രങ്ങളാണ്. 
10
 സ്റ്റോണ്‍ ഓഫ്  യൂണികോണ്‍ യേശുവിന്റെ ശരീരം ഇറക്കി കിടത്തിയ സ്ഥലം
 
യേശു പിറന്ന നാട്ടില്‍ -ബെത്ലഹേമില്‍- ഞങ്ങളെത്തുകയാണ്. വിശുദ്ധനാട് തീര്‍ഥാടനത്തിലെ ഏറ്റവും പ്രധാനഘട്ടം. പലസ്തീനിലാണ് ബത്ലഹേം എന്ന ദാവീദിന്റെ പട്ടണവും തിരുപ്പിറവി ദേവാലയവും. ലോകത്തിലെത്തന്നെ ഏറ്റവും പഴയ ദേവാലയം. നാലാം നൂറ്റാണ്ടിലെ മൊസൈക്ക് തറ പോലും അതുപോലെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. 
 
പ്രധാന അള്‍ത്താരക്കടുത്ത് യേശു പിറന്ന സ്ഥലം. ഒരു നക്ഷത്ര ചിഹ്നവും 'ഇവിടെ കന്യകാ മറിയത്തില്‍ നിന്നു യേശു ജനിച്ചു' എന്ന വാചകവും കാണാം. എന്നും നിന്റെ തല കുനിഞ്ഞു തന്നെ ഇരിക്കട്ടെ എന്ന സന്ദേശം പോലെ, തല കുനിച്ചു മാത്രം പ്രവേശിക്കാവുന്ന അഞ്ചടി പൊക്കമുള്ള വാതില്‍ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. തളര്‍വാതരോഗിയെ സൗഖ്യപ്പെടുത്തിയ ബെദ്സെദാ കുളം, കന്യകാമാതാവ് ജനിച്ച സ്ഥലത്തെ വിശുദ്ധ അന്നയുടെ ദേവാലയം എന്നിവയും വിശ്വാസികളെ കാത്തിരിക്കുന്നു. 
 
കുരിശിന്റെ വഴിയിലേക്കാണ് ഞങ്ങളുടെ പ്രയാണം. പിലാത്തോസിന്റെ അരമനയില്‍ വെച്ച് കുറ്റക്കാരനായി വിധിക്കപ്പെട്ട യേശു കുരിശു വഹിച്ച് സഞ്ചരിച്ച സ്ലീവാപാത. കുരിശേന്തിയും ഗാനങ്ങള്‍ ആലപിച്ചും എപ്പോഴും വിവിധ ദേശക്കാര്‍ ഈ പാതയിലുണ്ടാവും. ഭൂനിരപ്പില്‍ നിന്ന് 45 അടി മാത്രം ഉയരത്തിലുള്ള ഈ കുന്നാണ് ഗോല്‍ഗോത്ത -തലയോടിടം. 14 സ്ഥലങ്ങലുള്ള കുരിശിന്റെ വഴിയിലെ 12ാം സ്ഥലമാണ് രക്ഷാകരസന്ദേശം മുഴങ്ങുന്ന ദിവ്യസ്ഥലം -യേശു കുരിശില്‍ മരിച്ച സ്ഥലം. അവിടെ നമ്രശിരസ്‌കരായി ഞങ്ങള്‍ നിന്നു. കുരിശില്‍ നിന്നിറക്കി സുഗന്ധദ്രവ്യങ്ങള്‍ പകര്‍ന്ന് യേശുവിന്റെ ശരീരം കിടത്തിയ സ്ഥലം ഇപ്പോഴും സുഗന്ധദ്രവ്യങ്ങള്‍ പൂശി സൂക്ഷിക്കുന്നുണ്ട്.  
 
വിശ്വാസവഴിയിലെ ഏറ്റവും തിരക്കേറിയ സ്ഥലം തിരുവുത്ഥാനം നടന്ന ഗുഹയാണ്. തിരുക്കല്ലറയിലും ഗുഹയിലും ഇറങ്ങി പ്രാര്‍ഥിക്കാം. വിലാപമതിലിലും നല്ല തിരക്കുണ്ട്. യഹൂദര്‍ തലയിടിച്ചു വിലപിച്ചു പ്രാര്‍ഥിക്കുന്ന സ്ഥലമാണ് വിലാപമതില്‍. അവിടെ സദാ യഹൂദവേഷമണിഞ്ഞവരുടെ നീണ്ട നിര. മതില്‍ വിടവുകളില്‍ നിറയെ അപേക്ഷകളും ഉപകാരസ്മരണകളും തിരുകിവെക്കുന്നതു കാണാം. 200 അടി നീളവും 90 അടി ഉയരവുമുള്ള മതില്‍ മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്നു. അവിടെ പ്രവേശിക്കണമെങ്കില്‍ കിപ്പായോ (യഹൂദത്തൊപ്പി) ധരിക്കണം. ബഥനിയയിലെ വിശുദ്ധ ലാസറിന്റെ പള്ളിക്കു സമീപം ഒരു മുസ്ലിം പള്ളിയുമുണ്ട്. അതിനരികെയാണ് ലാസറിനെ ഉയിര്‍പ്പിച്ച ഗുഹ. 
 
ദിവസങ്ങള്‍ കടന്നു പോയിരിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ ജെറുസലേമിലാണ്. സമുദ്രനിരപ്പില്‍ നിന്നും 750 മീറ്റര്‍ ഉയരത്തില്‍ ഏഴു പ്രവേശന കവാടങ്ങളോടു കൂടി സ്ഥിതി ചെയ്യുന്ന നഗരം. രക്ഷകന്‍ സുവര്‍ണകവാടം കടന്ന് ജെറുസലേമിലേക്ക് വരുമെന്ന് യഹൂദരും മുഹമ്മദ് നബി സ്വര്‍ഗത്തിലേക്ക് കയറിപ്പോയത് ഇവിടെ നിന്നാണെന്ന് മുസ്ലിങ്ങളും വിശ്വസിക്കുന്ന സ്ഥലം. യേശു ആസന്നഭാവിയില്‍ വരാനിരിക്കുന്ന ദുരന്തം മനസ്സിലാക്കി ജെറുസലേമിനെ ഓര്‍ത്തു വിലപിച്ച സ്ഥലം ഇവിടെത്തന്നെ. ആ സ്ഥലത്താണ് ഇപ്പോള്‍ കണ്ണുനീരിന്റെ പള്ളി നില്‍ക്കുന്നത്. കണ്ണുനീര്‍ത്തുള്ളിയുടെ ആകൃതിയിലുള്ള പള്ളി.
11
വിലാപത്തിന്റെ മതില്‍: യഹൂദരുടെ പ്രാര്‍ത്ഥനാപുണ്യകേന്ദ്രം 
 
ഒലിവു മലയുടെ വടക്ക് ഗെദ്സമേന്‍ തോട്ടത്തിലേക്ക് ഞങ്ങള്‍ യാത്ര തുടര്‍ന്നു. വിശുദ്ധസ്ഥലങ്ങളില്‍ വെച്ചേറ്റവും മനോഹരമായ പ്രദേശം. പ്രാര്‍ഥനക്കും വിശ്രമത്തിനും യേശു തിരഞ്ഞെടുത്തത് ഈ സ്ഥലമാണ്. മൂവായിരം വര്‍ഷം പഴക്കമുള്ള മരങ്ങളുണ്ട് ഇവിടെ. സുകൃതം ചെയ്ത പുണ്യവൃക്ഷങ്ങള്‍. അവ യേശുദേവനെ നേരില്‍ കണ്ടിട്ടുണ്ടാവണം. അന്ത്യ അത്താഴത്തിന് സെഹിയോന്‍ ഊട്ടുശാലയിലേക്ക് യേശു പോയത് ഇവിടെ നിന്നാണ്. 
 
ശിഷ്യന്മാരോട് ഉണര്‍ന്നിരിക്കാന്‍ ആവശ്യപ്പെട്ടതും എന്നാല്‍ അവര്‍ ഉറങ്ങിപ്പോയതും ഇവിടെ വെച്ചാണ്. ഒരു ചുംബനത്തിലൂടെ യൂദാസ്  ദൈവപുത്രനെ ഒറ്റിയതും ഇവിടെ വെച്ചത്രെ. ഗദ്സെമേന്‍ തോട്ടത്തിലെ പള്ളിയുടെ അള്‍ത്താരക്കു മുന്നില്‍ യേശു മുട്ടു കുത്തി പ്രാര്‍ഥിച്ച പാറ ഇപ്പോഴുമുണ്ട്. അവസാന അത്താഴം നടന്ന സെഹിയോന്‍ മാളിക തൊട്ടപ്പുറത്ത്. പള്ളിക്കു മുകളില്‍ പത്രോസ് മൂന്നു വട്ടം യേശുവിനെ തള്ളിപ്പറഞ്ഞപ്പോള്‍ കൂവിയ കോഴിയുടെ രൂപം വഹിക്കുന്ന കുരിശ്. 
 
മോശ ദൈവത്തെ ദര്‍ശിച്ച സീനായ് മലയിലെ സെന്റ് കാതറിന്‍സ് മഠത്തില്‍ ദൈവം പ്രത്യക്ഷപ്പെട്ട മുള്‍പ്പടര്‍പ്പ് ഇപ്പോഴുമുണ്ട്. ഒരു വിദൂരഭൂതകാലത്തിന്റെ ദൈവീകദൂതുപോലെ. സീനായ് മല കൂടി കണ്ട് വിശുദ്ധയാത്രയിലെ അവസാനത്തെ ചുവടും പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ തീര്‍ഥാടകരില്‍ ആത്മനിര്‍വൃതിയുടെ തിളക്കവും പ്രസാദവും. 
വിശുദ്ധലോകത്തെ എന്റെ സഞ്ചാരം ഒരു ആത്മാന്വേഷണം പോലെയായിരുന്നു. ദേവഭൂമിയുടെ ചിത്രങ്ങളെടുക്കാന്‍ നിയോഗം ലഭിച്ചവനെപ്പോലെ ഞാന്‍ ഓടി നടന്നു ചിത്രങ്ങള്‍ പകര്‍ത്തി. 
 
തൃപ്തി വരാതെ. ദൈവീകസാന്നിധ്യമുള്ള ദൃശ്യങ്ങള്‍. അവയിലൂടെ എന്റെ ക്യാമറ നിറുത്താതെ ചലിച്ചു. പല ദേശക്കാര്‍, ഭാഷക്കാര്‍, വിശ്വാസക്കാര്‍. അവരുടെ മുഖങ്ങളിലെ ആത്മീയസംതൃപ്തി എന്നെ അതിശയിപ്പിച്ചു. അഞ്ചാം സുവിശേഷത്തിന്റെ സാക്ഷാല്‍ക്കാരം പോലെ.  
 
യാത്രയിലെ കാഴ്ചകള്‍ ഈ ഫ്രെയിമുകള്‍ക്കു പകര്‍ത്താവുന്നതിനേക്കാള്‍ എത്രയോ സുന്ദരമായിരുന്നു. അനുഭവം അതിലേറെ തീവ്രവും. ചാവുകടലിലെ സമുദ്രസ്നാനം അത്തരത്തിലൊരനുഭവമായിരുന്നു. സമുദ്രനിരപ്പില്‍ നിന്നും 400 അടി താഴെയുള്ള ഈ കടലില്‍ ലവണസാന്ദ്രതയില്‍ ഞങ്ങള്‍ പൊങ്ങിക്കിടന്നു. 
 
മടക്കവഴിയില്‍ ഒരു ദിവസം ഈജിപ്തിലും തങ്ങി. ഹോട്ടലിലെ മുറിയില്‍ നിന്നാല്‍ രാത്രിയില്‍ നിലാവില്‍ ഇരുണ്ട നിഴല്‍ പോലെ പിരമിഡുകള്‍ കാണാം. മരിച്ച സംസ്‌കൃതികളുടെ ശവകുടീരങ്ങള്‍. വിശ്വാസത്തിന്റെ മഹാഗോപുരങ്ങള്‍. ആത്മീയതയുടെ വിശുദ്ധസാക്ഷാല്‍ക്കാരങ്ങള്‍. ഇതു പോലൊരു യാത്ര ഇനി എന്ന്? അറിയില്ല.
 
 2008 ഡിസംബര്‍ ലക്കം  മാതൃഭൂമിയാത്രയില്‍ പ്രസിദ്ധീകരിച്ചത്: യാത്ര വാങ്ങിക്കാം
 
 
Content Highlights: vishudha nadu yathra, The Holyland Travelogue