എടക്കര: മണ്ണിലും വിണ്ണിലും നക്ഷത്രങ്ങള്‍ നിറഞ്ഞ ക്രിസ്മസ് ദിനങ്ങളിലെ താരമായി ജിമിക്കിക്കമ്മലുമെത്തി. ക്രിസ്മസ് വിപണിയില്‍ സിനിമാ പേരുകളിലാണ് നക്ഷത്രങ്ങള്‍ ഇക്കൊല്ലവും തിളങ്ങുന്നത്. 15-ല്‍ അധികം പുതിയ ഇനങ്ങളാണ് വിപണി കൈയ്യടക്കുന്നത്  . ചൈനയില്‍നിന്നുള്ള വര്‍ണക്കടലാസുകളില്‍ രൂപപ്പെടുത്തിയ ജിമിക്കിക്കമ്മല്‍ സ്വര്‍ണം, വെള്ളി തുടങ്ങിയ 12 നിറങ്ങളില്‍ ലഭിക്കും. ഒരു കാലിന്റെ നീളക്കൂടുതലാണ് പ്രത്യേകത. ബാഹുബലി, വെളിപാടിന്റെ പുസ്തകം, പുണ്യാളന്‍ തുടങ്ങിയ പേരുകളിലും ആകാരഭംഗി നിറഞ്ഞ നക്ഷത്രങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെ.

കൊല്ലം, എറണാകുളം എന്നിവിടങ്ങളില്‍നിന്നാണ് നക്ഷത്രങ്ങള്‍ എത്തുന്നത്. 100 മുതല്‍ 350 രൂപവരെയാണ് നക്ഷത്രങ്ങളുടെ വില. എന്നാല്‍ എല്‍.ഇ.ഡി. നക്ഷത്രങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെ. പുല്‍ക്കൂടിന്റെ സെറ്റിന് 200 രൂപ മുതല്‍ ലഭിക്കും. ഇവ മധുരയില്‍നിന്നാണ് എത്തിക്കുന്നത്. അടിക്കണക്കിനാണ് ട്രീയുടെ വില.

പുല്‍ക്കൂടില്‍ കാണപ്പെടുന്ന ഉണ്ണിയേശു, മാതാവ്, ഔസേപ്പ്, ആടുകള്‍, ഇടയന്‍മാര്‍ മുതലായവയുടെ രൂപങ്ങള്‍ മധുരയില്‍നിന്നാണ് എത്തുന്നത്. മുന്‍പ് മണ്ണില്‍ നിര്‍മിച്ച ഈ രൂപങ്ങള്‍ ഇപ്പോള്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസിലാണ് മെനയുന്നത്. ആശംസാകാര്‍ഡിന്റെ വിപണിയില്‍ കാര്യമായ ചലനങ്ങളില്ല. കുട്ടികള്‍ക്കാവശ്യമുള്ള കാര്‍ഡുകള്‍ക്കാണ് കുറെയെങ്കിലും ആവശ്യക്കാരുള്ളത്.
 
സംഗീതവും പ്രകാശവും ചൊരിയുന്ന കാര്‍ഡുകള്‍ 30 രൂപയ്ക്ക് താഴെ ലഭിക്കും. ക്രിസ്മസിന് മുന്നോടിയായി സ്‌കൂളുകളില്‍ നടക്കുന്ന സമ്മാനക്കൈമാറ്റത്തിന് വേണ്ടിയാണ് അധികം കുട്ടികളും കാര്‍ഡുകള്‍ വാങ്ങുന്നത്. ജി.എസ്.ടി. നിലവില്‍ വന്നതിനെത്തുടര്‍ന്ന് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അല്പം വിലകൂടിയത് ക്രിസ്മസ് വിപണിയെ ബാധിച്ചതായി എടക്കര ജനത സ്റ്റോര്‍ ഉടമ എ.ബി.കെ. ജോര്‍ജ് പറഞ്ഞു.