ക്രിസ്മസ് എത്തുമ്പോള്‍  ഇന്ന് പല പേരിലും ആകൃതികളിലുമുള്ള  നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്നതുപോലയുളള കാലമായിരുന്നല്ല ഞങ്ങളുടെ ബാല്യം. വീടുകളില്‍ കറണ്ടെത്തിയിട്ടില്ല. കുന്നംകുളത്ത് നിന്നും കൊല്ലത്തു നിന്നും വരുന്ന പേപ്പര്‍ നക്ഷത്രങ്ങള്‍ കറണ്ടില്ലാത്തതിനാല്‍ പ്രചാരത്തിലായിട്ടുമില്ല. ക്രിസ്മസിന് നക്ഷത്രങ്ങള്‍ തൂക്കണമെങ്കില്‍ അവ ഉണ്ടാക്കുക തന്നെ ചെയ്യണം. പുല്‍ക്കൂട് ഉണ്ടാക്കുന്നതില്‍ പെരുന്തച്ചനാായിരുന്നെങ്കിലും ക്രിസ്മസ് നക്ഷത്രങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ജോയിക്കുട്ടിയങ്കിളിന് അത്ര വശം പോര.അവിടെയാണ് മാത്തുക്കുട്ടിയങ്കിള്‍ എന്ന് ഞങ്ങള്‍ സ്നേഹപൂര്‍വം വിളിക്കുന്ന വലിയ പറമ്പിലെ അച്ചന്‍ തുണയായിരുന്നത്.

star
Image credit: Pinterest

മൂലയില്‍ വീട്ടിലെ അടുത്ത അയല്‍വാസിയാണ് വലിയപറമ്പില്‍ മാത്തുക്കുട്ടിയെന്ന അച്ചന്‍.  മതിലകളും ഗേറ്റുകളുമൊന്നും മനുഷ്യനെയും മനസ്സുകളെയും വേര്‍തിരിക്കാത്ത അക്കാലത്ത് ഒരു കുടുംബ പോലെയാണ് എല്ലാവരും കഴിയുന്നത്. വിശേഷാവസരങ്ങളില്‍ പലഹാരങ്ങള്‍ പങ്കുവച്ചും അത്യാവശ്യത്തിന് അരിയും പഞ്ചസാരയും കാപ്പിപ്പൊടിയുമൊക്കെ കടം വാങ്ങിച്ചും അയല്‍പക്കക്കാര്‍  ഒരേ കുടുംബം പോലെ കഴിഞ്ഞ കാലം. ശനിയാഴ്ചകളില്‍ പോത്തിനെയും എരുമയെയുമൊക്കെ അച്ചന്‍ കശാപ്പു ചെയ്യും. നാട്ടുകാര്‍ക്ക് അത് ഒരു ആഘോഷമാണ്. ഞായറാഴ്ച കുര്‍ബ്ബാനയും വേദപാഠവും കഴിഞ്ഞുള്ള ഞങ്ങളുടെ ഉച്ചഭക്ഷത്തെ രുചികരമാക്കിയിരുന്നത്  ബീഫ് കറിയാണ്. ശനിയാഴ്ച വൈകുന്നേരം അച്ചന്റെ വീടുവഴി പോയാല്‍ നല്ല ഒന്നാം തരം കപ്പബിരിയാണിയും കിട്ടും.

ക്രിസ്മസും ഈസ്റ്ററുമൊക്കെയാകുമ്പോള്‍ കശാപ്പു ചെയ്യുന്ന പോത്തുകളുടെയും എരുമകളുടെയും എണ്ണം കൂടും. പോത്തിറച്ചിക്കായി നാട്ടുകാര്‍  നാട്ടുവിശേഷങ്ങള്‍ പങ്കുവച്ച് കൂട്ടംകൂടി നില്‍ക്കുന്നതൊക്കെ മങ്ങാത്ത ഓര്‍മകളാണ്.

 കശാപ്പും കൃഷിയുമൊക്കെയായിരുന്നു അച്ചന്റെ വരുമാനമാര്‍ഗങ്ങള്‍. കണ്ടത്തില്‍ വിവിധയിനം പച്ചക്കറികളും വാഴകളും വെറ്റിലക്കൊടിയുമൊക്കെ നട്ട് അ്ദ്ദേഹം വരുമാനമുണ്ടാക്കി.

നല്ലൊരു  കൃഷിക്കാരനെന്നതിനൊപ്പം നല്ലൊരു കലാകാരന്‍കൂടിയായിരുന്നു അച്ചന്‍. മുളം തണ്ടുകള്‍ കൊണ്ട് പലതരത്തിലുള്ള പുല്ലാങ്കുഴലുകള്‍ ഉണ്ടാക്കുന്നതിലും അത് നന്നായി മീട്ടുന്നതിലും അദ്ദേഹത്തിനുള്ള കഴിവ് ഒന്നു വേറെ തന്നെയായിരുന്നു. സന്ധ്യാപ്രാര്‍ത്ഥനയും അത്താഴവും  കഴിഞ്ഞ് രാത്രിയുടെ നിശബ്ദതയില്‍ അച്ചന്റെ വേണുഗാനം ഒഴുകിവരുമ്പോള്‍ ഞങ്ങള്‍ അയല്‍പക്കക്കാര്‍ അതാസ്വദിച്ചങ്ങനെയങ്ങിരിക്കും. റേഡിയോ പോലും ആഡംബരമായിരുന്ന അക്കാലത്ത് ഞങ്ങളുടെ സംഗീത വിരുന്നായിരുന്നു അച്ചന്റെ ഓടക്കുഴല്‍ വായന.

ക്രിസ്മസ് എത്തുമ്പോഴാണ് അച്ചന്‍ യഥാര്‍ത്ഥ സ്റ്റാറാകുന്നത്. ഈറ്റക്കമ്പുകള്‍ കൊണ്ട് വ്യത്യസ്ത ങ്ങളായ ആകൃതിയില്‍ നക്ഷത്രങ്ങളുണ്ടാക്കാന്‍ അച്ചന്‍ ബഹുകേമനാണ്. വാല്‍ നക്ഷത്രംപോലെ നീണ്ട കാലുള്ളതും വിമാനത്തിന്റെ ആകൃതിയിലുമൊക്കെയുള്ള കൂറ്റന്‍ നക്ഷത്രങ്ങള്‍ അച്ചന്റെ കരവിരുതില്‍ ഒരുങ്ങും. സാധാരണ നക്ഷത്രങ്ങള്‍ക്ക് പേപ്പര്‍ കൊണ്ടുള്ള വര്‍ണക്കടലാസുകളാണ് ഒട്ടിക്കുക. ചുവപ്പും നീലയും പച്ചയും തൂവെള്ളയുമൊക്കെ കളറുകള്‍ ഓരോ കാലിലും ഒട്ടിച്ച  വ്യത്യസ്തമായ നക്ഷത്രങ്ങള്‍. നക്ഷത്രത്തിന്റെ അകത്ത് വിളക്ക് വയ്ക്കാനായി ഒരു സ്റ്റാന്‍ഡും കാണും. ഉയര്‍ന്ന വൃക്ഷക്കൊമ്പുകളിലോ  വീടിന്റെ മുമ്പിലോ ഈ നക്ഷത്രവും തൂക്കി അതിനുള്ളില്‍ വിളക്കുംവച്ചു കഴിയുമ്പോള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ക്രിസ്മസിന് നാലഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമേ അന്ന് നക്ഷത്രങ്ങള്‍ തൂക്കാറുള്ളു.

സ്വന്തം വീട്ടിലേക്കുള്ളതിനൊപ്പം അയല്‍പക്കക്കാര്‍ക്കും ഉള്ള നക്ഷത്രങ്ങള്‍ അച്ചന്‍ ഉണ്ടാക്കി നല്‍കും. നമ്മള്‍ വര്‍ണക്കടലാസ് വാങ്ങിച്ചുകൊടുത്താല്‍ മതി. രണ്ട നക്ഷത്രങ്ങളാണ് ഏറ്റവും വലുതായി ഉണ്ടാക്കുക. ഒന്ന് സ്വന്തം വീട്ടിലേക്ക്. മറ്റൊന്ന് പൈലിക്കവലയിലുള്ള അസംപ്ഷന്‍ പള്ളിയുടെ കുരിശടിക്ക് മുമ്പില്‍ തൂക്കാന്‍. ഇതില്‍ പ്ലാസ്റ്റിക് വര്‍ണക്കടലാസുകളാണ് ഉപയോഗിക്കുക. വിളക്ക് വച്ചുകഴിയുമ്പോള്‍ ഇതിന്റെ ഭംഗി കൂടും.

ഞാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സംഭവം.ക്രിസ്മസ് പരീക്ഷ കഴിയാന്‍ രണ്ടുമൂന്നു ദിവസങ്ങള്‍ കൂടിയുണ്ട്. ഉച്ചയൂണും കഴിഞ്ഞ് വലിയപറമ്പിലെ വീട്ടിലേക്ക് ഓടി. അവിടെ അച്ചന്‍ നക്ഷത്ര നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തിലാണ്.  മക്കളായ റോയിയും ബിജുവും സഹായികളുടെ റോളിലുണ്ട്.  അവരുടെ വീട്ടിലേക്കുള്ള നക്ഷത്രമാണ് ഉണ്ടാക്കുന്നത്. കൃത്യമായി കീറിയ പ്ലാസ്റ്റിക് വര്‍ണക്കടലാസുകള്‍ ബിജു എടുത്തു കൊടുക്കുന്നു. അരിപ്പൊടി കുഴച്ചുണ്ടാക്കിയ പശ നക്ഷത്രക്കാലുകളില്‍ തേച്ച് പിടിപ്പിക്കുകയാണ് റോയി. അരമണിക്കൂറിനുള്ളില്‍ സുന്ദരന്‍ നക്ഷത്രം റെഡി. 

'ഞങ്ങളുടെ നക്ഷത്രം എപ്പോഴാ ഉണ്ടാക്കുന്നത് ... ഞങ്ങള്‍ക്കും പ്ലാസ്റ്റിക് വര്‍ണക്കടലാസുകൊണ്ടുള്ളനക്ഷത്രം മതി' ഞാന്‍ ആവശ്യമുന്നയിച്ചു.  ' അയ്യോ മോനേ... നിങ്ങള്‍ക്ക് വെറും കടലാസുകൊണ്ടുള്ള നക്ഷത്രമാണ്. അതിനാണല്ലോ ചിറ്റമ്മ  (മൂലയിലെ അമ്മച്ചി )പൈസ തന്നത്. ഞാ്ന്‍ അത്തരം കടലാസ്സാ വാങ്ങി്ച്ചതും..എന്തു ചെയ്യും' അച്ചന്‍ നിസഹായവസ്ഥ വിശദീകരിച്ചു.
മൂന്നാം ക്ലാസുകാരന്റെ ബുദ്ധിയല്ലേ..'എനിക്ക് പ്ലാസ്റ്റിക് നക്ഷത്രം മതി ....പ്ലാസ്റ്റിക് നക്ഷത്രം മതി ' വീണ്ടും ഞാന്‍ ചിണുങ്ങാന്‍ തുടങ്ങി. അച്ചന്‍ എന്നെ കാര്യങ്ങള്‍ പറഞ്ഞ് ആശ്വസിപ്പിക്കുന്നുണ്ട്. എന്റെ ചിണുങ്ങല്‍ കണ്ട് റോയിയും ബിജുവും  കളിയാക്കി ചിരിക്കാനും തുടങ്ങി. നക്ഷത്രവുമില്ല...പോരാത്തതിന് കളിയാക്കലും... കൂട്ടിവച്ചിരുന്ന ഈറ്റക്കമ്പുകള്‍ വലിച്ചെറിഞ്ഞ് വലിയവായില്‍ കരഞ്ഞുംകൊണ്ട് ഞാന്‍ വീട്ടിലേക്ക് തിരിച്ചോടി.

പിന്നെ രണ്ടു ദിവസത്തേക്ക് വലിയപറമ്പില്‍ വീടിന്റെ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയതുപോലുമില്ല. എനിക്കുമില്ലേ വാശി. മൂന്നാം ദിവസം ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് വീട്ടില്‍ കുത്തിയിരിക്കുകയാണ്. നാലുമണിയാകാറായി. അപ്പോഴാണ് അച്ചന്റെ വിളി വീടിന്റെ വടക്കേ ഭാഗത്തു നിന്ന് കേള്‍ക്കുന്നത് (മൂലയില്‍ വീടിന്റെ വടക്ക് ഭാഗത്താണ് അച്ചന്റെ വീട്. അതിനാല്‍ അച്ചന്റെ വീടിനെ വടക്കേ വീടെന്ന് ഞങ്ങള്‍ വിളിക്കും. അവര്‍ മൂലയില്‍ വീടിനെ തെക്കേല്‍ വീടെന്നും .)' ജോസുമോനില്ലേ ഇവിടെ '.(അടുത്ത പരിചയക്കാര്‍ക്ക് ഞാന്‍ ജോസുമോനാണ്. നാല്‍പ്പത്തഞ്ച് വയസ് കഴിഞ്ഞിട്ടും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമിടയില്‍ അതേ പേരുമായി കഴിയുകയും ചെയ്യുന്നു).

അച്ചന്റെ സ്വരം കേട്ടപ്പോഴേ ഞാന്‍ അകത്തു കയറി അറയും നിരയുമുള്ള മുറിയിലൊളിച്ചു. തിണ്ണയില്‍ ജോയിക്കുട്ടിയങ്കിളും ആന്റിമാരും വര്‍ത്താനത്തിലാണ്. എല്ലാവരും കൂടെ ഒരുമിച്ച് എന്നെ വിളിയായി.സഹികെട്ട്  ഇറങ്ങിച്ചെല്ലുമ്പോള്‍ കയ്യില്‍  പ്ലാസ്റ്റിക് വര്‍ണക്കടലാസുകള്‍ കൊണ്ട് നിര്‍മ്മിച്ച സുന്ദരന്‍ ഒരു നക്ഷത്രവുമായി അച്ചന്‍ മുറ്റത്ത് നില്‍ക്കുന്നു. കഴിഞ്ഞ ദിവസത്തെ വില്ലത്തരവും പിണക്കവുമൊക്കെ മറന്ന് നക്ഷത്രം കൈക്കലാക്കാനായി ഞാന്‍ അച്ചന്റെ അടുത്തേക്ക് ഓടി. 
****                *****                 ****
രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍  പൈലിക്കവല,കുറുമ്പനാടം ഭാഗങ്ങളിലെ വീടുകളില്‍ വൈദ്യുതിയെത്തി. ചിലരൊക്കെ പേപ്പര്‍ നക്ഷത്രത്തിലേക്ക് തിരിഞ്ഞു. ചിലര്‍ പരിഷ്‌കാരവും പാരമ്പര്യവും ഒരു പോലെ കാത്ത് സൂക്ഷിച്ച് രണ്ട് തരം നക്ഷത്രങ്ങളും വീട്ടിലിട്ടു. കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോല്‍ പാരമ്പര്യവാദികളും പരിഷ്‌കാരികളായി മാറി. നാട്ടില്‍ റെഡിമെയ്ഡ് നക്ഷത്രങ്ങള്‍ മാത്രമായി. അപ്പോഴും ഒരു സപര്യപോലെ അച്ചന്‍ ഈറ്റകൊണ്ട് നക്ഷത്ര നിര്‍മ്മാണം തുടര്‍ന്നുകൊണ്ടേയിരുന്നു.

 ആദ്യ ഭാഗം: 'അങ്ങനെ ഒരു കരോള്‍ കാലത്ത്'  വായിക്കാം

 

  രണ്ടാം ഭാഗം- 'ഈന്തോലകളില്‍ വീണ കണ്ണീര്‍ പൂക്കള്‍' വായിക്കാം