കരോള്‍ 

നോര്‍ത്ത് ചാലക്കുടിയിലെ എണ്‍പതുകളിലെ ക്രിസ്മസ് കരോളാണ് ഓര്‍മയില്‍. അന്ന് പേര് കിഴക്കേപോട്ടയെന്നാണ്.  അക്കാലത്തെ കരോള്‍ സംഘത്തില്‍ ഒഴിച്ചുകൂടാനാകാത്ത രണ്ട് കഥാപാത്രങ്ങളുണ്ട്. സായ്പ്പും മദാമ്മയും. ഇവര്‍ക്കെന്താ ഈ കരോളില്‍ കാര്യമെന്ന് എനിക്കന്നും ഇന്നും പിടി കിട്ടിയിട്ടില്ല.   കോട്ടും സ്യൂട്ടും ഷൂസും ചെമ്പിച്ച ഊശാന്‍ താടിയുമായി സായ്പ്പ്. മിഡിയും ടോപ്പുമിട്ട് മദാമ്മ. ഇരുവരുടെയും മുഖത്ത് നല്ല കട്ടിത്തേപ്പ് കനത്തില്‍ സിംഗേറ്റ് പൂശിയിരിക്കും. അതിന്റെ തിളങ്ങുന്ന തരികള്‍ തേയ്ച്ചാലും മായ്ച്ചാലും എളുപ്പമങ്ങട്ട് പോകില്ല. കരോള്‍ കഴിയുമ്പോള്‍ സായിപ്പിന്റെയും മദാമ്മയുടെയും നിലവിളി ശബ്ദം കേള്‍ക്കാമെന്ന് കളിയായി പറയും. ഗമ്മൊട്ടിച്ച്  കൃത്രിമ താടി പിടിപ്പിച്ച് ഗുമ്മായി ഡാന്‍സ് കളിച്ചിരുന്ന സായ്പ്  കളിയെല്ലാം തീര്‍ന്ന് വേഷഭൂഷാദികള്‍ അഴിച്ചുവെയ്ക്കുന്നത് ഇത്തിരി വേദനയോടെയായിരിക്കും. ഗമ്മിന്റെ അസാമാന്യമായ ഒട്ടിപ്പോ ശക്തി തന്നെ കാരണം. അതെല്ലാം തൊലിയില്‍നിന്ന് അടര്‍ത്തിയെടുക്കേണ്ടേ?  സായ്പ്പും മദാമ്മയും കൂളിംഗ് ഗ്ലാസ് വെച്ചിരിക്കും..അല്ലെങ്കില്‍ അവരെയാരും മൈന്‍ഡ് ചെയ്യില്ല. റോക്ക് എന്‍ റോള്‍ ഡാന്‍സൊക്കെയാണ് ഇവരുടെ നമ്പറുകള്‍. മുകളില്‍ നിന്ന് ചുരുണ്ടുകൂടി താഴോട്ടും അതുപോലെ സ്പ്രിംഗ് നിവരുംപോലെ മുകളിലോട്ടും തെറിക്കുന്ന ഒരു ജാതി നമ്പര്‍! 

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ചാലക്കുടി വെള്ളിക്കുളം റോഡിലെ പേരില്ലാത്ത ട്യൂഷന്‍ സെന്ററില്‍ നിന്ന് ഒരു ദിവസം രണ്ട് വട്ടം കരോള്‍ പോയത് ഓര്‍ക്കുന്നു. ആദ്യം ചാലക്കുടി സെന്റ് മേരീസ് പള്ളി വക കരോള്‍ മല്‍സരത്തിനായിരുന്നു.  താങ്ങാന്‍ പറ്റാത്ത കനമുള്ള മുഖംമൂടി വെച്ചായിരുന്നു ഞാനന്ന് കളിച്ചത്. കളിക്കിടെ പലപ്പോഴും കാനയിലേക്ക് വേച്ചുപോയിരുന്നു ഞാന്‍. തുടുത്തുമിനുങ്ങിയ ജോജിയാണ് മദാമ്മയായി വേഷമിട്ടിരുന്നത്. സ്‌കാര്‍ഫ് കെട്ടി മിഡിയണിഞ്ഞ് ജോജി ഓടിനടന്ന് കളിച്ചത് ജഡ്ജസില്‍ മതിപ്പുളവാക്കിയെന്ന് വേണം കരുതാന്‍. കാരണം ഒന്നാം സ്ഥാനം ഞങ്ങള്‍ക്കായിരുന്നു. പിന്നീട് ട്യൂഷന്‍ സെന്ററില്‍ തിരിച്ചെത്തിയപ്പോള്‍ സമയം ഇരുട്ടി. ഇനി നാട്ടില്‍ കരോള്‍ പോകണമെന്നായി.  എന്നാല്‍ ഒരു പ്രതിസന്ധി. മദാമ്മയായി വേഷംകെട്ടാന്‍ ആരുമില്ല. ഒടുവില്‍ എന്റെ പിടലിക്കായി മദാമ്മവേഷം. സ്‌കാര്‍ഫ് കെട്ടി, മിഡിയിട്ടു. രണ്ട് ചിരട്ട ടോപ്പിനടിയിയില്‍ ബാലന്‍സ് ചെയ്ത് കളി തുടങ്ങി. ഏതോ കൂട്ടുകാരിയുടെ വീട്ടില്‍ ചെന്നപ്പോ ദേ..ഇത് നമ്മുടെ ..അവനല്ലേ എന്ന് അതിശയത്തോടെ പറയുന്നത് കേട്ട് കൂടുതല്‍ ഊര്‍ജത്തോടെ നൃത്തം ചവിട്ടിയത് ഓര്‍ക്കുന്നു. ആ സന്തോഷത്തില്‍ ചിരട്ടകളിലൊന്ന് താഴോട്ടിറങ്ങിപോയതൊന്നും കളിക്കിടെ ഞാനറിഞ്ഞില്ല. കൂട്ടച്ചിരിക്കിടെ കൂട്ടുകാരന്‍ വന്നാണ് ചിരട്ടയെ പൂര്‍വസ്ഥിതിയിലേക്ക് തള്ളിക്കേറ്റി വെച്ച് സംഭവം സുലാനാക്കിയത്. 

പോലീസുകാരന്‍ തോമസേട്ടന്റെ വീടിന്റെ മുകള്‍ നിലയിലാണ് ഞങ്ങളുടെ മൂലയിലെ കരോള്‍ സംഘത്തിന്റെ ഒരുക്കങ്ങള്‍ ഒരുവട്ടം നടന്നത്. കൂട്ടത്തില്‍ ഉയരം കൂടുതലുണ്ടായിരുന്ന എന്റെ ചേട്ടന്‍ വില്യംസാണ്  പപ്പയാകുക. ചൈനാപേപ്പര്‍ പൊതിഞ്ഞ കപ്പത്തണ്ടിന്റെ അറ്റത്ത്  ചെറുബലൂണുകള്‍ വീര്‍പ്പിച്ചുകെട്ടും. ആരെങ്കിലുമപ്പോഴേക്കും പള്ളീലച്ചന്റെ പഴയ ളോഹ ഒപ്പിച്ചുകൊണ്ടുവരും.  പഴയ തലയിണ കെട്ടി പപ്പ പള്ള വീര്‍പ്പിക്കും. ഗ്ലൗസണിയും. നീണ്ടുതൂങ്ങിയ പഞ്ഞി ഒട്ടിച്ച പപ്പയുടെ മുഖംമൂടിയും വെച്ചാല്‍ ആളെയാരും തിരിച്ചറിയില്ല. ഒരു ഉളുപ്പുമില്ലാതെ ചാടിക്കളിക്കാന്‍  അതാണ് കാരണം. ഹാപ്പി ക്രിസ്മസ്, ഹാപ്പി ക്രിസ്മസ് എന്ന് തൊണ്ടപൊട്ടുമാറുച്ചത്തില്‍ വിളിച്ചാണ് വീടുകളിലേക്ക് കടന്ന് ചെല്ലുക. വാതില്‍ തുറന്നില്ലെങ്കില്‍ ഹാപ്പി ക്രിസ്മസ് വിളികളുടെ ശബ്ദം അല്‍പ്പം കനക്കുമെന്ന് മാത്രം. 

വീടുകളിലെത്തിയാല്‍  സിനിമാപാട്ടുകളുടെ അകമ്പടിയില്‍ പൊരിഞ്ഞ കളിയാണ്. അക്കൊല്ലം പാട്ടുകാരന്‍ ഞാനായിരുന്നു. 'മീന്‍' സിനിമയിലെ 'ഉല്ലാസപ്പൂത്തിരികള്‍ കണ്ണിലണിഞ്ഞവളെ' എന്ന പാട്ട് ഒച്ചയടഞ്ഞും പാടിനടന്നത് ഇപ്പോഴും ഓര്‍ക്കുന്നു. (പിന്നീടുള്ള വര്‍ഷങ്ങളിലൊന്നില്‍ നാഷണല്‍ പാനസോണിക്കിന്റെ ടേപ് റെക്കോര്‍ഡറില്‍ ഡിസ്‌കോ ഡാന്‍സര്‍ സിനിമയിലെ പാട്ടുകളുമായി കരോള്‍ പോയതോര്‍ക്കുന്നു.)  കരോള്‍ കഴിയുമ്പോഴേ കിട്ടിയ പൈസ എണ്ണി തിട്ടപ്പെടുത്തി ഓരോരുത്തര്‍ക്കുമുള്ള പങ്ക് അവിടെ വെച്ച് തന്നെ വീതം വെയ്ക്കും. എനിക്ക് കിട്ടിയ പങ്ക് ഇപ്പോഴും ഓര്‍മയുണ്ട്. ഒരു രൂപ മുപ്പത്തിയഞ്ച് പൈസ ! 

പുല്‍ക്കൂട്

പുല്‍ക്കൂടിലെ രൂപങ്ങളെ കണ്ടിട്ടില്ലേ.. ചിറക് വിരിച്ച മാലാഖ പുല്‍ക്കൂടിന് മുകളില്‍ ആടിക്കളിക്കുന്നുണ്ടാകും. ഇത് പുല്‍ക്കൂടിന്റെ ഒത്ത നടുക്കായിട്ടായിരിക്കും കൊളുത്തിയിടുക. ഉണ്ണിയേശുവിന്റെ രൂപത്തെ നോക്കിയിരിക്കുന്ന പോസില്‍ ഔസേപ്പിതാവും മാതാവും. ചിരിച്ചുകിടക്കുന്ന ഉണ്ണിയേശു. പിന്നില്‍ തൊഴുത്തില്‍ പശു. ദൂരെ മലഞ്ചെരിവുകളില്‍ ആട്ടിന്‍കൂട്ടങ്ങള്‍.. അടുത്ത് ആട്ടിടയന്മാര്‍.. മൂന്ന് കൊട്ടാരത്തില്‍ നിന്ന് പൊന്നും മീറയും കുന്തിരിക്കവും താങ്ങിപിടിച്ച് മൂന്ന് രാജാക്കന്മാര്‍.. അവര്‍ക്കരികില്‍ ഒട്ടകങ്ങള്‍.. ഇതാണ് ശരാശരി പുല്‍ക്കൂട് സെറ്റപ്പ്. കളിമണ്ണില്‍ മെനഞ്ഞ് ചുട്ടെടുത്ത് ചായം പൂശിയ രൂപങ്ങള്‍.. കാലം മാറുംതോറും രാജാക്കന്മാരുടെ കൊട്ടാരങ്ങള്‍ പണിയലാണ് ഏവരുടെയും ഏറ്റവും വലിയ ചലഞ്ച്. മണ്ണ്കുഴച്ച് വമ്പന്‍ ഗോപുരങ്ങള്‍ കെട്ടും. മലഞ്ചെരിവുകളിലൂടെ അരുവിയൊഴുകും. ഈജിപ്റ്റിലെ മമ്മികളും ഗ്രീസിലെ കെട്ടിടമാതൃകകള്‍ വരെ നാട്ടിലെ കലാകാരന്മാര്‍ ഉണ്ടാക്കിയെടുക്കും. കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് കലാഭവന്‍ മണിയുടെ നേതൃത്വത്തില്‍ ചാലക്കുടി പുഴയുടെ അരികെ സൃഷ്ടിച്ച ഇത്തരം പുല്‍ക്കൂട് കാണാന്‍ ദൂരങ്ങളില്‍ നിന്നും ആളുകളൊഴുകിയെത്തിയിരുന്നു

വീട്ടിലെ കാര്യം വ്യത്യസ്തമായിരുന്നു. വീട്ടിലെ പുല്‍ക്കൂടില്‍ ഒരിക്കലും ഒരു സെറ്റ് പൂര്‍ണമായും ഉണ്ടായിരുന്നില്ല. പല വര്‍ഷങ്ങളായാണ് അതിലെ അംഗങ്ങളെ ഒത്തുകൂട്ടി വരിക. അപ്പോഴേക്കും കൈ തട്ടിയോ മറ്റോ ആട്ടിടയന്റെ കഴുത്തൊടിഞ്ഞിട്ടുണ്ടാകും. മാലാഖയുടെ ചിറകിലൊന്ന് അറ്റ് പോയിട്ടുണ്ടാകും. ഒട്ടകത്തിന്റെ കാലൊടിഞ്ഞിട്ടുണ്ടാകും.  ഒരു വര്‍ഷത്തെ ക്രിസ്മസ് കഴിഞ്ഞാല്‍ അടുത്തവര്‍ഷം ഫുള്‍ സെറ്റപ്പ് പുല്‍ക്കൂട് രൂപങ്ങള്‍ വാങ്ങാനുള്ള സ്വരുക്കൂട്ടല്‍ തുടങ്ങും. ചായ്പ് മുറിയുടെ മുകളിലെ തട്ടിന്‍മുകളിലേക്ക് കിട്ടുന്ന ചില്ലറപൈസ എറിഞ്ഞിടും. പഞ്ഞി പൂത്ത് ചെറുകായകളാകുന്ന സമയമാണ് ക്രിസ്മസ്. പാറാട(വവ്വാല്‍) തേന്‍ കുടിക്കാനെത്തും. അതിനെ വെടിവെച്ചിടാന്‍ അപ്പന്‍ നാടന്‍ തോക്കുമായി പഞ്ഞിചുവട്ടില്‍ കാത്തിരിക്കും,  നെറ്റിയിലുറപ്പിച്ച ടോര്‍ച്ചുമായി. 

ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ പാറാടയുടെ കണ്ണുകള്‍ തിളങ്ങിനില്‍ക്കും. വെടിവെച്ചിട്ടാല്‍ വവ്വാലിന്റെ തൊലിയൂരി മാംസം ഉരലില്‍ ഇട്ടിടിച്ച് ചതച്ച് പരിപ്പ് വടപോലെ ചുട്ടെടുക്കും. മൂക്കുംമുമ്പ് കൊഴിഞ്ഞുവീഴുന്ന പഞ്ഞിക്കായകള്‍ പെറുക്കി ഉണക്കി കൊടുത്താല്‍ പൈസ കിട്ടും.  പണസമാഹരണത്തിന് അതൊക്കയായിരുന്നു വഴികള്‍.   ക്രിസ്മസ് സമയത്ത് തട്ടിന്‍പുറത്ത് നിന്ന് അതുവരെ എറിഞ്ഞിട്ട ചില്ലറ പൈസകളും കശുവണ്ടിയും കേറിയെടുക്കും. അതില്‍നിന്നാണ് അക്കൊല്ലത്തെ ആടും ആട്ടിടയനും ഒട്ടകവും പശുവും മാലാഖയും ഔസേപ്പുണ്യാളനും മാതാവും ഉണ്ണിയേശുവും പഞ്ഞിയും ബലൂണുമൊക്കെ വാങ്ങുക. പച്ച കളറടിച്ച തല്‍പ്പത്തില്‍ ഉറങ്ങിക്കിടക്കുന്ന ഉണ്ണിയേശുവിനെ ഇപ്പോഴും ഓര്‍മയുണ്ട്. ഏറ്റവും പഴക്കം ഉണ്ണിയേശുവിന്റെ രൂപത്തിനായിരുന്നു. പല ഭാഗങ്ങളും ഉരഞ്ഞ് രൂപഭംഗി നഷ്ടപ്പെട്ടിരുന്നു. 

പുല്‍ക്കൂട് നിര്‍മാണത്തിന് വലിയ ഒരുക്കങ്ങളാണ് നടത്തുക. പലകയില്‍ മണ്ണ് നിരത്തി കടുക് മുളപ്പിച്ചിരുന്നു. കമ്യൂണിസ്റ്റ് പച്ച പൂക്കുന്നതും ഈ ക്രിസ്മസ് കാലത്താണ്. അതിന്റെ ഇലകളും പൂക്കളും കൊണ്ട് അപ്പന്‍ കെട്ടിയ കുഞ്ഞ് പുല്‍ക്കൂട് ഇപ്പോഴുമോര്‍ക്കുന്നു. വീട്ടിലെ സ്റ്റൂള്‍ മറിച്ചിട്ട്  അതിന്റെ കാലില്‍ ഓലപ്പട്ടല്‍ ചീമ്പിയെടുത്താണ് പുല്‍ക്കൂടൊരുക്കിയിരുന്നത്. മേയാന്‍ വൈയ്ക്കോലായിരിക്കും. ഗുമ്മ് പോരെന്ന് തോന്നുമ്പോള്‍ ഇഞ്ചിപ്പുല്ലിന്റെ ഇല തേടി ദൂരെ ദിക്കുകളിലേക്കു പോകും. 

ഒരിക്കല്‍  ഇഞ്ചിപ്പുല്ല് തേടി ഞങ്ങള്‍ പാടത്തിനക്കരേക്ക് സാഹസികയാത്ര തന്നെ നടത്തി. അതിന്റെ ഇലകള്‍ ബ്ലേഡ് പോലെയാണ്. ഇലകൊണ്ട് കൈവിരല്‍ മുറിഞ്ഞ് രക്തം ചാടിയപ്പോ അയല്‍ക്കാരി ജോയ്സിയുടെ കണ്ണ് നിറഞ്ഞതും ഓര്‍ക്കുന്നു.
 പിന്നെ മാലബള്‍ബിന്റെ ഊഴമാണ്. കൂടുതലെണ്ണമൊന്നും കാണില്ല.  ഒരെണ്ണം പുല്‍ക്കുടിലിടും. പിന്നില്‍ ചുവന്ന ഗ്ലാസ് പേപ്പറില്‍ പൊതിഞ്ഞ് ഫിലമെന്റ് ബള്‍ബിടും. ആ ചെമന്നവെളിച്ചത്തില്‍, തണുപ്പേറിയ രാത്രിയില്‍ പുല്‍ക്കൂട് മിന്നി നില്‍ക്കും. 

ക്രിസ്മസ് ട്രീ

ഷേപ്പൊത്ത ക്രിസ്മസ് ട്രീ മുമ്പേ കണ്ട് വെച്ചിരിക്കും. സ്‌കൂള്‍ പരീക്ഷ കഴിയുമ്പോള്‍ പിന്നെ മുഴുവന്‍ ക്രിസ്മസ് ഓട്ടമാണ്  ആണ്‍ജാതിയുടെ കൊമ്പ് ഒരെണ്ണം വെട്ടാന്‍ അനുമതി വാങ്ങിച്ചിരിക്കും. രണ്ട് മൂന്ന് ദിവസം മുമ്പേ അതില്‍ കുമ്മായമടിച്ച് ഉണക്കും. അല്ലെങ്കില്‍ അത് മുഴുവന്‍ പഞ്ഞി മൂടണം. അതിന് ഇത്തിരി പൈസ ചെലവ് ഉള്ളതിനാല്‍ കുമ്മായമടിച്ച് നില്‍ക്കാനായിരിക്കും ജാതിക്കൊമ്പിന് യോഗം. അമ്പത് പൈസയ്ക്ക് ഇഷ്ടംപോലെ ചെറിയ ബലൂണുകള്‍ കിട്ടും. അതെല്ലാം വീര്‍പ്പിച്ചു കെട്ടും. കുറച്ച് ഗില്‍റ്റ് ഞാത്തുകള്‍, ചെറിയ കടലാസ് നക്ഷത്രങ്ങള്‍.. പാതിരാകുര്‍ബാനയ്ക്ക് മുമ്പ് അയല്‍പക്കങ്ങളിലെ പുല്‍ക്കൂടും ക്രിസ്മസ് ട്രീയും കാണാന്‍ പിള്ളേര്‍ സെറ്റ് ഇറങ്ങും. പ്രായമായ അമ്മാമമാര്‍ ഇഷ്ടംപോലെ സംസാരിക്കാന്‍ കൂടും. വട്ടേപ്പം തിന്നാന്‍ ക്ഷണിക്കും. അടുത്ത ക്രിസ്മസിന് ഇതു തരാന്‍ മക്കളേ  ഞാനുണ്ടാവില്ലല്ലോ എന്ന് പറയുമ്പോള്‍ ആരും എതിര് പറയാറില്ല. നക്ഷത്രത്തിന്റെ പൂള് പോലെ മുറിച്ച വട്ടേപ്പം ഇരുട്ടില്‍ നടന്ന് തിന്ന് അങ്ങനെ സ്വതന്ത്രമായി നടക്കും. രാത്രി ഇറങ്ങി നടക്കാന്‍ അന്നാണ് പെണ്ണുങ്ങള്‍ക്കും സ്വാതന്ത്യം കിട്ടിയിരുന്നത്. ചെവിയൊന്ന് വട്ടം പിടിച്ചാല്‍ അവരുടെ ചിരികളികള്‍ ഇപ്പോഴും കേള്‍ക്കാം. 

ക്രിസ്മസ് കാര്‍ഡ്

ബന്ധുക്കളില്‍നിന്നെല്ലാം അന്ന് ക്രിസ്മസ് കാര്‍ഡുകള്‍ കിട്ടിയിരുന്നു. പോസ്റ്റ്മാന്റെ വരവിനായി കാത്തുനിന്ന നാളുകള്‍.. കിട്ടുന്ന കാര്‍ഡുകളില്‍ ചിലത് പുല്‍ക്കൂടില്‍ കുത്തി നിര്‍ത്താനെടുക്കും. മൂന്ന് മടക്കായി വന്ന ക്രിസ്മസ് കാര്‍ഡ് ഇപ്പോഴും ഓര്‍മയുണ്ട്. ക്ലാസില്‍ ആ കാര്‍ഡ് കാണിച്ചപ്പോള്‍ കുട്ടികള്‍ അന്തം വിട്ടിരുന്നത് ഓര്‍ക്കുന്നു. കാര്‍ഡ് തുറക്കുമ്പോള്‍ മിന്നുന്ന ലൈറ്റുമായി ജിംഗിള്‍ ബെല്‍സ് സംഗീതവും മുഴക്കി ഒരു സ്പെഷ്യല്‍ കാര്‍ഡ് കടല്‍ കടന്ന് വന്ന് ഞെട്ടിച്ചതും ഓര്‍ക്കുന്നു. 

വട്ടേപ്പം

വട്ടേപ്പമാണ് ക്രിസ്മസ് സ്പെഷ്യല്‍. സൈക്കിളില്‍  ഞാന്‍ കള്ള് വാങ്ങാന്‍ പോകും. വീട്ടിലെത്തുമ്പോഴേ അല്‍പ്പം തൂവി പോയിട്ടുണ്ടാകും.  അല്‍പ്പം കള്ള് മോന്തിയ ശേഷം അത്രയും വെള്ളമൊഴിച്ച് വെയ്ക്കും. തേങ്ങക്കൂട്ടി അരിയിടിച്ച് കൊണ്ടുവരേണ്ട ജോലി ചേട്ടനായിരിക്കും. വലിയ ചോറ്റുംകലത്തില്‍ കള്ളൊഴിച്ച് തേങ്ങക്കൂട്ടിയിടിച്ച കൂട്ട് കലക്കിവെയ്ക്കും. ഏലക്കായുടെ മണം പൊന്തിവരും. നല്ലവണ്ണം പഞ്ചസാരയുമിട്ടിരിക്കും. കലക്കിവെയ്ക്കുന്നതിനുമുമ്പ് ഈ പച്ച കൊഴകൊഴ പഞ്ചാരക്കൂട്ട് വിരലുകൊണ്ട് നക്കിനോക്കുന്നതും മധുരമുള്ള ഓര്‍മ. മുറ്റത്തെ വെയിലില്‍ ഈ ചോറ്റുംപാത്രം തുണിയിട്ട് മൂടി വെയ്ക്കും. പൊന്തിവന്നിട്ടു വേണം വട്ടേപ്പം ചുടാന്‍. അതിന് കുറെ സമയമെടുക്കും. ചിലപ്പോള്‍ പാതിരാകുര്‍ബാനയ്ക്ക് പോകുംവരെ അടുപ്പിനരികില്‍ നിന്ന് അമ്മയുടെ മുഖം ചെമന്ന് തുടുത്തിരിക്കും. മുറത്തില്‍ മുറിച്ചുവെച്ച മുഴുനീള വാഴയിലയിലേക്കാണ് ചുട്ട വട്ടേപ്പം നിരത്തിവെയ്ക്കുക. ഏറ്റവും ഭംഗിയില്‍ ചുട്ടെടുത്ത് അതിഥികള്‍ക്കായി അമ്മ മാറ്റിവെച്ച വട്ടേപ്പത്തിന്റെ  വക്കൊന്ന് അടര്‍ത്തി ഞാന്‍ വായില്‍ വെയ്ക്കും. സ്വിച്ചിട്ടപ്പോലെ അന്നേരം അമ്മ എത്തുകയും ഒരു നുള്ള് കിട്ടുകയും ചെയ്യും. 

പാതിരാകുര്‍ബാന

ചാലക്കുടി സെന്റ് മേരീസ് പള്ളിയായിരുന്നു മുമ്പ് ഇടവക പള്ളി. പാതിരാകുര്‍ബാനയ്ക്ക് കുടുംബാംഗങ്ങളെല്ലാം കൂടി നടക്കും. ആറ് മക്കള്‍. അപ്പന്‍ റോക്കി, അമ്മ മേരി.. അവരുടെ കൂടെ ജോയ്, മോളി, ഏലമ്മ, ശോശാമ്മ, വില്യംസ് എന്നീ സഹോദരങ്ങള്‍ക്കൊപ്പം ഞാന്‍ ... കൈകള്‍ കൂട്ടിയുരച്ച് ചൂടാക്കി, തമാശകള്‍ പറഞ്ഞ് കുര്‍ബാനയ്ക്ക്... പലപ്പോഴും വെളുത്ത വാവിന്റെ ദിവസങ്ങളാകും. കൂടെയോടി വരുന്ന അമ്പിളിമാമന്‍.. തണുപ്പ്... സന്തോഷം...

കുമ്പസാരം കഴിഞ്ഞ് കുര്‍ബാന സ്വീകരിക്കാനുള്ളതാണ്. സംസാരത്തില്‍ അതിന്റെ അടക്കം വേണമെന്ന് പറയും. ചിലപ്പോള്‍ അയല്‍പക്കക്കാരും കൂടെയുണ്ടാകും. അപ്പോള്‍ സന്തോഷം ഇരട്ടിയാകും. രാത്രിയാത്രകളിലെ വഴിവിളക്കുകള്‍, വണ്ടികളുടെ പിന്നിലെ ലൈറ്റുകള്‍. പിന്നെ മിന്നി തിളങ്ങും നക്ഷത്രങ്ങളും. തിരുപ്പിറവിയില്‍ മൂന്ന് രാജാക്കന്മാര്‍ക്ക് വാല്‍നക്ഷത്രമായിരുന്നു വഴികാട്ടിയെങ്കില്‍ എനിക്ക് വഴിനീളെ തൂക്കിയ പലവര്‍ണങ്ങളിലുള്ള നക്ഷത്രങ്ങളായിരുന്നു പള്ളിയിലേക്കുള്ള വഴികാട്ടി.

കോഴിക്കുഞ്ഞ് തള്ളക്കോഴിയുടെ ചുവട്ടില്‍ ചൂടുപറ്റിയിരിക്കുംപോലെ അപ്പന്റെ അരികില്‍ പറ്റിയിരുന്ന് കുര്‍ബാന. ചിലപ്പോള്‍  തെളിഞ്ഞ ആകാശത്ത് കണ്ട നക്ഷത്രങ്ങളെ ഓര്‍ത്ത് കുര്‍ബാനയ്ക്കിടെ കണ്ണ് കൂമ്പിയടഞ്ഞ് പോകും. കുറച്ച് കഴിയുമ്പോള്‍ ഞെട്ടിയുണരുമ്പോള്‍ പള്ളിയിലെ മച്ചില്‍ ചിറകടിച്ച് നില്‍ക്കുന്ന കാവല്‍മാലാഖമാരുടെ പടം കണ്ട് വീണ്ടും ശാന്തമായി മയങ്ങും. ഇതായിരുന്നു ശരിക്കും സൈലന്റ് നൈറ്റ്. ഞാനായിരുന്നു ഉണ്ണിയേശു. 

നക്ഷത്രം

വഴിനീളെ പലതരം നക്ഷത്രവിളക്കുകള്‍. എല്ലാം റെഡിമെയിഡുകളല്ല. ഈറ്റ കീറി ചൈനപേപ്പര്‍ ഒട്ടിച്ച നക്ഷത്രങ്ങളുണ്ടാകും. അതിന്റെ നടുക്കില്‍ ഹാപ്പി ക്രിസ്മസ് എന്നെഴുതികാണും. വിളക്കുകള്‍ തൂക്കുന്നതില്‍ അയല്‍പ്പക്കക്കാര്‍ തമ്മില്‍ ചില മല്‍സരങ്ങളൊക്കെയുണ്ട്. വീടിന് മുന്നില്‍ വലിയ മാവുകളൊക്കെ എല്ലാവീട്ടിലും കാണും. 

ഉയരം കൂട്ടി തൂക്കുന്നതിലാണ് ഗമ. ഓര്‍ക്കുന്നു അയല്‍പ്പക്കത്തെ വടക്കന്‍ ചാക്കൂര്യ ചേട്ടന്‍ വലിയ മുളന്തോട്ടിയില്‍ ക്രിസ്മസ് നക്ഷത്രം തൂക്കി മാവിന്‍ കൊമ്പില്‍ ഉയര്‍ത്തിക്കെട്ടിയത്. ചിമ്മിനിവിളക്ക് വെച്ച നക്ഷത്രങ്ങള്‍, വലിയ വാല്‍നക്ഷത്രങ്ങള്‍, നക്ഷത്രത്തിന് നടുവില്‍ പുല്‍ക്കൂടൊരുക്കിയ നക്ഷത്രങ്ങള്‍.. ഗ്ലാസ് പേപ്പറില്‍ പൊതിഞ്ഞ, ഉള്ളിലെ ഈറ്റ എക്സ്റേ പോലെ തെളിഞ്ഞ്  കാണുന്ന നക്ഷത്രങ്ങള്‍.. വിചിത്രമായ അത്തരം എത്രയോ നക്ഷത്രങ്ങള്‍ ഇപ്പോഴും വഴികാട്ടിയായി മനസ്സില്‍ മിന്നി നില്‍ക്കുന്നു.  

(ക്ലബ് എഫ്എം കൊച്ചി സീനിയര്‍ കോപ്പി റൈറ്റര്‍ ആണ് ലേഖകന്‍)