ദൂരെ ദൂരെ എപ്പോഴും മഞ്ഞു പെയ്തുകൊണ്ടിരിക്കുന്ന അത്യുത്തരദേശത്തു നിന്നും ചുവന്ന കുപ്പായവും തൊങ്ങലു ചാര്‍ത്തിയ കൂര്‍പ്പന്‍തൊപ്പിയും അണിഞ്ഞ് മഞ്ഞുമാനുകള്‍ വലിക്കുന്ന തെന്നുവണ്ടിയില്‍ ക്രിസ്മസ് പാപ്പ വന്നു. വണ്ടി നിറയെ സമ്മാനങ്ങളായിരുന്നു. വീടിന്റെ ചിമ്മിനിക്കുള്ളിലൂടെ സമ്മാനങ്ങള്‍ നിക്ഷേപിച്ച് നന്‍മയുടെ ക്രിസ്മസ് സന്ദേശവും നല്‍കി, സ്‌നേഹസുഗന്ധം പരത്തി പാപ്പ കടന്നു പോയി.

19

നല്ലകുട്ടികള്‍ക്ക് മധുരമിഠായികളും കളിപ്പാട്ടങ്ങളുമായിരുന്നെങ്കില്‍, വികൃതിക്കുട്ടികള്‍ക്ക് കരിക്കട്ടയും ചുള്ളിക്കമ്പുകളുമായിരുന്നു കിട്ടിയത്. അടുത്ത ക്രിസ്മസ് പാപ്പയുടെ വരവിനായി കുട്ടികള്‍ കാത്തിരുന്നു. വികൃതിക്കുട്ടികള്‍ നല്ലവരാകാന്‍ ശ്രമിച്ചു. നല്ലകുട്ടികള്‍ കൂടുതല്‍ നല്ല കുട്ടികളാവാനും....

19

ന്യുക്‌ളിയര്‍ മെഡിസിന്റെ വേള്‍ഡ് തെറാപ്പി കോണ്‍ഫറന്‍സ് ഫിന്‍ലന്‍ഡിലെ ലെവിയിലാണെന്നറിഞ്ഞപ്പോള്‍ ഫിന്‍ന്‍ഡിനെ നെറ്റില്‍ തിരഞ്ഞു. സാന്റാക്‌ളോസും മുന്നിലെത്തി. ചെറുപ്പം മുതല്‍ റഷ്യന്‍ നാടോടിക്കഥകളില്‍ നിന്നും മനസില്‍ ചേക്കേറിയ ക്രിസ്മസ് അപ്പൂപ്പന്റെ സ്വന്തം നാടു കൂടിയാണിതെന്നറിഞ്ഞപ്പോള്‍ യാത്രാ പഥത്തില്‍ സാന്റാഗ്രാമവും വരച്ചിട്ടു. ഫിന്‍ലന്‍ഡില്‍, ലാപ്‌ലാന്റിലെ റൊവാനിയേമിയിലാണ് ക്രിസ്മസ് അപ്പുപ്പന്റെ വീട്.

19
Caption

ഡല്‍ഹിയില്‍ നിന്നും ഫിന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിനകത്ത് കടന്നപ്പോള്‍ തന്നെ മനസിനും ശരീരത്തിനും ഒരു കുളി
ര്.  മഞ്ഞിന്റെ മാസ്മരികതയിലേക്ക് കാലെടുത്തുവെച്ചപോലെ. ഇളം നീലയില്‍ മഞ്ഞുപൊഴിയുന്ന ഉള്ളകം. വെണ്‍മ കലര്‍ത്തി സീറ്റിന്റെ നിറം പോലും അതിനിണങ്ങും വിധം ക്രമീകരിച്ചിരിക്കുന്നു. ഹെല്‍സിങ്കിയിലേക്കാണ് ഞങ്ങളുടെ വായുവാഹനം പറക്കാന്‍ തുടങ്ങുന്നത്. 

18

കോണ്‍ഫറന്‍സിന്റെ സംഘാടകരില്‍ നിന്നും കിട്ടിയ മെയില്‍ സന്ദേശ പ്രകാരം ഒരു നീണ്ട ലിസ്റ്റുണ്ടായിരുന്നു കയ്യില്‍ കരുതാന്‍. കാരണം താപനില മൈനസ് 16 ആണിപ്പോള്‍... അപ്പോള്‍ ഷൂ മുതല്‍ വസ്ത്രങ്ങള്‍ വരെ പ്രത്യേകം കരുതണം. പറഞ്ഞതെല്ലാം പാക്ക് ചെയ്തിട്ടുണ്ട്. അതിനു പുറമെ സംഘാടകരും ചില വസ്ത്രങ്ങള്‍ നല്‍കുമെന്നേറ്റിട്ടുണ്ട്. 

15
 സാന്ത്രാ ഗ്രാമത്തിന്റെ മുന്‍വശം

നിങ്ങളുടെ വിമാനമിപ്പോള്‍ ബിന്‍ലാദന്റെ നാട്ടിലൂടെയാണ് പറക്കുന്നതെന്ന ക്യാപ്റ്റന്റെ അറിയിപ്പു കിട്ടിയപ്പോള്‍ എല്ലാവരും താഴോട്ട് നോക്കാന്‍ തുടങ്ങി. മഞ്ഞുതൊപ്പിയിട്ട കുറേ മലനിരകളാണ് കാണുന്നത്.  പിന്നീടെപ്പെഴോ സൈബീരിയയ്ക്കു മുകളിലാണ് നിങ്ങളെന്നു പറഞ്ഞപ്പോഴും എല്ലാ കണ്ണുകളും ജാലകതിരശ്ശീല നീക്കി. ഇവിടെ നിന്നും എല്ലാവര്‍ഷവും മുറതെറ്റാതെ നാട്ടിലെത്തുന്ന ദേശാടനക്കിളികളെ പറ്റിയാണ് ഞാന്‍ ഓര്‍ത്തുപോയത്. ഏതാണ്ടൊരു പന്ത്രണ്ട് മണിക്കൂര്‍ പറന്നുകാണും.

13
 റെയില്‍ഡീര്‍

ഹെല്‍സിങ്കി വിമാനത്താവളത്തിലേക്ക് ഞങ്ങളുടെ മഞ്ഞുവാഹനം താണിറങ്ങി. സ്തൂപിതാഗ്രിതമരങ്ങളുടെ മഞ്ഞണിഞ്ഞ ചന്തവും സൂചികുത്തികയറും പോലുള്ള തണുപ്പും കാറ്റും. പുറത്തിറങ്ങുമ്പോള്‍ ബുക്ക് ചെയ്ത ഹോട്ടലിന്റെ ബസ്സ് കാത്തിരിപ്പുണ്ട്. 15 മിനിറ്റ് ഇടവിട്ടിങ്ങനെ എല്ലാ പ്രധാനപ്പെട്ട ഹോട്ടലുകളുടെയും ബസ്സ് വന്നുകൊണ്ടിരിക്കും.

11

അതില്‍ കയറിയാല്‍ ഹോട്ടലിലെത്താം. ഹോളിഡേ ഇന്‍ എന്ന ഹോട്ടലാണ് ബുക്ക് ചെയ്തിരുന്നത്. ഹോട്ടലില്‍ എത്തി ഹീറ്റര്‍ കൊണ്ട് ചൂടുപിടിപ്പിച്ച മുറിയില്‍ കയറി ഒരു ചൂടുചായ കൂടി കുടിച്ചതോടെയാണ് ആശ്വാസമായത്. സംഘാടകര്‍ എത്തിച്ച ഒരു വലിയചാക്കുകെട്ട് കണ്ട് അമ്പരന്നു പോയി. ഇനിയങ്ങോട്ട് അവിടെ നില്‍ക്കാന്‍ ഈ കെട്ടിലെ വസ്ത്രങ്ങള്‍ തന്നെ വേണം.  മുറിയില്‍ ചില്ലു ജാലകത്തിലൂടെ പുറത്തേക്ക് നോക്കി. മഞ്ഞു വസ്ത്രമണിഞ്ഞ മണവാട്ടിയെപോലെ സുന്ദരിയായി നഗരം. വാഹനങ്ങളുടെ നിറം മാത്രം വേറിട്ട് നില്‍ക്കുന്നു. 

9

എവിടെ ചെന്നാലും ഒരു മൊബൈല്‍ ഫോണ്‍ ഏതെങ്കിലും സ്‌കീം നോക്കി വാങ്ങും. നാട്ടിലേക്കുള്ള ആശയവിനിമയം ചെലവു കുറയ്ക്കാന്‍ വേണ്ടിയാണത്. ഫിന്‍ലന്‍ഡ് നോക്കിയയുടെ തലസ്ഥാനമാണ്. എന്നാല്‍ നല്ലൊരു നോക്കിയ തന്നെ വാങ്ങിയേക്കാം എന്നു കരുതി നഗരത്തിലെ മാളുകളില്‍ ഞാന്‍ അലഞ്ഞു. നോക്കിയയെ കാണാനില്ല. എങ്ങും അടക്കിവാഴുന്നത് സാംസങ്. നോക്കിയയ്ക്ക് എന്തോ സംഭവിക്കാന്‍ പോവുന്നെന്ന് അപ്പോഴേ തോന്നി. അതു സംഭവിക്കുകയും ചെയ്തല്ലോ.

8

പിറ്റേന്ന് രാവിലെയാണ് ലെവിയിലേക്കുള്ള വിമാനം. ലെവി എന്നെ ഗവി ഓര്‍മ്മിപ്പിച്ചു. കേരളത്തിലെ ഏറ്റവും മനോഹരമായ കാനനദേശമാണ് ഗവിയെങ്കില്‍ ലെവി ഒരു മഞ്ഞുവനമാണ്. ഹെല്‍സിങ്കിയില്‍ നിന്നും 400 കിലോമീറ്ററാണ് ലെവിക്ക്. വീണ്ടും മുകളിലേക്കാണ് പോവേണ്ടത്. ഉത്തരധ്രുവത്തിനടുത്തേക്ക്. ഭൂമിക്ക് മുകളിലേക്ക്. ഒന്നര മണിക്കൂര്‍ പറക്കാനുണ്ട്. വിമാനത്തില്‍ നിന്നും താഴോട്ട് നോക്കിയപ്പോള്‍ ഒന്നും കാണാനില്ല. എങ്ങും മഞ്ഞിന്റെ ധവളലാവണ്യം. 

7

വിമാനത്തിലെ ഇന്‍ഫ്‌ളൈറ്റ് മാഗസിനില്‍ ഒരു ലേഖനം കണ്ടു. അതില്‍ എഴുതിയിട്ടുണ്ട്. ഏത് ആടയാഭരണത്തേക്കാളും അനുഭവങ്ങളാണ് അമൂല്യമായ അലങ്കാരം എന്ന്. ഭൗതികസൗകര്യങ്ങള്‍ക്കായി പണം ചെലവാക്കുന്നതിനേക്കാള്‍ അനുഭവങ്ങള്‍ സ്വന്തമാക്കാന്‍ പണം ചെലവഴിക്കുന്നതാണ് കൂടുതല്‍ സന്തോഷം തരിക.

5

ഓര്‍മ്മകളാണ് ഭൗതികശേഖരങ്ങളേക്കാള്‍ ഏറെ കാലം നിലനില്‍ക്കുന്നതും തേച്ചുമിനുക്കും തോറും തിളങ്ങുന്നതും. യാത്രകള്‍ ഓര്‍മ്മകളാണ് സമ്മാനിക്കുന്നത്. അനുഭവങ്ങളും. ഇന്ത്യയില്‍ താജ്മഹലും ചൈനയിലെ വന്‍മതിലും കാണേണ്ടതിന്റെ പ്രാധാന്യവും ആ ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.  ഫിന്‍ലന്‍ഡിലും താജ് മഹത്വം എത്തിയിട്ടുണ്ടല്ലോ എന്നോര്‍ത്ത് സന്തോഷം തോന്നി. 

3
 ഹസ്‌കി ഡ്രൈവിന് ഒരുങ്ങുന്നു

വിമാനം താഴ്ന്നിറങ്ങുമ്പോള്‍ റണ്‍വേ കാണാനില്ല. പേടി തോന്നി. ഇത് മഞ്ഞിലേക്കാണോ ലാന്റ് ചെയ്യുന്നത്. കൃത്യം റണ്‍വേ മാത്രം തെളിഞ്ഞിട്ടുണ്ടായിരുന്നു. അതിലേക്ക് സ്മൂത്ത് ലാന്റിങ്. ഇന്നുവരെ ഇത്രയും സ്മൂത്തായൊരു ലാന്റിങ് അനുഭവിച്ചട്ടില്ല. പുറത്തിറങ്ങുമ്പോഴേക്കും തണുപ്പ് ഇരച്ചെത്തി. മഞ്ഞില്‍ സൂക്ഷിച്ച് നടക്കണമെന്ന മുന്നറിയിപ്പു വന്നു.

2
 മഞ്ഞിന് മതിലില്ല

ഷൂ തെന്നുന്നു. മെല്ലെ നടന്ന് വിമാനത്താവളത്തിന് പുറത്തെത്തി. വിന്റര്‍ ഒളിമ്പിക്‌സ് നടന്ന സ്ഥലമാണിത്. ഹോട്ടലിലേക്ക് പോകുംവഴിയെല്ലാം മഞ്ഞ് മാത്രം. ഹോട്ടല്‍ മുറിയില്‍ രണ്ട് വാതിലാണ്. ആദ്യവാതില്‍ കടന്ന് അകത്തു കടന്നാലേ ഉള്ളിലെ വാതില്‍ തുറക്കൂ. തണുപ്പ് ഇരച്ചുകയറാതിരിക്കാനാണിത്. പുറത്തിറങ്ങിയാല്‍ എവിടെയാണ് വഴിയും കുഴിയും ഏതെന്നറിയതെ മഞ്ഞില്‍ പുതഞ്ഞാലോ എന്നു കരുതി പുറത്തിറങ്ങിയില്ല.

കോണ്‍ഫറന്‍സിനു ശേഷം സംഘാടകര്‍ തന്നെ യാത്ര പ്‌ളാന്‍ ചെയ്തിട്ടിട്ടുണ്ട്. ഹസ്‌കി ഡ്രൈവും റയിന്‍ ഡിയര്‍ ഡ്രൈവുമാണ് ഇവിടെ ചെയ്തു നോക്കാനുള്ളത്. ഞാന്‍ രണ്ടിനും തയ്യാറായി. രാവിലെ എട്ടരയ്ക്ക് ഹസ്‌കിഡ്രൈവിനുള്ള യാത്രയ്‌ക്കൊരുങ്ങി. റോപ് വേയിലൂടെ താഴോട്ടിറങ്ങി. വാനില്‍ കയറി. അരമണിക്കൂര്‍ യാത്രയുണ്ട്.

രാവിലെയൊക്കെ കുറ്റാക്കൂരിട്ടാണിവിടെ. പത്തരയാവുമ്പോ ഒരു അരണ്ട വെളിച്ചം വരും. രണ്ടു മണിയാവുമ്പോഴേക്കും ഇരുട്ട് പരക്കാന്‍ തുടങ്ങും. ഈ അരണ്ട വെളിച്ചത്തെയാണ് അവിടെ പകലെന്നു വിളിക്കുന്നത്. ഈ സമയമാണവിടെ ആകെയൊരു ഉണര്‍വ്വ് വരുന്നത്. ഹസ്‌കിഡ്രൈവിന് ഈ സമയമാണ് കല്‍പ്പിച്ചിരിക്കുന്നത്. ഇടയ്ക്ക് നിശയില്ലാ നിശ എന്ന പ്രതിഭാസവും അനുഭവിക്കാം. അന്ന് രാത്രിയേ ഉണ്ടാവില്ല.

 പൈന്‍ ഫോറസ്റ്റിനു നടുവിലൂടെയാണ് ഡ്രൈവ്. മഞ്ഞില്‍ മൂടികിടക്കുന്നതുകൊണ്ട് കാട് നമുക്ക് മനസിലാവില്ല. വാനിന്റെ ജാലകം തുറന്നു. ദൂരെ നിന്നേ മഞ്ഞുനായ്ക്കളുടെ ഓരിയിടല്‍. യാത്രക്കാര്‍ അങ്ങോട്ട് ചെല്ലുന്നത് അവ തിരിച്ചറിഞ്ഞിരിക്കുന്നു അതിന്റെ ആഹ്‌ളാദമാണത്. മഞ്ഞിന്റെ കൊടുംതണുപ്പില്‍ അവ ശരീരം ചൂടാക്കുന്നത് ഇങ്ങിനെയാണ്. ഓരിയിട്ടും ഓടിയിട്ടും അവ ചൂടുതേടുന്നു. 

1

 വാനിറങ്ങിയാല്‍ ആദ്യം വിവരണപാഠമാണ് ഒരു അരമണിക്കൂര്‍ ക്‌ളാസ്സു തന്നെ. ഹസ്‌കിറൈഡ് എങ്ങിനെയാണ്, എന്തൊക്കെ ശ്രദ്ധിക്കണം, മഞ്ഞുനായ്ക്കളെ എങ്ങിനെയാണ് നിയന്ത്രിക്കേണ്ടത്. തുടങ്ങിയ സര്‍വ്വകാര്യങ്ങളും അവര്‍ പറഞ്ഞുതരും. എന്താണിതിന്റെ ആവശ്യം എന്നെനിക്ക് തോന്നി. ആവശ്യമുണ്ട്. കാരണം നമ്മള്‍ തന്നെയാണിവിടെ ഓടിക്കേണ്ടത്. നായ്ക്കള്‍ മത്‌സരസ്വഭാവമുള്ളവയാണ്. ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കും കുറുക്കുവഴിയെ ഓടാന്‍ ശ്രമിക്കും. കുറുക്കു വഴിയെ ഓടിയാല്‍ മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന കുറ്റിയിലോ കല്ലിലോ തട്ടി തെന്നി വീഴാം. നമ്മള്‍ വീണാലും പട്ടി അതിന്റെ വഴിക്ക് ഓടിപോവും. 'നിങ്ങള്‍ വീണടത്തു തന്നെ കിടന്നാല്‍ മതി. നിങ്ങളെ പെറുക്കിയെടുക്കാന്‍ പിന്നാലെ വണ്ടി വന്നോളും.' അതു കേട്ടപ്പോള്‍ യാത്രയ്ക്ക് തയ്യാറായി വന്നവരില്‍ ഒരു വിഭാഗം മടിച്ചു. പിന്നോട്ടടിച്ചു.

കയ്യില്‍ ക്യാമറയുമേന്തി എങ്ങിനെ ഇവറ്റകളെ നിയന്ത്രിക്കും എന്നാലോചിച്ച് വിഷണ്ണനായി നില്‍ക്കുമ്പോഴാണ് ഡെമോണ്‍സ്‌ട്രേറ്ററുടെ വക ഒരു ഓഫര്‍. ഒരാള്‍ക്കു വേണമെങ്കില്‍ എന്റെ കൂടെ വണ്ടിയില്‍ വരാം. അത് രണ്ട് പേര്‍ക്കിരിക്കാവുന്ന വണ്ടിയായിരുന്നു. ഞാന്‍ ചാടികയറി സീറ്റുറപ്പിച്ചു. 


അങ്ങിനെ മഞ്ഞിന്റെ മഹാസമുദ്രത്തിലൂടെ ആ ഹിമശ്വാനന്‍മാര്‍ കുതിച്ചുപാഞ്ഞു. പടച്ചോനേ കാത്തോളീീീീ എന്നാദ്യം വിളിച്ചു കൂവി...പിന്നെ അതൊരു ഹരമായി. തെന്നി തെന്നി മഞ്ഞുകണങ്ങള്‍ തട്ടിത്തെറിപ്പിച്ചോടുമ്പോള്‍ മനസ്സുകൊണ്ടൊരു കുട്ടിക്കാലം തിരിച്ചുകിട്ടി. ക്യാമറയുടെ ക്‌ളിക്ക് ബട്ടനുകള്‍ മരവിച്ച് പോകുന്നു. ഹീറ്റ് യുവര്‍ എക്യുപ്‌മെന്റ്‌സ് എന്ന സന്ദേശം വരുന്നു. അങ്ങിനെയൊരു ഓപ്ഷന്‍ ക്യാമറയ്ക്കുണ്ടെന്ന്  അപ്പോഴാണ് അറിയുന്നത്. ക്യാമറ വീഴാതെ ക്‌ളിക്കു ചെയ്യാനും പാടുപെടണം. എന്നാലും യാത്രയ്‌ക്കൊരു ത്രില്ലുണ്ട്. നുരയും പതയുമായി അലറി കുതിച്ചെത്തുന്ന മഞ്ഞുനായ്ക്കള്‍ തൊട്ടുപിന്നില്‍. പേടി തോന്നും.

ഒരു സര്‍ക്കുലര്‍ റൂട്ടിലാണ് യാത്ര. അഞ്ചു കിലോമീറ്റര്‍. പുറപ്പെട്ടിടത്ത് തിരിച്ചെത്തും. പേടിച്ചു പിന്‍മാറിയവരെ പുച്ഛത്തോടെ നോക്കി, നിങ്ങള്‍ക്കൊരു അസാമാന്യയാത്രാനുഭവം നഷ്ടമായല്ലോ എന്ന ഭാവത്തോടെ ധൈര്യശാലികളായ ഞങ്ങള്‍ നടന്നു.

santa
സാന്റാക്ലോസും അതിഥികളും

അടുത്തത് എക്‌സിമോകളുടെ നാട്ടിലേക്കാണ്, അവിടെയാണ് റെയിന്‍ഡീര്‍ ഡ്രൈവ്. എക്‌സിമോകളുടെ വേഷം വര്‍ണപകിട്ടാര്‍ന്നതാണ്. പണ്ട് ഇഗ്‌ളുവില്‍ താമസിച്ചിരുന്ന അവര്‍ ഇവിടെ മരവീടുകളിലാണ് താമസിക്കുന്നത്.  ഉരുളക്കിഴങ്ങ് കൃഷിയാണിവിടെ പ്രധാനം. മറ്റെല്ലാം പുറംനാടുകളില്‍ നിന്നു വരണം. ഗതാഗതമടക്കം എല്ലാത്തിനും അവരാശ്രയിക്ക്രുന്നത് മഞ്ഞുമാനുകളയെയാണ്. അവരുടെ ജീവിതത്തിലെ അഭിവാജ്യ ഘടകമാണ് അവ.റെയിന്‍ഡീറിന്റെ കാര്യവും ബഹുരസമാണ്. ഓരോ വീട്ടുകാര്‍ക്കും ഒരു പറ്റം മാനുകളുണ്ടാവും. അത്യുത്തരമേഖലയില്‍ നിന്നവ സീസണാവുമ്പോള്‍ ജനപഥങ്ങളിലേക്കെത്തും.

ഇണചേരലും പ്രസവവവും കഴിഞ്ഞ് കുഞ്ഞുങ്ങളുമായി തിരിച്ചുപോകും. വീണ്ടും മറ്റൊരു സീസണില്‍ തിരിച്ചെത്തുമ്പോള്‍ കൃത്യമായി അതാത് കൂടുകളില്‍ തന്നെയെത്തും. പാവം മൃഗമാണ് മഞ്ഞുമാന്‍. പക്ഷെ കൊമ്പില്‍ തൊട്ട് കളിക്കരുത്. അവയുടെ കൊമ്പുകള്‍ തൊലി പൊട്ടി ചോരപൊടിഞ്ഞ് നില്‍ക്കുന്നൊരു കാലമുണ്ട്. തണുത്തകാറ്റുപോലും അവയ്ക്ക് അസഹ്യമായി തോന്നും. അങ്ങിനെയുള്ള സമയത്ത് തൊട്ടാല്‍ അവ വയലന്റാവും. ഈ കാലത്ത് അവയുടെ കൊമ്പില്‍ പുതിയൊരു ശാഖ കിളര്‍ത്തുവരികയും ചെയ്യും. ശാഖകളുടെ എണ്ണം നോക്കി വയസ് നിശ്ചയിക്കാവുന്നതാണ്. ഇവയുടെ പാലിന് വല്ലാത്ത ചവര്‍പ്പാണത്രെ. പക്ഷെ ഇറച്ചി കഴിക്കും. ഹോട്ടലില്‍ നിന്ന് ഞങ്ങള്‍ക്ക് കിട്ടിയിരുന്നു. നല്ല രുചിയുണ്ടായിരുന്നു.

കൊടും തണുപ്പില്‍ ഇവ മഞ്ഞിനടിയില്‍ കുഴികുത്തി സുഷുപ്തിയിലാഴും. പുറത്ത് മൈനസ് 50 ഉം അകത്ത് 0 ഡിഗ്രിയും. അതാണതിന്റെ ഗുട്ടന്‍സ്. ഈ മാന്‍ വണ്ടിയിലാണ് സാന്റാക്‌ളോസ് സഞ്ചരിക്കുന്നത്. ഇനി സാന്റാക്‌ളോസിനെ കാണാനാണ് ഞങ്ങളും പോവുന്നത്. കുട്ടിക്കാലം മുതല്‍ ക്രിസ്മസ് കഥകളിലും റഷ്യന്‍കഥകളിലും കൂടെ മനസില്‍ കുടിയിരിക്കുന്ന ക്രിസ്മസ് അപ്പൂപ്പനെ നേരില്‍ കാണാനുള്ള യാത്ര ആകാംക്ഷാഭരിതമായിരുന്നു. 
 നമുക്ക് കേരളത്തിലും ഇങ്ങനെയൊരു തീം ടൂറിസം എന്തുകൊണ്ട് കൊണ്ടുവന്നു കൂടാ എന്നാണ് ഞാനാലോചിച്ചത്. തൃക്കാക്കരയില്‍ മഹാബലിയെയും ഓണത്തേയും വിദേശികളടക്കം എല്ലാവര്‍ക്കും പരിചയപ്പെടുത്തുന്ന ഒരു തീം പാര്‍ക്കിന് നല്ല സാധ്യതയുണ്ടല്ലോ എന്നോര്‍ത്തുപോയി.

 ഇതൊരു തീംപാര്‍ക്കാണ് വിനോദസഞ്ചാര വില്‍പ്പനയാണ് എന്നൊക്കെ അറിയാമെങ്കിലും യഥാര്‍ഥ സാന്റാക്‌ളോസ്സിന്റെ അടുക്കലേക്ക് പോവുന്നൊരു തോന്നല്‍ സൃഷ്ടിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞിട്ടുണ്ടെന്നിടത്താണ് വിജയം. സാന്റാക്‌ളോസ് എന്നെഴുതി ഒരു കത്തെഴുതിയാല്‍ അതിവിടെ എത്തും. നിങ്ങളാവശ്യപ്പെടുന്നയാള്‍ക്കൊരു സമ്മാനമയക്കാന്‍ ഇവിടെ ഏര്‍പ്പാടാക്കിയാല്‍ മതി. ക്രിസ്മസ് തലേന്ന് സമ്മാനപ്പൊതി അവിടെയെത്തിയിരിക്കും. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് സന്ദര്‍ശകരാണിവിടെ എത്തികൊണ്ടിരിക്കുന്നത്. 

റസ്റ്റാറന്റ്, കഫേ എല്ലാം ഒരു ക്രിസ്മസ് അന്തരീക്ഷത്തിലാണ് ക്രിസമസ് ട്രീയും ആലക്തിക വിളക്കുകളും എല്ലാമെല്ലാമയങ്ങിനെ... ആ ഹോട്ടലില്‍ ധ്രുവരേഖ അടയാളപ്പെടുത്തിവെച്ചിട്ടുണ്ട് അവിടെ നിന്ന് ഫോട്ടോയെടുക്കാനും ജനത്തിന് ഉത്സാഹം, 
ടിക്കറ്റെടുത്ത് ബാച്ചുകളായാണ് പ്രവേശനം. അകത്തുകടന്നാല്‍ നമ്മളൊരു ഫാന്റസി ലോകത്താണ്. കഥകളില്‍ വായിച്ചിട്ടുള്ള പല ദൃശ്യങ്ങളും കണ്‍മുന്നില്‍ വിരിയും. വെള്ളം വീഴുമ്പോള്‍ കറങ്ങുന്ന പല്‍ചക്രം. തൊട്ടികള്‍, വര്‍ണവിന്യാസങ്ങള്‍. ഫോട്ടോ എടുക്കാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശമാണ്. അതിങ്ങനെ ഇടയ്ക്കിടെ മുഴങ്ങും. മെല്ലെ മെല്ലെ നമ്മള്‍ സാന്റാക്‌ളോസിന്റെ മുന്നിലെത്തും. 

സങ്കല്‍പ്പത്തിലും ഭാവനയിലുമുള്ള  സാന്റാക്‌ളോസ് തന്നെ കണ്‍മുന്നില്‍. ഫാദര്‍ നിക്കോളസ് എന്ന ബിഷപ്പാണ് സാന്റാക്‌ളോസ്സിന്റെ മിത്തിനു പിന്നില്‍. കാര്‍ട്ടൂണിസ്റ്റായ  തോമുസ് നാസറാ ആണ് ഇങ്ങിനെയൊരു ചിത്രരൂപം സാന്റായ്ക്ക് നല്‍കിയത്. ഇവിടെ അദ്ദേഹത്തിന്റെ പ്രതിപുരുഷനാണ്. അദ്ദേഹത്തോടൊപ്പം നിന്ന് ഫോട്ടോയെടുക്കാം. ഫോട്ടോയുടെ കോപ്പി വേണമെങ്കില്‍ പുറത്തിറങ്ങും മുമ്പ് പ്രവേശനകവാടത്തില്‍ നിന്നും വാങ്ങാം. മനോഹരമായൊരു കവറില്‍ ഫോട്ടോയുമായി വരുമ്പോള്‍ വിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍ എങ്ങിനെയൊക്കെയാണ് ഉപയോഗപ്പെടുത്തുന്നത് എന്നതിന്റെ ചിത്രം കൂടിയാണ് തെളിയുന്നത്. ഇവിടെ നിന്നുള്ള വരുമാനം ലോകത്തിലെ കഷ്ടതയനുഭവിക്കുന്ന കുട്ടികളുടെ ഉന്നമനത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്നൊരു സാമൂഹിക പ്രസക്തി കൂടിയുണ്ടീ തീം പാര്‍ക്കില്‍. 

ക്രിസുമസ് അപ്പൂപ്പനൊപ്പം നിന്നെടുത്ത ഫോട്ടോ അവിടെ തന്നെ പോസ്റ്റ് ചെയ്തു. ഞാനെത്തും മുമ്പ് വീട്ടിലതെത്തും. വരുന്ന ക്രിസ്മസിന് മക്കള്‍ക്ക് സമ്മാനപ്പൊതികള്‍ അയക്കാന്‍ ഏര്‍പ്പാടാക്കി.  കോണ്‍ഫറന്‍സു കഴിഞ്ഞ് മടക്കയാത്ര. മഞ്ഞുമലകള്‍ക്കു മീതെ തിരിച്ചുപറക്കുമ്പോള്‍ ദൂരെ തെന്നുവണ്ടികള്‍ വലിച്ചോടുന്ന മാനുകളെ കണ്ടു. സമ്മാനങ്ങളുമായി എല്ലാ കുട്ടികളേയും കാണാനെത്തുന്ന, അവരില്‍ നന്‍മ ചൊരിയുന്ന ക്രിസ്മസ് അപ്പൂപ്പനെയോര്‍ത്തു കണ്ണുകളടച്ചു. കഥയും സങ്കല്‍പ്പങ്ങളും യാഥാര്‍ഥ്യങ്ങളും. ഈ മഞ്ഞുവിമാനത്തില്‍ എല്ലാം ഒരു സുന്ദര സ്വപ്‌നംപോലെ....

Where: The Artic Circle in Rovaniemi Lapland, Finland 
Season : Throughout the year
Go for : Rain deer drive, Husky drive.
Website : www.santapark.com 

How to reach: The Santa Claus Village is located 8 km north of Rovaniemi.

മാതൃഭൂമി യാത്ര  2014  ഡിസംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.   യാത്രാ പുതിയ ലക്കം വാങ്ങിക്കാം